Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിപ്പ വൈറസ്; വ്യാജവാർത്തകൾക്കു പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി ഡോക്ടര്‍മാര്‍

doctors ഡോ. നെൽസൺ ജോസഫ്, ഡോ. പി. എസ് ജിനേഷ്, ഡോ. ഷിംന അസീസ്

നിപ്പ വൈറസിനെ കുറിച്ച് വായ്ജവാർത്തകളും വിഡിയോയും പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവർക്കെതിരെ ഡോക്ടർമാരായ നെൽസൺ ജോസഫും പി. എസ് ജിനേഷും ഡോ. ഷിംന അസീസും. നിപ്പ വൈറസിനെക്കുറിച്ച് വ്യാജ പ്രചരണവുമായി എത്തുന്നവരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പാണ് ഇവർ നൽകുന്നത്. പേരാമ്പ്രയിൽ നിന്ന് ശേഖരിച്ചതെന്ന് അവകാശപ്പെടുന്ന പഴങ്ങൾ കഴിക്കുന്ന മോഹനൻ വൈദ്യരുടെ വിഡിയോയ്ക്ക് പൊതുജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇത്തരം വ്യാജ വൈദ്യൻമാരെല്ലാം ചേർന്ന്  കേരളത്തിലെ ജനങ്ങളുടെ ആരോഗ്യം പന്താടിക്കൊണ്ടിരിക്കുകയാണെന്നും ആളുകളുടെ ശ്രദ്ധകിട്ടാൻ വേണ്ടി മാത്രമാണ് ഇത്തരമൊരുപ്രചാരണം നടത്തുന്നതെന്നും ഡോക്ടർമാർ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.

മോഹനന്‍ വൈദ്യര്‍ പോസ്റ്റ് ചെയ്ത് വിഡിയോ ഇതിനകം 18,000ല്‍ അധികം ആളുകള്‍ ഷെയര്‍ ചെയ്തത് ആശങ്കയേറ്റുന്ന സാഹചര്യത്തിലാണ് ജനകീയാരോഗ്യ പ്രവര്‍ത്തകരുടെ പ്രതികരണം. 

വവ്വാൽ കടിച്ചെന്നും കോഴിക്കോട്ടുനിന്നാണെന്നും അവകാശപ്പെടുന്ന പഴം കഴിച്ചതുകൊണ്ട് നിപ്പ എന്ന വൈറസില്ലെന്ന മോഹനന്റെ അവകാശവാദം എത്രത്തോളം പമ്പര വിഡ്ഢിത്തമാണെന്ന് അൽപം വിവേകം ഉപയോഗിച്ചാൽ മനസിലാക്കാം. അതിലെ തട്ടിപ്പും മനസിലാക്കാം. രണ്ടിനും ഒരു തെളിവുമില്ലാത്തതാണ്. എന്നിരുന്നാലും ഈ തട്ടിപ്പ് വിഡിയോ കണ്ട് ഇയാളുടെ വാക്കുകൾ വിശ്വസിക്കുന്ന ഒരു വലിയ ജനവിഭാഗമുണ്ടല്ലോ എന്നോർക്കുമ്പോൾ ദുഖമുണ്ട്.– ഡോ.നെൽസൺ ജോസഫ് പറയുന്നു.

ഡോ.നെൽസൺ ജോസഫിന്റെ കുറിപ്പ് വായിക്കാം

പേരാമ്പ്രയിൽ നിന്ന് ശേഖരിച്ചതെന്ന് അവകാശപ്പെടുന്ന പഴങ്ങൾ കഴിക്കുന്ന വൈദ്യനെന്ന് സ്വയം അവകാശപ്പെടുന്ന മോഹനന്‍റെ വിഡിയോയുടെ ഷെയർ ഇതുവരെ 9000 കടന്നു. അവിടേക്കാണ് ഇരുപത് ഷെയറുകൾ പരമാവധി കിട്ടുന്ന ബോധവൽക്കരണ പോസ്റ്റുകളുമായി ഞങ്ങളിറങ്ങുന്നത്.

