Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിപ്പയെ വെല്ലുവിളിച്ച് 'മാങ്ങ' കഴിച്ച മോഹനന്‍ വൈദ്യര്‍ ഒടുവില്‍ മാപ്പിരന്നു

mohanan-vaidhyar

നിപ്പ വൈറസിനെ വെല്ലുവിളിച്ച് പേരാമ്പ്രയില്‍ നിന്ന് ശേഖരിച്ചതെന്ന് അവകാശപ്പെട്ട് പഴങ്ങള്‍ കഴിച്ച പാരമ്പര്യ ചികില്‍സകന്‍ മോഹനന്‍ വൈദ്യര്‍ ഒടുവില്‍ മാപ്പ് പറഞ്ഞു. നിപ്പ ഭീതി പരക്കുന്നതിനിടെ തെറ്റിദ്ധാരണ പരത്തിയതിന്‍റെ പേരില്‍ സര്‍ക്കാര്‍ കേസെടുത്തതിന് പിന്നാലെയാണ് വിഡിയോയില്‍ തന്നെയെത്തിയുള്ള മാപ്പുപറച്ചില്‍. പിണറായി സര്‍ക്കാരും ആരോഗ്യമന്ത്രി കെ. കെ ശൈലജയും പാരമ്പര്യ വൈദ്യത്തെ ഏറെ പിന്തുണച്ചവരാണെന്നും തന്‍റെ വായില്‍ നിന്ന് തെറ്റായി എന്തെങ്കിലും വന്നുപോയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും യു ട്യൂബില്‍ പുതുതായി പ്രചരിക്കുന്ന വിഡിയായില്‍ അദ്ദേഹം പറഞ്ഞു. 

താന്‍ അലോപ്പതിക്കും ആയുര്‍വേദത്തിനും ഹോമിയോക്കും ഒന്നും എതിരല്ലെന്നും പൊതുജനങ്ങളുടെ ആരോഗ്യമാണ് മുഖ്യമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും കൂടിയാലോചിച്ച് ഈ പ്രതിസന്ധിയെ എങ്ങനെ തരണം ചെയ്യാമെന്നും ആളുകളെ എങ്ങനെ രക്ഷിക്കാമെന്നുമാണ് ചിന്തിക്കേണ്ടത്– അദ്ദേഹം പറയുന്നു. 

കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വിവാദ വിഡിയോയിലെ മോഹനന്‍ വൈദ്യരുടെ അവകാശവാദങ്ങള്‍ ഇങ്ങനെ: വവ്വാലിന് പനി വരുന്നതെങ്കിൽ ആദ്യം വവ്വാൽ ചാവണമെന്നും എലിക്കാണ് പനി വരുന്നതെങ്കിൽ ആദ്യം എലി ചാകണം. ഞാൻ ഈ പഴങ്ങൾ നിങ്ങൾക്കു മുൻപിൽ വച്ചാണ് കഴിക്കുന്നത്. നിപ്പ വൈറസ് ഉണ്ടെങ്കിൽ ആദ്യം  ചാകേണ്ടത് ഞാനാണെന്നും ഈ വൈറസ് ഉണ്ടെങ്കിൽ ഇന്ന് ഞാൻ മരിക്കണമെന്നും മോഹനൻ വൈദ്യർ വെല്ലുവിളിക്കുന്നു. എന്റെ രോഗികൾ ഈ വൈറസ് ഉണ്ടെന്ന് വിശ്വസിക്കാതിരിക്കാനും ചികിത്സ എടുക്കാതിരിക്കാനുമാണ് താൻ ഈ വിഡിയോ പോസ്റ്റ് ചെയ്യുന്നതെന്നും ആ വിഡിയോയിൽ മോഹനൻ വൈദ്യർ പറഞ്ഞു.

വിഡിയോക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ നിന്ന് ഉയര്‍ന്നത്. ഇതിന് പിന്നാലെ പാലക്കാട് തൃത്താലയിലെ പൊലീസ് മോഹനന്‍ വൈദ്യര്‍ക്കും ഒപ്പം നുണപ്രചാരണങ്ങള്‍ നടത്തിയ ജേക്കബ് വടക്കഞ്ചേരിക്കും എതിരെ കേസെടുക്കുകയായിരുന്നു. 

Read More : Nipah Virus