Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓട്ടിസം തെറ്റിദ്ധരിക്കപ്പെടരുത്; മകനെ ചേർത്തുപിടിച്ച് ഈ അമ്മ പറയുന്നു

smitha സ്മിത ഗിരീഷ് മകൻ ഇഷാനോടൊപ്പം

‘ഇരുളിനു ശേഷം തീർച്ചയായും െവളിച്ചം കടന്നു വരും. ഇരുട്ട് എത്ര ഭീതി പടര്‍ത്തിയാലും അതിനെ ഭയന്ന് ജീവിക്കാൻ ഞാൻ തയാർ അല്ലെങ്കിലോ?’ അഡ്വക്കേറ്റ് സ്മിത ഗിരീഷിന്റെ വാക്കുകളിൽ ശക്തമായ ദൃഢനിശ്ചയം പ്രതിഫലിച്ചിരുന്നു. കഴിഞ്ഞ നാലര വർഷം  പിന്നിട്ടു വന്ന വഴികളിൽ, ഏറ്റുമുട്ടേണ്ടി വന്ന അനുഭവങ്ങൾ ആ കണ്ണുകളിൽ തെല്ലൊരു ഭയം പോലും അവശേഷിപ്പിച്ചിട്ടില്ല.  കാരണം ഭയന്ന് പിന്മാറിയാൽ നാലു വയസ്സു മാത്രം പ്രായമുള്ള തന്റെ മകൻ ഇഷാൻ, സമൂഹത്തിൽ എന്നും അവഗണന ഏറ്റു വാങ്ങേണ്ടി വരും. അവൻ ജനിച്ച അന്നു മുതൽ ആ കുഞ്ഞിക്കൈ പിടിച്ച് താങ്ങായി, തണലായി, ഒപ്പം തന്നെയുണ്ട് ആ അമ്മ.

വിവാഹം കഴിഞ്ഞ് ഏറെ വർഷങ്ങൾക്കു ശേഷം ഗർഭിണിയായ സ്മിതയ്ക്ക്, അഞ്ച് മാസത്തോളമെത്തിയ ഗർഭാവസ്ഥയിൽ ആദ്യത്തെ കുഞ്ഞിനെ നഷ്ടപ്പെട്ടു. കാത്തിരിപ്പിനൊടുവിൽ ലഭിച്ച ആദ്യ കുഞ്ഞിനെ നഷ്ടമായ വേദനയിൽ ആ മാതൃ ഹൃദയം ഏറെ നൊന്തു. എന്നാൽ നാലു വർഷത്തിന് ശേഷം ആ അമ്മയെ തേടി ഒരു പിഞ്ചോമന എത്തി, ഇഷാൻ. ജുഡീഷ്യൽ സർവീസ് ലക്ഷ്യം വച്ച് അയ്യായിരം പേരെഴുതിയ പരീക്ഷയിൽ അഞ്ഞൂറിലൊരാളായി പ്രിലിംസ് പാസായിരിക്കുന്ന സമയത്താണ് സ്മിത വീണ്ടും ഗർഭിണിയായത്. എന്നാൽ അമ്മ ആവുന്നതിനെക്കാൾ വലിയ സന്തോഷമല്ല ഇതെന്ന് തിരിച്ചറിഞ്ഞ സ്മിത ഈ അവസരം വേണ്ടെന്നു വച്ചു. കാരണം നിരാശകൾ കൊണ്ട് മങ്ങലേറ്റ സ്മിതയുടെ ജീവിതത്തിന് തെളിഞ്ഞു കിട്ടിയ വിളക്കായിരുന്നു ഇഷാൻ. അമ്മയുടെയും അച്ഛന്റെയും അച്ചമ്മയുടെയും അച്ചാച്ചന്റെയുമൊക്കെ വാൽസല്യഭാജനമായി അവൻ വളർന്നു. രണ്ടര വയസ്സfനുള്ളിൽ അവൻ പിച്ചവെച്ച് നടക്കാനും ‘അച്ചാച്ചാ’ എന്ന് വിളിക്കാനും പാട്ടുകൾ പാടാനുമൊക്കെ തുടങ്ങിയിരുന്നു. എന്നാൽ ഈ പ്രായത്തിലാണ് ഓട്ടിസം സ്പെക്ട്രം ഡിസോർഡറിന്റെ (ASD) ലക്ഷണങ്ങളാവാം എന്ന് കരുതപ്പെടുന്ന സംസാരശേഷിക്കുറവും (സ്പീച്ച് ഡിലേ)  അമിതപ്രവര്‍ത്തനാസക്തിയും (ഹൈപ്പർ ആക്ടിവിറ്റിയും). ഇഷാനിൽ കണ്ടു തുടങ്ങിയത്. 

