Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഴ്സുമാർ മൃതദേഹം കാത്തിരിക്കും, മാസങ്ങളോളം

nurse

നാട്ടിൻപുറങ്ങളിലെ ആശുപത്രികളിലായിരിക്കും നമ്മൾ ആദ്യമായി അവരെ കാണുന്നത്. ഉറുമ്പു കടിക്കുന്ന വേദന മാത്രമേ ഉണ്ടാവൂ എന്നു പറഞ്ഞ് നമ്മളെ പറ്റിച്ചവരുടെ മുഖം ആരും പെട്ടെന്നു മറക്കാൻ സാധ്യതയില്ല. സൂത്രത്തിൽ സൂചി വച്ച് ചെറുചിരിയോടെ അവർ നടന്നുനീങ്ങുമ്പോൾ ജീവിതത്തിന്റെ ദൈന്യതകളെ ആ പുഞ്ചിരിക്കു പിന്നിൽ  ഒളിപ്പിച്ചുവച്ചത് നാം അറിഞ്ഞില്ല. 

ലോകത്തിന്റെ ഏതു കോണിൽ പോയാലും ഒരു മലയാളിയുണ്ടാകും എന്നു പറയുന്നതു പോലെയാണ് മലയാളി നഴ്സുമാരുടെ കാര്യവും. കേരളത്തിൽനിന്നു പോയ ഒരുനഴ്സെങ്കിലും ഇല്ലാത്ത ആശുപത്രികൾ അപൂർവമായിരിക്കും. 

ലോകത്തിനു മുന്നിൽ മലയാളത്തിന്റെ മുഖം തന്നെയാണ് നമ്മുടെ നഴ്സുമാർ. ആതുരശുശ്രൂഷാ രംഗത്തു കർമനിരതരായ ഒട്ടേറെ യുവതീയുവാക്കൾ കേരളത്തിനകത്തും പുറത്തും രാപകൽ കഷ്ടപ്പെടുമ്പോഴും അവരുടെ ജീവിതസാഹചര്യങ്ങൾ ഇന്നും ശരാശരിയിലും താഴെയാണ്. 

ബോംബുകൾ കടന്ന് മറീന

mareena മറീന

ഇറാഖിലെ തിക്രിതിൽ വിമതരിൽനിന്നു രക്ഷപ്പെട്ടെത്തിയ നഴ്സ് മറീന ജോസ് ഭർത്താവ് റോയി വർഗീസിനൊപ്പം കൊടുങ്ങൂരിൽ ബേക്കറി നടത്തുകയാണിപ്പോൾ. പള്ളിക്കത്തോട് ഇളംപള്ളി സ്വദേശിനി മെറിൻ അടക്കം 45 മലയാളികളാണു നാലു വർഷം മുൻപ് ഇറാഖിൽ കുടുങ്ങിയത്. ജോലി ചെയ്തിരുന്ന ആശുപത്രിയിൽ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുടെ ബോംബ് ഭീഷണികൾക്കു നടുവിൽനിന്നു ജീവൻ തിരിച്ചുകിട്ടിയത് ദൈവാനുഗ്രഹം മാത്രമാണെന്ന് ഇവർ കരുതുന്നു. ആശുപത്രിക്കു ചുറ്റും ബോംബ് സ്ഫോടനങ്ങളും കെട്ടിടങ്ങൾക്കു തീപിടിക്കുന്നതും പതിവു സംഭവങ്ങളായി ഇവർക്കു കാണേണ്ടിവന്നു. 

പുറത്തിറങ്ങാൻപോലും ആകാത്ത സാഹചര്യത്തിലാണു ദിവസങ്ങൾ കഴിഞ്ഞത്. ഒടുവിൽ മോചനത്തിന്റെ ദിവസം ഇവർ പുറത്തിറങ്ങിയ ഉടൻ ഇൗ ആശുപത്രി പൂർണമായി ഭീകരർ ബോംബിട്ടു തകർത്തു.  നാട്ടിലെത്തിയ ശേഷം ഏജൻസി മുഖേന ജോലി ലഭിക്കുമെന്ന പ്രതീക്ഷ മെറീനയ്ക്കുണ്ടായിരുന്നെങ്കിലും തുടർനടപടികൾ ഒന്നും ഉണ്ടായില്ല. മൂന്നു വർഷം വീട്ടിലിരിക്കേണ്ടി വന്നു. പിന്നീട് ജീവിത മാർഗത്തിനായി ബേക്കറി ആശയത്തിലേക്കു തിരിയുകയായിരുന്നു.

