Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രമേഹരോഗികളും റമസാൻ വ്രതവും

diabetes day 2017

ഏതൊരു പ്രമേഹ ചികിത്സകനും അഭിമുഖീകരിക്കേണ്ടിവരുന്ന ചോദ്യമാണ് ഡോക്ടറേ,  ഞങ്ങൾക്കു റമസാൻ നോമ്പ് എടുക്കാമോ എന്നത്. ‘ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ളവർ റമസാൻ വ്രതം എടുക്കണമെന്നില്ല; നന്മ പ്രവർത്തിച്ചാൽ മതി’ എന്ന് പരിശുദ്ധ ഖുർആൻ നിഷ്കർഷിച്ചിട്ടുണ്ടെങ്കിലും രോഗികൾ പലപ്പോഴും അതിൽ തൃപ്തരാവില്ല എന്നതാണു വാസ്തവം. 

പ്രമേഹരോഗത്തിൻറെ അവസ്ഥ, രോഗിയുടെ പ്രായം, രോഗി ഉപയോഗിക്കുന്ന മരുന്നുകൾ, രോഗിക്കുള്ള മറ്റു സങ്കീർണതകൾ എന്നിവ അടിസ്ഥാനമാക്കി മാത്രമേ റമസാൻ വ്രതാനുഷ്ഠാനത്തെക്കുറിച്ചു  തീരുമാനിക്കാനാവൂ. വ്രതാനുഷ്ഠാനം പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവു  കുറഞ്ഞുപോകുന്നതിനും നിർജ്ജലീകരണത്തിനും കാരണമായേക്കാം എന്നതാണു പ്രധാനകാരണം. 

റമസാൻ വ്രതാനുഷ്ഠാനത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ രോഗികളെ  പ്രധാനമായും മൂന്നു വിഭാഗമായി തിരിക്കാം. 

അതീവ ഗുരുതരാവസ്ഥയിലുള്ളവർ (Very High Risk)   

ഇവർ  വ്രതം എടുക്കാനേ പാടില്ല.  മൂന്നു മാസത്തിനിടയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമാംവിധം വളരെ കുറഞ്ഞുപോയിട്ടുള്ളവർ, കൂടിപോയിട്ടുള്ളവർ, പ്രമേഹംമൂലമുള്ള വൃക്കരോഗമുള്ളവർ, പ്രമേഹം കണ്ണിനെ ബാധിച്ചവർ, ഹൃദയാഘാതം വന്നവർ, പ്രമേഹം നാഡികളെ ബാധിച്ചതിനാൽ രക്തത്തിലെ പഞ്ചസാര കുറയുന്നത് തിരിച്ചറിയാൻ കഴിയാത്തവർ (Hypoglycaemia Unawareness) , പ്രായം കൂടിയ പ്രമേഹരോഗികൾ, ഡയാലിസിസിന് വിധേയരാവുന്നവർ, ടൈപ്പ് 1 പ്രമേഹരോഗികൾ, ഗർഭാവസ്ഥയിലുള്ളവർ, ഓർമപ്പിശകുളളവർ.

ഗുരുതരാവസ്ഥയിലുള്ളവർ (High Risk)

ഇവരും  വ്രതം അനുഷ്ഠിക്കാൻ പാടില്ലാത്തതാണ്. നിയന്ത്രണവിധേയമല്ലാത്ത പ്രമേഹരോഗമുള്ളവർ. രക്തത്തിലെ പഞ്ചസാരയുടെ അളവു വളരെ കുറയ്ക്കുന്ന  (Hypoglycaemia) തരം മരുന്നുകൾ ഉപയോഗിക്കുന്ന പ്രമേഹരോഗികൾ, വർഷങ്ങളായി പ്രമേഹരോഗമുള്ളവർ, പ്രമേഹ പാദരോഗമുള്ളവർ.

മിതമായ അളവിൽ അല്ലെങ്കിൽ വളരെ കുറഞ്ഞ അളവിൽ പ്രമേഹം ഉള്ളവർ (Moderate to Low Risk)

ഭക്ഷണനിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും നല്ലരീതിയിൽ പ്രമേഹം നിയന്ത്രിക്കുന്നവർ. കുറഞ്ഞ അളവിൽ മരുന്ന് ഉപയോഗിച്ച് പ്രമേഹം നിയന്ത്രിക്കുന്നവർ, രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയാൻ സാധ്യത ഇല്ലാത്ത പ്രമേഹരോഗികൾ. ഇവർ വ്രതം അനുഷ്ഠിക്കുന്നതുകൊണ്ടു പ്രശ്നമില്ല.  

