Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഡിക്കൽ കോളജിൽ കണ്ട മദ്യപ ജീവിതങ്ങൾ; ഈ ഡോക്ടർ പറയുന്നതു കേൾക്കൂ...

nelson

മദ്യപാനം പ്രോത്സാഹിപ്പിക്കാനായി തുടങ്ങിയ ഫേസ്ബുക്ക് ഗ്രൂപ്പിൽ ആറ് മാസം കൊണ്ട് ലക്ഷക്കണക്കിന് അംഗങ്ങൾ എന്ന് കേട്ടപ്പോഴാണ് ആ ഗ്രൂപ്പിനെക്കുറിച്ച് സേർച്ച് ചെയ്തത്. അദ്ഭുതമെന്ന് പറയട്ടേ, ഞാനും ആ ഗ്രൂപ്പിൽ അംഗമാണ്...അല്ല, ആയിരുന്നു.

അദ്ഭുതമെന്താണെന്ന് വച്ചാൽ ഇന്ന് വരെ മദ്യപിച്ചിട്ടില്ല.

"ആൽക്കഹോൾ" പൂർണമായി ഉപയോഗിച്ചിട്ടില്ല എന്ന് പറഞ്ഞാൽ അതൊരു നുണയാകും. പണ്ട് വീട്ടിൽ വൈൻ ഉണ്ടാക്കുമ്പൊ കുടിക്കുമായിരുന്നു. വിവാഹത്തിനും മറ്റും പോകുമ്പൊഴും വൈൻ കുടിക്കാറുണ്ട്. ഒരേയൊരു തവണ ആരോ നിർബന്ധിച്ച് വായിലൊഴിച്ച ഒരു കവിൾ ബിയറും രുചി അറിഞ്ഞിട്ടുണ്ട്. അതല്ലാതെ ഒരിക്കൽപ്പോലും മനപ്പൂർവമോ അല്ലാതെയോ മദ്യപിച്ചിട്ടില്ല.

അത് 'സാധനം' കിട്ടാഞ്ഞിട്ടോ ആരെങ്കിലും വിലക്കിയിട്ടോ അല്ല. മദ്യപാനവും പുകവലിയും തുടങ്ങാതിരിക്കാൻ എനിക്ക് എൻ്റേതായ കാരണങ്ങളുണ്ട്. ഒന്നാമതായി മദ്യപാനവും പുകവലിയും തുടങ്ങാനായി ആളുകൾ പറയുന്ന കാരണങ്ങളൊന്നും മതിയായ കാരണമായിത്തോന്നിയിട്ടില്ലെന്നതാണ്.

അതിനർഥം ഒരു അഡിക്ഷനും എനിക്കില്ലെന്നല്ല. അഡിക്ഷനുണ്ട്. സിനിമ, കമ്പ്യൂട്ടർ, മ്യൂസിക് ഒക്കെ അഡിക്ഷനുകളാണ്. ഒപ്പം കാലങ്ങളനുസരിച്ച് മാറിവന്നവ വേറെയുമുണ്ട്.

മെഡിക്കൽ കോളജ് ജീവിതം ഒരു കണ്ണ് തുറക്കലായിരുന്നു. പ്രത്യേകിച്ച് ഹൗസ് സർജൻസി. വാർഡിലിരുന്ന് വെറുതെ കഥ കേൾക്കുന്നത് ഒരു സമയം പോക്കായിരുന്നതുകൊണ്ട് ഒരുപാട് ജീവിതം കാണാൻ കഴിഞ്ഞിട്ടുണ്ട്..

ഒരിക്കൽ മെഡിസിൻ വാർഡിൽ ഒരു പേഷ്യൻ്റ് വന്നും 32 വയസുള്ള ഒരു യുവാവാണ്. കരളിനു സിറോസിസാണ്. ഒരു തവണ ചികിൽസക്ക് ശേഷം ഡിസ്ചാർജ് ചെയ്ത് വീട്ടിൽ വിട്ടതാണ്. ആറ് മാസങ്ങൾക്ക് ശേഷം വീണ്ടും തിരിച്ച് വന്നു. ഇത്തവണ വന്നത് വീണ്ടും രക്തം ഛർദ്ദിച്ചുകൊണ്ടാണ്.ഭാര്യയുണ്ട്, ഒരു കുഞ്ഞുണ്ട്.