തീ കണ്ടു ഭയന്നില്ല രമ്യയും വിനീതയും

remya രമ്യ രാജപ്പനു ലഭിച്ച രാഷ്ട്രപതിയുടെ സർവോത്തമ ജീവൻ രക്ഷാ പതക്കും ഫ്ലോറൻസ് നൈറ്റിങ്ഗേൽ പുരസ്കാരവുമായി അമ്മ ഉഷ

.‘എനിക്കു ശ്വാസം മുട്ടുന്നു അമ്മേ, ഇവിടെ മുഴുവൻ തീയും പുകയുമാണ്. രക്ഷപ്പെടാൻ പറ്റുമെന്നു തോന്നുന്നില്ല.’– ഏഴു വർഷം മുൻപ് ഒരു പുലർച്ചെ ഫോണിലൂടെ കേട്ട മകളുടെ അവസാന വാക്കുകൾ ഇന്നും അമ്മയുടെ ചെവിയിലുണ്ട്.  2011 ഡിസംബർ 9ന് കൊൽക്കത്തയിലെ എഎംആർഐ ഹോസ്പിറ്റലിൽ ഉണ്ടായ തീപിടിത്തത്തിൽ സ്വന്തം ജീവൻ വെടിഞ്ഞ് എട്ടുപേരെ രക്ഷപ്പെടുത്തിയ ഉഴവൂർ ഈസ്റ്റ് മേച്ചേരിയിൽ രമ്യ രാജപ്പൻ മരിക്കുന്നതിനു തൊട്ടുമുൻപ് അമ്മ ഉഷയെ വിളിച്ചു പറഞ്ഞ വാക്കുകൾ അറം പറ്റി. രമ്യയ്ക്കൊപ്പം എരിഞ്ഞുതീർന്ന മറ്റൊരു മാലാഖയാണ് കോതനല്ലൂർ പുളിക്കൽ കുഞ്ഞുമോന്റെ മകൾ പി. കെ.വിനീത. 89 പേരുടെ ജീവനെടുത്ത തീനാളങ്ങളിൽനിന്നു തങ്ങൾ പരിചരിച്ച എട്ടുപേരെ രക്ഷപ്പെടുത്തിയ ശേഷമാണ് ഇവർ ആ തീയിൽത്തന്നെ ചിറകു കരിഞ്ഞു വീണത്. രാഷ്ട്രപതിയുടെ സർവോത്തമ ജീവൻ രക്ഷാപതക്കും ഫ്ലോറൻസ് നൈറ്റിങ്ഗേൽ പുരസ്കാരവും നൽകി രാജ്യം ഈ മാലാഖമാരെ ആദരിച്ചു. 

ഒരുപാടു സ്വപ്നങ്ങളുമായാണു രമ്യയും വിനീതയും കൊൽക്കത്തയിലെ ആശുപത്രിയിൽ ജോലിക്കെത്തിയത്. സ്വന്തമായി വീടും നല്ല ജീവിതവും പ്രതീക്ഷിച്ച ഇവരുടെ മുന്നിലാണ് മരണം തീനാളങ്ങളായി എത്തിയത്. രക്ഷപ്പെടാൻ  സാധിക്കുമായിരുന്നു ഇരുവർക്കും. ഡോക്ടർമാർ ജീവനും കൊണ്ടോടിയപ്പോൾ പോലും തങ്ങളെ വിശ്വസിച്ച രോഗികളെ സുരക്ഷിതരാക്കുന്ന തിരക്കിലായിരുന്നു അവർ. ഒടുവിൽ ധീരമായ ജീവത്യാഗവും. 

vineetha തകർന്നു വീഴാറായ പഴയ വീടിനു മുൻപിൽ പി. കെ വിനീതയും കുടുംബാംഗങ്ങളും നിൽക്കുന്ന ചിത്രവുമായി പിതാവ് കുഞ്ഞുമോൻ.

