Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭഛിദ്രം ചെയ്ത അമ്മ, കുത്തിനോവിക്കാനെത്തുന്ന സഹതാപക്കമ്മറ്റിക്കാർ; ഡോ. ഷിംന പറയുന്നു

sad-woman Representative Image

അമ്മയാകുക എന്നത് ഏതു സ്ത്രീയെ സംബന്ധിച്ചും സന്തോഷം നൽകുന്ന കാര്യം തന്നെയാണ്. പത്തുമാസം ആറ്റുനോറ്റ് ഉദരത്തിൽ പേറി ആ ഗർഭസ്ഥശിശുവിനു വേണ്ടി ഏറെ ത്യാഗങ്ങൾ സഹിച്ച്, പല സന്തോഷങ്ങളും വേണ്ടെന്നുവച്ച് അവൾ കുഞ്ഞിനു ജൻമം നൽകുന്നു. ആരോഗ്യപരമായ പ്രശ്നങ്ങൾ കാരണം എല്ലാവരിലും ഈ പ്രക്രിയ സുഗമമായി നടക്കണമെന്നില്ല. അത്തരത്തിലൊരു സംഭവമാണ് ഡോ. ഷിംന അസീസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നത്.

ഇൻബോക്‌സിൽ പലപ്പോഴും ആരെന്നോ എന്തെന്നോ അറിയാത്തവരുടെ നിറയേ വിശേഷങ്ങളുണ്ടാകും - പ്രണയം, പഠനം, പനി, ഗർഭിണിയായ ഉടൻ തുടങ്ങിയ ഛർദ്ദി, കുഞ്ഞാവയുടെ ഇളക്കം, ഗർഭാശയത്തിനകത്ത്‌ വെള്ളം കൂടുതൽ, കുറവ്‌, ഭാര്യയുടെ വാശി, ഭർത്താവിന്റെ കുറുമ്പ്, ചിലപ്പോഴൊക്കെ അമ്മയുടേയും അച്‌ഛന്റേയും പ്രായമുള്ളവരുടെ സ്‌നേഹവർത്തമാനങ്ങൾ, ആശങ്കകൾ, കുഞ്ഞു പരിഭവങ്ങൾ, അങ്ങനെ എന്തൊക്കെയോ...

ചിലര്‌ വന്ന്‌ 'എന്തോ ഒരടുപ്പം പോലെ' എന്ന്‌ പറഞ്ഞ്‌ 'ഡോക്‌ടർ/മാഡം' ബന്ധത്തെക്കാൾ ഹൃദയസ്‌പർശിയായി മിണ്ടും. എത്രയോ വ്യക്തിപരമായ കാര്യങ്ങൾ അന്യയായ ഒരാളോട്‌ യാതൊരു മുൻകരുതലുമില്ലാതെ ടൈപ്പ്‌ ചെയ്‌തിടുന്നത്‌ കണ്ട്‌ അന്ധാളിച്ചിട്ടുണ്ട്‌. 'മറുപടി പോലും വേണ്ട, കേട്ടാൽ മതി' എന്നതൊക്കെ ഇടക്കിടെ കേൾക്കുന്നു. അത്തരത്തിലൊരാളുടെ അനുഭവം ആ വ്യക്‌തിയുടെ അനുവാദത്തോടെ പങ്ക്‌ വെക്കുകയാണ്‌.

