Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകം ഒന്നടങ്കം പറയുന്നു; ഡോ.റിച്ചാര്‍ഡ്‌, നിങ്ങളാണ് യഥാര്‍ഥ സൂപ്പര്‍ ഹീറോ

ഡോ. റിച്ചാര്‍ഡ് ഹാരിസ്

തായ്‌ലന്‍ഡ്‌ ഗുഹയില്‍ അകപെട്ട കുട്ടികളെയും കോച്ചിനെയും അതിസാഹസികമായി പുറത്തെത്തിച്ച വാര്‍ത്ത ലോകം ഞെട്ടലോടെയും അതിശയത്തോടെയുമാണ് കണ്ടതും കേട്ടതും. ലോകം യഥാര്‍ഥ ഹീറോകള്‍ എന്ന് വാഴ്ത്തിയ ചിലരെ കുറിച്ചു ലോകം അറിഞ്ഞതും ഈ ഒരൊറ്റ ഉദ്യമത്തിലൂടെയായിരുന്നു. ആ കൂട്ടത്തില്‍ എല്ലാവരും ഒരേസ്വരത്തില്‍ ഹീറോ എന്ന് വിളിച്ച ആളാണ്‌ റിച്ചാര്‍ഡ്‌ ഹാരിസ്. തായ് ഗുഹയിലെ രക്ഷാദൗത്യത്തിനു നേതൃത്വം നല്‍കിയ പ്രമുഖരില്‍ പ്രധാനിയാണ്‌ ഡോക്ടര്‍ കൂടിയായ റിച്ചാര്‍ഡ്‌ ഹാരിസ്. 

അനസ്തേഷ്യ വിദഗ്ദനായ ഡോ. റിച്ചാർഡ് ഹാരിസ്,  ഗുഹയിൽ കുടുങ്ങി മരിച്ച സാഹസിക ഡൈവർ മിലൗക്കയുടെ മൃതദേഹം കണ്ടെത്തി പുറത്തെത്തിച്ചതോടെയാണു ശ്രദ്ധേയനായത്. തായ് രക്ഷാദൗത്യത്തിനെത്തിയ ബ്രിട്ടിഷ് സംഘമാണ് റിച്ചാർഡിന്റെ സേവനം ആവശ്യപ്പെട്ടത്. ഒരു അവധിയാഘോഷത്തിലായിരുന്ന അദ്ദേഹം അത് റദ്ദാക്കിയാണ് രക്ഷാപ്രവര്‍ത്തനത്തിന് അതിവേഗമെത്തിയത്. തായ് ഗുഹയില്‍ നിന്നും അവസാനത്തെ ആളും പുറത്തിറങ്ങിയ ശേഷമാണ് ഡോക്ടര്‍ റിച്ചാര്‍ഡ്‌ പുറത്തിറങ്ങിയത്. അതും മണിക്കൂറുകള്‍ക്ക് ശേഷം..

ഗുഹയ്ക്കുള്ളില്‍ പ്രവേശിച്ച് ഓരോ കുട്ടിയുടെയും ആരോഗ്യനില പരിശോധിച്ചത് ഇദ്ദേഹമാണ്. മാത്രമല്ല ഗുഹയില്‍ അകപെട്ടു പോയവര്‍ക്ക് മാനസികമായി ധൈര്യം നല്‍കാനായി മൂന്നു ദിവസത്തോളം ഇദ്ദേഹവും ഇരുട്ട്ഗുഹയില്‍ ചിലവിട്ടിരുന്നു. താം ലുവാങ്‌ ഗുഹയില്‍നിന്നു ആദ്യം പുറത്തിറക്കുന്നത് ആരെയാകണം എന്ന കാര്യത്തില്‍ ആദ്യം എല്ലാവർക്കും ഏറെ ആശയക്കുഴപ്പം ഉണ്ടായിരുന്നു.

