Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തലച്ചോറിനെ ബാധിക്കുന്ന ഡെങ്കി വൈറസ് സാനിധ്യം സ്ഥിരീകരിച്ചു; തിരിച്ചറിയണം ഈ ലക്ഷണങ്ങൾ

dengue-fever

സംസ്ഥാനത്ത് ഡെങ്കി ടൈപ്പ് 3 വൈറസ് സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയില്‍ ആരോഗ്യ വകുപ്പ്. പത്തനംതിട്ടയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കുറഞ്ഞിട്ടും മരണം കൂടിയതോടെയാണ് ആരോഗ്യ വകുപ്പ് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. നാറാണംമൂഴി പഞ്ചായത്തില്‍ 11 വയസ്സുള്ള കുട്ടിക്കാണ് ടൈപ്പ് 3 എന്ന അപകടകരമായ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. തലച്ചോറിനെ വേഗം ബാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതോടെ ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

എന്താണ് ഡെങ്കിപ്പനി?

കൊതുകുജന്യ പകർച്ചവ്യാധികളിൽ മാരകമാണ് ഡെങ്കിപ്പനി. പനിയോടൊപ്പമുണ്ടാകുന്ന രക്തപ്രവാഹം രോഗികളെ പ്രത്യേകിച്ചും കുട്ടികളെ ഗുരുതരാവസ്ഥയിലെത്തിക്കുന്നു. ഏഷ്യൻ രാജ്യങ്ങളിൽ കുട്ടികളുടെ മരണത്തിനു പ്രധാന കാരണം ഡെങ്കിപ്പനിയാണ്. ഫ്ളേവി വൈറസുകളാണ് ഡെങ്കിപ്പനിക്കു കാരണം. നാലുതരം ഡെങ്കി വൈറസുകളാണ് രോഗം പരത്തുന്നത്. ആഗോളവ്യാപകമായി പ്രതിവർഷം അൻപത് ലക്ഷത്തിലേറെ ആളുകൾക്ക് ഡെങ്കി ബാധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ അഞ്ചു ലക്ഷത്തോളം ആളുകളിൽ ഗുരുതരമായ ആന്തരിക രക്തസ്രാവത്തിനും ഇരുപത്തോരായിരം പേരുടെ മരണത്തിനും ഇടയാക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളും പനി വരാനുള്ള കാരണങ്ങളും ഗൗരവപൂർവം തിരിച്ചറിയേണ്ടതാണ്.

രോഗം പകരുന്നത്

ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് രോഗം പരത്തുന്നത്. രോഗാണുബാധിതനായ വ്യക്തിയെ കടിക്കുന്ന കൊതുകുകൾ ഏഴു ദിവസങ്ങൾക്കു ശേഷം മറ്റുള്ളവരിലേക്ക് രോഗം പരത്തുന്നതിനുള്ള കഴിവ് നേടുന്നു. ഒരിക്കല്‍ രോഗാണുവാഹകരായി മാറുന്ന കൊതുകുകൾ തുടർന്നുള്ള കാലമത്രയും മറ്റുള്ളവരിലേക്ക് രോഗം പരത്തുന്നു. എല്ലാ പ്രായത്തിലുള്ളവരെയും രോഗം ബാധിക്കാം. ഡെങ്കിപ്പനി ഗുരുതരമാകുന്നത് പനിയോടൊപ്പം ആന്തരിക രക്തസ്രാവം ഉണ്ടാകുമ്പോഴാണ്. ഇതിനെ ഡങ്കി ഹിമറാജിക് ഫീവർ’ എന്നു പറയുന്നു.