പന്ത്രണ്ട്‌ ആഴ്‌ച പ്രായമുള്ള ഗർഭസ്‌ഥശിശുവിന്‌ വൈകല്യമുണ്ടെന്ന സൂചന പേറുന്ന പരിശോധനാഫലങ്ങളോടെയാണ്‌ ആ മനുഷ്യൻ ഇൻബോക്‌സിൽ വന്നത്‌. തുടർപരിശോധനകൾ വേണമെന്ന്‌ നിർദേശിച്ചു. പൂർണമായും അവിടത്തെ ഡോക്‌ടറെ വിശ്വസിക്കണമെന്ന്‌ കൂടി നിർദേശിച്ചു. ആഴ്‌ചകൾക്ക്‌ ശേഷം വീണ്ടും സ്‌കാൻ ചെയ്‌തപ്പോൾ കുഞ്ഞ്‌ കിടക്കുന്ന ആംനിയോട്ടിക്‌ ദ്രവത്തിന്റെ അളവ്‌ തീരെ കുറവ്‌, കുഞ്ഞിന്‌ സാരമായ വൈകല്യങ്ങളുമുണ്ട്‌. ആ കുഞ്ഞിനെ അബോർട്ട്‌ ചെയ്യണമെന്ന്‌ ഡോക്‌ടർ. ഈ വേളയിലെല്ലാം തന്നെ പ്രവാസിയായ ഈ സാധു മനുഷ്യൻ ആശ്രയത്തിനായി ഇൻബോക്‌സിൽ വരുന്നുണ്ട്‌. എത്ര തിരക്കിലും, പലപ്പോഴും മറുപടികൾ വൈകാറുണ്ടെങ്കിലും ആ മേസേജുകൾ തുറന്ന്‌ വായിച്ച് 'seen' എന്നാക്കുമായിരുന്നു. ആ മനുഷ്യന്‌ ആരോ കേട്ടു എന്ന്‌ ആശ്വാസമാകുമല്ലോ.

അയാളുടെ സഹോദരങ്ങൾക്കെല്ലാം കുഞ്ഞുണ്ടായി ആ പൈതങ്ങൾ ചുറ്റും കളിച്ചു നടക്കുന്നു. വിവാഹിതരായി അഞ്ച്‌ വർഷത്തിന്‌ ശേഷം കൊതിച്ചും പ്രാർത്‌ഥിച്ചും നേർച്ച നേർന്നും പ്രണയിച്ചും ആറ്റുനോറ്റ്‌ ഉള്ളിൽ നാമ്പിട്ട ജീവനെ സദാ വാവിട്ടു കരയുന്ന ആ അമ്മ മരുന്ന്‌ വെച്ച്‌ വേദന വരുത്തി പ്രസവിച്ചു. ആൺകുഞ്ഞായിരുന്നത്രേ. അഞ്ചു മാസമാകാത്തവന്‌, അത്രയേറെ വൈകല്യങ്ങളുള്ളവന്‌ ജീവനും ഉണ്ടായില്ല. കോരിച്ചൊരിയുന്ന മാനം കണക്കാക്കാതെ അവനെ അന്ന് വൈകിട്ട് അവർ ഖബറടക്കി.

അത്ര നേരത്തേ പ്രസവിച്ച്‌ പോയിട്ടും അവരുടെ മാറ്‌ നിറഞ്ഞു, നെഞ്ചിനകവും പുറവും നൊന്തു. അഞ്ച്‌ നാൾ സൂചിമുന കൊണ്ട്‌ അവർ ആശുപത്രിയിൽ തന്നെ ഉറങ്ങിയുണർന്നു. ശരീരത്തിലെ അമ്മയെ പറിച്ചെറിഞ്ഞിട്ടും അയാളെ വിളിച്ചവർ നിലവിളി തുടർന്നു. ചില്ലിപൈസക്ക്‌ അക്കരെയെങ്ങോ ജോലി ചെയ്യുന്ന ആ സാധുവിന്‌ അവളെ കാണാൻ പറന്നെത്താനുള്ള കെൽപ്പില്ലായിരുന്നു. അവരെ കൂടെക്കൂട്ടാനും അയാളെക്കൊണ്ട്‌ കൂട്ടിയാൽ കൂടില്ല. ഈ വിവരമെല്ലാം അക്ഷരങ്ങളായി എഴുത്തുപെട്ടിയിൽ നിറഞ്ഞു കൊണ്ടേയിരുന്നു. ഇടവേളകളിലെല്ലാം ദൂരെയൊരു നാട്ടിലെ മനുഷ്യൻ മുന്നിൽ വന്ന്‌ പൊട്ടിക്കരയുന്നത്‌ നിസ്സഹായതയോടെ കണ്ടിരിക്കാനേ ആയുള്ളൂ. വെറുതെ വാക്കുകൾ കൊണ്ട് കൂടെ നിൽക്കാനേ പറ്റിയുള്ളൂ. ഒന്നും പറയാനാവാതെ വരികൾ വറ്റിയ ഇടത്തെല്ലാം 'അവർക്ക്‌ ധൈര്യം കൊടുക്കൂ' എന്ന്‌ മാത്രം ആവർത്തിച്ചു പറഞ്ഞു കൊടുത്തു.

