കാൻസർ ബാധിച്ച നിർധനരായ കുട്ടികൾക്കു സൗജന്യ ചികിൽസയൊരുക്കി ബട്ടർഫ്ലൈ കൂട്ടായ്മ

ചികിൽസ നിഷേധിക്കപ്പെട്ട് ഇനിയൊരിക്കലും പൂമൊട്ടുകൾ വാടരുതെന്ന നിശ്ചയദാർഢ്യത്തോടെയാണ് അഞ്ചു വർഷം മുമ്പ് ഈ സംഘം മുന്നിട്ടിറങ്ങിയത്. അവരുടെ കയ്യിൽ അതിനുമാത്രം പണമുണ്ടായിരുന്നില്ല. ഉദ്ദേശ്യശുദ്ധിയുടെ വെണ്മ അവർക്കു മുന്നിൽ പണമെത്തിച്ചു. അനേകം നിർധന കുരുന്നുകൾക്ക് ഈ കൂട്ടായ്മ, ലഭ്യമായതിലേറ്റവും ആധുനികമായ ചികിൽസയെത്തിച്ചു. 

ചില കുരുന്നുകൾ വാടിക്കൊഴിഞ്ഞെങ്കിലും അനേകം നിർധന കുടുംബങ്ങളിൽ ഈ ഉദ്യമം പകർന്ന വെളിച്ചം ചെറുതല്ല. അവസാനിച്ചുവെന്ന് ആശങ്കപ്പെട്ട അവസ്ഥയിൽ നിന്ന് അവരിൽ പലരും ജീവിതത്തിലേക്കു തിരിച്ചെത്തി. അവരെല്ലാം ഇന്ന് ഈ കൂട്ടായ്മയെ ദൈവത്തിന്റെ കരങ്ങളെന്നോ, ജീവന്റെ ജീവനെന്നോ ഒക്കെ പേരിട്ടു വിളിക്കുന്നു– യഥാർഥത്തിൽ ഇവരുടെ പേരാണ് ബട്ടർഫ്ലൈ കാൻസർ കെയർ ഫൗണ്ടേഷൻ.

കേരളത്തിൽ എവിടെയെങ്കിലും ഒരു കുട്ടിക്കു കാൻസർ ബാധിച്ചു ചികിൽസ തേടാനാവാത്ത സാഹചര്യമുണ്ടെങ്കിൽ ഈ ബട്ടർഫ്ലൈ കൂട്ടായ്മയുമായി ബന്ധപ്പെടാം. ചെയർമാൻ ഡോ. മൻസൂർ കോയക്കുട്ടിയുടെ നേതൃത്വത്തിൽ സി.പി. നായർ, ഡോ. മനിത ബി. നായർ, സുരേഷ് നായർ, ഡോ. സി.എം. ഗിരീഷ്, ഡോ. അനുഷ അശോകൻ, ഡോ. വിജയ് ഹരിഷ്, ഡോ. സുധാകർ മുത്ത്യാല, ഡോ. കെ. ജീന, ഡോ. ധന്യ നാരായണൻ, ഡോ. അഞ്ജന രാംകുമാർ എന്നിവരടങ്ങിയ കോർ ഗ്രൂപ്പ് ആണ് ഈ പ്രസ്ഥാനത്തിനു ചുക്കാൻ പിടിക്കുന്നത്. 