ഗുരുതരമായ ഈ അവസ്ഥയുണ്ടാക്കുന്നത് നേരത്തെ ഡെങ്കിപ്പനി ഉണ്ടായിരുന്ന വ്യക്തിക്ക് വീണ്ടും മറ്റൊരു ജനൂസിൽപ്പെട്ട ഡെങ്കി വൈറസിന്റെ ആക്രമണമുണ്ടാകുമ്പോഴാണ്. ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയുടെ അമിത പ്രതികരണമാണ് ഈ പ്രതിഭാസത്തിനു കാരണം. ആദ്യത്തെ വൈറസ് ബാധയെ തുടർന്ന് ശരീരം ഉൽപാദിപ്പിച്ച ആന്റിബോഡികൾ രോഗാണുബാധയെ തുടർന്ന് ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥയെ ഉത്തേജിപ്പിച്ച് വികലമായ ശൃംഖല പ്രവർത്തനങ്ങൾക്കു കാരണമാകുന്നു. ഈ പ്രവർത്തനങ്ങൾ രക്ത ധമനികൾ ഘടനാപരമായ വ്യതിയാനങ്ങൾ ഉണ്ടാക്കി അവയുടെ പ്രവേശ്യത വർധിപ്പിക്കുകയും ഗുരുതരമായ രക്തസ്രാവത്തിനും മറ്റു സങ്കീർണതകൾക്കും കാരണമാകുകയും ചെയ്യുന്നു. സ്ത്രീകളിലാണ് പുരുഷന്മാരെ അപേക്ഷിച്ച് ഈ സങ്കീർണതയ്ക്കുള്ള സാധ്യത കൂടുതല്‍.

രോഗലക്ഷണങ്ങള്‍

രോഗകാരികളായ വൈറസുകൾ ശരീരത്തിൽ പ്രവേശിച്ച് അഞ്ച് മുതൽ ആറ് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. കുട്ടികളിലും പ്രായമായവരിലും പ്രത്യക്ഷപ്പെടുന്ന രോഗലക്ഷണങ്ങളിൽ കാര്യമായ വ്യത്യാസമുണ്ടായേക്കാം. എന്നാൽ ഡെങ്കി രോഗാണുബാധ ഉണ്ടാകുന്ന എല്ലാവരിലും പ്രകടമാകണമെന്നില്ല. ചിലരിൽ ഒരു സാധാരണ വൈറൽ പനിയുടെതിനു സമാനമായ ലക്ഷണങ്ങൾ മാത്രമേ കാണാറുള്ളൂ.

കുട്ടികളിൽ സാധാരണയായി ചെറിയ പനിയും ചർമത്തിൽ പാടുകളും കാണപ്പെടാം. എന്നാൽ പ്രായമായവരിൽ ഡെങ്കിപ്പനിയുടെ സുപ്രധാന ലക്ഷണങ്ങളായ ശക്തമായ പനി, ചർമത്തിൽ ചുമന്നു തടിച്ച പാടുകൾ, അസഹനീയമായ പേശിവേദന എന്നിവ കൂടുതലായി കാണാം. നടുവിന്റെയും കൈകാലുകളുടെയും പേശികളിൽ അനുഭപ്പെടുന്ന ശക്തമായ വേദനയെ സൂചിപ്പിക്കുന്നതായതിനാൽ. ‘അസ്ഥികളെ നുറുക്കുന്ന പനി’ എന്നും ഡെങ്കിപ്പനി പൊതുവേ അറിയപ്പെടുന്നു. രണ്ടു ദിവസങ്ങൾക്കു ശേഷം പനി കുറയുകയും, മൂന്നു നാലു ദിവസങ്ങൾക്കുള്ളില്‍ വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്താൽ രോഗലക്ഷണമാണ്. വീണ്ടും പനിയുണ്ടാകുന്നതോടൊപ്പം ചർമത്തിൽ പ്രത്യേകിച്ചും കൈകാലുകളിലും ചുമന്ന പാടുകൾ ഉണ്ടാകാം. എന്നാൽ കൈവെള്ളയിലും കാൽപ്പാദങ്ങളിലും പാടുകൾ കാണാറില്ല.