ഓട്ടിസം ഒരു രോഗമല്ല. ഏതൊക്കെയോ അജ്ഞാത കാരണങ്ങളാൽ തലച്ചോറിനുണ്ടാകുന്ന ഒരു അവസ്ഥയാണ്. ഫിറ്റ്സുള്ള പനിയോ റിഗ്രഷൻ എന്ന അവസ്ഥയോ ഇതിനു കാരണമാകാം. സാധാരണക്കാരെക്കാൾ വളരെ കഴിവും ബുദ്ധിയും പ്രതിഭയും ഉള്ളവരായിരിക്കും ഇവർ. പക്ഷേ പ്രതികരണ ശേഷിയും ഫലപ്രദമായി ആശയവിനിമയം നടത്താനുള്ള കഴിവോ ഇവർക്കുണ്ടാവില്ല. കാൽസ്യത്തിന്റെ കുറവ്, ഗർഭ കാലത്ത് അമ്മമാർ കഴിക്കുന്ന ഗുളികകൾ, മാറുന്ന സൈബർ സംസ്കാരം – മൊബൈലിന്റെ സ്വാധീനം, കൂട്ടുകുടുംബങ്ങൾ മാറി അണുകുടുംബങ്ങൾ വർധിക്കുന്നത് തുടങ്ങിയവയൊക്കെ ഓട്ടിസത്തിന് കാരണമായേക്കാമെന്ന് പല ഡോക്ടർമാരും വിശദീകരിക്കുന്നു.

ഇഷാൻ മൈൽഡ് ഓട്ടിസ്റ്റിക്കാണ്. തീവ്രമായ ഓട്ടിസം ലക്ഷണങ്ങൾ ഒന്നും തന്നെ അവനിൽ ഇല്ല. ഏകദേശം 20 ശതമാനം മാത്രം ഓട്ടിസ്റ്റിക്കായ ഒരു കുട്ടി. കൃത്യമായ പരിശീലനവും പരിചരണവും ലഭിച്ചാൽ വളരെ വേഗത്തിൽ സുഖം പ്രാപിക്കാനാവുമെന്ന് സ്മിതയ്ക്ക് ഉറപ്പായിരുന്നു. യഥാക്രമത്തിലുള്ള തെറപ്പികൾ കുട്ടിക്ക് ലഭിക്കണമെന്നും മറ്റു  കുട്ടികളെപ്പോലെ അവന് വിദ്യാഭ്യാസം നൽകണമെന്നും സ്മിത ആഗ്രഹിച്ചു. 

ദൈവത്തെയും ഗുരുവിനെയും ഒരുമിച്ച് കാണാനിടയായാൽ ആദ്യം നമസ്ക്കരിക്കേണ്ടത് ഗുരുവിനെ ആവണമെന്നാണ് 15–ാം നൂറ്റാണ്ടിലെ ഗഹന കവിയും മുനിയുമായിരുന്ന കബീർ പറഞ്ഞിട്ടുള്ളത്. ‘‘കാരണം ഗുരുവിലൂടെയാണ് നാം ദൈവത്തെ അറിഞ്ഞത്’’ എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ഗുരുക്കന്മാരിൽ നിന്നും ഇഷാന് ഉണ്ടായ അനുഭവങ്ങൾ വ്യത്യസ്തമായിരുന്നു. ആദ്യമായി വിദ്യ അഭ്യസിക്കാൻ ചെന്ന അംഗൻവാടിയിലും പിന്നീട് വീടിനു സമീപത്തുള്ളൊരു വിദ്യാലയത്തിൽ ചേർന്നപ്പോഴും അധ്യാപകരുടെ സമീപനം അവന്റെ കുഞ്ഞുഹൃദയത്തെ നോവിച്ചു. കുട്ടിയോടുള്ള അധ്യാപകരുടെ അവഗണന സ്മിതയെയും. ഇഷാൻ തങ്ങള്‍ക്കൊരു ബുദ്ധിമുട്ടാണെന്ന് പറയാതെ പറഞ്ഞു പലരും. ‘‘കുഴപ്പങ്ങൾ ഒന്നുമില്ലാത്ത സാധാരണ ഒരു കുട്ടിക്ക് വേണ്ടി ഒന്നുകൂടി ശ്രമിച്ചു കൂടേ?’’ എന്നൊരു അധ്യാപിക മുഖത്തു നോക്കി ചോദിച്ചത് ആ അമ്മ മനസ്സിലുണ്ടാക്കിയ മുറിവ് ഇന്നും ഉണങ്ങിട്ടില്ല. 