ഈ സാമൂഹ്യദ്രോഹികൾ പന്താടിക്കൊണ്ടിരിക്കുന്നത് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യമാണ്. എന്തുകൊണ്ടാണ് ഇവറ്റകൾ ഇതുവരെ ഒളിച്ചിരുന്നിട്ട് നിപ്പ വിഷയവുമായി ഇറങ്ങുന്നതെന്നറിയുമോ? നിപ്പ ഒരു രോഗം മാത്രമല്ല, ഫേസ് ബുക്കിൽ ലൈവായി നിൽക്കുന്ന ഒരു വിഷയം കൂടിയാണ്. അതിൽ എന്ത് പ്രതികരണമുണ്ടായാലും ആളുകളുടെ ശ്രദ്ധ കിട്ടും.

ഏത് തരം പബ്ലിസിറ്റിയും സ്വന്തം ബിസിനസിന് നേട്ടമായി കാണുന്ന പാഷാണത്തിൽ കൃമികളാണ് ഈ തട്ടിപ്പുമായി ഇറങ്ങുന്നത്. ഇത് മാത്രമല്ല ഇതിനു പിറകെ ഇറങ്ങിയ ഹോമിയോ തുള്ളിമരുന്ന് വിതരണക്കാരും ഈന്തപ്പഴത്തിലൂടെയാണ് പടരുന്നതെന്ന് പറഞ്ഞവരുമെല്ലാം..

മനുഷ്യന്റെ ജീവനും സ്വത്തിനും ആരോഗ്യത്തിനും സംരക്ഷണം കൊടുക്കാൻ സർക്കാരിന് താൽപര്യമില്ലെങ്കിൽ മറ്റാർക്കും ഒന്നും ചെയ്യാനാവില്ല. എനിക്കൊന്നും കൂടുതലായി പറയാനുമില്ല.. തൽക്കാലത്തേക്ക് കുറച്ച് കാര്യങ്ങൾ കൂടി പറഞ്ഞുകൊണ്ട് നിർത്തുന്നു..

1. ചിലർ ആവശ്യപ്പെടുന്നതുപോലെ മോഹനനോ വടക്കാഞ്ചേരിയുടെ ടീമോ ഒന്നും പേരാമ്പ്രയിൽ സന്ദർശനം നടത്തുന്നതിനോടോ രോഗം ബാധിച്ചവരെ കാണുന്നതിനോടോ താല്പര്യമില്ല. രണ്ടാണ് കാരണം.

ഒന്ന് വെറുതെ പേരാമ്പ്രയിലൂടെ പോയാൽ രോഗബാധ ഉണ്ടാവില്ല. അത് ഇവർ സ്വന്തം തട്ടിപ്പിനായി ഉപയോഗിക്കും. രണ്ട് രോഗികളുമായി സമ്പർക്കത്തിൽ വന്ന് രോഗം ലഭിക്കുകയാണെങ്കിൽ യാതൊരു മുൻ കരുതലുമെടുക്കാത്ത ഇവർ കൂടുതലാളുകൾക്ക് രോഗം ലഭിക്കാനിടയാക്കും.പൊതുജനാരോഗ്യത്തിന് ഇത് രണ്ടും ഭീഷണിയാണ്.

2. മോഹനനിലേക്ക് വരാം.വവ്വാൽ കടിച്ചെന്നും കോഴിക്കോട്ടുനിന്നാണെന്നും അവകാശപ്പെടുന്ന പഴം കഴിച്ചതുകൊണ്ട് നിപ്പ എന്ന വൈറസില്ലെന്ന മോഹനൻ്റെ അവകാശവാദം എത്രത്തോളം പമ്പര വിഡ്ഢിത്തമാണെന്ന് അല്പം വിവേകമുപയോഗിച്ചാൽ മനസിലാക്കാം. അതിലെ തട്ടിപ്പും മനസിലാക്കാം. രണ്ടിനും ഒരു തെളിവുമില്ലാത്തതാണ്.

എന്നിരുന്നാലും ഈ തട്ടിപ്പ് വീഡിയോ കണ്ട് ഇയാളുടെ വാക്കുകൾ വിശ്വസിക്കുന്ന ഒരു വലിയ ജനവിഭാഗമുണ്ടല്ലോ എന്നോർക്കുമ്പോൾ ദുഖമുണ്ട്. പൊതുജനാരോഗ്യപ്രവർത്തനത്തിനു വലിയ ക്ഷതമാണ് ഇയാളെപ്പോലെയുള്ള ക്ഷുദ്രജീവികൾ ചെയ്യുന്നത്.

