തലച്ചോറ് തുറന്നുള്ള ശസ്ത്രക്രിയ; ഗിറ്റാര്‍ ആസ്വദിച്ച് വായിച്ച് സംഗീതജ്ഞന്‍

അതിസങ്കീര്‍ണമായ ശസ്ത്രക്രിയ തലച്ചോറില്‍ നടക്കുമ്പോഴും തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഈണം ഗിറ്റാറില്‍ വായിച്ചു കൊണ്ട് ബംഗ്ലാദേശ് സംഗീതജ്ഞന്‍. ബാംഗ്ലൂരിലാണ് ഈ അപൂര്‍വശസ്ത്രക്രിയ നടന്നത്. 

ധാക്കയില്‍ നിന്നുള്ള സംഗീതജ്ഞനായ ടസ്കിന്‍ അലിയാണ് ഇത്തരത്തില്‍ ശസ്ത്രക്രിയ നടക്കുന്നതിനിടയിലും സംഗീതം ആസ്വദിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടർമാരില്‍ ഒരാളാണ് ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. 

Focal Hand Dystonia എന്ന രോഗമായിരുന്നു ടസ്കിന്‍ അലിക്ക്. ഇടതുകയ്യുടെ പ്രവര്‍ത്തനത്തെ പൂര്‍ണമായും തകിടം മറിക്കുന്നതാണ് ഈ രോഗം. ഇതുമൂലം ഇദ്ദേഹത്തിന് ഇടതു കൈ കൊണ്ട് ഗിറ്റാര്‍ വായിക്കാനോ മൊബൈലില്‍ ടൈപ്പ് ചെയ്യാനോ സാധിക്കില്ലായിരുന്നു. 

31 കാരനായ  ടസ്കിന്‍ അലിയുടെ ഈ അവസ്ഥയ്ക്ക് ചികിത്സ ഇല്ലെന്നായിരുന്നു ധാക്കയിലെ ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ സമാനഅവസ്ഥയിലായ അഭിഷേക് പ്രസാദ്‌ എന്നൊരു ഗിറ്റാറിസ്റ്റിനു ഇതുപോലെ ഒരു ശസ്ത്രക്രിയ നടത്തിയതിനെ കുറിച്ച് അറിയാനിടയായ  ടസ്കിന്‍ അലി ബാംഗ്ലൂരിലെ ആശുപത്രിയുമായി ബന്ധപ്പെടുകയായിരുന്നു. വൈകാതെ തന്റെ 10  മാസത്തെ സമ്പാദ്യവും ഒരു ഗിറ്റാര്‍ വരെ വിറ്റ പണവുമായാണ്‌ ടസ്കിന്‍ ബാംഗ്ലൂരില്‍ എത്തിയത്. 

ബാംഗ്ലൂര്‍ ജെയിന്‍ ആശുപത്രിയില്‍ ഡോക്ടര്‍ ഭഗവാന്‍ മഹീവീറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. മെയ്‌ മാസം നടന്ന ശസ്ത്രക്രിയയുടെ വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവിട്ടത്. തലച്ചോറിലെ 8-10 സെന്റിമീറ്റര്‍ വരെയുള്ള ഭാഗങ്ങള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ലോക്കല്‍ അനസ്തേഷ്യ മാത്രം നല്‍കിയായിരുന്നു ശസ്ത്രക്രിയ. 

ശസ്ത്രക്രിയയില്‍ ഉടനീളം  ടസ്കിന്‍ പൂര്‍ണബോധവാനായിരുന്നു. ഒപ്പം തന്റെ പ്രിയപ്പെട്ട സംഗീതം അദ്ദേഹം ഗിറ്റാറില്‍ വായിച്ചു കൊണ്ടുമിരുന്നു. ഇതിനിടയില്‍ കയ്യിലൊരു കോയിന്‍ വച്ചു കറക്കുകയും മൊബൈലില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുന്നുണ്ട്. 

ശസ്ത്രക്രിയ നൂറു ശതമാനം വിജയകരമായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഡോക്ടര്‍ ഷാരന്‍ ശരവണന്‍ ആണ്  ടസ്കിന്‍ അലിയുടെ വഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ഒരു ശതമാനം സംഗീതജ്ഞരെ മാത്രം അപൂര്‍വമായി മാത്രം ബാധിക്കുന്നൊരു രോഗമായിട്ടാണ് dystonia യെ കണക്കാക്കുന്നത്. ശസ്ത്രക്രിയ മാത്രമാണ് ഇതിനുള്ള പ്രതിവിധി എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Read More : Health News