Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനറിക് മരുന്നുകൾ ഇന്ത്യയിൽ നിന്നുമെത്തിക്കാൻ ചൈന ഒരുങ്ങുന്നു

medicine Representative Image

യുഎസുമായി ദൈർഘ്യമുള്ള വ്യാപാര യുദ്ധത്തിന് സാധ്യതകൾ തെളിഞ്ഞതോടെ ഇന്ത്യയിലെ മരുന്ന് നിർമാതാക്കളിലേക്ക് ചൈന ഉറ്റുനോക്കുന്നതായി റിപ്പോർട്ട്. ഇന്ത്യന്‍ നിർമിത മരുന്നുകൾക്ക് എത്രയും പെട്ടെന്ന് കാര്യനിർവഹണത്തിനുള്ള അംഗീകാരം നൽകാൻ ചൈന ഒരുങ്ങുന്നതായാണ് കയറ്റുമതി രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ. ഇറക്കുമതി തീരുവയെച്ചൊല്ലിയുള്ള തർക്കങ്ങൾ ഉടലെടുത്തതോടെ യുഎസുമായി വ്യാപാര യുദ്ധത്തിന് സാധ്യത തെളിഞ്ഞതാണ് മറ്റു വ്യാവയാസിക പങ്കാളികളെ കണ്ടെത്താൻ ചൈനയെ പ്രേരിപ്പിക്കുന്നത്. ജനറിക് മരുന്നുകള്‍, ചില ഇനം അരി, പഞ്ചസാര തുടങ്ങി വിവിധ ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ ചൈനക്കുള്ള ആവശ്യം കണ്ടറിഞ്ഞ് നീങ്ങാനാണ് ഇന്ത്യയുടെ പദ്ധതി. 

ചൈന ഇപ്പോൾ അനുകുലമായാണ് ചിന്തിക്കുന്നതെന്നാണ് അനുമാനമെന്നും വിലയുടെ കാര്യത്തിൽ സ്വീകാര്യമായ നിലപാട് മാത്രമാണ് മുന്നിലുള്ള ഏക കടമ്പയെന്നും ചൈനയുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തതിനായി പ്രവർത്തിക്കുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ജനറിക് മരുന്നുകളുടെ ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതിക്കാരിൽ ഒരാളാണ് ഇന്ത്യ. 2017–18 കാലഘട്ടത്തിൽ 17.3 ലക്ഷംകോടി രൂപ വിലമതിക്കുന്ന ജനറിക് മരുന്നുകളാണ് യുഎസ്, യൂറോപ്യൻ യൂണിയൻ തുടങ്ങിയ മേഖലകളിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്തത്. എന്നാൽ ഇതിൽ ഒരു ശതമാനം മാത്രമാണ് ചൈനയിലേക്ക് കയറ്റുമതി ചെയ്തത്. ലോകത്തിലെ രണ്ടാമത്തെ ഔഷധ വിപണിയാണ് ചൈന.

അപേക്ഷ സമർപ്പിച്ച് ആറുമാസത്തിനകം ഇന്ത്യൻ നിർമാതാക്കൾക്ക് ചൈനയിലേക്ക് കയറ്റുമതി നടത്താൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് വാണിജ്യ മന്ത്രാലയത്തിനു കീഴിൽ വരുന്ന ഫാർമസ്യൂട്ടിക്കൽസ് എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ ചെയർമാൻ ദിനേഷ് ദുവ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. യൂറോപ്യൻ യൂണിയന്‍റെ അംഗീകാരമുള്ള ഇന്ത്യൻ നിർമാതാക്കാൾക്ക് ആറുമാസത്തിനകം ചൈനയുടെ വിപണിയിൽ പ്രവേശിക്കാനുതകുന്ന വിധം വ്യാവസായിക ഡ്രഗ് ലൈസൻസ് നൽകണമെന്ന് ചൈനീസ് അധികാരികൾ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നാണ് തങ്ങൾക്ക് ലഭിച്ച വിവരമെന്ന് ദുവ കൂട്ടിച്ചേർത്തു. മരുന്നുകളുടെ കാര്യത്തിൽ പരസ്പര സഹകരണം വർധിപ്പിക്കുന്നതിനും ഇന്ത്യൻ നിർമിത മരുന്നുകൾക്ക് വിപണിയിൽ കൂടുതൽ സ്ഥാനം നൽകുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യമായ നടപടിക്രമങ്ങൾ  സ്വീകരിച്ചിട്ടുണ്ടെന്ന ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുൻയുങിന്‍റെ പ്രസ്താവന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശുഭസൂചകമാണ്. 

Read More : Health News