Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻഡോസൾഫാനു വേണ്ടി ഉണ്ടായ ഒരു ഒപ്പുമരം

M01.indd

തുളുനാടിന്റെ ആകാശത്തുള്ള കാർമേഘങ്ങൾ താഴേക്കു നോക്കി ചില കഥകൾ പറയുന്നുണ്ടാകാം... തങ്ങൾ നോവെടുത്തു പ്രസവിക്കാത്ത കുറേ മഴത്തുള്ളികൾ ജീവിതങ്ങളെ പൊള്ളിച്ച് ഇല്ലാതാക്കിയ നൊമ്പരക്കഥ. കാലങ്ങൾക്കിപ്പുറവും കഥയിലെ വില്ലനായി എൻഡോസൾഫാൻ എന്ന വിഷവും ഉദ്യോഗസ്ഥ–രാഷ്ട്രീയവൃന്ദവും നടമാടുന്ന ദ്രോഹക്കഥ. പറക്കമുറ്റാത്ത മനസ്സുകളെ താരാട്ടു പാടിയുറക്കാൻ അമ്മമാർ ഒരുക്കുന്ന കണ്ണീർത്തൊട്ടിലിന്റെ കഥ. ഇവയോടൊപ്പം നാടിന്റെ ഹൃദയം ഒപ്പുകളായി തളിർത്ത ഒരു പച്ചമരത്തണലിന്റെ കഥയും മേഘങ്ങൾ പറയും. പ്രതീക്ഷയുടെ മഴത്തുള്ളികൾ ആ മരത്തിനു മുകളിൽ പെയ്യിക്കാനും അവർ മറക്കില്ലെന്നുറപ്പ്.

‘ഒപ്പുമരം’ ഒരു ആശ്വാസവാക്കായി വളർന്നു കഴി‍ഞ്ഞു. അതിലുപരി, പ്രതിഷേധത്തിന്റെ കൈത്തിരി തെളിയിക്കാനുള്ള ഇടമാണ് ഇന്ന് ഒപ്പുമരച്ചുവട്. തങ്ങളുടെ ആവശ്യം നടക്കുമെന്ന് ഇവിടെയെത്തുന്നവർ ഉറച്ചു വിശ്വസിക്കുന്നു, കാരണം ഒപ്പുമരം അതു തെളിയിച്ചിട്ടുണ്ട്. ഒന്നല്ല, മൂന്നു തവണ. എൻഡോസൾഫാൻ രോഗികൾക്കായി പാലിയേറ്റീവ് കെയർ ആശുപത്രി എന്ന പ്രധാന ആവശ്യവുമായി നാലാം തവണ ഒപ്പുമരം ഉയരുമ്പോഴും സംശയിച്ചു നിൽക്കാതെ നാട് അതിനു ചുവട്ടിലേക്ക് ഒഴുകുന്നതും ഈ വിശ്വാസത്തിലാണ്, ‘‘ നടക്കും... ഇതും നടക്കും.’’  

ഒപ്പുമരം എവിടെ, എന്ത് ?

കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ഒരു ശരക്കൊന്ന വൃക്ഷമാണ് ഒപ്പുമരമായി മാറിയത്. 2011 ഏപ്രിലിൽ നടന്ന സ്റ്റോക്ക്ഹോം കൺവൻഷനാണ് എൻഡോസൾഫാൻ രാജ്യാന്തര തലത്തിൽ നിരോധിച്ചത്. നിരോധനം സാധ്യമാക്കാൻ കേരളത്തിലിരുന്ന് എന്തു ചെയ്യാമെന്ന ആലോചനയിൽ നിന്നാണ് ഒപ്പുമരം എന്ന ആശയം ഉണ്ടാകുന്നത്. അതിജീവനത്തിന്റെ മരം എന്ന തരത്തിലാണ് പുതിയ ബസ് സ്റ്റാൻഡിൽ പണ്ടു സാമൂഹികവിരുദ്ധർ വിഷം കുത്തിവച്ച് ഉണക്കാൻ ശ്രമിച്ച ശരക്കൊന്നകളിലൊന്ന് ഒപ്പുമരമായി തിരഞ്ഞെടുത്തത്. 

മരത്തിൽ തുണി ചുറ്റി ഒപ്പു ശേഖരിക്കാൻ തുടങ്ങി. വിദ്യാർഥികൾ, എഴുത്തുകാർ, രോഗികൾ, അമ്മമാർ തുടങ്ങി നാടിന്റെ നാനാഭാഗത്തുനിന്നും ആയിരങ്ങൾ എത്തി ഒപ്പു ചാർത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതീകാത്മക ഒപ്പുമരങ്ങൾ ഉയർത്തി ഒപ്പു ശേഖരിച്ചു. ഒപ്പുകളെല്ലാം ഓരോ ദിവസവും കേന്ദ്രതലത്തിൽ എത്തിച്ചു. രണ്ടാഴ്ച നീണ്ട ഒപ്പുമര സമരം ഒടുവിൽ വിജയം കണ്ടു. 