 എന്നാല്‍ കുട്ടികളെ പുറത്തെത്തിക്കാന്‍ വെള്ളം ഇറങ്ങുംവരെ കാത്തിരിക്കണമെന്ന ഉപദേശം തള്ളാനുള്ള കാരണം ഡോക്‌ടര്‍ പകര്‍ന്ന ധൈര്യമാണ്‌. 

കുട്ടികളെയും കോച്ചിനെയും പരിശോധിച്ചശേഷം അദ്ദേഹമാണു പുറത്തിറങ്ങാനുള്ള ക്രമം നിശ്‌ചയിച്ചത്‌. കൂട്ടത്തില്‍ ഏറ്റവും ഉയരം കുറഞ്ഞ മോണ്‍ഖാലോ ബൂണ്‍പിയാനി(മാര്‍ക്ക്‌ -13)ലാണ്‌ ആദ്യം ഹാരിസിന്റെ കണ്ണു പതിഞ്ഞത്‌.  അങ്ങനെ ക്രമം നിശ്‌ചയിക്കപ്പെട്ടു. ഏറ്റവും ആരോഗ്യം കുറവുള്ളതും നീളം കുറഞ്ഞതുമായ കുട്ടിയെ ആദ്യം പുറത്തെത്തിക്കാം എന്ന തീരുമാനം എടുത്തത് ഡോക്ടര്‍ റിച്ചാര്‍ഡ്‌ ആയിരുന്നു.

എന്നാല്‍ ലോകത്തിന്റെ മുഴുവന്‍ ഹീറോയായി വാഴ്ത്തപ്പെട്ട ഡോക്ടറുടെ ജീവിതത്തില്‍ ഈ സന്തോഷത്തിന്റെ നിറം കെടുത്തുന്നൊരു വാര്‍ത്തയാണ് ഇന്നലെ എത്തിയത്. അദ്ദേഹത്തിന്റെ പിതാവ് പെട്ടെന്നുണ്ടായ രോഗം മൂലം മരണമടഞ്ഞു. ഇത്രയും വലിയൊരു സാഹസികപ്രവര്‍ത്തിയുടെ ക്ഷീണവും മാനസികസംഘര്‍ഷവും ഒഴിയും മുൻപെയാണ് അദ്ദേഹത്തെ തേടി ഈ വാര്‍ത്ത വന്നത്. 

ഗുഹാദൗത്യത്തിൽ ഡോ.റിച്ചാർഡിന്റെ സേവനങ്ങൾ അഭിമാനകരമാണെന്നു ദക്ഷിണ ഓസ്ട്രേലിയൻ ആംബുലൻസ് സർവീസ് വൃത്തങ്ങൾ പറഞ്ഞു. റിച്ചാർഡിന്റെ സേവനങ്ങൾ കണക്കിലെടുത്ത് അദ്ദേഹത്തിനും സംഘത്തിനും ആദരമൊരുക്കുമെന്ന് ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി ജൂലി ബിഷപ്പ് അറിയിച്ചിട്ടുണ്ട്. 

ഇത്രയും സ്വാര്‍ഥത ഇല്ലാത്തൊരു മനുഷ്യനെ താന്‍ കണ്ടിട്ടില്ല എന്നാണ് അദ്ദേഹത്തിന്റെ സുഹൃത്ത് സ്യൂ ക്രൂ പറയുന്നത്. ഏറ്റവും മികച്ച ഓസ്ട്രേലിയന്‍ എന്നാണ് ഓസ്ട്രേലിയൻ മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ സേവനത്തെ വിശേഷിപ്പിച്ചത്‌. ഓസ്ട്രേലിയ, ന്യൂസ്‌ലന്‍ഡ്‌, ചൈന എന്നിവിടങ്ങളില്‍ നിരവധി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം  ഇതിനു മുന്‍പ് നേതൃത്വം നല്‍കിയിട്ടുണ്ട്. സാഹസിക നീന്തലിനിടെ ചിത്രങ്ങളെടുക്കുന്നതാണു ഡോക്‌ടറുടെ മറ്റൊരു ഹോബി. 

Read More : Health News