ഇഷാന്റെ രോഗാവസ്ഥയെക്കുറിച്ച് ഓട്ടിസം ദിനത്തോടനുബന്ധിച്ച് സ്മിത എഴുതിയ ഒരു ലേഖനം സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനന്ദനങ്ങൾക്കൊപ്പം തന്നെ കുറ്റപ്പെടുത്തലുകളും സ്മിതയെ തേടിയെത്തി. ഓട്ടിസത്തെക്കുറിച്ച് നിങ്ങൾ ഇത്ര പോസിറ്റീവായി ഒന്നും എഴുതേണ്ടതില്ലായെന്ന് ചില ഡോക്ടർമാര്‍ പോലും അഭിപ്രായപ്പെട്ടു. ‘‘പാരസെറ്റമോൾ പോലെയുള്ള ഗുളികകൾ കഴിച്ച് സുഖം പ്രാപിക്കാവുന്ന രോഗം ഒന്നുമല്ല ഓട്ടിസം. ഇതിൽ നിന്ന് മുക്തി പ്രാപിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുവാൻ മാത്രമേ നിങ്ങൾക്കാവൂ’’ എന്ന് ഒരു അധ്യാപിക പ്രതികരിച്ചു. ‘‘ഇത്തരം കുട്ടികളുടെ അമ്മമാർക്ക് പ്രത്യേകിച്ച് ഒന്നിനും സമയം കിട്ടാൻ സാധ്യതയില്ല. അവർ എപ്പോഴും തിരക്കിലാവും!’’ എന്നും അവർ കൂട്ടിച്ചേർത്തു. പെരുമാറ്റത്തിൽ കുട്ടി അസ്വാഭാവികത കാട്ടുന്നത് അമ്മയുടെ ശ്രദ്ധക്കുറവ് കൊണ്ടാണെന്ന് ബന്ധുക്കൾ പറഞ്ഞു. ‘‘കുട്ടിയെ വെറുമൊരു കച്ചവടവസ്തു ആക്കുകയാണ് സ്മിത ചെയ്യുന്നതെന്ന് മറ്റു ചിലർ കുറ്റപ്പെടുത്തി. ഇത്തരം ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും ഒരു മാതൃഹൃദയം എങ്ങനെ സഹിച്ചിട്ടുണ്ടാവും?!

കുട്ടിക്ക് തുണയായി ഒരു ഷാഡോ ടീച്ചറെ നിയമിക്കാൻ പല അധ്യാപകരും സ്മിതയോട് ആവശ്യപ്പെട്ടു. അവന്റെ വൈകല്യങ്ങൾ ഏത് മേഖലയിലാണെന്ന് തിരിച്ചറി‍ഞ്ഞ് അവനെ കൃത്യമായി പരിശീലിപ്പിക്കാൻ മിക്ക അധ്യാപകരും തയാറായില്ല. വേണ്ടവിധത്തിലുള്ള ശ്രദ്ധ കൊടുക്കാതെ പല അധ്യാപകരും ഇഷാനെ മറ്റ് കുട്ടികളിൽ നിന്ന് ഒറ്റപ്പെടുത്തി. ഇഷാനെ സ്കൂളിലാക്കി വീട്ടിലേക്ക് മടങ്ങാൻ സ്മിതയ്ക്ക് മനസ്സ് വന്നിരുന്നില്ല. സ്കൂളിന് സമീപമുള്ള പള്ളിയിലിരുന്ന് പ്രാർഥിച്ച്, സ്കൂൾ വിടുന്നതു വരെ അവർ ഇഷാനെ കാത്തു നിന്നിരുന്നു. 