വാർത്തയറിഞ്ഞു വിറങ്ങലിച്ച നാട് പിന്നീട് രണ്ടു നഴ്സുമാരുടെയും ത്യാഗത്തിനു മുന്നിൽ നമിച്ചു. രണ്ടുപേരുടെയും വീട്ടുകാർക്ക് വീടും ആശ്രിതർക്കു സർക്കാർ ജോലിയും ലഭിച്ചു. കോതനല്ലൂർ പള്ളി റോഡിന് നാട്ടുകാർ പി.കെ.വിനീത റോഡെന്നു പേരുനൽകി.

ലില്ലിക്കുട്ടിയുടെ മാലാഖക്കൂട്ടം

lilli നഴ്സുമാരായ മക്കൾക്കൊപ്പം മാണിയും ലില്ലിക്കുട്ടിയും

സ്വർഗം താണിറങ്ങി വന്നതോ എന്ന് ആരുമൊന്നു സംശയിച്ചു പോകും പാലാ മൂന്നാനിയിലെ മൂലയിൽതോട്ടത്തിൽ വീട്ടിൽ എത്തുമ്പോൾ. ആതുരസേവനത്തിനായി സ്വന്തം ജീവിതം അർപ്പിച്ച ആറു മാലാഖകളുണ്ട് ഈ വീട്ടിൽ. മാണി–ലില്ലിക്കുട്ടി ദമ്പതികളുടെ ആറു പെൺമക്കളും നഴ്സിങ് തിരഞ്ഞെടുത്തവരാണ്. നഴ്സാവാൻ ആഗ്രഹിച്ച ലില്ലിക്കുട്ടിയുടെ സ്വപ്നം സഫലമായത് ഈ മക്കളിലൂടെയാണ്. അമ്മ പകർന്നു നൽകിയ സേവനമനോഭാവമാണു മൂത്ത മകൾ ജെസ്സിയെ അമ്മയുടെ സ്വപ്നത്തിലേക്ക് അടുപ്പിച്ചത്. ഡൽഹി എസ്കോർട്ട് ആശുപത്രിയിൽ സേവനമനുഷ്ഠിച്ച ജെസ്സി ഇപ്പോൾ കുടുംബത്തോടൊപ്പം ഫരീദാബാദിലാണ്. ചേച്ചിയുടെ മാതൃക പിന്തുടർന്നാണ് അനുജത്തിമാരായ ബീനയും മാരിയറ്റും ഇപ്പോൾ ഗൾഫിൽ നഴ്സുമാരായത്. ചങ്ങനാശേരിയിൽ സ്ഥിരതാമസമാക്കിയ മകൾ സിബിയും ഗൾഫിൽ നഴ്സായിരുന്നു. ഡൽഹിയിലെ നഴ്സിങ് ജീവിതത്തിനു ശേഷം ലിൻസിയും കുടുംബവും മുള്ളൂരിലേക്കു വന്നു. ലില്ലിക്കുട്ടിയുടെ ഇളയമകൾ ലിജി ഡൽഹി സുവർണ ജയന്തി ആശുപത്രിയിൽ നഴ്‌സായി സേവനമനുഷ്ഠിക്കുന്നു. സോണിയും ജോജിയും ടോണിയുമാണ് ഈ മാലാഖക്കൂട്ടത്തിന്റെ സഹോദരന്മാർ. ആകുലത നിറഞ്ഞ വഴിയാണെന്ന് അറിഞ്ഞിട്ടും നഴ്സിങ് തിരഞ്ഞെടുത്തതു സ്നേഹവും പരിചരണവും നൽകി രോഗികളുടെ വേദനയൊപ്പാനുള്ള ശക്തി ഈ തൂവെള്ള വസ്ത്രത്തിനുണ്ടെന്ന ഉറപ്പിലാണെന്ന് ആറു മാലാഖമാരും ഒരേ സ്വരത്തിൽ പറയുന്നു. 

