Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോൺസൺ പൗഡർ മൂലം അർബുദം; പിന്നിലെന്ത്?

baby-powder

ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ടാൽക്കം പൗഡർ മൂലം അണ്ഡാശയ അർബുദം ബാധിച്ചതായി പരാതിപ്പെട്ട് 22 സ്ത്രീകൾ നൽകിയ കേസിൽ 470 കോടി ഡോളർ (ഏകദേശം 32,000 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ യുഎസ് സംസ്ഥാനമായ മിസോറിയിൽ കോടതി വിധി. 

പൗഡറിൽ അർബുദത്തിനിടയാക്കുന്ന ആസ്ബെസ്റ്റോസ് അടങ്ങിയിട്ടുണ്ടെന്ന പരാതിയുമായി രോഗബാധിതരായ 9000ൽ പരം സ്ത്രീകളാണു കോടതിയെ സമീപിച്ചത്. ഇതിലെ ആദ്യ വിധിയാണിത്, ഏറ്റവും വലിയ നഷ്ടപരിഹാരത്തുകയുടേതും. പരാതിക്കാരായ 22 സ്ത്രീകളിൽ ആറുപേർ അർബുദം ബാധിച്ചു മരിച്ചതിനാൽ നഷ്ടപരിഹാരം അവരുടെ കുടുംബങ്ങൾക്കു ലഭിക്കും.  

വിധിക്കെതിരെ അപ്പീൽ നൽകുമെന്നും കമ്പനിയുടെ പൗഡറിൽ ആസ്ബെസ്റ്റോസ് ഇല്ലെന്നും പൗഡർ അർബുദമുണ്ടാക്കില്ലെന്നും ജോൺസൺ വക്താവ് കരോൾ ഗൂഡ്റിച് അറിയിച്ചു. കമ്പനിക്കെതിരായ കേസുകളിൽ മുൻപുണ്ടായ വിധികളെല്ലാം പിന്നീട് തിരുത്തപ്പെട്ടിട്ടുണ്ടെന്നും കമ്പനി അവകാശപ്പെട്ടു. 

ആസ്ബെസ്റ്റോസിന്റെ സാന്നിധ്യം 40 വർഷമായി കമ്പനി മറച്ചുപിടിക്കുകയായിരുന്നുവെന്നു പരാതിക്കാരുടെ അഭിഭാഷകൻ മാർക്ക് ലാനിയർ ചൂണ്ടിക്കാട്ടി. പൗഡറിന്റെ അസംസ്കൃത വസ്തുവിൽ ആസ്ബെസ്റ്റോസ് ഉണ്ടെന്നും അതു അർബുദത്തിനിടയാക്കുന്നുവെന്നും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ആസ്ബെസ്റ്റോസിന്റെ അംശം അണ്ഡാശയത്തിൽ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. 1970കൾക്കു ശേഷമാണ് ആസ്ബെസ്റ്റോസ് നീക്കിയ അസംസ്കൃത വസ്തു പൗഡർ നിർമാണത്തിന് ഉപയോഗിച്ചുതുടങ്ങിയത്. എന്നാൽ ഇതും അർബുദത്തിനിടയാക്കുന്നതായി ചില പരിശോധനകളിൽ കണ്ടെത്തിയിട്ടുണ്ടെന്നു ഹർജിക്കാർ വാദിച്ചു.

Read More : Health News