മദ്യപിക്കരുതെന്ന് തീരുമാനമെടുത്തും ഡീ അഡിക്ഷനു വരുമെന്ന് ഉറപ്പിച്ചുമാണയാൾ ആദ്യം മെഡിക്കൽ കോളജ് വിട്ടത്. തിരിച്ച് ചെന്ന് വീണ്ടും കൂട്ടുകാർ കുപ്പിയുമായി വീട്ടിൽ വന്നപ്പൊ പതിയെ അത് കാറ്റിൽ പറന്നു. പതിയെ കുടി തുടങ്ങി..ഇത്തവണ പക്ഷേ മെഡിസിൻ വാർഡിലെത്തുന്നത് വരെയേ അയാൾ കാത്തുനിന്നുള്ളൂ...ഭാര്യയെയും കുഞ്ഞിനെയും ഒരുപിടി പ്രശ്നങ്ങളുടെ നടുവിൽ തനിച്ചാക്കി അയാളെ മദ്യം കൊണ്ടുപോയി.

അയാൾ ഒരാൾ മാത്രമാണ്. വയറ്റിലെ നീര് ശ്വാസം മുട്ടിക്കുമ്പൊ കുപ്പിക്കണക്കിനു കുത്തിയെടുക്കുന്ന Ascitic tapping അഞ്ചാറെണ്ണമെങ്കിലും ചെയ്യാത്ത ആഴ്ചകളില്ല. മദ്യപിച്ചപ്പോൾ തോന്നിയ തോന്നലിൻ്റെ പുറത്ത് വിഷം കഴിച്ച് ജീവനും മരണത്തിനുമിടയിലൂടെ നടന്നവരും മരിച്ചവരും മെഡിസിനിൽ വന്നിരുന്നു.. മദ്യക്കുപ്പി അന്വേഷിച്ച് വാർഡ് മുഴുവൻ നടന്നവരും ഭാര്യയെ സംശയിച്ചവരും കുറവല്ല.

സൈക്യാട്രിയിലും കണ്ടു മദ്യം തകർത്ത ജീവിതങ്ങൾ. കാഷ്വൽറ്റിയിലും ഓർത്തോയിലും സർജറിയിലും വച്ച് മദ്യം അപകടത്തിൽ ചാടിച്ചവരും കുറവല്ലായിരുന്നു. അത്യാവശ്യം ബോധവും ചിന്തയുമുള്ള ഒരു കടുത്ത മദ്യപാനിക്കുപോലും മദ്യപാനം നിർത്താൻ ഇത്രയും കാരണങ്ങൾ ധാരാളം മതിയെന്ന് കരുതുന്നു..

അല്പം സ്വന്തം അനുഭവം പറയാം. ഞാനൊരു വലിയ സംഭവമാണെന്ന് കാണിക്കാനല്ല. അങ്ങനൊരു തെറ്റിദ്ധാരണ ആർക്കും വേണ്ട. പക്ഷേ മദ്യം ഉത്തരമായിപ്പറയുന്ന പലതും വെറും സാധാരണക്കാരനായ എനിക്ക് പോലും മദ്യമില്ലാതെ മറികടക്കാൻ പറ്റിയെന്ന് ഉദാഹരിക്കാനായി മാത്രം..

1. ലഹരി - മദ്യപാനം നൽകുന്ന യൂഫോറിയയും ഇൻഹിബിഷനില്ലായ്മയും ആസ്വദിക്കാൻ വേണ്ടിയാണ് ചിലരെങ്കിലും മദ്യപിക്കുന്നത്. പണ്ട് ഒരു അന്തർമുഖനായിരുന്നു ഞാൻ. ആളുകളുമായി സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും അടുത്തിടപഴകിത്തുടങ്ങിയപ്പോൾ അതിനൊരു മാറ്റം വന്നു.

ശരിയെന്ന് തോന്നുന്നത് ആരുടെയും മുഖത്ത് നോക്കിപ്പറയാമെന്നും അതിലൊരു തെറ്റുമില്ലെന്നും മനസിലാക്കി. അതുകൊണ്ട് തന്നെ ധൈര്യത്തിന് എനിക്ക് ഒരു ലഹരിയുടെയും ആവശ്യമില്ലെന്ന് പറയാൻ കഴിയും.

2. പരാജയങ്ങൾ - തോൽവി ഒരു സമയത്ത് ഒരു ശീലമായിരുന്നു. അങ്ങനെ അതിനോടുള്ള പേടിയും പോയി. തോൽക്കുന്നതിലും വലിയ കുറ്റകൃത്യം ശ്രമിക്കാതിരിക്കുന്നതാണെന്നും തോൽക്കുന്നതിനെ പേടിക്കേണ്ടെന്നും മനസിലായി..

