അമിതവണ്ണമുള്ളവർ വിഷാദരോഗത്തിനടിമപ്പെടുമോ?

അമിതവണ്ണമുള്ളവരിൽ ചിലരെങ്കിലും മറ്റുള്ളവരോട് അടുത്തിടപെടാൻ വിമുഖത കാണിക്കാറുണ്ട്. അമിതവണ്ണത്തെ രോഗമായി പരിഗണിക്കാതെ വ്യക്തികളുടെ കുറവായി സമൂഹം കാണുമ്പോൾ അമിതവണ്ണമുള്ള വ്യക്തികൾക്ക് പലപ്പോഴും പരിഹാസം / കളിയാക്കലുകളും കേൾക്കേണ്ടതായി വന്നേക്കാം. ബാല്യം മുതൽ ഇത്തരം കളിയാക്കലുകൾക്ക് വിധേയമായ വ്യക്തികൾ അമിതവണ്ണത്തെ പഴിച്ച് എവിടെയെങ്കിലും ഒതുങ്ങി കൂടിയേക്കാം. സമൂഹത്തിൽ നിന്നും ഒഴിഞ്ഞ് മാറി നിൽക്കുമ്പോൾ വിഷാദ രോഗത്തിനു അടിമപ്പെടാനുമിടയുണ്ട്. 

കാരണങ്ങൾ പലത്, പ്രതിവിധി ഒന്ന്

മരുന്ന് കൊണ്ട് വിഷാദ രോഗം ഭേദമാക്കാമെങ്കിലും ജീവിതശൈലിയിലെ മാറ്റത്തിലൂടെ ഉന്മേഷം വീണ്ടെടുക്കുകയാണുത്തമം. വിഷാദരോഗം ബാധിച്ചവരിൽ പലർക്കും അമിതമായ ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവ സാധാരണയായി കാണാറുണ്ട്. ഭക്ഷണകാര്യത്തിൽ കൃത്യത പാലിക്കാത്തതും ആരോഗ്യത്തെ സാരമായി ബാധിക്കും. ചിലർ ഭക്ഷണം കഴിക്കാതിരക്കുമ്പോൾ ചിലർ അമിതമായി ഭക്ഷിക്കും. മരുന്നിനോടൊപ്പം ശരിയായ ഭക്ഷണവും അനുയോജ്യമായ വ്യായാമവും വിഷാദരോഗത്തിൽ നിന്നും വേഗത്തിൽ സുഖം പ്രാപിക്കുവാൻ സഹായിക്കുന്നു. പോഷകക്കുറവും വിഷാദരോഗത്തിനു കാരണമായേക്കാം. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ വേണ്ട വിധത്തിലുള്ള പോഷണങ്ങൾ ലഭിച്ചില്ലെങ്കിൽ നമ്മുടെ സ്വാഭവത്തിനു മാറ്റം വാരാനിടയുണ്ട്. നല്ല ഭക്ഷണം അനുയോജ്യമായ സമയത്ത് കൃത്യമായി കഴിക്കുകയാണ് ഏറ്റവും പ്രായോഗികമായ പ്രതിവിധി.

വേണ്ടത് ജീവിതശൈലിയിലെ മാറ്റം

എല്ലാ രോഗങ്ങളെയും പോലെ തന്നെയാണ് അമിതവണ്ണവും. കാരണം കണ്ടെത്തിയാൽ അനായാസമായി നിയന്ത്രിക്കാം. വിഷാദരോഗത്തിനു ചികിൽസ തേടുന്നവരിൽ അമിതവണ്ണമുള്ളവരാണെങ്കിൽ പ്രത്യേക പരിഗണന നൽകണം. കൗൺസലിങ്ങിലൂടെ ആത്മവിശ്വാസം നൽകുന്നതാണ് ചികിൽസയുടെ ആദ്യ ഘട്ടം. അമിതവണ്ണത്തെ നല്ല ഭക്ഷണത്തിലൂടെ തോൽപ്പിക്കാമെന്ന ചിന്ത വളർത്തിയെടുത്ത് ഒരോരുത്തരുടെയും ശരീരത്തിനനുസരിച്ചുള്ള ഭക്ഷണം നിർദേശിക്കുകയാണ് അടുത്ത ഘട്ടം. ഡയറ്റിനോടൊപ്പം അനുയോജ്യമായ വ്യായാമവും ഒത്തുചേരുമ്പോൾ ആദ്യമാസം തന്നെ ഫലം കണ്ടു തുടങ്ങുന്നു. അമിതവണ്ണം കുറയുന്നതിനനുസരിച്ച് നേരത്തെ ചെയ്യാൻ മടിച്ചിരുന്ന കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുയാണ് അടുത്ത ഘട്ടം. കൃത്യമായ ജീവിതശൈലി മാറ്റത്തിലൂടെ ക്രമേണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരികയും പടിപടിയായി മരുന്നിന്റെ ഉപയോഗം കുറയ്ക്കുകയും ചെയ്യുന്നു. 

വിവരങ്ങൾക്ക് കടപ്പാട് : ഡോ. സ്വീറ്റി രാജീവ്, സിനീയർ, എസ്കാസോ – ബോഡി ആൻഡ് ബിയോണ്ട്, തൃശൂർ

Read More : ആരോഗ്യവാർത്തകൾ