മരണത്തെ പുൽകിയ മാലാഖ

പലപ്പോഴും ജോലി ഇവർക്കു നൽകുന്നതു ദുരിതവും ചിലപ്പോൾ മരണവുമാണോ. കൊഴുവനാൽ സ്വദേശിയായ ഇരുപത്തിമൂന്നുകാരി നഴ്സ് ലോകത്തോടു യാത്ര പറഞ്ഞത് ഏറെപ്പേരുടെ കണ്ണ് നനയിച്ചാണ്. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ ടിബി പിടിപെട്ടു. ഇത്തരം രോഗികളെ പരിചരിച്ചതിലൂടെയാണ് രോഗം ബാധിച്ചത്. ചുമയും പനിയും വിട്ടുമാറാതെവന്ന് ചികിൽസ തേടി. അപ്പോഴാണ് ടിബി സ്ഥിരീകരിച്ചത്. പുറത്തു പറയാനുള്ള മടികാരണം ആരോടും പറഞ്ഞില്ല. സ്വകാര്യ ആശുപത്രിയിൽ രോഗത്തിനു ചികിൽസ തേടി. വിലകൂടിയ മരുന്നു വാങ്ങി ഏറെക്കാലം കഴിച്ചു. ശസ്ത്രക്രിയ നടത്തി. രോഗം കുറഞ്ഞു, ഇതോടെ മരുന്നു നിർത്തി. ഇതിനിടെ ജോലി നിർത്തി വീട്ടിലേക്കു തിരിച്ചു. വീട്ടിൽ എത്തിയപ്പോൾ രോഗം വീണ്ടും കലശലായി. ആശുപത്രിയിൽ ചികിൽസതേടിയപ്പോൾ മരുന്നുകളെ പ്രതിരോധിക്കുന്ന വിധമുള്ള ടിബിയായി രോഗം മാറിയിരുന്നു. പാലായ്ക്കു സമീപമുള്ള മഠത്തിലായിരുന്നു പിന്നീടുള്ള പരിചരണം. ജനറൽ ആശുപത്രിയിൽ ചികിൽസ. ഇവർക്കുവേണ്ടി ഡോക്ടർമാരും നഴ്സുമാരും ജീവനക്കാരും ഒരുമിച്ച് കൈകോർത്തു. ചികിൽസച്ചെലവും വിലയേറിയ മരുന്നുകൾ പുറത്തുനിന്നു വാങ്ങി എത്തിക്കുന്നതിന്റെ ചെലവും ഡോക്ടർമാരും നഴ്സുമാരുമാണു വഹിച്ചത്. എന്നാൽ മരുന്നുകൾക്കും കാരുണ്യത്തിനും കാത്തുനിൽക്കാതെ ഈ മാലാഖ ലോകത്തോടു യാത്രപറഞ്ഞു. 

ജീവിക്കുന്നു, മരണതുല്യമായി

കോട്ടയം ജില്ലയിലെ ഒരു നഴ്സിന് ആതുരസേവനം എന്ന പുണ്യകർമം തിരികെ നൽകിയത് എയ്ഡ്സ് എന്ന മാരകരോഗം! ആദ്യകുഞ്ഞിനെ ഉദരത്തിൽ പേറുന്ന സന്തോഷത്തിൽ ചികിൽസയ്ക്ക് എത്തിയപ്പോഴാണ് തനിക്കു മാരകരോഗമാണെന്നു തിരിച്ചറിഞ്ഞത്. ജോലിക്കിടയിൽ പകർന്നുകിട്ടിയ രോഗവുമായി ഈ നഴ്സ് ഇപ്പോൾ ചികിൽസയിലാണ്. ഏറെക്കാലം എയ്ഡ്സ് ബാധിതരെ പരിചരിക്കേണ്ടി വന്നിട്ടുണ്ട്. ഇതിനിടെ ഏതോ സമയത്ത് ആകാം രോഗം പകർന്നത്. ചിലപ്പോൾ രോഗികൾ ഈ രോഗവിവരം മറച്ചുവയ്ക്കാറുണ്ട്. വലിയ അപകടങ്ങൾ ഉണ്ടാകുമ്പോൾ, പരുക്കേറ്റ് എത്തുന്നവരെ കൈകാര്യം ചെയ്യുമ്പോൾ മുൻകരുതലിലുണ്ടായ പാളിച്ചയാകാം രോഗം പകരുന്നതിനു കാരണമായത്. ഗ്ലൗസ് ഇട്ട്‍‍‍ പ്ലാസ്റ്റർ ഒട്ടിക്കാൻ ബുദ്ധിമുട്ടായതിനാൽ ഗ്ലൗസുകൾ ഓഴിവാക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ടത്രേ. പുറംലോകം അറിഞ്ഞാലുണ്ടാകുന്ന അപമാനം ഓർത്ത് കണ്ണീരോടെ കഴിയുകയാണ് ഈ കുടുംബം.