അതുകൊണ്ടുതന്നെ തോൽക്കുന്നതുകൊണ്ട് മദ്യപാനം തുടങ്ങണമെന്ന് ഇതുവരെ തോന്നിയിട്ടില്ല. തോറ്റതുകൊണ്ട് നിരാശ തോന്നാനുള്ള ബോധം ഇല്ലാത്തതും കാരണമാവും.

3. കമ്പനിക്ക് - സുഹൃത്തുക്കളെ ഉണ്ടാക്കാനോ നിലനിർത്തിപ്പോരാനോ ഒരു മദ്ധ്യവർത്തിയുടെ, മദ്യത്തിൻ്റെ ആവശ്യം ഇത് വരെ ഫീൽ ചെയ്തിട്ടില്ല. ഒരുപാട് അടുത്ത സുഹൃത്തുക്കളൊന്നും എനിക്കില്ല. പക്ഷേ ഉള്ളവർ മദ്യത്തിൻ്റെ പുറത്തുള്ള സൗഹൃദമല്ല.

കല്യാണത്തലേന്ന് മദ്യം വിളമ്പിയിരുന്നില്ല. എന്നുവച്ച് വീട്ടിൽ അന്ന് ആരും വരാതെയിരുന്നില്ല. അനിയൻ്റെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സുഹൃത്തുക്കളടക്കം അന്ന് വൈകിട്ട് വീട്ടിലുണ്ടായിരുന്നു.

4. ടെൻഷൻ കുറയ്ക്കാൻ - ഒരുപാട് ടെൻഷനുള്ള ജോലികളാണ് ചെയ്യുന്നതെല്ലാം. പക്ഷേ മദ്യപിച്ച് സുബോധം നഷ്ടമായാൽ തീരുന്ന ടെൻഷനുകളല്ല അതൊന്നും. മിക്കതും നല്ല ക്രിസ്റ്റൽ ക്ലിയർ ബോധം ആവശ്യപ്പെടുന്നതാണ്.

പേഴ്സണലായി പറഞ്ഞാൽ പാട്ട് നല്ല സ്ട്രെസ് ബസ്റ്ററാണ്. പ്രത്യേകിച്ച് ഓരോ സന്ദർഭത്തിലും യോജിക്കുന്ന അർഥവത്തായ പാട്ടുകളുണ്ട്. ചിലപ്പൊ ബാക് ഗ്രൗണ്ട് സ്കോറുകൾ മാത്രം (ബ്രേവ് ഹാർട്ട്, ഗ്ലാഡിയേറ്റർ ഒക്കെ...ഹാൻസ് സിമ്മർ ഒരു ലെജൻഡാണ്) കേൾക്കും..അതല്ലെങ്കിൽ ആനിമേഷൻ സിനിമകൾ..ഇതൊന്നുമല്ലെങ്കിൽ മനസ് തുറക്കാൻ അടുപ്പമുള്ള ഒരുപിടി ആളുകളുണ്ടാവും..

ഇനി ഇത്രയൊക്കെ കേട്ടിട്ടും ന്യായീകരിക്കാൻ തോന്നുന്നുണ്ടോ? ആൽക്കഹോൾ യൂസ് ഡിസോർഡർ ( Alcohol use disorder - മുൻപ് " Alcohol abuse " എന്നും " Alcohol Dependence " എന്നും രണ്ടായി തിരിച്ചിരുന്നത് ) ഉണ്ടോ എന്നറിയാനുള്ള ക്രൈറ്റീരിയ പറയാം. അതുകൂടെ വായിച്ചോളൂ.

കഴിഞ്ഞ ഒരു വർഷത്തെ സംഭവങ്ങൾ ഓർമയിൽ വച്ചുകൊണ്ട് താഴേക്ക് വായിക്കുക..

1. കഴിഞ്ഞ വർഷം നിങ്ങൾ വിചാരിച്ചതിലും കൂടുതൽ നേരം അല്ലെങ്കിൽ കൂടുതൽ അളവ് മദ്യപിച്ച സന്ദർഭങ്ങളുണ്ടായിട്ടുണ്ടോ?

2. കഴിഞ്ഞ വർഷം മദ്യപാനം കുറയ്ക്കണമെന്നോ നിർത്തണമെന്നോ ഒന്നിലധികം തവണ ആഗ്രഹിക്കുകയോ ശ്രമിക്കുകയോ ചെയ്യുകയോ അതിനു കഴിയാതെ വരികയും ചെയ്തിട്ടുണ്ടോ?

