Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിപ്പയിൽ ഒപ്പം നിന്ന നഴ്സുമാരെ പിരിച്ചു വിട്ടു

Nipah Scare

നിപ്പാ വൈറസ് ബാധിച്ചവരെ ചികിത്സിക്കുന്ന സംഘത്തിലുണ്ടായിരുന്ന രണ്ടു പേർ ഉൾപ്പെടെ മൂന്നു നഴ്സുമാരെ സ്വകാര്യ ആശുപത്രിയിൽ നിന്നു പിരിച്ചുവിട്ടതായി പരാതി. രണ്ടു വനിതാ നഴ്സുമാരെയും ഒരു പുരുഷ നഴ്സിനെയുമാണു പിരിച്ചുവിട്ടത്. ട്രെയിനിങ് കാലാവധി തീർന്നതിനാൽ നഴ്സുമാരെ പിരിച്ചുവിട്ടതാണെന്നാണ് ആശുപത്രിയുടെ നിലപാട്.

മൂവരുടെയും സേവനം ‘പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല’ എന്നാണ് ഇതു സംബന്ധിച്ച് ആശുപത്രി വിശദീകരണം. എന്നാൽ മികവു പ്രകടിപ്പിക്കാതിരുന്നിട്ടാണോ നിപ്പാ വൈറസ് പടർന്നതു പോലെ അതീവ സുരക്ഷ ആവശ്യമുള്ള ഘട്ടത്തിൽ രണ്ടു നഴ്സുമാരെ ഡ്യൂട്ടിക്കു നിയോഗിച്ചതെന്നാണു മറുചോദ്യം ഉയരുന്നത്.

നിപ്പാ രോഗികളെ ചികിത്സിച്ചതിനാൽ നഴ്സുമാർക്കും ഇപ്പോൾ നിരീക്ഷണം ആവശ്യമുണ്ട്. ഈ ആശുപത്രിയിൽ ജോലി ചെയ്തതിനാൽ മറ്റിടങ്ങളിലും പെട്ടെന്നു ജോലി ലഭിക്കുന്ന കാര്യം സംശയത്തിലാണ്. ഈ സാഹചര്യത്തിൽ സംഭവത്തിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷനും(യുഎൻഎ) ഇടപെട്ടു.

നിലവിലുള്ളതിനേക്കാള്‍ കൂടുതൽ ശമ്പളം നൽകേണ്ടതിനാലാണ് നഴ്സുമാരെ പിരിച്ചുവിട്ടതെന്ന് യുഎൻഎ ആരോപിച്ചു. ട്രെയിനി നഴ്സിനു  നിലവിൽ 7000-7500  രൂപയാണു വേതനം നൽകേണ്ടത്. എന്നാൽ സ്റ്റാഫ് നഴ്സ് ആയി തിരഞ്ഞെടുത്താൽ 20,000 രൂപ നൽകണം. മൂന്നു പേരെ പിരിച്ചുവിട്ടാൽ ആ സ്ഥാനത്തു മൂന്നു ട്രെയിനി നഴ്സുമാരെ ആശുപത്രിക്ക് തിരഞ്ഞെടുക്കാനാകും. ഇതാണ് ഇപ്പോഴത്തെ പിരിച്ചുവിടലിനു കാരണം– യുഎൻഎ കോഴിക്കോട് ജില്ലാ പ്രസിഡന്റ് അബീഷ് ഖാൻ പറഞ്ഞു.

എന്നാൽ പ്രകടനത്തിലെ മികവിന്റെ അടിസ്ഥാനത്തിലുള്ള പിരിച്ചുവിടൽ എല്ലാ വർഷവും ഉള്ളതാണെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. നിലവിലെ സാഹചര്യത്തില്‍ അതിനെ നിപ്പയുമായി കൂട്ടിക്കലർത്താനാണു നഴ്സുമാർ ശ്രമിക്കുന്നത്. മൂന്നു പേർക്കു പകരം പുതിയ ട്രെയിനി നഴ്സുമാരെ തിരഞ്ഞെടുത്തെന്ന ആരോപണവും അധികൃതർ നിഷേധിച്ചു.

നഴ്സുമാരെ അകാരണമായി പുറത്താക്കിയതിൽ പ്രതിഷേധിച്ച് യുഎൻഎ പ്രവർത്തകർ ആശുപത്രി ഉപരോധിക്കുന്നുമുണ്ട്.