സ്വപ്നങ്ങൾ ഇനിയും അകലെ

ആഴ്‌ചയിൽ 48 മണിക്കൂറാണു നഴ്സുമാർക്കു നിയമാനുസൃത ജോലിസമയം. ദിവസം എട്ടു മണിക്കൂർ. എന്നാൽ, മിക്ക ദിവസങ്ങളിലും ഇതു പത്തും പന്ത്രണ്ടും മണിക്കൂറാകും. ചിലപ്പോൾ അതിൽ കൂടുതലും. തുടർച്ചയായ രാത്രി ഷിഫ്റ്റുകളും ഇതിനിടയിൽ വിശ്രമസമയം കിട്ടാത്തതും നഴ്സ്മാരെ വലയ്ക്കുന്നു. രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവർക്ക് അലവൻസ് അനുവദിക്കണമെന്ന നിയമം നിലവിലുണ്ടെങ്കിലും ആർക്കും ലഭിക്കാറില്ല. പ്രായം കൂടുന്തോറും വിട്ടുമാറാത്ത നടുവേദന മാത്രമാണ് ഇവരുടെ സമ്പാദ്യം.

പകർച്ചപ്പനി നാടു നിറയുമ്പോൾ രോഗികളോട് ഏറ്റവും അടുത്തിടപഴകുന്നത് നഴ്സുമാരാണ്. കോഴിക്കോട് സ്വദേശിനി ലിനിയുടെ ജീവത്യാഗം നമ്മുടെ മുന്നിലുണ്ട്. നഴ്സ് സമൂഹത്തിനു മതിയായ ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ അധികൃതർ കാട്ടുന്ന അലംഭാവമാണ് ഇത്തരം ദുരന്തങ്ങളിലേക്കു നയിക്കുന്നത്.

കേരള സർക്കാർ നഴ്സ്മാരുടെ മിനിമം വേതനം 20000 രൂപയാക്കി എന്നു പ്രഖ്യാപിച്ചപ്പോൾ ആശ്വാസത്തിന്റെ പുഞ്ചിരിയായിരുന്നു പല മുഖങ്ങളിലും. ആ സ്വപ്നങ്ങൾ ഇപ്പോഴും യാഥാർഥ്യമാകാതെ പോകുന്നു. 

മൃതദേഹം കാത്തിരിക്കേണ്ടി വന്നാലോ. അങ്ങനെയുമുണ്ട് നഴ്സിങ് ജോലിയിൽ ചിലത്. ചില ആശുപത്രികളിൽ ട്രെയിനിയായി മാത്രമേ ജോലി നൽകൂ. ഒരുവർഷത്തെ ട്രെയിനിങ് കഴിഞ്ഞാൽ പിന്നീട് ജോലി സ്ഥിരപ്പെടുത്തും. ഒരുവർഷം കഴിഞ്ഞപ്പോൾ ട്രെയിനിങ് രണ്ടു വർഷമാക്കി ഉയർത്തി. രണ്ടു വർഷം കഴിഞ്ഞപ്പോഴാണ് ഡെഡ്ബോഡി പ്രൊസീജർ എന്ന അടുത്ത കടമ്പ മാനേജ്മെന്റ് പുറത്തെടുക്കുന്നത്. ഒരു മൃതദേഹം പൂർണമായും പരിശോധന നടത്തിയെങ്കിൽ മാത്രമേ സ്റ്റാഫ് നഴ്സാക്കി മാറ്റൂ. നഴ്സുമാർ മൃതദേഹം കാത്തിരിക്കും, മാസങ്ങളോളം.

തയാറാക്കിയത്: അനീഷ് ആനിക്കാട്, ജിനു വെച്ചൂച്ചിറ, ബിജു പുളിക്കൻ

Read More : Health News