Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എലിപ്പനി പടരുന്നു; ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്

leptospirosis

മഴ കനത്തതോടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും എലിപ്പനി റിപ്പോർട്ട് ചെയ്തുതുടങ്ങി. രോഗം പടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് അധികൃതർ. പനി ബാധിച്ചു ചികിത്സ തേടുന്നവർക്കെല്ലാം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ നൽകണമെന്ന് ആശുപത്രികൾക്കു നിർദേശം നൽകിയതായി തിരുവനന്തപുരം ജില്ലാമെഡിക്കൽ ഓഫീസർ പി.പി പ്രീത അറിയിച്ചു. ആഴ്ചയിൽ രണ്ടു ഗുളികയാണു കഴിക്കേണ്ടത്. 

ലക്ഷണങ്ങൾ ഇങ്ങനെ
കടുത്ത പനി, കഠിനമായ തലവേദന, കണ്ണിനു ചുവപ്പ്, തൊലിപ്പുറത്ത് ചുവന്ന തടിപ്പ്, ത്വക്കിനടിയിൽ രക്തം പൊടിയുക, വെളിച്ചത്തിലേക്കു നോക്കാന്‍ പ്രയാസം എന്നിവയാണു ലക്ഷണങ്ങൾ. ശരീരത്തിൽ മുറിവുള്ളവർ മലിനജല സമ്പർക്കം ഒഴിവാക്കണം. നേരത്തേ കണ്ടെത്തിയാൽ രോഗം ചികിത്സിച്ചു മാറ്റാം. വൃക്ക, ഹൃദയം, ശ്വാസകോശം, നാഡീ ഞരമ്പ് തുടങ്ങിയ അവയവങ്ങളെയാണു രോഗം ബാധിക്കുക. എലിപ്പനിക്കു കാരണമായ ലെപ്റ്റോ സ്പൈറോസിസ് ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചു 68 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. ചില രോഗികളിൽ നെഞ്ചുവേദന, വരണ്ട ചുമ, തുപ്പലിൽ രക്തം തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കാം.

രോഗം പകരുന്നത് എങ്ങനെ?
എലിമൂത്രം, എലിപ്പനിയുള്ള മൃഗങ്ങൾ വഴിയാണു രോഗം പകരുക. എലിമൂത്രം കലർന്ന വെള്ളം ശരീരത്തിലെത്തിയാലും രോഗം ബാധിക്കും. വെളളത്തിൽ ജോലിയെടുക്കുന്നവരിൽ ചർമത്തിൽ ഉണ്ടാകുന്ന മാർദവവും ബാക്ടീരിയകൾക്ക് ഉള്ളിൽ കയറാൻ സാധ്യതയൊരുക്കും. 

കുളിക്കുന്ന വെള്ളത്തിൽ എലിമൂത്രം കലർന്നിട്ടുണ്ടെങ്കിൽ കണ്ണിലൂടെയും അവ ശരീരത്തിലെത്തും. എലിമൂത്രം കലർന്ന വെള്ളത്തിലൂടെ വളർത്തുമൃഗങ്ങളുടെ ശരീരത്തിലും ബാക്ടീരിയകൾ കയറിപ്പറ്റും. ഇവയുടെ ശരീരത്തിൽ നിന്നുള്ള മൂത്രം, സ്രവങ്ങൾ എന്നിവ വഴിയാണു രോഗണുക്കൾ ഭൂമിയിലെത്തുക.

പ്രതിരോധ മാർഗങ്ങൾ

∙ കെട്ടിക്കിടക്കുന്നതും കലങ്ങിയതുമായ വെള്ളത്തിലെ കുളി ഒഴിവാക്കുക.

∙ ഓടകൾ, കുളങ്ങൾ, വെള്ളക്കെട്ടുകൾ എന്നിവയിൽ കയ്യുറ, കാലുറ എന്നിവ ധരിക്കാതെ ഇറങ്ങരുത്.

∙ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സയ്ക്കു മുതിരാതെ വിദഗ്ദ ചിക്ത്സയ്ക്കു വിധേയമാകണം.

Read More : ആരോഗ്യവാർത്തകൾ