Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കൂളിൽ പോകുന്ന കുട്ടികളെ രോഗങ്ങളിൽ നിന്നു രക്ഷിക്കാൻ അറിയേണ്ടത്

school-children

കുട്ടികളെ സംബന്ധിച്ചിടത്തോളം വിദ്യാലയങ്ങൾ ഒരു സ്വപ്നലോകമാണ്. വീടുകളിലെ കുഞ്ഞുലോകം സ്കൂളിലെത്തുമ്പോൾ  കാണെക്കാണെ വലുതായി  വരുന്നത്, സ്വാതന്ത്യ്രമാർജിക്കുന്നത്, വർണശബളമാവുന്നത്  മിഴികളിൽ വിസ്മയം നിറച്ച് അവൻ നോക്കിനിന്നു പോവുന്നു. കുട്ടികളുടെ സ്വതന്ത്രവിഹാരത്തിന് ഏറ്റവും അധികം സാധ്യതകൾ വാഗ്ദാനം ചെയ്യുന്ന ഒരിടമാണു വിദ്യാലയങ്ങൾ എന്നതുകൊണ്ടുതന്നെ  അപകടസാധ്യതകളും സ്വഭാവികമായി വർധിക്കുന്നുണ്ട്. അസുഖങ്ങൾ നേടാനും പകരാനും പകർത്താനുമുള്ള സൗകര്യം സ്കൂളുകളിലെപ്പോലെ മറ്റൊരിടത്തുമില്ലെന്നതാണു സത്യം.

ചെറിയ ക്ലാസ്സുകളിലെ വീഴ്ചകൾ

നഴ്സറി ക്ലാസുകളിലെ വളരെ ഗുരുതരമായ ഒരു ആരോഗ്യപ്രശ്നമാണു  വീഴ്ചകൾ. അവരുടെ ശരീരത്തിന്റെ പ്രത്യേകതകൾ മൂലം വലിയ വീഴ്ചകളിൽ നിന്നുപോലും അത്ഭുതകരമായി രക്ഷപ്പെടാൻ സാധ്യത ഉണ്ടെങ്കിലും ചെറിയ വീഴ്ചകൾ പോലും ഗുരുതരമായി ഭവിക്കാനുള്ള സാധ്യതയുമുണ്ട്. നിയന്ത്രണമില്ലാത്ത ചലനങ്ങൾ  അമിതാവേശം, നിരപ്പല്ലാത്ത പ്രതലങ്ങൾ ,സാഹസങ്ങൾക്കുള്ള ഭ്രമം, ബുദ്ധിപരമായോ അവയവപരമായോ ഉള്ള വൈകല്യങ്ങൾ എന്നിവയൊക്കെ അപകടസാധ്യത വളരെയേറെ  വർധിപ്പിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ട് , ടീച്ചർമാർ പ്രത്യേകം ശ്രദ്ധിക്കണം. കഴിവതും കുട്ടികളെ കൺവെട്ടത്തു തന്നെ കളിക്കാൻ അനുവദിച്ചാൽ ഒരു പരിധിവരെ അപകടസാധ്യത ഒഴിവാക്കാം.

കയ്യിലെന്തു കിട്ടിയാലും വായിൽ വച്ചു നോക്കാൻ അതിയായ താൽപര്യമുള്ള ഈ കാലഘട്ടത്തിൽ വളരെ ചെറിയ സാധനങ്ങളും കളിക്കോപ്പിന്റെ കഷണങ്ങളുമെല്ലാം വായയിലും മൂക്കിലും ഇട്ടുനോക്കുന്നതു സ്വാഭാവികമാണ്. ഇതു തടയാൻ അവരുടെ കളികൾ നിരീക്ഷിക്കുകയും മൂക്കിലോ വായയിലോ കയറാത്ത തരത്തിലുള്ള കളിക്കോപ്പുകൾ നൽകുകയും വേണം.

ഭക്ഷണം കഴിക്കുമ്പോൾ ചിരി വേണ്ട

കൂട്ടായി ഭക്ഷണം കഴിക്കുമ്പോൾ ചിരിക്കുവാനും സംസാരിക്കുവാനുമുള്ള പ്രവണതകൾ  കുഞ്ഞുങ്ങളിൽ ശക്തമാണ്. ഭക്ഷണവും  വെള്ളവും ശ്വാസകോശത്തിൽ പോയി ഗുരുതരമായ  പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. ഭക്ഷണവും  വെള്ളവും കഴിക്കുമ്പോൾ  സംസാരവും ചിരിയും കർശനമായി വിലക്കേണ്ടതാണ്. നഴ്സറി സ്കൂളിനടുത്തു തോടോ പുഴയോ ഉണ്ടെങ്കിൽ  കുഞ്ഞുങ്ങളെ കൃത്യമായി നിരീക്ഷിക്കുകയും അതിനടുത്തുള്ള കളികൾ വിലക്കുകയും വേണം. ചെറിയ കുട്ടികൾ  ബക്കറ്റിലെ വെള്ളത്തിൽ പോലും മുങ്ങിമരിക്കാൻ  സാധ്യതയുള്ളതിനാൽ ബാത്റൂമുകൾ  സ്ഥിരമായി  അടച്ചിടുകയും  കുഞ്ഞുങ്ങൾ  ബാത്റൂമുകളിൽ പോവുമ്പോൾ ശ്രദ്ധിക്കുകയും വേണം. കൂടുതൽ  നിലകളുള്ള കെട്ടിടത്തിലാണു ക്ലാസ് എങ്കിൽ പടവുകളും ടെറസും വശങ്ങളിലും മുന്നിലും കമ്പിവേലി കെട്ടി സുരക്ഷിതമാക്കണം. അവ കളിക്കാനുള്ള ഇടങ്ങളാക്കി കാണാനും അനുവദിക്കരുത്