രണ്ടാമതായി ഇതുവരെ ആദ്യത്തെ രോഗിക്ക് രോഗം ലഭിച്ച വഴിയേതാണെന്ന് സ്ഥിരീകരണമുണ്ടായിട്ടില്ല. എങ്ങനെയാണ് ഈ വൈറസ് ഇവിടെയെത്തിയത് എന്ന് കണ്ടു പിടിക്കേണ്ടത് ആവശ്യമാണ്. ആരോഗ്യവകുപ്പ് ആ വഴി പരിശ്രമിക്കുന്നുണ്ട്..

ചില സാധ്യതകൾ ഇനിയും ചർച്ച ചെയ്യാനുണ്ട്.ഇപ്പോൾ അതെക്കുറിച്ച് സൂചിപ്പിക്കാത്തത് ഈ സാഹചര്യത്തിൽ നിന്ന് കര കയറേണ്ടതാണ് പ്രധാനമെന്നുള്ളതുകൊണ്ട് മാത്രമാണ്.

3. ഇന്നലെയും ഇന്നും വാർത്താ ചാനലുകളിലും ചില ഫേസ്ബുക്ക് പ്രൊഫൈലുകളിലും ആവർത്തിച്ചു കണ്ട ഒരു വാചകം അതിഥി തൊഴിലാളികളിലൂടെയാണ് വൈറസ് കേരളത്തിലെത്തിയതെന്നാണ്. അതിൽ വലിയ കഴമ്പുണ്ടെന്ന് തോന്നുന്നില്ല.

കാരണം അവർക്ക് നമ്മൾ തന്നെ കൊടുക്കുന്ന വൃത്തിഹീനമായ സാഹചര്യത്തിലും ഒരാളെ താമസിപ്പിക്കേണ്ടിടത്ത് പത്തുപേരെ കിടത്തുന്നതിലൂടെയും രോഗം ഇപ്പോൾ ഇതിനുള്ളിൽത്തന്നെ കാട്ടുതീ പോലെ പടരാനുള്ള സാഹചര്യമുണ്ടായിരുന്നു. അങ്ങനെ ഉണ്ടാകാത്തിടത്തോളം അതിഥി തൊഴിലാളികളെ ഇതിനും പഴി ചാരുന്നതിൽ അർഥമില്ല.

4. ഈന്തപ്പഴം വഴിയാണ് ഇവിടെ വൈറസ് എത്തിയതെന്നും അഭ്യൂഹം പരത്തുന്നുണ്ട്. ഇതുവരെ തെളിയിക്കാത്ത ഒരു ആരോപണമാണിത്.. നിർജീവ വസ്തുക്കളിൽ അധികകാലം സർവൈവ് ചെയ്യാനുള്ള ശേഷി വൈറസിനില്ല. എങ്കിലും ജീവനുള്ള കോശത്തിനു വെളിയിൽ കുറച്ചു നാളുകൾ സർവൈവ് ചെയ്യാൻ ചില വൈറസിനാവും.

ഉദാഹരണത്തിനു ഹെപ്പറ്റൈറ്റിസ് ബി വൈറസെടുത്താൽ

- ഏഴു ദിവസം വരെ ഇത്തരം അവസ്ഥയിൽ സർവൈവ് ചെയ്യാൻ സാധിക്കും

- നിപ്പാ വൈറസിന് മൂത്രം പോലുള്ള ശരീരദ്രവങ്ങളിൽ നാലുദിവസം സർവൈവ് ചെയ്യാനാവും.

- ചൂട് കൂടിയാൽ വൈറസ് സർവൈവ് ചെയ്യുന്ന സമയം കുറയും. അത് താപനില ഉയരുന്നതനുസരിച്ച് കുറഞ്ഞുകൊണ്ടേയിരിക്കും.

- ഉണക്കിയ കായ് ഫലങ്ങളിൽ ഏതാനും മണിക്കൂറിൽ താഴെ മാത്രമേ സർവൈവ് ചെയ്യാൻ സാധിക്കുകയുള്ളൂ..അതുകൊണ്ട് ഈന്തപ്പഴങ്ങളിലൂടെ വൈറസ് പടർന്നു എന്നുള്ള വാദഗതി ശരിയാവാൻ സാധ്യതയില്ല. വൈറസിൻ്റെ ഇങ്ങോട്ടേക്കുള്ള വഴി കണ്ടെത്താൻ ആരോഗ്യവകുപ്പിനെ അനുവദിക്കുക എന്നതാണ് പ്രധാനം. അതുവരെ അഭ്യൂഹങ്ങൾ ദയവുചെയ്ത് ഒഴിവാക്കുക.