smitha1

കുട്ടിയോടുള്ള അധ്യാപകരുടെ അവഗണന മനസ്സിലാക്കിയ സ്മിത പിന്നീട് കുട്ടിയെ ആ സ്കൂളിലേക്ക് അയച്ചില്ല. വേണ്ടവിധത്തിലുള്ള തെറപ്പി നൽകാൻ എത്തിച്ചേർന്ന സെന്ററുകളിലും പ്രതീക്ഷയ്ക്ക് വകയുണ്ടായില്ല. അത്തരം തെറാപ്പി സെന്ററുകളില്‍ കുട്ടിക്ക് പരിശീലനം നൽകുമ്പോൾ, അവരുടെ ഒപ്പം മാതാപിതാക്കളെ പ്രവേശിപ്പിച്ചിരുന്നില്ല. ട്രെയിനിങ് റൂം അടച്ചിട്ടാണ് പരിശീലനം നടത്തിയിരുന്നത്.  അവശ്യകാര്യങ്ങൾ പറയാൻ കുട്ടിയെ പഠിപ്പിക്കുകയാണ് ഒരു സ്പീച്ച് തെറപ്പിസ്റ്റ് ആദ്യം ചെയ്യുക. എന്നാൽ സ്പീച്ച് സ്റ്റിമുലേഷൻ ഉണ്ടാവേണ്ട കാര്യങ്ങൾ ഒന്നും തന്നെ പരിശീലിപ്പിക്കാതെ  ‘‘അമ്മ’’, ‘‘ആന’’, ‘‘ഏണി’’, പോലെയുള്ള വാക്കുകൾ വെറുതെ കുട്ടിയെ ഉറക്കെ പറയിപ്പിക്കുക മാത്രമാണ് അത്തരം സെന്ററുകളില്‍ നടന്നിരുന്നത്. ഇത്തരം തെറാപ്പിയും ട്രെയിനിങ്ങുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക നഷ്ടം, മകന് േവണ്ടി വേണ്ടെന്നു വച്ച തന്റെ ജോലി, പാഴായിപ്പോയ സമയ.... ഇതൊക്കെയാണ് കഴിഞ്ഞ നാലു വർഷം കൊണ്ട് സ്മിതയ്ക്കു ലഭിച്ച ആകെ സമ്പാദ്യം. 

പരാജയപ്പെട്ട അലച്ചിലുകൾക്കൊടുവിൽ കോട്ടയം ജുവൽ ഓട്ടിസം ആൻഡ് ചൈൽഡ് ഡവലപ്മെന്റ് സെന്ററിൽ എത്തപ്പെട്ടു. കൃത്യതയോടെയുള്ള അ‍ഡ്മിനിസ്ട്രേഷൻ, ക്യാംപസ് സിലക്‌ഷനിലൂടെ തിരഞ്ഞെടുക്കുന്ന സമർഥരായ തെറാപ്പിസ്റ്റുകൾ, ഒക്കുപേഷണൽ തെറാപ്പി ഇവയൊക്കെയാണ് ജുവൽ ഓട്ടിസം സെന്ററിന്റെ സവിശേഷതകൾ. ഏകദേശം അഞ്ച് മാസത്തോളമായി സ്മിതയും ഇഷാനും ജുവലിൽ എത്തിയിട്ട്. സ്മിതയുടെ അമ്മയും പേരക്കിടാവിനെ നോക്കാൻ കൂടെ തന്നെയുണ്ട്.  