2013–ലാണു ബട്ടർഫ്ലൈ റജിസ്റ്റർ ചെയ്തു പ്രവർത്തനമാരംഭിച്ചത്. ഇതുവരെ 115 കുട്ടികളുടെ ചികിൽസയ്ക്കായി ബട്ടർഫ്ലൈ പ്രവർത്തിച്ചു. 10 കുട്ടികൾക്കു ചികിൽസ തുടരുന്നു. ചികിൽസയായും വിദ്യാഭ്യാസ പദ്ധതിയുമായി ബട്ടർഫ്ലൈ ഇതിനകം 57.5 ലക്ഷം രൂപയുടെ സഹായമാണു കുട്ടികൾക്കു ചെയ്തത്. ബട്ടർഫ്ലൈയുടെ പ്രവർത്തനം ഇപ്പോൾ കൂടുതൽ ശാസ്ത്രീയമായ രീതിയിലേക്കു മാറിക്കഴിഞ്ഞു. കൂടുതൽ കുട്ടികൾക്കു വിദഗ്ധ ചികിൽസ ലഭ്യമാക്കാൻ ലക്ഷ്യമിട്ടു ബട്ടർഫ്ലൈ പ്രവർത്തനം ചിൽഡ്രൻസ് ഫ്രീ ക്ലിനിക്ക് രീതിയിലേക്കു മാറ്റിക്കഴിഞ്ഞു. ചികിൽസ തേടി ബട്ടർഫ്ലൈ ആസ്ഥാനമായ കൊച്ചിയിലേക്കു കുട്ടികളെ കൊണ്ടുവരേണ്ട എന്നതാണു സവിശേഷത.

പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്കു പണത്തിന്റെ ആശങ്കയില്ലാതെ കാൻസർ ചികിൽസയ്ക്കായി ബട്ടർഫ്ലൈയുടെ സഹായം തേടാം. രാജ്യത്ത് ഇന്നു ലഭ്യമായ ഏറ്റവും വിദഗ്ധമായ ചികിൽസ അതെത്ര ചെലവേറിയതായാലും അർഹരായ കുട്ടികൾക്കു നൽകാൻ ബട്ടർഫ്ലൈയുടെ ഈ കൂട്ടായ്മയിലൂടെ സാധിക്കും.

ബട്ടർ ഫ്ലൈ ചിൽഡ്രൻസ് ഫ്രീ ക്ലിനിക്ക്

കേരളത്തിലെ മൂന്നു നഗരങ്ങളിൽ ബട്ടർഫ്ലൈ ഡോക്ടർമാരായി മൂന്നു പേരെ നിയോഗിച്ചു നടപ്പാക്കുന്ന സവിശേഷ ചികിൽസാ പദ്ധതിയാണിത്. ഈ മൂന്നു ഡോക്ടർമാരും സ്വന്തം ആശുപത്രികൾ നടത്തുന്നവരോ മറ്റു സ്വകാര്യാശുപത്രികളിൽ ജോലി ചെയ്യുന്നവരോ ആണ്. പക്ഷേ, ഇവർ ജോലി ചെയ്യുന്ന സ്ഥലം ബട്ടർഫ്ലൈ ക്ലിനിക്ക് ആയി അറിയപ്പെടുന്നു. സൗജന്യ ചികിൽസ ആഗ്രഹിക്കുന്ന കാൻസർ ബാധിതരായ കുട്ടികളെ ആദ്യം ഈ ബട്ടർഫ്ലൈ ക്ലിനിക്കിലെ ഡോക്ടർമാരെ കാണിക്കുന്നതിലൂടെ ഈ പദ്ധതിയിലേക്കു പ്രവേശിക്കാം. 

ബട്ടർഫ്ലൈ ഡോക്ടർമാർ പരിശോധിക്കുന്ന ഈ കുട്ടികളെ തുടർന്ന് ആവശ്യമായ വിദഗ്ധ പരിശോധനയ്ക്കു സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയിലേക്കു മാറ്റും. ഇതിനായി രാജ്യമെമ്പാടുമുള്ള വിദഗ്ധ കാൻസർ വിദഗ്ധരുടെ അഭിപ്രായം തേടും. ഇത്രയും ഘട്ടങ്ങളിലൂടെ കടന്നുപോകാനാവശ്യമായ മുഴുവൻ ചെലവും ബട്ടർഫ്ലൈ വഹിക്കും. ഈ പരിശോധനകൾക്കും ചർച്ചകൾക്കുമൊടുവിൽ കുട്ടിക്ക് ആവശ്യമായ ഏറ്റവും മികവുറ്റ ചികിൽസ നിശ്ചയിക്കും. 