ഭക്ഷ്യവിഷബാധ തടയാം

കുഞ്ഞുങ്ങൾക്കു സ്കൂളിൽ നിന്നു നൽകുന്ന ഭക്ഷണവും വെള്ളവും വളരെ ശുദ്ധമായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷ്യവിഷബാധ ചെറിയ കുഞ്ഞുങ്ങളിലാണു കൊടിയ നാശം വിതയ്ക്കാറ്. ഭക്ഷണം പാകം ചെയ്യുന്നതു നല്ല വൃത്തിയും പരിചയമുള്ള ആളുകളാവണം. അവ  നൽകുന്ന പാത്രങ്ങളും  വൃത്തിയായി സൂക്ഷിക്കുവാൻ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. സ്കൂളും പരിസരവും വൃത്തിയായും സുരക്ഷിതമായും  സൂക്ഷിക്കുവാനും മറക്കരുത്. മൺദ്വാരങ്ങളും മടകളും ഒക്കെ ഉണ്ടെങ്കിൽ  അവ അടയ്ക്കുവാനും അപകടകാരികളായ ജീവികൾ അതിലില്ലെന്ന് ഉറപ്പുവരുത്തുവാനും  കഴിയണം. 

പ്രതിരോധ കുത്തിവയ്പ്  പ്രധാനം

പകർച്ചപ്പനികൾ, ചിക്കൻപോക്സ്, ജലദോഷം ചൊറി, ചിരങ്ങ്, പൂപ്പൽ , ത്വക്രോഗങ്ങൾ, വില്ലൻചുമ, ചെങ്കണ്ണ് തുടങ്ങി ഗുരുതരമായ എച്ച് വൺ എൻ വൺ, മെനിൻജോ കോക്കൽ രോഗങ്ങൾ എന്നിവയെല്ലാം കുഞ്ഞുങ്ങളിൽ  നിന്നു മറ്റുള്ളവരിലേക്കു പകരാം. അഞ്ചാംപനി, മുണ്ടിനീര് റുബെല്ല എന്നീ രോഗങ്ങൾ സ്കൂളുകളിൽ എളുപ്പം പകരാവുന്നതും കുട്ടികളിൽ ദൂരവ്യാപകമായ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും  ചെയ്യുന്നവയാണ്. 

പകരുന്ന രോഗങ്ങളെ  പ്രതിരോധിക്കാനുള്ള പ്രാഥമികനടപടി പ്രതിരോധകുത്തിവയ്പു തന്നെയാണ്. സ്കൂളിൽ വിടുംമുമ്പ് അത്യാവശ്യം വേണ്ട പ്രതിരോധവാക്സിനുകൾ നൽകാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. വില്ലൻ ചുമ തടയാൻ ഡിപിടി വാക്സിനെടുക്കാം. അഞ്ചാംപനി (മീസിൽസ്), ജർമൻ മീസീൽസ് അഥവാ റുബെല്ല, മുണ്ടിവീക്കം എന്നിവ  തടയാൻ എം ആർപി വാക്സിൻ ലഭ്യമാണ്. ചെറിയ മുറിവുകൾ വഴിയും ചൊറി, ചിരങ്ങ് എന്നി വഴിയും കുട്ടികൾക്കിടയിൽ പകരുന്ന ഹെപ്പറ്റൈറ്റിസ് തടയാൻ ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ വളരെ ഫലപ്രദമാണ്. വാരിസെല്ല വൈറസ് വഴി പകരുന്ന ചിക്കൻ പോക്സിനും ഫലപ്രദമായ പ്രതിരോധ കുത്തിവയ്പ് ഇന്നു ലഭ്യമാണ്.

