Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിപ്പയുടെ ഉറവിടം ഒടുവില്‍ കണ്ടെത്തി; ജാഗ്രതാനിർദേശവുമായി ആരോഗ്യവകുപ്പ്

PTI5_31_2018_000210B

കേരളത്തെ പിടിച്ചുകുലുക്കിയ നിപ്പ വൈറസ്‌ ബാധയുടെ ഉറവിടം ഒടുവിൽ കണ്ടെത്തി. കേരളത്തില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 17 പേരുടെ ജീവനെടുത്ത നിപ്പയ്ക്ക് പിന്നില്‍ പഴംതീനി വവ്വാലുകളാണെന്നാണു കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇത് സ്ഥിരീകരിക്കുന്നത്. 

പേരാമ്പ്രയിലെ ചെങ്ങരോത്തു വില്ലേജിലാണ് ആദ്യമായി നിപ്പ ബാധ പൊട്ടിപുറപ്പെട്ടത്‌. എന്നാല്‍ ഇവിടെ നിന്നും ശേഖരിച്ച സാമ്പിളുകളില്‍ നിപ്പ വൈറസ്‌ സാന്നിധ്യം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എങ്ങനെയാണ് രോഗം മനുഷ്യരിലേക്ക് വ്യാപിച്ചതെന്ന കാര്യത്തില്‍ സാംക്രമികരോഗവിദഗ്ധര്‍ ആശങ്കയിലായിരുന്നു. സാധാരണ വവ്വാലുകളില്‍ നിന്നാണ് നിപ്പ മനുഷ്യരിലേക്ക് പടരുന്നത്‌ എന്നിരിക്കെ ചെങ്ങരോത്തു നിന്നും  ശേഖരിച്ച സാമ്പിളുകള്‍ നെഗറ്റീവായത്‌ രോഗത്തിന്റെ ഉത്ഭവം സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. 

എന്നാല്‍ രണ്ടാമത് നടത്തിയ പരിശോധനയിലാണ് രോഗത്തിന്റെ ഉറവിടം പഴംതീനി വവ്വാലുകള്‍ തന്നെയാണെന്ന് സ്ഥിരീകരണം ഉണ്ടായതെന്നു കേന്ദ്രആരോഗ്യമന്ത്രി ജെ പി നന്ദ അറിയിച്ചു. വിനാശകാരികളായ ഈ വൈറസുകളുടെ സാന്നിധ്യം  ആദ്യം  ശേഖരിച്ച സാമ്പിളുകളില്‍ ഇല്ലാതെ പോയതാണ് വൈറസ്‌ ബാധയുടെ ഉറവിടം സംബന്ധിച്ച ആശയക്കുഴപ്പത്തിനു കാരണമായത്‌. 

മെയ്‌ മാസത്തില്‍ 21 വവ്വാലുകളില്‍ നിന്നാണ് രോഗബാധ നിര്‍ണയിക്കാന്‍ സാമ്പിളുകള്‍ ശേഖരിച്ചത്. എന്നാല്‍ അത് നെഗറ്റീവായതോടെ അടുത്ത ഘട്ടം 50 വവ്വാലുകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇവയിലാണ് നിപ്പ വൈറസ്‌ ബാധയ്ക്ക് കാരണമാകുന്ന വൈറസുകള്‍ ഉണ്ടെന്നു കണ്ടെത്തിയത്. 

കഴിഞ്ഞ ദിവസമാണ് കോഴിക്കോട്, മലപ്പുറം ജില്ലകളെ സര്‍ക്കാര്‍ നിപ്പാരോഗരഹിത ജില്ലകളായി പ്രഖ്യാപിച്ചത്.   

ജൂണ്‍ ഒന്നിനു ശേഷം നിപ്പ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് ഈ നടപടി. നിപ്പ മൂലം അവസാന മരണമുണ്ടായത് മേയ് 31ന് ആണ്. നിപ്പയുടെ നിരീക്ഷണ കാലഘട്ടം 21 ദിവസം ആണ്. എന്നാൽ, 31നു ശേഷം ഒരൊറ്റയാളിൽപ്പോലും നിപ്പ സ്ഥിരീകരിച്ചിട്ടില്ല. ഒട്ടേറെപ്പേരെ നിപ്പ ലക്ഷണങ്ങളോടെ നിരീക്ഷിച്ചെങ്കിലും എല്ലാവരുടെയും സാംപിൾ ഫലം നെഗറ്റീവ് ആയിരുന്നു. 21–ാം തീയതിയോടെ നിരീക്ഷണകാലം കഴിഞ്ഞെങ്കിലും 30 വരെ നിരീക്ഷണം തുടരാനായിരുന്നു ആരോഗ്യവകുപ്പ് തീരുമാനം. അതാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്‌. 

കേരളത്തില്‍ നിപ്പ ബാധിച്ചു മരിച്ചത് 17പേരാണ്.  ഇതില്‍ 14 പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നായിരുന്നു. ഇത് ഈ പ്രദേശങ്ങളില്‍ കടുത്ത ഭീതിക്ക് കാരണമായിരുന്നു. 

പഴംതീനി വവ്വാലുകള്‍ തന്നെ പലവിഭാഗങ്ങളില്‍ ഉള്‍പ്പെട്ടത് ഇന്ത്യയിലുണ്ട്. ഇവയില്‍ Pteropus giganteus, Eonycteris spelaea, Cynopterus, Scotophilus kuhlii , Hipposideros larvatu എന്നീ ഇനങ്ങളാണ് നിപ്പ വൈറസ്‌ വാഹകര്‍. 

വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ മനുഷ്യരിലേക്ക് നിപ്പ പകരാം. വൈറസ്‌ ബാധയുള്ള വവ്വാലുകളുടെ സ്രവങ്ങളില്‍ നിന്നാണ് രോഗം പടരുന്നത്‌. 

1998-99 കാലഘട്ടത്തില്‍ മലേഷ്യയിലാണ് ആദ്യമായി നിപ്പ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്. വവ്വാലുകളില്‍ നിന്നും പന്നികളിലേക്കും അവയില്‍ നിന്നു മനുഷ്യരിലേക്കുമാണ് അന്ന് രോഗം പടര്‍ന്നത്. 

മലേഷ്യയിലെ കാമ്പുങ് ബാറു സുങ്ഹായ് നിപാ എന്ന പ്രദേശത്തെ ഒരു രോഗിയിൽ നിന്ന് ആദ്യം വേർതിരിച്ചെടുത്തതു കൊണ്ടാണ് രോഗത്തിന് നിപ്പ എന്ന പേര് നല്‍കിയത്. 105 ആളുകളാണ് അന്ന് മരണമടഞ്ഞത്. മലേഷ്യയിൽ ഒരൊറ്റത്തവണയേ നിപ്പ ബാധയുണ്ടായിട്ടുള്ളൂ. എന്നാൽ, ബംഗ്ലദേശിൽ പല തവണ ആവർത്തിച്ചു. അവിടെയുള്ള അതേ സാഹചര്യം ഇവിടെയില്ലെങ്കിലും ജാഗ്രത തുടരാൻ തന്നെയാണ് ആരോഗ്യവകുപ്പ് തീരുമാനം.

Read More : Health News