ഇതെഴുതിത്തീരുമ്പോൾ പതിനായിരത്തോടടുക്കുന്ന മോഹനൻ്റെ വീഡിയോയുടെ ഏഴയലത്തോ അതെത്തിച്ചേർന്ന് തെറ്റിദ്ധരിക്കപ്പെട്ടവരുടെ പത്തിലൊന്നിലേക്കോ ഈ എഴുത്ത് എത്താൻ സാദ്ധ്യതയുണ്ടെന്ന് തോന്നുന്നില്ല...എഴുതുന്നതുകൊണ്ടൊക്കെ പ്രയോജനമുണ്ടാകുമോ എന്ന് ആലോചിച്ചുപോകുന്നത് ഇത്തരം അവസരങ്ങളിലാണ്.

ഒരൊറ്റ അഭ്യർഥനയേ ഉള്ളൂ..ഇത്തരം വ്യാജന്മാരുടെ, ജേക്കബ് വടക്കഞ്ചേരി, മോഹനൻ അമ്മാവൻ, തുള്ളിമരുന്ന് കണ്ടെത്തി എന്നവകാശപ്പെടുന്ന ഹോമിയോക്കാരൻ, നിപ്പ ഇല്ലെന്ന് പ്രചരിപ്പിക്കുന്ന മറ്റ് സാമൂഹ്യ ദ്രോഹികൾ എന്നിവരുടെ വാക്കുകളിൽ വീണ് സ്വന്തം ജീവിതവും മറ്റുള്ളവരുടെ ജീവനും ഭീഷണിയാകരുത്....

മണ്ടത്തരങ്ങൾ പറയുകയും ചെയ്യുകയും ചെയ്യുന്ന ജേക്കബ് വടക്കൻചേരിക്കും മോഹനനും ഒക്കെക്കൂടി നശിപ്പിക്കുന്നത് സമൂഹത്തിന്‍റെ ആരോഗ്യമാണ്; ശരി എന്തെന്നറിയാതെ ഈയാംപാറ്റകളെപ്പോലെ തീയിൽ വീഴുന്ന മനുഷ്യരെന്നും മനുഷ്യന്റെ ജീവനും സ്വത്തിനും ആരോഗ്യത്തിനും സംരക്ഷണം കൊടുക്കാൻ സർക്കാരിന് താൽപര്യമില്ലെങ്കിൽ മറ്റാർക്കും ഒന്നും ചെയ്യാനാവില്ലെന്നും ഡോ.ജിനേഷ് പറയുന്നു.

ഡോകടർ ജിനേഷിന്റെ കുറിപ്പ് വായിക്കാം

പേരാമ്പ്രയിൽ നിന്നും ശേഖരിച്ചത് എന്നവകാശപ്പെടുന്ന കായ്ഫലങ്ങൾ ഭക്ഷിക്കുന്ന മോഹനന്റെ വീഡിയോയ്ക്ക് ഒരു മണിക്കൂർ കൊണ്ട് ലഭിച്ചിരിക്കുന്നത് 2800 ലധികം ഷെയറുകൾ.

ഇവിടെയാണ് നമ്മൾ നിപ്പാ വൈറസ് ബാധയെക്കുറിച്ച് ബോധവൽക്കരണം നടത്തിക്കൊണ്ടിരിക്കുന്നത്. മണ്ടത്തരങ്ങൾ പറയുകയും ചെയ്യുകയും ചെയ്യുന്ന ജേക്കബ് വടക്കൻചേരിക്കും മോഹനനും ഒക്കെ കൂടി നശിപ്പിക്കുന്നത് സമൂഹത്തിൻറെ ആരോഗ്യമാണ്; ശരി എന്തെന്നറിയാതെ ഈയാംപാറ്റകളെപ്പോലെ തീയിൽ വീഴുന്ന മനുഷ്യർ.

മനുഷ്യന്റെ ജീവനും സ്വത്തിനും ആരോഗ്യത്തിനും സംരക്ഷണം കൊടുക്കാൻ സർക്കാരിന് താൽപര്യമില്ലെങ്കിൽ മറ്റാർക്കും ഒന്നും ചെയ്യാനാവില്ല.