അമ്മയും അനുജനും ഭർത്താവും നൽകിയ പിന്തുണയായിരുന്നു ഇത്രയും കാലം സഹായിച്ചിരുന്നതെന്ന് സ്മിത പറയുന്നു. രണ്ടരവയസ്സിൽ ജുവൽ സെന്ററില്‍ ഇഷാനെ എത്തിച്ചിരുന്നുവെങ്കിൽ മറ്റു കുട്ടികളെ പോലെ ഈ പ്രായത്തിൽ ഒരു വിദ്യാലയത്തിൽ ചേർന്ന് പഠിക്കാൻ അവനാകുമായിരുന്നുവെന്ന് ജുവലിലെ വിദഗ്ധർ പറയുന്നു. ഇഷാന് ട്രെയിനിങ് നൽകുന്നത് സ്മിതയെ ഒപ്പം നിർത്തിത്തന്നെയാണ്. അവനെ എങ്ങനെയാണ് പരിശീലിപ്പിക്കേണ്ടതെന്ന് മനസ്സിലാക്കാൻ ഒരു അമ്മയെന്ന നിലയിൽ ഇത് വളരെ സഹായകമാണെന്നാണ് സ്മിതയുടെ അഭിപ്രായം. 

എല്ലാ സ്കൂളുകളിലും ഒക്കുപേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി, ബിഹേവിയറൽ അനലിസിസ്സ് തുടങ്ങിയ കോഴ്സുകളിൽ പ്രാഗത്ഭ്യം നേടിയ അധ്യാപകരെ നിയമിക്കുന്നതിലൂടെ ഇത്തരം കുട്ടികളെ സഹായിക്കാനാവും. ASD ലക്ഷണങ്ങൾ കാണിക്കുന്ന കുട്ടികൾക്ക് കൃത്യമായ ഒരു ദിനചര്യ ഉണ്ടാക്കിയെടുക്കാൻ പ്രയാസമാണ്. എന്നാൽ ഇത് പരിശീലനത്തിലൂടെ അവരെ അഭ്യസിപ്പിച്ചാൽ, അത് അനുസരിച്ച് അവർക്ക് മുൻപോട്ടു പോവാനാവും. 

എല്ലാ മനുഷ്യരിലും അസ്വാഭാവികമായ ചില വൈകല്യങ്ങളുണ്ട്. എന്നാൽ പലരും ഇത് മറച്ചു പിടിക്കുന്നതിൽ സമർഥരാണ്. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് ഇതിനുള്ള കഴിവ് ഇല്ല. തങ്ങളുടെ പെരുമാറ്റ രീതിയിലെ അസ്വാഭാവികത മറച്ചുവയ്ക്കാൻ അവർക്ക് അറിയില്ല. ഇങ്ങനെ നോക്കുമ്പോൾ മറ്റ് യാതൊരു കുഴപ്പവുമില്ലയെന്ന് ‘‘കരുതപ്പെടുന്ന’’വരിൽ നിന്ന് ASD ലക്ഷണമുള്ള കുട്ടികളെ വ്യത്യസ്തമാക്കുന്നത് ബോധപൂർവം ഈ അസ്വാഭാവികതയെ മറച്ചു പിടിക്കുവാനുള്ള കഴിവ് മാത്രമാണ്. അതല്ലെങ്കിൽ ഓട്ടിസം ബാധിതരും മറ്റു വ്യക്തികളും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. 

തൃശ്ശൂർ ജില്ലയിലെ കുന്നംകുളം സ്വദേശികളാണ് സ്മിതയും കുടുംബവും. അഞ്ചു മാസമേ ആയിട്ടുള്ളൂ ഇഷാനെ ജുവലിൽ ചേർക്കുവാൻ വേണ്ടി കോട്ടയത്ത് എത്തിയിട്ട്. സ്മിതയുടെ  ഭർത്താവ് ഗിരീഷ്, ദുബായിൽ ജോലി ചെയ്യുന്നു. അമ്മയോടുള്ള അതേ അടുപ്പം ഇഷാന് അച്ഛനോടുമുണ്ട്. ലീവിന് വരുന്ന അച്ഛന്റെ കൂടെ ദൂരയാത്രകൾ പോവുന്നത് ഏറെ ഇഷ്ടമാണ്. മകൻ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കണമെന്ന ആഗ്രഹം മാത്രമേ ഈ അച്ഛനുമുള്ളൂ. അതിനായി ഭാര്യയ്ക്ക് പൂർണ പിന്തുണ നൽകി ഗിരീഷ് കൂടെത്തന്നെയുണ്ട്. വീട്ടിൽ എപ്പോഴും ആളും അനക്കവും ഉണ്ടാവുന്നതാണ് ഇഷാന് ഇഷ്ടം. ഏകാന്തത അവന് താങ്ങാനാവില്ലായെന്ന് സ്മിത പറയുന്നു. 