ഇന്നലെ ആശുപത്രിയിൽ നിന്ന്‌ തിരിച്ചെത്തിയ ആ സ്‌ത്രീയോട്‌ ചില അയൽപക്കക്കാരും ബന്ധുക്കളും പറഞ്ഞത്രേ, വേറേതോ ആശുപത്രിയിൽ പോയാൽ ആ കുഞ്ഞിനെ ജീവനോടെ കിട്ടുമായിരുന്നെന്ന്‌. അവൻ ജീവിക്കുമായിരുന്നെന്ന്‌... അത്‌ കേട്ട്‌ മനസ്സിൽ മരിക്കാത്ത കുഞ്ഞാവയെ പേറിയ ആ പെണ്ണ്‌ ഈ ചിറകറ്റവനെ വിളിച്ച്‌ പറഞ്ഞ്‌ ആർത്ത്‌ കരഞ്ഞത്രേ... 'അവനെ നമുക്ക്‌ രക്ഷിക്കാനായില്ലല്ലോ' എന്ന്‌...

അയാൾക്കറിയാമായിരുന്നു ആ 'സഹതാപക്കമ്മറ്റിക്കാർ'ക്ക്‌ വേണ്ടത്‌ അവളുടെ കണ്ണീര്‌ മാത്രമാണെന്ന്‌... കിട്ടാവുന്നതിൽ ഏറ്റവും നല്ല ചികിത്സയാണ്‌ തന്റെ പെണ്ണിന്‌ കിട്ടിയതെന്ന്‌. പക്ഷേ, മുറിഞ്ഞ്‌ വീഴുന്ന ശബ്‌ദത്തിൽ, തളർന്ന നെറ്റ്‌ കോളിൽ അവളെ നെഞ്ചോട്‌ ചേർക്കാൻ അയാൾക്കായില്ല. അയാളിന്നും കരഞ്ഞത്രേ...

"എന്തിനായിരിക്കും മനുഷ്യർ അന്യന്റെ വലിയ നഷ്‌ടങ്ങളിൽ നിന്ന്‌ രതിമൂർച്‌ഛ തേടുന്നത്‌? എന്തിനാണ്‌ അറിയാത്ത കാര്യങ്ങളിൽ അഭിപ്രായപ്രകടനം? എന്തിനാണിത്ര ക്രൂരത? അവളെ ഞാൻ ഇനി എന്ത്‌ പറഞ്ഞ്‌ സമാധാനിപ്പിക്കും? " ചോദിച്ചത്‌ ഞാനല്ല, അയാളാണ്‌. ഇന്ന്‌ പോലും കരഞ്ഞ്‌ കൊണ്ട്‌ അക്‌ഷരങ്ങളെ എന്നിലേക്ക്‌ തൊടുത്തു വിട്ടൊരാൾ... അയാളെകൊണ്ട്‌ മറ്റെന്ത് ചെയ്യാനാവും !

അയാൾ അച്‌ഛനായിരുന്നല്ലോ... തെറ്റ്‌, അച്‌ഛനാണ്‌. അവളുടെ ആണും...

Read More : Health News