Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വവ്വാലുകളിൽ നിന്നല്ലെങ്കിൽ മരണകാരണം നിപ്പ വൈറസ് അല്ല: ഡോ. അരവിന്ദൻ

531455558

പേരാമ്പ്ര ഭാഗത്ത് ഒരാളിൽ തുടങ്ങി പലരിലേക്കും പടർന്ന രോഗം വവ്വാലുകളിൽ നിന്നല്ല എന്ന രീതിയിൽ ഒരു വാർത്ത പ്രചരിക്കുന്നുണ്ട്. ഇത് തികച്ചും തെറ്റാണ്. 

വവ്വാലുകളിൽ നിന്നല്ല ഉത്ഭവം എങ്കിൽ രോഗം നിപ്പ വൈറസ് മൂലമല്ല. കാരണം, നിപ്പാ വൈറസിൻ്റെ സ്വാഭാവിക വാസസ്ഥലമാണ് വവ്വാലിന്റെ ശരീരം. അവിടെ നിന്നു മാത്രമേ വൈറസ് ഒരു എപിഡമിക്കിൽ ആദ്യമായി മറ്റു ജീവികളിലേക്കു കടക്കൂവെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് മുൻ ഫ്രൊഫസർ ഡോ. കെ. പി അരവിന്ദൻ പറയുന്നു.

കിണറ്റിൽ കണ്ട വവ്വാലുകളെ പറ്റിയുള്ള വാർത്ത വന്നപ്പോൾ തന്നെ ഇതല്ല രോഗകാരണം എന്ന് ഞാനടക്കം പലരും പറഞ്ഞിരുന്നു. കാരണങ്ങൾ

1. ആ കിണറ്റിനുള്ളിൽ ഇറങ്ങിയ ആളിനു രോഗം വന്നില്ല. രോഗം വന്നവർ കിണറ്റിൽ ഇറങ്ങിയില്ല. 

2. പഴം തീനി വവ്വാലുകളാണ് സാധാരണയായി രോഗം പരത്തുന്നത്. അവിടെ കണ്ടത് മറ്റിനം വവ്വാലുകൾ ആയിരുന്നു.

ആദ്യ രോഗിയായ സാബിത്തിന് വവ്വാലിൽ നിന്ന് തന്നെയാണോ രോഗം കിട്ടിയത്? അതോ അദ്ദേഹത്തിന് രോഗം ബാധിച്ച മറ്റൊരാളിൽ നിന്നാണോ രോഗം വന്നത്? രണ്ടാമത്തെ സാദ്ധ്യത ഏറെക്കുറെ തള്ളിക്കളയാവുന്നതാണ്. കാരണങ്ങൾ

1. കേരളത്തിനു പുറമെയുള്ള ആരിലെങ്കിലും നിന്നാണ് രോഗം കിട്ടിയതെന്നതിന് തെളിവൊന്നുമില്ല. അത്തരം സമ്പർക്കത്തിൽ പെട്ട ആർക്കും ഗുരുതരമായ രോഗം വന്നതായോ മരിച്ചതായോ അറിവില്ല.

2. നിലവിൽ കേരളത്തിനു പുറത്ത് എവിടെയും നിപ്പാ രോഗം പൊട്ടിപ്പുറപ്പെട്ടതായി അറിവില്ല. 

3. സാബിത്ത് രോഗം വരുന്നതിനു തൊട്ടുമുൻപുള്ള കാലത്ത് പുറത്തെവിടെയും പോയിട്ടില്ല. മലേഷ്യയിൽ പോയി എന്നത് ജന്മഭൂമിയുടെ നുണപ്രചരണം മാത്രമായിരുന്നു.

കേരളത്തിൽ ഇപ്പോൾ രോഗമുണ്ടാക്കിയിട്ടുള്ള വൈറസ് ഇവിടെ തന്നെ കുറേ കാലമായി ഉള്ളതാണോ അതോ അടുത്ത് മലേഷ്യയിൽ നിന്നോ ബംഗ്ളാദേശിൽ നിന്നോ സിലിഗുരിയിൽ നിന്നോ മറ്റോ വന്നതാണോ എന്നൊക്കെ അറിയാൻ മറ്റൊരു മാർഗ്ഗം കൂടിയുണ്ട്. വൈറസിനെ സീക്വെൻസ് (ആർ.എൻ.എ യിലെ ന്യൂക്ളിയോടൈഡുകളുടെ ക്രമം തിട്ടപ്പെടുത്തുക) ചെയ്യുകയാണ് വഴി. നിപ്പാ വൈറസിൻ്റെ വംശാവലി പല പഠനങ്ങളിൽ തിട്ടപ്പെടുത്തിയിട്ടുണ്ട്. ഇവിടെയുള്ള രോഗികളിൽ നിന്ന് കിട്ടിയ വൈറസിനെ മറ്റു സ്ഥലങ്ങളിൽ നിന്ന് കിട്ടിയവയുമായി താരതമ്യം ചെയ്യുക വഴി ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കും.

സാബിത്തിന് വവ്വാലിൽ നിന്നാണ് രോഗം വന്നതെങ്കിൽ അത് എങ്ങിനെ സംഭവിച്ചു? ഇതാണ് ഇപ്പോഴും അവ്യക്തതയുള്ള കാര്യം. കിണർ തിയറി തള്ളിക്കളഞ്ഞു കഴിഞ്ഞാൽ അവശേഷിക്കുന്ന സാധ്യതകൾ 

1. അദ്ദേഹത്തിനു രോഗം വരും മുൻപ് വീട്ടിൽ ചത്തു പോയ മുയലുകൾ വഴി. ഇവ ഏതോ മൃഗം കടിച്ചാണ് ചത്തത് എന്നും അങ്ങിനെയാവണമെന്നില്ല എന്നും രണ്ടു തരം അഭിപ്രായങ്ങൾ ഉണ്ട്. ഇതിൽ വ്യക്തത വരുത്തണം.

2. രോഗം വരുന്നതിന് കുറച്ചു ദിവസം മുൻപ് അടുത്തുള്ള ജാനകിക്കാട് എക്കോടൂറിസം റിസോർട്ടിലേക്ക് പോയതായ വിവരം കൂടുതൽ അന്വേഷിക്കേണ്ടതായിട്ടുണ്ട്.

3. മറ്റു സാദ്ധ്യതകൾ.

ഏതായാലും ജാനകിക്കാട് അടക്കമുള്ള കോഴിക്കോട് ജില്ലയുടെ വടക്കുകിഴക്കൻ മേഖലകളിലെ പഴംതീനി വവ്വാലുകളുടെ സാമ്പിളുകളിൽ രക്തത്തിൽ നിപ്പ വൈറസിനെതിരെയുള്ള IgG ആൻ്റിബോഡികൾ നോക്കണം. നിപ്പ വൈറസിൻ്റെ സാന്നിദ്ധ്യം ഉണ്ടെങ്കിൽ അവയുടെ സീക്വെൻസ് തിട്ടപ്പെടുത്തുകയും രോഗികളിൽ നിന്ന് കിട്ടിയവയുമായി ഒത്തു പോകുന്നുണ്ടോ എന്നും നോക്കണം.

Read More : Nipah Virus