ഇഷാനെക്കുറിച്ച് ഒരൊറ്റ സ്വപ്നം മാത്രമേ  സ്മിതയ്ക്കുള്ളൂ. അത് അവന്‍ ഉയർന്ന വിദ്യാഭ്യാസം പൂർത്തിയാക്കണമെന്നോ ഉന്നത ഉദ്യോഗസ്ഥൻ ആവണമെന്നോ ഒന്നും അല്ല. ‘‘അവൻ നല്ലൊരു മനുഷ്യനാവണം. മനുഷ്യനെ അറിയുന്ന മനുഷ്യൻ ’’ അത്രയും മതി ഒരു അമ്മ എന്ന നിലയിൽ സ്മിതയ്ക്ക് സന്തോഷമാവാൻ. നാളെ പരിപൂർണ സുഖം പ്രാപിച്ച്, പ്രായപൂർത്തിയെത്തുന്ന ഒരു സമയത്ത്, സമൂഹം ചോദിച്ച പോലെ ‘‘എന്തിന് അവനെ ഒരു കച്ചവട വസ്തു ആക്കി?’’ എന്ന് അവൻ തന്നോട് ചോദിക്കില്ലായെന്ന് ഈ അമ്മയ്ക്ക് ഉറപ്പാണ്. കാരണം അത്തരം ഒരു ഇടുങ്ങിയ മനഃസ്ഥിതി ഉള്ളവനായി തന്റെ മകനെ വളർത്തുവാൻ സ്മിത തയാറല്ല. ‘‘മകൻ ഒരിക്കലും എന്നെ തള്ളിപ്പറയില്ല’’ എന്ന ഉറച്ച വിശ്വാസം സ്മിതയ്ക്കുണ്ട്. 

ഇഷാൻ മിടുക്കനായി വളരുമെന്ന് സ്മിതയ്ക്ക് ഉറപ്പാണ്. ഇപ്പോൾ ആ അമ്മയുടെ പ്രയത്നവും പ്രാർഥനയും തന്നെപ്പോലുള്ള അമ്മമാർക്കു വേണ്ടി മാത്രമാണ്. ഓട്ടിസം ബാധിതരായ കുട്ടികളെ എങ്ങനെ വളർത്തണമെന്നറിയാതെ ദുരിതമനുഭവിക്കുന്ന ധാരാളം അമ്മമാരെ ഇത്രയും നാളത്തെ യാത്രയിൽ കണ്ടുമുട്ടിയിട്ടുണ്ട് സ്മിത. അവർക്ക് ഇപ്പോൾ പ്രചോദനമാവുന്നത് സ്മിതയുടെ തൂലികയിൽ നിന്ന് അടർന്നു വീഴുന്ന വാക്കുകളാണ്. ഭർത്താവിന്റെയോ ബന്ധുക്കളുടെയോ സമൂഹത്തിന്റെയോ പിന്തുണ ലഭിക്കാത്ത ധാരാളം അമ്മമാർക്ക് പ്രതീക്ഷ നൽകാൻ ശ്രമിക്കുകയാണ് സ്മിത തന്റെ തൂലികയിലൂടെ. ‘‘സ്മിത ഞങ്ങൾക്ക് വേണ്ടിയാണ് എഴുതുന്നത് ’’ എന്ന് പല അമ്മമാരും പുഞ്ചിരിച്ചു കൊണ്ട് പറയുമ്പോൾ ഉണ്ടാവുന്ന സന്തോഷത്തിന് പകരം വയ്ക്കാൻ മറ്റൊന്നുമില്ലായെന്ന് സ്മിത പറയുന്നു. കാരണം മകന് വേണ്ടി പോരാടിയ ഈ അമ്മമനസ്സിന് അറിയാം, തന്നെപ്പോലെ ഉരുകുന്ന മറ്റ് മാതൃഹൃദയങ്ങളെ !......

Read More : Health News