Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻസറിനെ ഭയക്കുന്നവർ അറിയണം ഈ ഡോക്ടറെ

dr-leelamma ഡോ. ലീലാമ്മ വർക്കിയും ഡോ. വർക്കി എം. ചാക്കോയും

വർഷം 1999: യുഎസിലെ കെന്റക്കിയിലെ ഒരു ആശുപത്രി. കയ്യിലൊരു ചെറിയ പാടുമായി തന്നെ കാണാൻ വന്ന രോഗിയെ രക്തപരിശോധനയ്ക്ക് അയച്ചശേഷമാണ് ഡോ. ലീലാമ്മ വർക്കി സ്വന്തം കയ്യിലേക്കു നോക്കിയത്, അവിടെയുമുണ്ടായിരുന്നു അതുപോലൊരു പാട്. കൗതുകത്തിനു സ്വന്തം രക്തവും പരിശോധനയ്ക്കയച്ചു. പരിശോധനാഫലവുമായി എത്തിയ നഴ്സ് ഒരക്ഷരം മിണ്ടിയില്ല. പന്തികേടു തോന്നി അവർ ചോദിച്ചു, ‘‘എന്തുപറ്റി, എനിക്കു കാൻസറുണ്ടോ?’’. ലീലാമ്മയെ അഭിമുഖീകരിക്കാനാവാതെ ആ നഴ്സ് ഓടിമറഞ്ഞു!

ഡോക്ടറായി ജോലി നോക്കുമ്പോൾ രണ്ടു തവണയാണു സ്വന്തം പരിശോധനയിൽ ശരീരത്തിലെ രണ്ടു ഭാഗങ്ങളിൽ അർബുദം കണ്ടെത്തിയത്, അതും വെറും ആറു വർഷങ്ങളുടെ ഇടവേളയിൽ! ആരും പകച്ചുപോകാവുന്ന നിമിഷങ്ങൾ. രണ്ടു ശരീരഭാഗങ്ങളിൽ അർബുദം അസാധാരണമായിട്ടും പട്ടം സ്വദേശിയും തിരുവനന്തപുരം മെഡിക്കൽ കോളജിലെ മുൻ പ്രഫസറുമായ ഡോ. ലീലാമ്മ വർക്കി രോഗത്തെ കീഴടക്കി. യുഎസിലെ സേവനത്തിനുശേഷം നാട്ടിലെത്തി നഗരത്തിലെ അർബുദ രോഗികൾക്കായി കാൻസർ സപ്പോർട്ട് ഗ്രൂപ്പ് രൂപീകരിച്ചതിനു പിന്നിലും ഡോ. ലീലാമ്മയുണ്ട്. അഞ്ചു വർഷം കൂടിയേ ആയുസ്സുള്ളൂ എന്ന് 1999ൽ സഹ ഡോക്ടർമാർ പ്രവചിച്ചതുപോലും ഒരു പുഞ്ചിരിയോടെ ലീലാമ്മ തിരുത്തി, ഭർത്താവ് ഡോ. വർക്കി എം.ചാക്കോയ്ക്കൊപ്പം.

ക്ഷണിക്കപ്പെടാത്ത അതിഥി

നാട്ടിലെ സേവനത്തിനു ശേഷം യുഎസിൽ ജോലിക്കു കയറുന്നതിനു മുൻപുള്ള റസിഡൻസി കോഴ്സ് പൂർത്തിയാക്കുന്നതിനിടെയാണ് ആദ്യം അർബുദം കണ്ടെത്തിയത്. ഡബ്ല്യുബിസി കൗണ്ട് സാധാരണ 7500 ആകേണ്ടിടത്ത് അപ്പോൾ 40,000 ആയിരുന്നു. അർബുദത്തിന്റെ നാലാം സ്റ്റേജ് കടന്നിരുന്നു, ആരുമറിയാതെ. അന്നു രാത്രി വീട്ടിലെത്തി ലീലാമ്മ ഭർത്താവിനോടു പറഞ്ഞു, 'ഒരു ഗുഡ് ന്യൂസുണ്ട്, എനിക്കു കാൻസറാണ്'. നീയൊരു രോഗിയായിപ്പോയല്ലോ എന്ന വർക്കിയുടെ സന്ദേഹത്തിനു ലീലാമ്മയുടെ മറുപടി ഇങ്ങനെയായിരുന്നു– ‘‘എനിക്കു രോഗമുണ്ട്, പക്ഷേ എന്നെ രോഗിയാക്കരുത്’’.

