Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലാ വവ്വാലുകളും നിപ്പ വൈറസ് വാഹകരാണോ?

588996978

കോഴിക്കോട് നിപ വൈറസ് രോഗം പ്രത്യക്ഷപ്പെടുകയും ഏതാനും പേർ മരണമടയുകയും ചെയ്തതിനെ തുടർന്ന് ധാരാളം സംശയങ്ങൾ ഉന്നയിക്കപ്പെടുന്നുണ്ട്. നിപ വൈറസ് രോഗത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇനിയും ശേഖരിക്കേണ്ടതുണ്ട്. മലേഷ്യയിൽ രോഗം വ്യാപിച്ചപ്പോഴുണ്ടായ അനുഭവത്തിൽ നിന്നാണ് ഏതാനും പഠനങ്ങൾ വന്നിട്ടുള്ളത്. ഇതു വരെ ലഭ്യമായ വിവരങ്ങൾ വച്ച് ചില കാര്യങ്ങൾ സൂചിപ്പിക്കട്ടെ.

1. കോഴിക്കോട് മാത്രമാണ് നിപ വൈറസ് രോഗം കാണപ്പെട്ടത്. മലപ്പുറത്തുണ്ടായി എന്ന റിപ്പോർട്ട് ശരിയല്ല. മലപ്പുറത്തുകാരായ രണ്ട് പേരിലേക്ക് നേരത്തെ നിപ വൈറസ് രോഗം ബാധിച്ചവരിൽ നിന്നും രോഗം പകരുകയാണുണ്ടായത്.

2. നിപ വൈറസ് Pteropus എന്ന പ്രത്യേക വിഭാഗത്തിൽ പെട്ട വവ്വാലുകളിലാണ് കാണപ്പെടുന്നത്. പൊതുവേ ഇവയെ Fruit bats എന്ന വിളിക്കുന്നു. ഇവയിൽ തന്നെ എല്ലാ വവ്വാലൂകളിലും എപ്പോഴും വൈറസ് ഉണ്ടാവണമെന്നില്ല. വവ്വാലുകളുടെ ആവാസ വ്യവസ്ഥയുമായി ബന്ധപ്പെട്ടാണ് വൈറസ് അവയിൽ പ്രത്യേക്ഷപ്പെടുകയോ പുറമേക്ക് നിർഗമിക്കുകയോ ചെയ്യുന്നത്. കാലാവസ്ഥ വ്യതിയാനവും വനനശീകരണവുമാണ് നിപ വൈറസ് രോഗം മലേഷ്യയിൽ കാണപ്പെട്ടതിന്റെ പ്രധാന കാരണം. എൽ നിനോ പ്രകൃതി പ്രതിഭാസത്തെ തുടർന്നുണ്ടായ വന നശീകരണത്തെത്തുടർന്ന പ്രകൃതി ദത്ത ആവാസ വ്യവസ്ഥ നഷ്ടപ്പെട്ട് ഭക്ഷണം കിട്ടാതെ വിശന്ന് വലഞ്ഞ വവ്വാലുകളുടെ ശരീരത്തിലെ വൈറസ് സാന്ദ്രത വർധിക്കയും കാഷ്ഠം, മൂത്രം, ഉമിനീര് തുടങ്ങിയ സ്രവങ്ങളിലൂടെ വൻ തോതിൽ വൈറസ് പുറത്തേക്ക് വിസർജ്ജിക്കപ്പെട്ടു.. അങ്ങിനെ മറ്റ് മൃഗങ്ങളും (പ്രധാനമായി പന്നി) തുടർന്ന് മനുഷ്യരും രോഗബാധക്ക് വിധേയമായി. മനുഷ്യരിലേക്ക് വ്യാപിക്കാൻ വൈറസുകളുടെ ജനിതക വ്യതിയാനവും കാരണമാണ്. വവ്വലിൽ നിന്നല്ലാതെ പന്നി, കുരങ്ങ്, കുതിര എന്നിവയിലൂടെയും മനുഷ്യരിലേക്ക് രോഗം പരന്നിട്ടുണ്ട്. വവ്വാലുകളെ പക്ഷേ രോഗം ബാധിക്കില്ല.

3. കേരളത്തിൽ ഒരു പ്രത്യേക പ്രദേശത്ത് മാത്രം എങ്ങിനെ രോഗം കണ്ടു എന്നത് സംബന്ധിച്ച് കൂടുതൽ പഠനം നടത്തേണ്ടതുണ്ട്.. വവ്വാലുകൾ ദേശാടന (Migratory birds) സ്വഭാവമുള്ളവയാണ്. വളരെ ദൂരം വളരെ കുറഞ്ഞ സമയത്തിനകം ഇവക്ക് യാത്ര ചെയ്യാൻ കഴിയും. മലേഷ്യയിൽ നിന്നും കർണാടകത്തിലൂടെയാണ് അവ യാത്രചെയ്തിട്ടുണ്ടെന്ന് കരുതപ്പെടുന്നു. അങ്ങിനെയെങ്കിൽ കോഴിക്കോട് വരാൻ സാധ്യതയില്ല. ബംഗ്ലാദേശ്, ബംഗാൾ വഴി കേരളത്തിൽ എത്തിയതാണോ എന്നറിയില്ല. ഇക്കാര്യം വ്യക്തമാവാൻ കൂടുതൽ പഠനം ആവശ്യമാണ്.

4. സാധാരണ കേരളത്തിൽ കാണുന്ന വവ്വാലുകളിൽ വൈറസ് ഉണ്ടാവണമെന്നില്ല. എല്ലാ വവ്വാലുകളിലും വൈറസില്ല. Pteropus വിഭാഗത്തിൽ പെട്ടവയിൽ തന്നെ ചിലവയിൽ ചില സാഹചര്യത്തിൽ മാത്രമാണ് വൈറസ് കാണുന്നത്.

5. ആശുപത്രി സാഹചര്യത്തിൽ രോഗിയുടെ സ്രവങ്ങളിൽ 10 മണിക്കൂർ വരെ വൈറസ് സജീവമായിരിക്കും പഴങ്ങളിൽ മൂന്നു ദിവസം വരെയും. വെള്ളത്തിലൂടെ പകരാൻ സാധ്യതയില്ല. വവ്വാലുകളുടെ ഉച്ചിഷ്ടമുള്ള പനങ്കള്ളിലൂടെയാണ് ബംഗ്ലാദേശിൽ വൈറസ് മനുഷ്യരിലെത്തിയത്

6. രോഗിയുടെ വായിൽനിന്നു കണികകളായി തെറിക്കുന്ന ഉമിനീരും മറ്റും വായുവിലൂടെ ഒരു മീറ്റർ ചുറ്റളവിൽ നിൽക്കുന്നയാളിൽ രോഗം പരത്താം. അല്ലാതെ വായുവിലൂടെ രോഗം പകരാൻ സാധ്യതില്ല.

7. വൈറസ് രോഗങ്ങൾക്ക് നൽകുന്ന Ribavirin, Favipiravir എന്നീ രണ്ട് മരുന്നുകൾ നിപ രോഗത്തിന് ഫലപ്രദമാവാൻ സാധ്യതയുണ്ടെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഇതിൽ ഹെപറ്റൈറ്റിസ് സി ക്ക് നൽകിവരുന്ന Ribavirin ഇന്ത്യയിൽ ലഭ്യമാണ്.

Read More : Nipah Virus