Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാതില്‍ ലോക്കായി; രണ്ടുമാസം പ്രായമായ കുഞ്ഞ് മരിച്ചു

Ambulance Ambulance. Representative image

ഹൃദയശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലേക്കു ആംബുലൻസിൽ കൊണ്ടുപോയ രണ്ടു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ആംബുലൻസിന്റെ ഡോർ ലോക്കായി അതിനുള്ളിൽ കുടുങ്ങി മരണപ്പെട്ടു. റായ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 

വാതിൽ തുറക്കാൻ കഴിയാതെ വന്നതോടെ കുഞ്ഞിന്റെ പിതാവ് ആംബുലൻസിന്റെ ജനാല ചില്ല് തകർക്കാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ അതിനു സമ്മതിച്ചില്ല. സര്‍ക്കാര്‍ വക സാധനം നശിപ്പിക്കരുതെന്ന് പറഞ്ഞ് അയാൾ തടയുകയായിരുന്നു. ഒരു മണിക്കൂറോളം ആംബുലൻസിൽ കുടുങ്ങിയ കുഞ്ഞ് വൈകാതെ ഹൃദയാഘാതം മൂലം മരിച്ചു. 

കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോകവേയായിരുന്നു സംഭവം നടന്നത്. ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം റായ്പൂരിലെ ഡോ. ഭീമറാവു അംബേദ്ക്കര്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനായാണ് കുഞ്ഞിനെ കൊണ്ടുവന്നത്. റായ്പൂര്‍ വരെ മാതാപിതാക്കള്‍ കുഞ്ഞുമായി എത്തിയത് ട്രെയിനിലായിരുന്നു. രാവിലെ റായ്പൂരില്‍ എത്തിയ കുട്ടിയുടെ പിതാവ് അംബികാ കുമാര്‍ സര്‍ക്കാരിന്റെ സൗജന്യ ആംബുലന്‍സ് സേവനമായ സഞ്ജീവനി എക്സ്പ്രസ് വിളിച്ചു. കുഞ്ഞിനെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും വാതില്‍ തുറക്കാനാകാത്ത വിധം ലോക്ക് വീണുപോയിരുന്നു. 

വാതിൽ തുറക്കാനായി പല മാര്‍ഗ്ഗങ്ങള്‍ നോക്കിയിട്ടും നടന്നില്ല. ഒടുവിൽ ഒരു മണിക്കൂറിനു ശേഷം മെക്കാനിക്കിനെ വിളിച്ചുവരുത്തി വാതില്‍ തുറന്നപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. അതേസമയം ആംബുലന്‍സിന്റെ ഭാഗത്ത് നിന്നും പിഴവുകള്‍ പറ്റിയിട്ടില്ലെന്നാണ് ജീവകാരുണ്യ സമിതിയുടെ വാദം. കുഞ്ഞ് മരിച്ചാണ് ആംബുലന്‍സില്‍ കയറ്റിയതെന്നും ഇവര്‍ ആരോപിക്കുന്നു. കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമായ സാഹചര്യത്തില്‍ മാതാപിതാക്കള്‍ അനാവശ്യമായി സമയം കളയുകയായിരുന്നെന്നും ആംബുലന്‍സ് പ്രവര്‍ത്തകര്‍ പറയുന്നു.

Read More : Health News