പിന്നെ ഫണ്ട് കണ്ടെത്തലാണ്. അതിനു ബട്ടർഫ്ലൈക്കു കീഴിലുള്ള നൂറ്റമ്പതോളം പേരടങ്ങുന്ന ഗ്രൂപ്പിലേക്ക് ഈ വിവരം കൈമാറും. അതുവഴി ദിവസങ്ങൾക്കകം ആവശ്യമായ പണം കണ്ടെത്തും. രണ്ടോ മൂന്നോ മാസം ഏറ്റവും നിർണായകമായ ചികിൽസ നൽകി കുട്ടിയുടെ ജീവൻ നിലനിർത്തും. 

ഈ രീതിയിൽ സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തിയ അനേകം കുട്ടികൾ ഇന്നു കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പുഞ്ചിരിയോടെ കഴിയുന്നു. അവരുടെ വീടുകളിൽ ബട്ടർഫ്ലൈ സാന്നിധ്യം ദൈവികമായി കരുതിപ്പോരുന്നു. ഇന്ത്യയിൽ ഈ രീതിയിൽ പ്രവർത്തിക്കുന്ന ആദ്യ സൗജന്യ ചികിൽസാ പദ്ധതിയാണിത്. 

കൊച്ചിയിൽ ഡോ. ഫെബിന അബൂബക്കർ, തിരുവനന്തപുരത്ത് ഡോ. അനിത എസ്. പിള്ള, കോഴിക്കോട്ട് ഡോ. അനൂപ് (ബേബി മെമ്മോറിയൽ ആശുപത്രി) എന്നിവരാണ് ബട്ടർഫ്ലൈ ഡോക്ടർമാർ. ബട്ടർഫ്ലൈ ശൃംഖലയോടു സഹകരിക്കുന്ന ഇന്ത്യയിലെ മറ്റ് ആശുപത്രികൾ: കൊച്ചിൻ കാൻസർ സെന്റർ, അമൃത ആശുപത്രി, ലേക്‌ഷോർ, വെൽകെയർ ആശുപത്രി, ആസ്റ്റർ മെഡിസിറ്റി, രാജഗിരി ഹോസ്പിറ്റൽ (കൊച്ചി), ആർസിസി, കിംസ് ഹോസ്പിറ്റൽ, ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (തിരുവനന്തപുരം), ബേബി മെമ്മോറിയൽ  ആശുപത്രി, മിംസ്, എംവിആർ കാൻസർ സെന്റർ (കോഴിക്കോട്), അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്, സിഎംസി വെല്ലൂർ (ചെന്നൈ), ടാറ്റ കാൻസർ സെന്റർ (മുംബൈ), എയിംസ് (ന്യൂഡൽഹി). 

ബട്ടർഫ്ലൈ എജ്യുക്കേഷൻ ആൻഡ് റിസർച് ഫെലോഷിപ്സ് (ബിഇആർഎഫ്)

കാൻസർ പോലുള്ള രോഗങ്ങൾ ബാധിതരായവരുടെ കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് സാമ്പത്തികവും സാങ്കേതികവുമായ സഹായം ഉറപ്പാക്കാനാണ് ഈ പദ്ധതി. രോഗ ബാധിതരായവരുടെ കുടുംബം സാമ്പത്തികമായി തകർന്നുപോകുന്നതായാണു പൊതുവെ കാണുന്നത്. ഇത് ആദ്യം ബാധിക്കുന്നത് അത്തരം വീടുകളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തെയാണ്. ഇതു പ്രതിരോധിക്കാനാണ് ബിഇആർഎഫ്. വിദ്യാർഥികളുടെ കഴിവു കണ്ടെത്തി അവരെ ജീവിതത്തിന്റെ നല്ല നിലയിലേക്കു വഴി തിരിച്ചുവിടാൻ കൂടിയാണ് ഈ പദ്ധതി. വ്യക്തിപരമായ സഹായങ്ങൾ എത്തിക്കുന്നതിനൊപ്പം മറ്റു സന്നദ്ധ സംഘടനകളുടെ സഹായം കുട്ടികളിലേക്കെത്തിക്കാനും ബട്ടർഫ്ലൈ സഹായിക്കുന്നു. ഈ രീതിയിൽ ഇതുവരെ 60 കുട്ടികളെ സഹായിച്ചു. 45 പേർ ഇപ്പോഴും ഈ പദ്ധതിയുടെ സഹായം തുടരുന്നു. 

