Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൃദ്രോഗ ചികിൽസ മുടങ്ങും

heart

തിരുവനന്തപുരം മെഡിക്കൽ കോളജ് കാത്ത് ലാബിൽ സ്റ്റെന്റ് നൽകിയ വകയിൽ 24 കോടി രൂപ നൽകാത്തതിനാൽ കേസുമായി വിതരണക്കാർ; ആൻജിയോഗ്രാം ഉൾപ്പെടെയുള്ള ഹൃദ്രോഗ ചികിൽസകൾ മുടങ്ങും. 

മെഡിക്കൽ കോളജ് ആശുപത്രിയിലെ ഉന്നതരുടെ തമ്മിലടിയും ഭരണവീഴ്ചയുമാണു കടുത്ത പ്രതിസന്ധി സൃഷ്ടിച്ചത്. ഇനി 15 ദിവസത്തേക്കുള്ള സ്റ്റെന്റ് മാത്രമേ കാത്ത് ലാബിൽ ശേഷിക്കുന്നുള്ളൂ. ഇപ്പോൾ മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന സ്റ്റെന്റ് ബലൂൺ, കത്തീറ്റർ എന്നിവ പിടിച്ചെടുക്കാൻ സഹായംതേടി കഴിഞ്ഞദിവസം സ്റ്റെന്റ് വിതരണക്കാർ മെഡിക്കൽ കോളജ് പൊലീസിനെ സമീപിച്ചിരുന്നു. കുടിശിക തുക ലഭിക്കാൻ സർക്കാരിൽ സമ്മർദം ചെലുത്തിയിട്ടു ഫലം കാണാതായതിനെ തുടർന്നാണ് ഈ നീക്കം. 

എന്നാൽ സർക്കാർ സ്ഥാപനത്തിലെ വിഷയമായതിനാൽ ഇടപെടാനാവില്ലെന്നാണു പൊലീസ് നിലപാട്. വിഷയം പൊലീസിൽ എത്തിയിട്ടും സർക്കാർ അനങ്ങാത്തതിനാൽ മുഴുവൻ കുടിശികയും നൽകാതെ ഇനി സ്റ്റെന്റ് നൽകേണ്ടതില്ലെന്നാണു വിതരണക്കാരുടെ തീരുമാനം. 

 2017 ജനുവരി വരെയുള്ള കണക്കനുസരിച്ചാണ് 24 കോടി രൂപ കുടിശികയായിരിക്കുന്നത്. കുടിശിക പ്രശ്നത്തിൽ ഡിസംബറിൽ വിതരണം നിർത്തിവച്ചപ്പോൾ ജനുവരി 20ന് അകം തുക നൽകാമെന്ന് ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ ഉറപ്പുനൽകിയിരുന്നു. ഇതു പാലിക്കപ്പെടാതെ വന്നപ്പോൾ മാർച്ചിൽ വിതരണം നിലച്ചു. മേയ് 31ന് അകം കുടിശിക നൽകാമെന്ന് അന്നു മെഡിക്കൽ കോളജ് സൂപ്രണ്ട് എം.എസ്.ഷർമദ് രേഖാമൂലം നൽകിയ ഉറപ്പനുസരിച്ചാണു വിതരണം പുനരാരംഭിച്ചത്. എന്നിട്ടും പണം നൽകാത്തതിനാലാണു വിതരണക്കാർ ഇടഞ്ഞത്.

ഭരണരീതി മാറ്റണമെന്ന  നിർദേശം നടപ്പായില്ല

സ്റ്റെന്റ് നൽകുമ്പോൾ വിതരണക്കാർക്കു പണം നൽകാറില്ല. ഉപയോഗിച്ചശേഷം പണം അക്കൗണ്ടിൽ നൽകും. ആരോഗ്യ ഇൻഷുറൻസ്, കാരുണ്യ എന്നിവയിൽനിന്നു പണം ലഭിക്കാൻ വൈകുന്നതിനാൽ വിതരണക്കാരുടെ തുകയും വൈകാറുണ്ട്. എങ്കിലും പ്രതിസന്ധിയില്ലാതെ പണം നൽകുന്നതാണു പതിവ്. തിരുവനന്തപുരം, ആലപ്പുഴ മെഡിക്കൽ കോളജുകളാണു വൻതുക കുടിശിക വരുത്തുന്നതെന്നു വിതരണക്കാർ കുറ്റപ്പെടുത്തുന്നു. മറ്റു മെഡിക്കൽ കോളജുകളിൽ കുടിശിക ഉണ്ടെങ്കിലും ക്രമമായി അതു നൽകാറുണ്ട്.

മെഡിക്കൽ കോളജിലെയും കെഎച്ച്ആർഡബ്ല്യുഎസിലെയും ഉദ്യോഗസ്ഥരും ഡോക്ടർമാരും തമ്മിലുള്ള ശീതസമരവും മാനേജ്മെന്റിലെ വീഴ്ചയുമാണു കുടിശിക പെരുകാൻ കാരണമായതെന്നു വിതരണക്കാർ കുറ്റപ്പെടുത്തുന്നു. ശസ്ത്രക്രിയയ്ക്കു വിധേയരായ രോഗികൾ പണം തരാതെ മുങ്ങി, രോഗി മരിച്ചതിനാൽ പണം തരാനാകില്ല എന്നൊക്കെയുള്ള മുട്ടാപ്പോക്കു ന്യായങ്ങളാണു നിരത്തുന്നത്. ഒരു ഉദ്യോഗസ്ഥൻ തയാറാക്കി വിടുന്ന ബില്ല് മറ്റൊരു ഉദ്യോഗസ്ഥൻ തൊടുന്യായങ്ങൾ പറഞ്ഞു തടഞ്ഞുവയ്ക്കും. 

ഇതേക്കുറിച്ചു പരാതികൾ പെരുകിയപ്പോൾ രാജീവ് സദാനന്ദൻ നേരിട്ടു പരിശോധന നടത്തിയിരുന്നു. കാര്യങ്ങൾ കുത്തഴിഞ്ഞ അവസ്ഥയിലാണെന്നു ബോധ്യപ്പെട്ട അദ്ദേഹം ഭരണരീതിയിൽ മാറ്റം വരുത്തണമെന്നു നിർദേശിച്ചുവെങ്കിലും ബന്ധപ്പെട്ടവർ അനുസരിക്കുന്നില്ല.

Read More : Health News