Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രസവ ശസ്ത്രക്രിയയ്ക്ക് കടിഞ്ഞാൺ

woman-hospital

പ്രസവ ശസ്ത്രക്രിയകൾക്കു (സീസേറിയൻ) കേന്ദ്രസർക്കാരിന്റെ കടിഞ്ഞാൺ. കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ആയുഷ്മാൻ ഭാരത് – ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതി (എൻഎച്ച്പിഎം) ഗുണഭോക്താക്കൾക്കു സ്വകാര്യ ആശുപത്രികളിൽ പ്രസവ ശസ്ത്രക്രിയയ്ക്കു സർക്കാർ ആശുപത്രിയിൽനിന്നുള്ള അനുമതി നിർബന്ധമാക്കി. സാധാരണ പ്രസവം പ്രോൽസാഹിപ്പിക്കുകയാണു ലക്ഷ്യമെന്ന് എൻഎച്ച്പിഎം ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഇന്ദു ഭൂഷൺ അറിയിച്ചു.

പത്തു കോടി കുടുംബങ്ങളിലായി 50 കോടി ജനങ്ങളാകും ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ പരിധിയിൽ വരിക. പദ്ധതിപ്രകാരമുള്ള ചികിൽസാ ആനുകൂല്യത്തിനു പ്രസവ ശസ്ത്രക്രിയ കഴിയുന്നത്ര സർക്കാർ ആശുപത്രികളിലായിരിക്കണം. അവിടെ കിടക്കയില്ലാതെ വരികയോ ഡോക്ടറുടെയോ മറ്റോ അഭാവമുണ്ടെങ്കിലോ മാത്രം സ്വകാര്യ ആശുപത്രിയിലേക്കു പോകാം; അതും വ്യക്തമായ കാരണങ്ങളടങ്ങിയ വിദഗ്ധ പരിശോധനാ നിർദേശത്തോടെ മാത്രം.

പ്രസവ ശസ്ത്രക്രിയയ്ക്കുള്ള അടിസ്ഥാന ചികിൽസാ ആനുകൂല്യം 9,000 രൂപയായി നിശ്ചയിച്ചതായും ഇന്ദു ഭൂഷൺ പറഞ്ഞു. സാധാരണ പ്രസവത്തിനു ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുകയുമില്ല. സർക്കാർ ആശുപത്രികളിൽ നടക്കുന്നതിന്റെ നാലിരട്ടിയോളം പ്രസവ ശസ്ത്രക്രിയകൾ സ്വകാര്യ ആശുപത്രികളിൽ നടക്കുന്നുണ്ടെന്ന് ഇന്ദു ഭൂഷൺ അറിയിച്ചു. 

സീസേറിയൻ ബിസിനസ്
സ്വാഭാവിക പ്രസവത്തിൽ കുട്ടിയുടെയോ അമ്മയുടെയോ ജീവൻ അപകടത്തിലാകുമെന്ന ഘട്ടത്തിലാണു പ്രധാനമായും സീസേറിയൻ വേണ്ടിവരിക. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം 10–15% പേർക്കു മാത്രമാണ് ഇതിന്റെ ആവശ്യം വരിക. എന്നാൽ, ഇന്ത്യയിൽ ഇതു വലിയതോതിൽ വർധിക്കുന്നുവെന്നാണു പഠനം; പ്രത്യേകിച്ചു സ്വകാര്യ ആശുപത്രികളിൽ. പ്രസവ ശുശ്രൂഷ വ്യാപകമായി വാണിജ്യവൽക്കരിക്കപ്പെട്ടതിന്റെ സൂചനയാണിതെന്ന് എൻഎച്ച്പിഎം വിലയിരുത്തുന്നു. 

ആരോഗ്യ സുരക്ഷാ പദ്ധതി: ഓരോ കുടുംബത്തിനും അഞ്ചു ലക്ഷം രൂപ

ഓരോ കുടുംബത്തിനും അഞ്ചു ലക്ഷം രൂപവീതം വാർഷിക ചികിൽസാ പരിരക്ഷ ഉറപ്പാക്കുന്നതാണു ‘മോദികെയർ’ എന്ന് അനൗദ്യോഗികമായി അറിയപ്പെടുന്ന ആയുഷ്മാൻ ഭാരത് – ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതി. നിർധന – ദുർബല വിഭാഗത്തിൽപെടുന്ന പത്തുകോടി കുടുംബങ്ങളിലെ 50 കോടി ജനങ്ങളെ ഇതു ലക്ഷ്യമിടുന്നു. അസ്ഥിരോഗം, ഹൃദ്രോഗം തുടങ്ങി ഇരുപതോളം വിഭാഗങ്ങളിലായി 1345 ചികിൽസാ പാക്കേജുകൾകൂടി പദ്ധതിക്കു കീഴിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയ്ക്കുള്ള ആനുകൂല്യം സംബന്ധിച്ച് അന്തിമരൂപമായിട്ടില്ല. 

Read More : Health News