രണ്ട് കാര്യങ്ങൾ കൂടി പറഞ്ഞു കൊണ്ട് തൽക്കാലം നിർത്തുന്നു.

1. നിപ്പാ വൈറസ് ബാധ ഇതിനുമുൻപ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ബംഗ്ലാദേശിലാണ് എന്നുള്ളതുകൊണ്ട് കേരളത്തിലെ ബംഗാൾ സ്വദേശികളായ അതിഥി തൊഴിലാളികളെ അകറ്റിനിർത്തുന്ന വിവരങ്ങൾ കേൾക്കുന്നു.

ഒരു കാര്യം എല്ലാവരും മനസ്സിലാക്കണം. ഈ അസുഖത്തിന്റെ പാതയിൽ അതിഥി തൊഴിലാളികളില്ല. അതിഥി തൊഴിലാളികളിൽ അസുഖം ബാധിച്ചിരുന്നു എങ്കിൽ നമുക്ക് തടയാൻ കഴിയാത്തത്ര രീതിയിൽ കൊടുങ്കാറ്റുപോലെ അത് വളർന്നേനേ. കാരണം അവരുടെ ജീവിത സാഹചര്യങ്ങളും വ്യക്തിപരമായി സ്വീകരിക്കാവുന്ന സുരക്ഷാ മാർഗങ്ങളും ഒക്കെ വളരെ മോശം നിലവാരത്തിലാണ്.

അതുകൊണ്ട് ഒരു കാര്യം 100% ഉറപ്പിച്ചുപറയാം. ബംഗാൾ സ്വദേശികൾ അല്ലെങ്കിൽ മറ്റേതെങ്കിലും നാട്ടിൽനിന്നു വന്ന അതിഥി തൊഴിലാളികൾ അല്ല ഈ വൈറസ് വാഹകർ.

2. ഈന്തപ്പഴത്തിലൂടെ കേരളത്തിലെത്തിയതാണ് ഈ വൈറസ് എന്ന ധാരണയും തെറ്റാണ്.

നിർജീവ വസ്തുക്കളിൽ അധികകാലം സർവൈവ് ചെയ്യാനുള്ള ശേഷി വൈറസിനില്ല. എങ്കിലും ജീവനുള്ള കോശത്തിനു വെളിയിൽ കുറച്ചു നാളുകൾ സർവൈവ് ചെയ്യാൻ ചില വൈറസിനാവും.

ഹെപ്പറ്റൈറ്റിസ് ബി വൈറസിന് ഏഴു ദിവസം വരെ ഇത്തരം അവസ്ഥയിൽ സർവൈവ് ചെയ്യാൻ സാധിക്കും.

ഇപ്പോൾ നമ്മുടെ നാട്ടിലെ ഈ ഗുരുതര രോഗത്തിന് കാരണമായ നിപ്പാ വൈറസിന് മൂത്രം പോലുള്ള ശരീരദ്രവങ്ങളിൽ നാലുദിവസം സർവൈവ് ചെയ്യാനാവും. താപനില കൂടിയാൽ സർവൈവ് ചെയ്യുന്ന സമയം കുറയും.

പഴ സത്തുക്കളിൽ ഇവർക്ക് രണ്ട് മണിക്കൂർ മുതൽ രണ്ട് ദിവസം വരെ സർവൈവ് ചെയ്യാൻ സാധിക്കും.

ഉണക്കിയ കായ് ഫലങ്ങളിൽ രണ്ട് മണിക്കൂറിൽ താഴെ മാത്രമേ സർവൈവ് ചെയ്യാൻ സാധിക്കുകയുള്ളൂ.

ഗൾഫ് രാജ്യങ്ങളിൽനിന്നും കയറ്റി അയയ്ക്കുന്ന ഈന്തപ്പഴങ്ങളെ കുറിച്ചാണെങ്കിൽ അവിടെ നിന്നും ഇവിടെ എത്തുമ്പോൾ എന്തായാലും ഈ സമയപരിധി കഴിഞ്ഞിരിക്കും.

അതുകൊണ്ട് ഈന്തപ്പഴങ്ങളിലൂടെ വൈറസ് പടർന്നു എന്നുള്ള വാദഗതി ശരിയാവാൻ സാധ്യതയില്ല.