വ്രതാനുഷ്ഠാനം തുടങ്ങുംമുൻപ്

വ്രതാനുഷ്ഠാനം തുടങ്ങുംമുൻപു  ചികിത്സിക്കുന്ന ഡോക്ടറെക്കണ്ടു  മരുന്നുകളിൽ വ്യതിയാനം വേണ്ട വ്യതിയാനം വരുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. ഉദാഹരണത്തിന് മൂന്നുനേരം മരുന്നു കഴിക്കുന്നവർ അതു രണ്ടു നേരമായി ക്രമീകരിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കുന്ന മരുന്നുകൾ വൈകിട്ടു നോമ്പു തുറക്കുന്ന സമയത്തു കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇൻസുലിൻ എടുക്കുന്ന രോഗികൾ ദിവസത്തിൽ ഇടയ്ക്കിടെ രക്തത്തിലെ പഞ്ചസാരയുടെ അളവു പരിശോധിച്ച് അതിനനുസൃതമായി മാത്രം ഇൻസുലിൻ എടുക്കണം.

രക്തത്തിലെ പഞ്ചസാരയുടെ അളവു വളരെയധികം കുറയ്ക്കാത്തതരം ഇൻസുലിനിലേക്ക് ഈ സമയത്തു മാറുന്നതും നല്ലത്. അതുപോലെ രക്തത്തിലെ പഞ്ചസാരയുടെ അളവു വളരെയധികം കുറയ്ക്കാത്ത പല മരുന്നുകളും (ഗ്ലിപ്റ്റിസുകളും ഗ്ലിഫ്ളോസിനുകളും) വിപണിയിൽ ലഭ്യമായതിനാൽ അത് ഉപയോഗിക്കുന്നതും ഹൈപോഗ്ലൈസീമിയ തടയാൻ സഹായിക്കും. 

ഭക്ഷണത്തിൽ ശ്രദ്ധവേണം

പകൽമുഴുവൻ ഭക്ഷണംകഴിക്കാതെ രാത്രി വളരെ കൂടുതൽ ഭക്ഷണം കഴിക്കുന്ന രീതി  നല്ലതല്ല. വ്രതാനുഷ്ഠാനസമയത്തും ഭക്ഷണക്രമീകരണം പാലിച്ചേ മതിയാവൂ. പഞ്ചസാര പൂർണമായും ഒഴിവാക്കണം. കൊഴുപ്പുകൂടിയ ഭക്ഷണപദാർഥങ്ങളും കഴിവതും ഒഴിവാക്കണം. ഭക്ഷണം ചെറിയ അളവിൽ ഒന്നുരണ്ടു പ്രാവശ്യമായി കഴിക്കാൻ ശ്രമിക്കണം. ഉറക്കം ഒഴിവാക്കാതിരിക്കാനും ശ്രദ്ധിക്കണം. രാവിലെ വ്രതാനുഷ്ഠാനം തുടങ്ങുംമുൻപ് നിർബന്ധമായും അത്താഴം കഴിക്കണം. അത് കഴിയുന്നത്ര താമസിച്ചു കഴിക്കുന്നതാണു നല്ലത്. ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. പഴവർഗങ്ങളും മിതമായി ഉപയോഗിക്കാൻ ശ്രദ്ധിക്കണം. 

രോഗലക്ഷണം അവഗണിക്കരുത്

രക്തത്തിലെ പഞ്ചസാര കുറയുന്നതിന്റെ ലക്ഷണങ്ങളായ തലവേദന, ക്ഷീണം, ശരീരം, വിയർക്കൽ, ശരീരം വിറയൽ, അമിത വിശപ്പ് എന്നിവയിൽ എന്തെങ്കിലും അനുഭവപ്പെട്ടാൽ രക്തത്തിലെ പഞ്ചസാരയുടെ അളവു പരിശോധിക്കണം.

റമസാൻ സമയത്ത് ഒരു കാരണവശാലും പ്രമേഹരോഗി മരുന്നു നിർത്തരുത്. ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ മരുന്ന് ഒഴിവാക്കുന്നതും മറ്റു സങ്കീർണതകൾക്ക് കാരണമായേക്കാം. 

നോമ്പുകാലത്ത് കടുത്ത ശാരീരിക അധ്വാനമുള്ള വ്യായാമങ്ങൾ ഒഴിവാക്കണം. നടത്തംപോലെ മിതമായ വ്യായാമം  തുടരാം. 

ഓരോ പ്രമേഹരോഗിയും  അവരുടെ രോഗാവസ്ഥയും വ്യത്യസ്തമാണെന്നതിനാൽ ചികിത്സിക്കുന്ന ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രമേ പ്രമേഹരോഗികൾ വ്രതാവുഷ്ഠാനത്തെക്കുറിച്ച് തീരുമാനം എടുക്കാവൂ. എല്ലാവർക്കും ആരോഗ്യപ്രദമായ രീതിയിൽ റമസാൻ വ്രതം അനുഷ്ഠിക്കാൻ കഴിയട്ടെ. 

(എറണാകുളം അയ്യമ്പിള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡയബറ്റോളജിസ്റ്റും അസിസ്റ്റൻറ് സർജൻനുമാണ് ലേഖിക)