Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻസർ ചികിൽസയ്ക്ക് നാനോകരുത്ത്

648181930

നാനോടെക്നോളജി, എന്ത്? എന്തിന്?

വളരെ ചെറിയ കണങ്ങളെക്കുറിച്ചുള്ള പഠനമാണു നാനോടെക്നോളജിയുടെ അടിസ്ഥാനം. പദാർഥകണങ്ങളുടെ വലുപ്പം ഒന്നു മുതൽ നൂറു നാനോമീറ്റർ വരെയുള്ള പരിധിയിലാകുമ്പോൾ അവയുടെ സ്വഭാവത്തിനു മാറ്റങ്ങളുണ്ടാകുന്നു. ഇങ്ങനെ ഓരോ പദാർഥവും നാനോമീറ്റർ വലുപ്പത്തിൽ ആക്കുമ്പോൾ അവയുടെ സ്വഭാവം ആകെ മാറും. ഈ മാറ്റംമൂലം പദാർഥങ്ങളുടെ പ്രകടനം വളരെ മെച്ചപ്പെടുത്താൻ സാധിക്കും. അങ്ങനെ നാനോ കണികകൾ ഉപയോഗിച്ച്, ഇപ്പോൾ സമൂഹം നേരിടുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം കാണാനാണ് ഈ സാങ്കേതികവിദ്യ ലക്ഷ്യമിടുന്നത്.

സ്വർണത്തിന്റെ നിറം പച്ച?

ഉദാഹരണമായി, സ്വർണത്തിന്റെ കാര്യമെടുക്കാം. നാം കാണുന്ന സ്വർണനിറമുള്ള ഈ ലോഹം നന്നായി വൈദ്യുതി കടത്തിവിടും (good conductor). എന്നാൽ സ്വർണത്തിന്റെ നാനോവലുപ്പത്തിലുള്ള കണങ്ങൾ ഉണ്ടാക്കിയാൽ അവയുടെ നിറം വലുപ്പത്തിനനുസരിച്ച് വ്യത്യസ്തമാകും. നീല, ചുവപ്പ്, പച്ച ...അങ്ങനെ പലനിറങ്ങൾ. 

ഇതൊരു പുതിയ കാര്യമല്ല, ഇങ്ങനെ പല വലുപ്പത്തിലും (നാനോമീറ്റർ വലുപ്പത്തിൽ) പല നിറത്തിലും ഉള്ള സ്വർണക്കണികകളും വെള്ളി ക്കണികകളും പണ്ടുമുതൽതന്നെ ജനാലകളുടെ ഗ്ലാസ്സുകൾക്കു നിറം നൽകാന്‍ ഉപയോഗിച്ചിരുന്നു. പുരാതനമായ ചില പള്ളികളുടെ ജനൽ പാളികളിൽ കാണുന്ന പെയിന്റിങ്ങുകൾ ഇങ്ങനെയുണ്ടാക്കിയതാണ്. ഈ പെയിന്റിങ്ങുകൾക്ക് ഒരു പ്രത്യേകതയുണ്ട്. ഏത് കാലാവസ്ഥയിലും നിറം മങ്ങാതെ നിൽക്കും. അതുപോലെ സ്വർണ നാനോ കണികകൾ (2 നാനോ മീറ്റർവരെ) വൈദ്യുതിയെ കടത്തിവിടുകയും ഇല്ല (insulator).

നാനോ ടെക്നോളജിയുടെ സാധ്യതകൾ നന്നായി ഉപയോഗിക്കുന്ന മേഖലയാണു വൈദ്യരംഗം. നാനോ മെഡിസിൻ എന്ന അതിദ്രുതം വികസിക്കുന്ന ഒരു വിഭാഗം തന്നെയുണ്ട്. സർവസാധാരണമായ പാരസെറ്റമോൾ എന്ന ടാബ്‌ലെറ്റ് നോക്കുക. 500 അല്ലെങ്കിൽ 650 മില്ലിഗ്രാം ഡോസിലുള്ള മരുന്നാണു നമ്മൾ കഴിക്കുന്നത്. എന്തുകൊണ്ട് ഇത്രയും ഉയർന്ന ഡോസ് കഴിക്കേണ്ടിവരുന്നു? കാരണം, ഇത്രയും ഡോസ് കഴിക്കുമ്പോൾ മരുന്നു നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തും, കൂട്ടത്തിൽ പ്രശ്നമുള്ള ഭാഗത്തും എത്തി അതിനെ സുഖപ്പെടുത്തും. അതേസമയം നമുക്കു പ്രശ്നം ഉള്ള ഭാഗം മനസ്സിലാക്കി ആ ഭാഗത്തു മാത്രം മരുന്ന് എത്തിക്കാൻ കഴി‍ഞ്ഞാൽ, വളരെ ചെറിയ ഒരു ഡോസ് മാത്രമേ ആവശ്യമായി വരൂ.

കാൻസർ ചികിത്സയിലാണ് ഇതിന്റെ ഏറ്റവും വലിയ പ്രാധാന്യം. കീമോതെറപ്പി കഴിയുമ്പോൾ ഒരു കാൻസർ രോഗി അനുഭവിക്കുന്ന പാർശ്വഫലങ്ങളെക്കുറിച്ചു നമുക്കറിയാം. ഇതിനു കാരണം ഈ മരുന്ന് ശരീരം മുഴുവൻ സഞ്ചരിച്ച്, അർബുദകോശങ്ങളെ നശിപ്പിക്കുന്നതിനൊപ്പം കുഴപ്പമില്ലാത്ത നോർമൽ കോശങ്ങളെയും നശിപ്പിക്കുന്നു എന്നതാണ്. ഇതിനൊരു പരിഹാരമാണ് ടാർഗറ്റ‍ഡ് ഡ്രഗ് ഡെലിവറി.

“targeted drug delivery using nanocarriers” എന്നത് ധാരാളം ഗവേഷണം നടക്കുന്ന മേഖലയാണ്. ഇതിൽ ഒരു നാനോ പദാർത്ഥം നിർമിക്കും.  നാനോവാഹകർ എന്നറിയപ്പെടുന്ന ഇതിലേക്ക് കാൻസർ കോശങ്ങളെ തിരിച്ചറിയുന്ന ടാർഗറ്റിങ് മോളിക്യൂൾ, ചികിൽസയ്ക്കുള്ള ഡ്രഗ് തന്മാത്രകൾ എന്നിവ പിടിപ്പിക്കുന്നു. 

ഈ നാനോ വാഹകർ ശരീരത്തിൽ പ്രവേശിച്ചാൽ അവ കാൻസർ കോശങ്ങളെ തിരഞ്ഞുപിടിച്ച് അവിടെയെത്തും. തുടർന്ന് ഡ്രഗ് തന്മാത്രകൾ നാനോ വാഹകരിൽനിന്നു വിട്ടുമാറി കാൻസർ കോശങ്ങളിലേക്കു പ്രവേശിക്കുന്നു. രോഗമില്ലാത്ത കോശങ്ങൾക്ക് ഒരു കുഴപ്പവും വരില്ല. 

Read More: Health News

related stories