3. കഴിഞ്ഞ വർഷം മദ്യപാനത്തിനായി ഏറെ സമയം ചിലവഴിക്കുകയുണ്ടായോ? മദ്യപാനം മൂലം രോഗാവസ്ഥയിലാവുകയോ മറ്റ് പ്രത്യാഘാതങ്ങളുണ്ടാവുകയും ചെയ്തിട്ടുണ്ടോ?

4. മദ്യപിക്കണമെന്ന ആഗ്രഹം മൂലം മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാൻ കഴിയാത്ത അവസ്ഥയുണ്ടായോ? കഴിഞ്ഞ വർഷം അത്തരം സന്ദർഭങ്ങളുണ്ടായോ?

5. കഴിഞ്ഞ വർഷം മദ്യപാനത്താലോ അതുകൊണ്ടുണ്ടാവുന്ന രോഗങ്ങളാലോ വീടിനെ ശ്രദ്ധിക്കുന്നതിൽ വീഴ്ചയുണ്ടാവുന്നതായി ശ്രദ്ധയിൽപ്പെട്ടോ? സ്കൂളിലോ ജോലിസ്ഥലത്തോ പ്രശ്നങ്ങളുണ്ടായിട്ടുണ്ടോ?

6. വീട് / സുഹൃത്തുക്കൾ എന്നിവയുമായി പ്രശ്നങ്ങളുണ്ടായിട്ടും മദ്യപാനം തുടർന്നോ?

7. ആഹ്ലാദം തന്നുകൊണ്ടിരുന്ന / പ്രധാനപ്പെട്ടവയായിരുന്ന മറ്റ് പ്രവൃത്തികൾ മദ്യപാനം മൂലം വെട്ടിക്കുറയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തിട്ടുണ്ടോ?

8. മദ്യപാനത്തിനു ശേഷം അപകടസാദ്ധ്യത ഉയർന്ന സന്ദർഭങ്ങളുണ്ടായിരുന്നോ? - ഡ്രൈവ് ചെയ്യുക, നീന്തുക, മെഷിനറികൾ പ്രവർത്തിപ്പിക്കുക, അപകടസാദ്ധ്യതയുള്ള മേഖലയിലൂടെ നടക്കുക, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിൽ ഏർപ്പെടുക.

9. ഒരു രോഗാവസ്ഥ വഷളാക്കുക, ഡിപ്രഷനോ ആങ്ങ്സൈറ്റിയോ ഉണ്ടാവുക, ഓർമക്കുറവുണ്ടാവുക എന്നിവയിലേതെങ്കിലുമുണ്ടായിട്ടും മദ്യപാനം തുടരുന്ന അവസ്ഥയുണ്ടായോ?

10. സാധാരണ ലഭിക്കുന്ന എഫക്റ്റ് കിട്ടാൻ കൂടുതൽ മദ്യപിക്കേണ്ടതായി വരുന്നുണ്ടോ? അല്ലെങ്കിൽ ഇപ്പോഴുള്ള അത്ര അളവ് കഴിച്ചിട്ടും മുൻപുള്ളത്ര എഫക്റ്റ് കിട്ടുന്നില്ല എന്ന് അനുഭവപ്പെടുന്നുണ്ടോ?

11. മദ്യത്തിൻ്റെ എഫക്റ്റ് ഇല്ലാതാവുമ്പോൾ വിത് ഡ്രോവൽ ലക്ഷണങ്ങൾ ഉണ്ടാവുന്നുണ്ടോ? വിറയൽ, ഉറക്കമില്ലായ്മ, ഓക്കാനം, നെഞ്ചിടിപ്പ് കൂടുന്ന അവസ്ഥ, വിയർക്കൽ, ഫിറ്റ്സ് / അപസ്മാരം, അല്ലെങ്കിൽ ഇല്ലാത്ത വസ്തുക്കളോ കാര്യങ്ങളോ ഉളളതായിത്തോന്നൽ ഇവ.

ഈ പതിനൊന്നെണ്ണത്തിൽ 2-3 ലക്ഷണങ്ങളുണ്ടെങ്കിൽ ലഘുവായ ആൽക്കഹോൾ യൂസ് ഡിസോർഡറും 4-5 ലക്ഷണങ്ങളുണ്ടെങ്കിൽ മോഡറേറ്റ് ആൽക്കഹോൾ യൂസ് ഡിസോർഡറും 6 ൽ കൂടുതലാണെങ്കിൽ Severe ആൽക്കഹോൾ യൂസ് ഡിസോർഡറുമുണ്ടാവാം...

സൂക്ഷിച്ചാൽ ദുഖിക്കേണ്ട

(ഇൻഫോക്ലിനിക് അഡ്മിനാണ് ലേഖകൻ)

Read More : Health Magazine