പനി വന്നു മാറിയ ഉടൻ തന്നെ കുട്ടിയെ സ്കൂളിൽ അയയ്ക്കുന്നതാണ് നമ്മുടെ പതിവ്. പക്ഷേ കടുത്ത പനിക്കും ശാരീരികപ്രശ്നങ്ങൾക്കും ശേഷം വേണ്ടത്ര  വിശ്രമം കിട്ടിയില്ലെങ്കിൽ രോഗം പോയതുപോലെ തിരിച്ചെത്താം. മാത്രമല്ല, രോഗം ഭേദമായാലും ഏതാനും ദിവസം കൂടി അതിന്റെ പകർച്ചാ സ്വഭാവം  നിലനിൽക്കാം. അതിനാൽ, പകർച്ചവ്യാധികൾ സുഖപ്പെട്ട് സ്കൂളിൽ പോകുമ്പോൾ  ഇതുകൂടി കണക്കിലെടുക്കണം. ഉദാഹരണത്തിന്  അഞ്ചാംപനിയുടെ  തിണർപ്പു പൊങ്ങി അഞ്ചു ദിവസം വരെ രോഗം പകരാമെന്നതിനാൽ അത്രയും നാൾ സ്കൂളിൽ  വിടാതിരിക്കുന്നതാണ് ഉത്തമം. ഡിഫ്തീരിയ വന്നശേഷം നാലാഴ്ചക്കാലം  കുട്ടികളെ സ്കൂളിൽ  അയയ്ക്കാതിരിക്കാം. ചിക്കൻപോക്സ് വന്നുഭേദമായശേഷം കുമിളകളും പൊറ്റകളും സുഖപ്പെട്ടിട്ടു മതി സ്കൂളിൽ അയയ്ക്കൽ . 

അധ്യാപകർ കുട്ടികളെ കൃത്യമായി നിരീക്ഷിക്കുകയും പകർച്ചവ്യാധികളുടെ ലക്ഷണം കണ്ടാൽ ഉടൻ മാതാപിതാക്കളെ വിവരം അറിയിക്കുകയും വേണം. ചിക്കൻഗുനിയ, ഡെങ്കി തുടങ്ങിയ  കൊതുകു പരത്തുന്ന രോഗങ്ങൾ തടയാൻ, പരിസരത്തെങ്ങും  കെട്ടിനിൽക്കുന്ന വെള്ളമില്ലെന്ന് ഉറപ്പുവരുത്തണം. കൊതുകു നിയന്ത്രിക്കുന്നതിനു വളരെ ശ്രദ്ധയോടെ ഉള്ള ആസൂത്രണം ആവശ്യമാണ്. 

പ്രഥമശുശ്രുഷകൾ പഠിപ്പിക്കാം

മറ്റുള്ളവരുടെ മുന്നിൽ ആളാവാൻ പല സാഹസങ്ങളും സ്വാഭാവികമായി ചെയ്യുന്ന കാലമാണ് സ്കൂൾ കാലം. മരങ്ങളിൽ കയറിയുള്ള അഭ്യാസങ്ങളും പാരപ്പറ്റിലെ സാഹസങ്ങളും വളരെയേറെ അപകടസാധ്യതകളുള്ളതാണ്. ക്രിക്കറ്റ്, ഫുട്ബോൾ, അത്ലറ്റിക്സ് എന്നിവയിലും വലിയ അപകടസാധ്യതകൾ ഒളിഞ്ഞിരിപ്പുണ്ട്. സ്പോർട്സിലെ അപകടങ്ങളും  അവയുടെ നിവാരണമാർഗങ്ങളും പെട്ടെന്നു ചെയ്യേണ്ട പ്രഥമശുശ്രഷകളുമൊക്കെ കുട്ടികളെ പഠിപ്പിക്കുന്നതു  വിദ്യാഭ്യാസത്തിന്റെ ഭാഗമായി മാറണം. .വിദ്യാർഥികൾ തമ്മിലുള്ള കലഹങ്ങളും അടിപിടിയും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. കുട്ടികൾക്കിടയിലെ ഗ്രൂപ്പ് —ഗ്യാങ്ങ് രീതികളും പരസ്പരമുള്ള ശത്രുതയുമൊക്കെ അധ്യാപകർ കണ്ടെത്തി മുളയിലേ നുള്ളിക്കളയാൻ മറക്കരുത്. സ്കൂളൂകൾക്കടുത്തുള്ള തോട്, പുഴകൾ എന്നിവയിൽ കുട്ടികൾ പോവുന്നതു കർശനമായി വിലക്കണം. നീന്തലറിയാത്ത കുട്ടികൾ വെള്ളത്തിലിറങ്ങുന്നതു വലിയ അപകടങ്ങൾക്കിടയാക്കാറുണ്ട്. വിനോദയാത്രകളിലും സ്റ്റഡിടൂറുകളിലുമൊക്കെ കുട്ടികളുടെ ആവേശവും ആഹ്ലാദവും അതിരുവിടുന്നതു നിനച്ചിരിക്കാതെ അപകടങ്ങൾക്ക് ഇടയാകുമെന്ന് അധ്യാപകർ മറന്നുപോവരുത്. പഞ്ഞിയും പാരസിറ്റമോളും കത്രികയും  ബാൻഡേജ് തുണിയും ആന്റിബയോട്ടിക് ലേപനങ്ങളുമടങ്ങിയ ഒരു ഫസ്റ്റ് എയ്ഡ് ബോക്സ് സൂക്ഷിക്കുന്നതും നല്ലതാണ്.

Read More : Health Tips