Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വവ്വാൽ കടിച്ച മാങ്ങ കഴിച്ച് നിപ്പയെ വെല്ലുവിളിച്ച് മോഹനൻ വൈദ്യർ

mohanan-vaidyar

വവ്വാലുകളിൽ നിന്നാണ് നിപ്പ വൈറസ് പകരുന്നതെന്നിരിക്കെ ഇതിനെതിരെ അതീവ ജാഗ്രത പുലർത്തണമെന്നും വവ്വാൽ ഭക്ഷിച്ചുപേക്ഷിച്ച പഴവർഗങ്ങൾ കഴിക്കരുതെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നൽകുമ്പോൾ വവ്വാൽ കടിച്ച മാങ്ങ കഴിച്ച് നിപ്പയെ വെല്ലുവിളിച്ച് മോഹനൻ വൈദ്യർ. 

നിപ്പ വൈറസ് ബാധയുണ്ടായ കോഴിക്കോടിലെ പേരാമ്പ്രയിൽ നിന്ന് ശേഖരിച്ച പഴങ്ങൾ കഴിച്ച് കൊണ്ടായിരുന്നു മോഹനൻ വൈദ്യരുടെ വിഡിയോ. കൂടുതൽ പേരെ മരണത്തിലേയ്ക്ക് തളളി വിടുന്നതാണ് ഗുരുതരമായ ഈ സാഹചര്യത്തിൽ ഇത്തരത്തിലുളള പ്രചാരണമെന്ന വിമര്‍ശനം ഉയരുമ്പോഴും ധാരാളം ആളുകള്‍ ഈ വിഡിയോ ഷെയര്‍‌ ചെയ്യുകയാണ്. രോഗത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചിട്ടും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ഈ വാർത്തകൾ നിർവ്യാജം പടരുകയാണ്.

വവ്വാലിന് പനി വരുന്നതെങ്കിൽ ആദ്യം വവ്വാൽ ചാവണമെന്നും എലിക്കാണ് പനി വരുന്നതെങ്കിൽ ആദ്യം എലി ചാകണമെന്നും മോഹനൻ വൈദ്യർ വിഡിയോയിൽ പറയുന്നു. ഞാൻ ഈ പഴങ്ങൾ നിങ്ങൾക്കു മുൻപിൽ വച്ചാണ് കഴിക്കുന്നത്. നിപ്പ വൈറസ് ഉണ്ടെങ്കിൽ ആദ്യം  ചാകേണ്ടത് ഞാനാണെന്നും ഈ വൈറസ് ഉണ്ടെങ്കിൽ ഇന്ന് ഞാൻ മരിക്കണമെന്നും മോഹനൻ വൈദ്യർ വെല്ലുവിളിക്കുന്നു. എന്റെ രോഗികൾ ഈ വൈറസ് ഉണ്ടെന്ന് വിശ്വസിക്കാതിരിക്കാനും ചികിത്സ എടുക്കാതിരിക്കാനുമാണ് താൻ ഈ വിഡിയോ പോസ്റ്റ് ചെയ്യുന്നതെന്നും മോഹനൻ വൈദ്യർ പറയുന്നു. ഈ പകർച്ചവ്യാധിയെ തടയാനുളള കഷായങ്ങൾ വൈദ്യരുടെ കൈവശമുണ്ടെന്ന പ്രഖ്യാപനവും മോഹനൻ വൈദ്യർ നടത്തുന്നു. 

ഇത്തരം വ്യാജവിഡിയോകൾക്കോ സന്ദേശങ്ങൾക്കോ പിറകേ ദയവായി പോകാതിരിക്കുക. തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാതിരിക്കുക. രോഗവാഹകർ വവ്വാലുകളായി കരുതുന്നതിനാൽത്തന്നെ ഇവയ്ക്കെതിരെ ജാഗ്രത പുലർത്തണം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം, സ്രവം എന്നിവ മനുഷ്യശരീരത്തിലെത്തിയാൽ രോഗം ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. വവ്വാലുകൾ ധാരാളമുള്ള സംഥലങ്ങളിൽ നിന്നും തുറന്ന കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക. വവ്വാലുകൾ കടിച്ച ചാമ്പയ്ങ്ങ, പേരക്ക, മാങ്ങ പോലുള്ള കായ്ഫലങ്ങൾ യാതൊരു കാരണവശാലും ഭക്ഷിക്കരുതെന്നും ഓർമിപ്പിക്കുന്നു.

Read More : നിപ്പ വൈറസ്; ഈ മുൻകരുതലുകൾ നല്ലത്