3. എങ്ങനെയാണ് ഈ വൈറസ് ഇവിടെയെത്തിയത് എന്ന് കണ്ടു പിടിക്കേണ്ടത് ആവശ്യമാണ്. ചില സാധ്യതകൾ ഇനിയും ചർച്ച ചെയ്യാനുണ്ട്.

ആദ്യം ഗുരുതരമായ ഈ സാഹചര്യത്തിൽ നിന്നും കരുതലോടെ, ജാഗ്രതയോടെ കരകയറട്ടേ.

സമൂഹത്തോട് ഒരു അഭ്യർത്ഥന മാത്രമേയുള്ളൂ. ജേക്കബ് വടക്കൻചേരി, മോഹനൻ, നിപ്പ വൈറസിന് പ്രതിരോധ മരുന്ന് കണ്ടുപിടിച്ചു എന്ന് അവകാശപ്പെടുന്നവർ ... തുടങ്ങിയവരുടെ മണ്ടത്തരങ്ങൾക്ക് തലവച്ച് കൊടുക്കരുത്.

ഈ ജീവിതം മനോഹരവും സുന്ദരവുമാണ്. കൂപമണ്ഡൂകങ്ങളുടെ മണ്ടത്തരങ്ങൾക്കിരയായി നശിപ്പിക്കാനുള്ളതല്ലത്.

എല്ലാവർക്കും ആശംസകൾ.

വീഡിയോ ഇട്ടും വൈകാരികപ്രകടനം നടത്തിയും മോഹനനും ഉറഞ്ഞ്‌ തുള്ളുന്ന വടക്കനും നമ്മളെ ആപത്തിന്റെ പടുകുഴിയിലേക്ക്‌ തള്ളാനാണ്‌ ശ്രമിക്കുന്നതെന്ന് ഡോ. ഷിംന അസീസ് പറഞ്ഞു. 

ഡോ. ഷിംനയുടെ കുറിപ്പ് വായിക്കാം

മാങ്ങ ചെത്തി തിന്ന മോഹനനും, കീടനാശിനികളാണ്‌ രോഗം വരുത്തുന്നതെന്ന്‌ നേരെ ചൊവ്വേ വൈറസിന്റെ പേര്‌ പറയാൻ അറിയാഞ്ഞിട്ട്‌ പോലും പഠിപ്പിക്കുന്ന വടക്കനും നമുക്ക്‌ അപ്രതീക്ഷിതമായി വന്ന്‌ ചേർന്നിരിക്കുന്ന നിപ്പ വൈറസ്‌ രോഗബാധയുടെ ആക്കം കൂട്ടുകയേ ഉള്ളൂ...

വൈറസ്‌ പരത്തിയത്‌ വവ്വാലുകൾ അല്ല എന്ന്‌ ഇന്നത്തെ പത്രങ്ങളുടെ മുൻപേജുകളിൽ ഉണ്ട്. പക്ഷേ, വെള്ളിയാഴ്ച പരിശോധനാഫലം വരും വരെ നമുക്കത്‌ ഉറപ്പിച്ച്‌ പറഞ്ഞു കൂടാ. ഇതിന്‌ മുൻപ്‌ നിപ്പാ വൈറസ്‌ബാധ മരണം വിതച്ചയിടങ്ങളിൽ വവ്വാലിൽ നിന്നാണ്‌ ഈ രോഗം പടർന്നത്‌ എന്ന അറിവാണ്‌ നമ്മുടെ മുന്നിലുള്ളത്. അതു കൊണ്ട്‌ തന്നെ ആദ്യപ്രതിരോധം എന്ന നിലക്ക്‌ നിലവിൽ വവ്വാലുകളെ സൂക്ഷിച്ചേ മതിയാകൂ. കേരളത്തിൽ രോഗം എവിടുന്ന്‌ വന്നു എന്നതും എങ്ങനെ തടയിടാം എന്നതും കൃത്യമായി പഠിച്ച്‌ നമ്മൾ പ്രാവർത്തികമാക്കി കൊണ്ടിരിക്കുകയാണ്‌. 1997ൽ മാത്രം മനുഷ്യരിൽ കണ്ടെത്തിയ ഒരു രോഗം, ദക്ഷിണേന്ത്യയിൽ തികച്ചും അപ്രതീക്ഷിതമായി ആദ്യമായെത്തിയിട്ട്‌ പോലും അഭിമാനാർഹമായ രീതിയിൽ നമ്മൾ ഇടപെടലുകൾ നടത്തുന്നുണ്ട്‌. വാക്‌സിനും മരുന്നുമില്ലാത്ത രോഗം നിയന്ത്രണവിധേയമാകുന്നുണ്ട്‌.

