Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശസ്ത്രക്രിയ വിജയം; ഏറ്റവും ഭാരം കൂടിയ കൗമാരക്കാരൻ എന്ന് ഇനി പറയില്ല

mihir

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ കൗമാരകാരനു ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയ വിജയം. പടിഞ്ഞാറൻ ഡൽഹിയിലെ ഉത്തർ നഗർ സ്വദേശി മിഹിർ ജയ്ൻ ആണു ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്കു വിധേയനായത്. പതിനാലുകാരനായ മിഹിറിന്റെ ഭാരം 237 കിലോഗ്രാമായിരുന്നു. ‘മിഹിറിനെ കണ്ടപ്പോൾ ശസ്ത്രക്രിയ വിജയകരമായി നടത്താൻ സാധിക്കുമെന്ന ഉറപ്പില്ലായിരുന്നു. ഗാസ്ട്രിക് ബൈപാസ് സർജറിക് വിധേയനാകുന്ന ലോകത്തിലെ ഏറ്റവും ഭാരം കൂടിയ കൗമാരക്കാരനാണ് മിഹിർ ജെയ്ൻ’, ശസ്ത്രക്രിയ നടത്തിയ ഡോ. പ്രദീപ് ചൗബോയ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. ഒരാഴ്ചക്കുള്ളിൽ മിഹിർ ആശുപത്രി വിടും. 

ജനന സമയത്ത് 2.5 കിലോയായിരുന്ന മിഹറിന്റെ ഭാരം അഞ്ചാം വയസയിൽ എഴുപതുകിലോയിലെത്തി. ‘ഞങ്ങളുടെ വീട്ടിലെ മിക്ക ആളുകൾക്കും അമിതഭാരം ഉള്ളതിനാൽ ഇതത്ര ഗൗരവമായെടുത്തില്ല. എന്നാൽ ഭാരം കാരണം മിഹിറിനു നടക്കാൻ സാധിക്കാത്ത അവസ്ഥയിലെത്തി കാര്യങ്ങൾ. സ്കൂളില്‍ പോകാനാകാതെ രണ്ടാം ക്ലാസ്സിൽ പഠിപ്പു നിർത്തേണ്ടതായി വന്നു’, മിഹറിന്റെ അമ്മ പൂജ പറഞ്ഞു. 2010ൽ മിഹിറിനു വൈദ്യ സഹായം തേടിയെങ്കിലും പ്രായക്കുറവ് ശസ്ത്രക്രിയ ചെയ്യുന്നതിനു തടസ്സമായി. 

‘മിക്കപ്പോഴും വീടിനകത്തു കിടക്കുകയോ ഇരിക്കുകയോ ആവും. എന്റെ പ്രിയപ്പെട്ട ഭക്ഷണം പാസ്തയും പിന്നെ പിസയുമാണ്’, മിഹിർ പറഞ്ഞു. കർശനമായ ആഹാര നിയന്ത്രണമായിരുന്നു ഡോക്ടർമാർ ആദ്യം നിർദേശിച്ചത്. ഇതേ തുടർന്ന് മിഹിറിന്റെ ഭാരം 196 കിലോ ഗ്രാമായി കുറഞ്ഞു. ഇനിയും ഭാരം കുറയണമെങ്കിൽ ശസ്ത്രക്രിയ മാത്രമാണു വഴിയെന്നു തിരിച്ചറിഞ്ഞ ഡോക്ടർമാർ ഏപ്രിലിൽ തിയതി നിശ്ചയിക്കുകയായിരുന്നു. കഴുത്തിലും തൊണ്ടയിലും നാക്കിലും കൊഴുപ്പടിഞ്ഞതിനാൽ പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ചാണു മിഹിറിനു അനസ്തേഷ്യ നൽകിയത്. 200 കിലോ ഭാരമുള്ള വ്യക്തിക്കു നൽകേണ്ട അനസ്തേഷ്യയെക്കുറിച്ചു മാർഗനിർദേശങ്ങളില്ലാത്തതും ‍ഡോക്ടർമാര്‍ക്കു വെല്ലുവിളിയായി. രണ്ടര മണിക്കൂർ നീണ്ടു നിന്ന  ശ്രമകരവും സങ്കീർണവുമായിരുന്നു. ശസ്ത്രക്രിയക്കു പ്രത്യേക ഉപകരണങ്ങൾ വേണ്ടിവന്നു. 

പരിശോധനകൾക്കു വേണ്ടി മാത്രമേ മിഹിറിന് ഇനി ആശുപത്രിയലേക്കു വരേണ്ടതുള്ളുവെന്നു ഡോ. പ്രദീപ് ചൗബോയ് പറഞ്ഞു. ആഹാരക്രമത്തിൽ നിയന്ത്രണം തുടരേണ്ടതുണ്ടന്നും അദ്ദേഹം വ്യക്തമാക്കി. അമിതഭാരം കൊണ്ടുണ്ടായ ബുദ്ധിമുട്ടുകൾ പാഠമാണെന്നും ജങ്ക് ഫുഡിന്റെ‌ അപകടം തിരിച്ചറിഞ്ഞെ‌ന്നും മിഹിറിന്റെ അമ്മ പൂ‍ജ പറഞ്ഞു. ബുദ്ധിപൂർവം ഭക്ഷണം കഴിക്കാൻ മകൾ നന്ദിനിയോടു നിർദേശിക്കുമെന്നും അവർ പറഞ്ഞു.

Read More : ആരോഗ്യവാർത്തകൾ