59 വയസ്സിലാണു ലീലാമ്മ ഭർത്താവിനൊപ്പം യുഎസിലെത്തിയത്. ഭർത്താവു ജോലി ചെയ്യുന്ന ആശുപത്രിയിൽ തന്നെയായിരുന്നു ലീലാമ്മയും. കോഴ്സ് പൂർത്തിയാക്കാതെ മടങ്ങുന്നതിൽ അർഥമില്ല. മക്കൾ യുഎസിൽ തന്നെയാണെങ്കിലും വീട്ടിൽ രണ്ടാളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലീവെടുക്കാൻ ആദ്യം ആലോചിച്ചെങ്കിലും പിന്നീടു പദ്ധതി ഉപേക്ഷിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ കീമോതെറപ്പി ചെയ്യും. പിന്നീടുള്ള ഓഫ് ദിവസങ്ങളായ ശനിയും ഞായറും ക്ഷീണം തീർക്കും. മറ്റു ദിവസങ്ങളിൽ ആവശ്യമായി വന്നാൽ ജോലി കഴിഞ്ഞു വൈകിട്ടായിരിക്കും കീമോയുടെ സമയം. സഹായത്തിനുപോലും ആരുമുണ്ടായിരുന്നില്ല. അർബുദം വന്ന രോഗിയെ പരിചരിക്കാൻ ആളു വേണ്ടിയിരുന്ന സമയത്ത്, ലീലാമ്മ കുടുംബത്തെ പരിചരിക്കുന്ന തിരക്കിലായിരുന്നു. രണ്ടു വർഷത്തിനുശേഷം വീണ്ടും ഇതേ അർബുദത്തിന്റെ തുടർച്ച പ്രകടമായി. പിന്നീടു കുറഞ്ഞെന്ന് ഓർത്തിരുന്നെങ്കിലും വിധി മറ്റൊന്നായിരുന്നു.

അതിഥി വീണ്ടുമെത്തിയപ്പോൾ

യുഎസിലെ ജീവിതത്തിൽ വർഷംതോറും മാമോഗ്രാമെടുക്കുന്നത് എല്ലാവരുടെയും ശീലമായിരുന്നു. നാലുവർഷത്തിനു ശേഷം സ്വയം മാമോഗ്രാമെടുത്തു. പരിശോധനാഫലം തന്റെ കയ്യിൽ തന്നെ ഏൽപിക്കണമെന്നു നഴ്സിനോടു പറഞ്ഞിട്ടുണ്ടായിരുന്നു. എല്ലാത്തവണയും ഇതായിരുന്നു പതിവെങ്കിലും ഇത്തവണ തെറ്റി, ലീലാമ്മയുടെ സഹപ്രവർത്തകനായ അമേരിക്കൻ ഡോക്ടറുടെ കയ്യിലാണു നഴ്സ് റിപ്പോർട്ട് നൽകിയത്. എന്തു പറയണമെന്നറിയാതെ അയാൾ ലീലാമ്മയുടെ അടുത്തെത്തി റിപ്പോർട്ട് കണ്ടിരുന്നോ എന്നു ചോദിച്ചു. തന്റെ രോഗിയുടെ റിപ്പോർട്ട് ആയിരിക്കുമെന്ന ധാരണയിലാണു വാങ്ങി നോക്കിയത്. നിനച്ചിരിക്കാത്ത നേരത്ത് ആ അതിഥി വീണ്ടുമെത്തിയെന്നായിരുന്നു റിപ്പോർ‌ട്ട് പറഞ്ഞത്. അന്നു രാത്രിയും ലീലാമ്മ വീട്ടിലെത്തിയ ശേഷമാണു ഭർത്താവിനോടു കാര്യം പറഞ്ഞത്! രണ്ട് അർബുദത്തിന്റെ തുടർച്ചലനങ്ങൾ നാലു തവണ വീണ്ടുമുണ്ടായി.

അതിജീവനം ഇങ്ങനെ

ചികിത്സയെക്കാൾ ജീവിതംകൊണ്ടാണു രോഗത്തെ കീഴടക്കിയത്. നാട്ടിലെത്തി വിശ്രമജീവിതം ആരംഭിച്ചിട്ടും വിവിധ അനാഥാലയങ്ങളിലും അർബുദരോഗികളെ പരിചരിക്കുന്ന സ്ഥലങ്ങളിലും മാസത്തിൽ രണ്ടുതവണ സ്വന്തമായി ഭക്ഷണമുണ്ടാക്കി വിതരണം ചെയ്യുന്നത് ഇരുവരുടെയും ശീലമാണ്. യുഎസ് ജീവിതത്തിൽ സമ്പാദിച്ച തുകയുടെ ഒരു പങ്ക് ഫാമിലി ട്രസ്റ്റ് ആക്കി നിർധനർക്കു വിതരണം ചെയ്യുന്നു. ഇടയ്ക്കു സ്കാനിങ്ങും ചികിത്സയുമൊക്കെയുണ്ടെങ്കിലും രണ്ടാളും ഫുൾടൈം ബിസിയാണ്. യാത്രകളും ഭവനസന്ദർശനവുമാണു പ്രധാനം. കാൻസർ ചികിത്സാ കേന്ദ്രങ്ങളുണ്ടെങ്കിലും അർബുദത്തെ അതിജീവിച്ചവരെയും രോഗികളെയും കൂട്ടിയിണക്കുന്ന ശൃംഖലയുണ്ടാക്കുകയാണ് ഇപ്പോൾ. ആർസിസിയിൽ നിർധനരോഗികളെ സഹായിക്കുന്ന ആശ്രയ എന്ന സംഘടനയുടെ പ്രസിഡന്റ് ശാന്ത ജോസും ഒപ്പമുണ്ട്. ഓൺലൈൻ കൂട്ടായ്മയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. അർബുദമുള്ളവരോടു ഡോ. ലീലാമ്മയ്ക്കു പറയാനുള്ളത് ഇത്രമാത്രം– ‘‘ക്ഷീണം തോന്നാം, പക്ഷേ ഓടി നടന്നില്ലെങ്കിൽ കിടന്നുപോകും’’!

Read More : ആരോഗ്യവാർത്തകൾ