2011 ഏപ്രിൽ 29ന് ആഗോളതലത്തിൽ എൻഡോസൾഫാൻ നിരോധിച്ചു. ഒപ്പുമരത്തിൽ ഒരു തപാൽപെട്ടിയുണ്ട്. ദുരിതങ്ങളും സങ്കടങ്ങളും അതിൽ എഴുതിയിടാം. നടപടികളുണ്ടാകുമെന്ന ഉറപ്പ് സംഘാടകർ നൽകുന്നു. ഇന്നും ഒപ്പുമരം പച്ചപടർത്തി നിൽക്കുന്നു. പ്രതീക്ഷയുടെ പ്രതീകമായി.

ഉയർന്നു , രണ്ടു വട്ടം കൂടി

കീടനാശിനിയുടെ പേരിൽ സർക്കാരും മനുഷ്യാവകാശ കമ്മിഷനും തമ്മിലുണ്ടാക്കിയ കരാറനുസരിച്ചു പ്ലാന്റേഷൻ കോർപറേഷൻ നൽകേണ്ട തുകയുടെ ആദ്യവിഹിതമായ 27 കോടി ലഭിക്കാത്തതിനാൽ 2012 ൽ വീണ്ടും ഒപ്പുമരം ഉയർന്നു. സമരം വിജയിച്ചു. ആദ്യം 27 കോടിയും പിറകേ മറ്റൊരു 26 കോടിയും അനുവദിച്ചു കിട്ടി.

എൻഡോസൾഫാൻ പൂർണമായും നീക്കാൻ 2017 വരെ നൽകിയിരുന്ന സമയം വെട്ടിക്കുറച്ചു വിഷം അടിയന്തരമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മൂന്നാം ഒപ്പുമര സമരം 2013 ൽ നടന്നത്. ആ വർഷം അവസാനിക്കുന്നതിനു മുമ്പേ ഇന്ത്യയിൽ നിന്ന് എൻഡോസൾഫാൻ എത്രയും വേഗം പൂർണമായി ഒഴിവാക്കണമെന്നുള്ള വിധിയുമെത്തി. 

2010ൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ച നഷ്ടപരിഹാരത്തിനു മുമ്പുള്ള ആശ്വാസധനം (അഞ്ചു ലക്ഷം രൂപ വരെ) കൊടുത്തുതീർക്കാനുള്ള സുപ്രീം കോടതി വിധി വന്നതിലും ഒപ്പുമരം പ്രധാന പങ്കു വഹിച്ചു.

നാലാമതും ഒപ്പുമരം: പ്രതീക്ഷയോടെ നാട്

പ്രധാനമായി നാല് ആവശ്യങ്ങളാണ് നാലാമതും ഒപ്പുമരം ഉയർത്തുമ്പോൾ സംഘാടകരായ എൻവിസാജും ജോയിന്റ് ഫോറം ഫോർ ട്രൈബ്യൂണൽ റൈറ്റ്സും മുന്നോട്ടു വയ്ക്കുന്നത്. 

2010 ൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ട സമഗ്ര പാലിയേറ്റീവ് കെയർ ആശുപത്രി ഉടൻ ആരംഭിക്കുക.

എൻഡോസൾഫാൻ രോഗികൾക്കായി കേന്ദ്ര സർക്കാർ നൽകേണ്ട 200 കോടി രൂപ ഉടൻ ലഭ്യമാക്കുക.

1995 ലെ നാഷനൽ എൻവയൺമെന്റൽ ട്രൈബ്യൂണൽ ബിൽ അനുസരിച്ചുള്ള കേന്ദ്ര നഷ്ടപരിഹാര ട്രൈബ്യൂണൽ അനുവദിക്കുക.

ഈ ആവശ്യങ്ങൾക്കായി ഒരു സർവകക്ഷി സംഘം കേന്ദ്രത്തിലേക്കു പോവുക.

ഈ ആവശ്യങ്ങൾ ഒപ്പുമരത്തിൽ രേഖപ്പെടുത്തുന്ന കയ്യൊപ്പുകൾ യഥാസമയം പ്രധാനമന്ത്രി, പ്രസിഡന്റ്, കേന്ദ്ര ആരോഗ്യമന്ത്രി, മുഖ്യമന്ത്രി തുടങ്ങിയവർക്ക് അയയ്ക്കും. 

നാലാം ഒപ്പുമരം ഉയരുന്നതിന്റെ ഉദ്ഘാടനം ഇന്നലെ സാഹിത്യകാരൻ എൻ.എസ്.മാധവൻ നിർവഹിച്ചു. സി.വി.ബാലകൃഷ്ണൻ, പ്രഫ. എം.എ.റഹ്മാൻ, ചലച്ചിത്രതാരം അലൻസിയർ, സിവിക് ചന്ദ്രൻ, ലീലാകുമാരി അമ്മ, ജി.ബി.വത്സൻ, കെ.കെ.അശോകൻ തുടങ്ങിയവരും ഒപ്പുചാർത്തി. ഇന്നു നാടക പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയും നാളെ ചിത്രകാരന്മാർ– വനിതാകൂട്ടായ്മയും നടക്കും. 22ന് എൻവിസാജ് ഒപ്പുമരം പുരസ്കാരം കുന്നംകുളം അർത്താറ്റ് ഹോളി ക്രോസ് സീനിയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി കണ്ണൻ പി.ശ്രീധരനു സമർപ്പിക്കും.

Read More : ആരോഗ്യവാർത്തകൾ