∙ ചികിൽസയ്ക്കു പണം കണ്ടെത്താൻ പ്രത്യേക വാട്ട്സാപ് ഗ്രൂപ്പുണ്ട്. ദുബായിലും മറ്റും ഇതിനായി സംഭാവന ചെയ്യുന്ന നൂറുകണക്കിനാളുകളാണു ബട്ടർഫ്ലൈയുടെ സൗജന്യ ചികിൽസയുടെ താങ്ങും തണലും. ദുബായിൽ സുരേഷ് നായർ, ഗിരിഷ് വാര്യർ എന്നിവർ ഇതിനു നേതൃത്വം നൽകുന്നു. അമ്പതോളം പേർ പ്രതിമാസം നിശ്ചിത തുക ബട്ടർഫ്ലൈ ഫണ്ടിലേക്കു കൃത്യമായി സംഭാവന ചെയ്യുന്നുമുണ്ട്. 

∙ യഥാസമയം ചികിൽസിച്ചാൽ 90 ശതമാനം കുട്ടികളിലെ കാൻസർബാധ മാറ്റിയെടുക്കാം. എന്നാൽ ചികിൽസാരംഗത്തു വൻ മുന്നേറ്റം നടത്തിയെന്ന് അവകാശപ്പെടുന്ന കേരളത്തിൽ കാൻസർ ബാധിതരായ കുട്ടികളിലെ 30 ശതമാനം പേർ പോലും ജീവിതത്തിലേക്കു തിരിച്ചുവരുന്നില്ല. പ്രാഥമിക പരിശോധന പോലും നടത്താൻ കഴിവില്ലാത്തവരാണു കാൻസർ ബാധിതരായ കുട്ടികളിൽ ഭൂരിപക്ഷം പേരുടെയും കുടുംബം. സ്ഥിതി ഗുരുതരമെന്നു തിരിച്ചറിയേണ്ട പരിശോധനയിലേക്കു കടക്കുംമുമ്പേ ചികിൽസ അവസാനിപ്പിക്കും. മറ്റൊരു വിഭാഗം അശാസ്ത്രീയ ചികിൽസ തേടി കുട്ടിയുടെ ജീവൻ അപകടത്തിലാക്കുന്നു. 

∙ സുമനസ്സുകൾക്ക് ഈ പദ്ധതിയുമായി കൈ കോർക്കാൻ അവസരമുണ്ട്. സാമ്പത്തികമായ മറ്റു രീതിയിലോ നിങ്ങൾക്കും ഈ പദ്ധതിയെ സഹായിക്കാം.

 വിവരങ്ങൾക്ക്: ബട്ടർഫ്ലൈ കാൻസർ കെയർ ഫൗണ്ടേഷൻ, ബൃന്ദാവൻ ബിസിനസ് സെന്റർ, മണിമല റോഡ്, ഇടപ്പള്ളി, കൊച്ചി. ഫോൺ: 9072308020. www.butterflycancercare.org

ഒരു കൈ സഹായം

നിങ്ങളുടെ കുട്ടികളുടെ പിറന്നാൾ ദിനത്തിൽ സംഭാവന നൽകിയും നിങ്ങൾക്കു പാവപ്പെട്ട കുട്ടികളുടെ കാൻസർ ചികിൽസയിലോ, കാൻസർ കാരണം സാമ്പത്തികമായി തകർന്ന കുടുംബത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിലോ സഹായം കൈമാറാം. എച്ച്ഡിഎഫ്സി ബാങ്ക് കൊച്ചിൻ, അക്കൗണ്ട് നമ്പർ – 50100036229330, ഐഎഫ്എസ്‌സി കോഡ് – HDFC0000717.

Read More : Health News