Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിപ്പ വൈറസ്: മരണം എട്ടായി; ഭീതി പരത്തി ഡെങ്കിയും

nipah-dengue

നിപ്പ വൈറസ് ലക്ഷണങ്ങളോടെ കോഴിക്കോട് ചികില്‍സയിലായിരുന്ന രണ്ടു പേർ കൂടി മരിച്ചു. പനി പിടിപെട്ട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൂരാച്ചുണ്ട് വട്ടച്ചിറ സ്വദേശി മാടമ്പള്ളി മീത്തൽ രാജൻ (47), ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാദാപുരം ഉമ്മത്തൂർ സ്വദേശി അശോകൻ എന്നിവരാണ് മരിച്ചത്. നിപ്പ പിടിപെട്ടു മരിച്ച സൂപ്പിക്കടയിലെ സഹോദരങ്ങൾ ചികിത്സയിലിരുന്ന പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിൽ അതേ സമയത്തു രാജനും ചികിത്സയിലുണ്ടായിരുന്നു.

ഇതോടെ നിപ്പ വൈറസ് ലക്ഷണങ്ങളോടെ മരിച്ചവരുടെ എണ്ണം എട്ടായി. അവരിൽ നാലുപേരുടെ മരണം നിപ്പ മൂലമാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, അശോകന്റെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകില്ലെന്നു ബന്ധുക്കൾ അറിയിച്ചു. കോഴിക്കോട് വൈദ്യുതി ശ്മശാനത്തിൽ സംസ്കരിക്കും. നിപ്പ ഉൾപ്പെടെയുളള പനിബാധയിൽ കോഴിക്കോട്ടും മലപ്പുറത്തുമായി മരണം പതിനൊന്നായി ഉയർന്നു. നിപ്പ രോഗലക്ഷണങ്ങളോടെ എട്ടു പേർ ആശുപത്രിയിൽ ചികിൽസയിലാണ്.

ആശങ്കയുണ്ടാക്കി ഡെങ്കിപ്പനി

നിപ്പ വൈറസിനൊപ്പം മലപ്പുറം ജില്ലയുടെ മലയോര മേഖലകളില്‍ ഡെങ്കിപ്പനി പടരുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. നിലമ്പൂര്‍ കരുളായില്‍ ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. 38 പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം കാളികാവ് പഞ്ചായത്തില്‍ മാത്രം 80 പേര്‍ക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇപ്രാവശ്യം മഴക്കാലത്തിന്റെ തുടക്കത്തില്‍ തന്നെ കാളികാവ് പഞ്ചായത്തിലെ പൂങ്ങോട് എട്ടു പേര്‍ക്കാണു ഡെങ്കിപ്പനി കണ്ടെത്തിയത്. കൂടുതല്‍ പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജിലും കാളികാവ് സിഎച്ച്സിയിലുമായി ചികില്‍സയിലുണ്ട്.

പൂങ്ങോട്ട് ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം ഇനിയും ഉയരാനാണു സാധ്യത. ഈ ഭാഗത്ത് ടാപ്പിങ് നിര്‍ത്തിവച്ച രണ്ടു റബര്‍ തോട്ടങ്ങളിലെ ചിരട്ടകളിലെ വെളളത്തില്‍ കൊതുകു നിറഞ്ഞതാണു കാരണമായി കരുതുന്നത്. കാളികാവ് സിഎച്ച്സിയില്‍ പനി ബാധിച്ച് എത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ജില്ലയില്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിച്ചേമെന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ്. വനമേഖലയോട് ചേര്‍ന്ന നിലമ്പൂര്‍ കുറുമ്പലങ്ങോട് ഭാഗത്തും ഒട്ടേറെപ്പര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ പനി ബാധിച്ച് ഒരു മരണം സംഭവിച്ചു. കന്യാകുമാരി സ്വദേശി ശ്രീകാന്താണ് (39) മരിച്ചത്. നിപ്പ രോഗലക്ഷണങ്ങളില്ലെന്നു അധികൃതർ അറിയിച്ചു.

നിപ്പ: എയിംസ് വിദഗ്ധരെത്തും

നിപ്പ വൈറസ് ഭീതി തുടരുന്ന കോഴിക്കോട്ട് കൂടുതല്‍ വിദഗ്ധര്‍ പരിശോധന നടത്തും. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദഗ്ധരാണ് ഇന്നെത്തുക. വൈറസ് ബാധ സ്ഥിരീകരിച്ച പേരാമ്പ്രയിലടക്കം സംഘം സന്ദര്‍ശിക്കും. നിപ്പ ലക്ഷണങ്ങളോടെ രണ്ടു നഴ്സുമാരടക്കം ഒന്‍പതു പേരാണു ചികില്‍സയിലുളളത്.

ദേശീയ രോഗനിര്‍വ്യാപന കേന്ദ്രത്തിലെ വിദഗ്ധ സംഘമാണ് രോഗത്തിന്റെ ഉറവിടം സംബന്ധിച്ച് അന്തിമ അനുമാനത്തിലെത്തിയത്. ചെങ്ങരോത്തെ മൂസയുടെ വീട്ടില്‍നിന്നു പിടികൂടിയ വവ്വാലുകളുടെ പരിശോധന റിപ്പോര്‍ട്ട് കിട്ടിയാലേ വൈറസ് ബാധയുടെ ഉറവിടം സംബന്ധിച്ചു വ്യക്തമാകൂ. നിലവില്‍ നാലുപേര്‍ക്കു മാത്രമാണു വൈറസ് ബാധ സ്ഥിരീകരിച്ചത്.

ചെങ്ങരോത്ത് മൂസയുടെ വീടിന് സമീപത്തെ 60 പേരുടെ രക്തസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗികളുടെ ഒരു മീറ്ററിനുള്ളില്‍ വായുവില്‍ രോഗാണുക്കളുടെ സാന്നിധ്യം ഉണ്ടാകാന്‍ സാധ്യതയേറെയായതിനാൽ അടുത്ത് ഇടപെടുമ്പോള്‍ മുന്‍കരുതൽ സ്വീകരിക്കാൻ കേന്ദ്ര സംഘം നിര്‍ദേശം നല്‍കിയിട്ടുണ്ട്. എയിംസ് സംഘത്തോടപ്പം കേന്ദ്ര മൃഗപരിപാലന സംഘവും ഇന്ന് പേരാമ്പ്രയിലെത്തും. സ്വകാര്യ ആശുപത്രികളുടെ സഹായത്തോടെ ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങളും നടക്കുന്നു.

നിപ്പ വൈറസ് പ്രതിരോധ മാർഗങ്ങൾ