Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിപ്പ; മരിച്ച 17 പേർക്കും രോഗം ബാധിച്ചത് ആദ്യം മരിച്ച സാബിത്തിൽ നിന്ന്

Nipah virus

കേരളത്തില്‍ നിപ്പ വൈറസ്‌ വിതച്ച ഭീതി ഒന്ന് കെട്ടടങ്ങുകയാണ്. ജൂണ്‍ പകുതിക്കു ശേഷം കേരളത്തില്‍ നിപ്പ വൈറസ്‌ ബാധ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും നിപ്പ വൈറസ്‌ ബാധയുടെ നിഴലില്‍ ഇപ്പോഴും രോഗം ബാധിച്ച സ്ഥലങ്ങളില്‍ ആരോഗ്യവകുപ്പ് ജാഗരൂകരാണ്. രോഗത്തെ നിയന്ത്രണത്തിലാക്കിയെന്നു സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും രോഗം എങ്ങനെയാണ് 17 പേരുടെ ജീവനെടുത്തത് എന്നത് സംബന്ധിച്ചു ഇപ്പോഴും ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. 

പഴം തീനി വവ്വാലുകളില്‍ നിന്നാണ് രോഗം മനുഷ്യരിലേക്ക് പടര്‍ന്നതെന്ന് കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ രോഗം ബാധിച്ചു മരിച്ച 17 പേര്‍ക്കും രോഗം പടര്‍ന്നത് ആദ്യ നിപ്പ വൈറസ്‌ ഇരയായ പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ മുഹമ്മദ്‌ സാബിത്തില്‍ നിന്നാണെന്നു കേരളസർക്കാരിന്റെ ഏറ്റവും പുതിയ പഠനം പറയുന്നു.

 നിപ്പ വൈറസ് ബാധിച്ചുള്ള കേരളത്തിലെ ആദ്യ മരണമായിരുന്നു പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ സാബിത്തിന്റേത്. 

മെയ് അഞ്ചിനു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു സാബിത്തിന്റെ മരണം. മെയ് 18നു സാബിത്തിന്റെ സഹോദരന്‍ സ്വാലിഹും കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നിപ്പ പനി മൂലം മരണപ്പെട്ടിരുന്നു. 

ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്‌ പ്രകാരം സബിത്തിനാണ് പഴം തീനി വവ്വാലുകളില്‍ നിന്നും ആദ്യമായി നിപ്പ ബാധിച്ചത്. ഇദ്ദേഹം ചികിത്സ തേടിയ ശേഷമാണ് മറ്റു മരണങ്ങള്‍ സംഭവിക്കുന്നത്‌. 

സാബിത്തിന്റെ മരണത്തിനു പിന്നാലെ സഹോദരന്‍ സ്വാലിഹിന്റെ ചികിത്സ നടക്കുമ്പോള്‍ തന്നെ നിപ്പ വൈറസ് ആണോ രോഗകാരണമെന്ന സംശയം ഡോക്ടര്‍മാര്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഇതിനിടയില്‍ തന്നെ ഇവരുടെ ബന്ധുവായ സ്ത്രീയും സമാനലക്ഷണങ്ങളുമായി ആശുപത്രിയിലായിരുന്നു.  

സാബിത്തില്‍ നിന്നാണ് പേരാമ്പ്ര താലുക്ക് ആശുപത്രിയിലെ നാലുപേര്‍ക്കും പിന്നീടു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും പത്തുപേര്‍ക്കും നിപ്പ പിടിപെടുന്നത്. എട്ടു മാസങ്ങള്‍ക്ക് മുന്‍പ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ സാബിത്തിനു എങ്ങനെയാണ് ആദ്യം രോഗം പിടിപെട്ടത്‌ എന്നത് ഇപ്പോഴും ദുരൂഹമാണ്. 

മെയ്‌  2 നാണ് സാബിത് ആദ്യമായി പേരാമ്പ്ര ആശുപത്രിയില്‍ ചികിത്സ തേടുന്നത്. അടുത്ത ദിവസം രോഗം മൂർഛിച്ച് വീണ്ടും അഡ്മിറ്റ്‌ ആകുകയായിരുന്നു. ഇവിടെ വച്ചാണ് നഴ്സ് ലിനി അടക്കമുള്ളവര്‍ക്ക് രോഗം പടരുന്നത്‌. മെയ്‌ 4 നു സാബിത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് സിടി സ്കാന്‍ ചെയ്യാൻ കൊണ്ടു പോയിരുന്നു. ഇതുവഴിയാകാം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗം പടര്‍ന്നത്. 

പത്തു പേര്‍ക്കാണ് ഇവിടെ നിന്നും ഒറ്റദിവസം കൊണ്ട് രോഗം പടര്‍ന്നത്. എന്നാല്‍ സാബിത് മരണടഞ്ഞ ശേഷം ഇദ്ദേഹത്തിന്റെ രക്തസാമ്പിളുകള്‍ ശേഖരിച്ചിരുന്നില്ല. വൈകാതെ തന്നെ സാബിത്തിന്റെ സഹോദരനും രോഗലക്ഷണം ആരംഭിക്കുകയും ഇയാളും മരണമടയുകയും ചെയ്തു. ഇവരുടെ പിതാവും ബന്ധുവായ ഒരു സ്ത്രീയും പിന്നാലെ മരണമടഞ്ഞതോടെയാണ്‌ കേരളം നിപ്പ ഭീതിയിലായത്. 

തുടര്‍ന്ന് രാഗം ബാധിച്ചവരുടെ രക്തസാമ്പിളുകള്‍ മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ സെന്ററിലേക്കും പൂനെ വൈറോളജി ലാബിലേക്കും അയച്ചു. വവ്വാല്‍ പോലുള്ള പക്ഷികളില്‍ നിന്നും പകരുന്നു നിപ്പ വൈറസാണ് (Nipah Virus -Niv) രോഗകാരണമെന്ന സ്ഥിരീകരണം വരുന്നത് അവിടെ നിന്നാണ്. വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ട പേരാമ്പ്ര സ്വദേശികളുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവര്‍ക്കാണ് രോഗബാധയുണ്ടായത്. ജൂണ്‍ 30 നാണ് മലപ്പുറം കോഴിക്കോടെ ജില്ലകളെ നിപ്പ വിമുക്തമായി പ്രഖ്യാപിച്ചത്. 

Read More : Health News