ഇത്തരമൊരു ഗുരുതരാവസ്ഥയിൽ തുണയായി ഈ പാഷാണത്തിൽ കൃമികളൊന്നും ഉണ്ടാകില്ല. വടക്കനും വാട്ട്‌സ്സപ്പും വൈദ്യനും വവ്വാലുമെല്ലാം ചേർന്ന്‌ നമ്മുടെ ദുരന്തത്തിന്റെ ആധിക്യമേറ്റുമ്പോൾ നമ്മൾ ഒറ്റക്കെട്ടായി നിൽക്കണം.

വീഡിയോ ഇട്ടും വൈകാരികപ്രകടനം നടത്തിയും മോഹനനും ഉറഞ്ഞ്‌ തുള്ളുന്ന വടക്കനും നമ്മളെ ആപത്തിന്റെ പടുകുഴിയിലേക്ക്‌ തള്ളാനാണ്‌ ശ്രമിക്കുന്നത്‌. ദയവ്‌ ചെയ്‌ത്‌ ഈ കള്ളനാണയങ്ങളിൽ വീണ്‌ നമ്മൾ ഇന്ന്‌ വരെ നേടിയെടുത്ത പ്രതിരോധത്തിന്റെ ഇരുമ്പ് മതിലിൽ പാടുകൾ വീഴ്‌ത്തരുത്‌. നഷ്‌ടം നമുക്ക്‌ മാത്രമാണ്‌.

വൈറസ്‌ ശരീരത്തിൽ പ്രവേശിച്ച്‌ രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിട്ടില്ലാത്ത ഇൻകുബേഷൻ പിരീഡിലുള്ളവർ നമുക്ക്‌ ചുറ്റും ഇനിയുമുണ്ടാകാം. ഇവർ ഇവരറിയാതെ ചുറ്റുമുള്ളവർക്കെല്ലാം രോഗം പരത്തിക്കൊണ്ടിരിക്കുകയാണ്‌. ഇനിയും ഈ ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിക്കാതിരിക്കാൻ നമ്മൾ ജാഗ്രതയോടെയിരുന്നേ മതിയാകൂ.

ഈ കെട്ടകാലത്ത് നമ്മൾ ഒറ്റക്കെട്ടായി നിന്നേ തീരൂ പ്രിയപ്പെട്ടവരേ... വൈറസിന്റെ സ്രോതസ്‌ എന്തോ ആവട്ടെ, നമ്മുടെ കുടുംബാംഗത്തെ, സുഹൃത്തിനെ, അധ്യാപകനെ, നേഴ്‌സിനെ, ബന്ധുവിനെ നമുക്ക്‌ ഇനി നിപ്പാ വൈറസിന്‌ തിന്നാൻ കൊടുത്തു കൂടാ. ആരോഗ്യവകുപ്പ്‌ അശ്രാന്തപരിശ്രമത്തിലൂടെ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്ന രോഗത്തിന്റെ കാര്യത്തിൽ തുരങ്കം വെക്കുന്നവർ ഇപ്പോഴും നമ്മുടെ സമൂഹത്തിൽ ഞെളിഞ്ഞിരിക്കുന്നത്‌ നമ്മുടെ ഭരണത്തിന്റെയോ നിയമവ്യവസ്‌ഥയുടെയോ പരാജയമായിരിക്കാം. സാരമില്ല, പുരയ്‌ക്ക്‌ മീതേ വെള്ളമെങ്കിൽ, വെള്ളത്തിന്‌ മീതേ തോണി. അവരുടെ പ്രചരണങ്ങൾക്ക്‌ തല വെച്ച്‌ കൊടുക്കില്ലെന്നും രോഗം തടയാൻ ഒരു സാമൂഹികജീവി എന്ന നിലയിൽ പരിശ്രമിക്കുമെന്നും മനസ്സാക്ഷിയോട്‌ ഉറപ്പ്‌ പറഞ്ഞാൽ മതി.

സാമൂഹ്യവിപത്തുകളെ ഒറ്റപ്പെടുത്തുക. നമ്മളൊന്നിച്ച്‌ തന്നെ മുന്നോട്ട്‌...

Read More : Nipah Virus