ചർമത്തിൽ പാടുകൾ പ്രത്യക്ഷപ്പെടുമ്പോൾ പനിയുടെ തീവ്രത കുറയാം. പനിയോടൊപ്പം ചുമ, ശ്വാസംമുട്ടൽ, ഉദരസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയും ഉണ്ടാകാം. ചര്‍മ്മത്തിലെ രക്തസ്രാവത്തെത്തുടർന്ന് തൊലിപ്പുറത്ത് കാണുന്ന പാടുകൾ മൂക്കിൽ നിന്നും മോണയിൽ നിന്നുമുള്ള രക്തസ്രാവം, വയറുവേദന, വയറിളക്കം. മലം കറുത്ത  നിറത്തിൽ പോകുക. ഭക്ഷണവും വെള്ളവും കഴിക്കാൻ മടി കാണിക്കുക, രോഗിയിലുണ്ടാകുന്ന സ്വഭാവ വ്യതിയാനങ്ങൾ, ശ്വാസം മുട്ടൽ, കൈകാലുകൾ തണുത്ത് മരവിക്കുക, മൂത്രത്തിന്റെ അളവ് കുറയുക തുടങ്ങിയവ രോഗം ഗുരുതരമാകുന്നതിന്റെ ലക്ഷണങ്ങളാണ്.

രോഗ നിർണയം

രോഗാണുക്കളെ വേർതിരിച്ചെടുക്കുവാനും ആന്റിബോഡികളെ കണ്ടെത്താനുമായി രോഗിയിൽ നിന്ന് രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധനകൾ നടത്താം. വൈറസുകളെ വേർതിരിച്ചെടുക്കാനായി രോഗലക്ഷണങ്ങൾ പ്രകടമായി അഞ്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ രക്തം ശേഖരിച്ച് പരിശോധന നടത്തണം. വൈറസിനെതിരായി ശരീരം ഉൽപാദിപ്പിച്ച ആന്റി ബോഡികളെ കണ്ടെത്തുവാനായി രക്തസാമ്പിളുകൾ വിവിധ ഘട്ടങ്ങളിൽ ക്രമമായി ശേഖരിക്കുന്നു. സാധാരണയായി രോഗം ബാധിച്ച് അഞ്ചു ദിവസങ്ങൾക്ക് ശേഷം ആദ്യത്തെ സാമ്പിളും പത്തു മുതൽ പതിനാലു ദിവസങ്ങൾക്കുള്ളിൽ രണ്ടാമത്തെ ശേഖരിക്കുന്നു. ആന്റി ബോഡികളുടെ അളവിൽ ക്രമാനുഗതമായ വർധനവുണ്ടാകുന്നത് ഡെങ്കിപ്പനിയുടെ തുടക്കമാകാം. രക്തം കട്ടപിടിക്കുന്നതിനു സഹായിക്കുന്ന രക്താണുക്കളായ പ്ലെറ്റ്‌ലെറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നത് ഗുരുതരമായ രക്തസ്രാവത്തിനു കാരണമാകുന്നു.

ചികിത്സയും പ്രതിരോധവും

രോഗിക്ക് പരിപൂർണ വിശ്രമവും ആവശ്യത്തിനു പോഷകാഹാരവും ഈ സമയം ആവശ്യമാണ്. ധാരാളം വെള്ളം കുടിക്കണം. പനിയുടെ ക്ഷീണം കുറയ്ക്കുവാനും നിർജ്ജലീകരണത്തെത്തുടർന്നുള്ള സങ്കീർണ‍തകളകറ്റാനും ഇതു സഹായിക്കും. പനി കുറയുവാനായി ദേഹം വെള്ളത്തിൽ മുക്കിയ തുണി ഉപയോഗിച്ച് തുടയ്ക്കുന്നതും നല്ലതാണ്. പനി പൂർണമായും ഭേദമാകുന്നതു വരെ രോഗിയെ ശ്രദ്ധയോടെ പരിചരിക്കണം. ചികിത്സയ്ക്കായി ആസ്പിരിൻ, ആന്റി ബയോട്ടിക്കുകൾ എന്നിവ നൽകാറില്ല. ഡെങ്കിപ്പനിക്കെതിരായി ഫലപ്രദമായ വാക്സിൻ നിലവിലില്ലാത്ത സാഹചര്യത്തിൽ രോഗാണുവാഹകരായ കൊതുകുകളെ നിയന്ത്രിക്കുന്നതാണ് പ്രതിരോധത്തിനുള്ള ഏറ്റവും നല്ല മാർഗം. വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ കൊതുകുകൾ പ്രജനനം നടത്തുന്ന സാഹചര്യം ഒഴിവാക്കാം.

Read More : Health News