Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിപ്പ് ജോയിന്റ് റിപ്ലേയ്‌സ്‌മെന്റിലൂടെ സിസ്റ്റർ കൃപയ്ക്ക് പുതു ജീവിതം

hip-joint-surgery

ജൻമനാ കാലുകൾക്കു വേണ്ടത്ര നീളമില്ലാതിരുന്ന സിസ്റ്റർ കൃപാ മരിയയ്ക്ക് (30) ഹിപ്പ് ജോയിന്റ് റിപ്ലേയ്‌സ്‌മെന്റ് ശസ്ത്രക്രിയ അനുഗ്രഹമായി. ജന്മനാൽ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന സിസ്റ്റർ ഇരിക്കാനും നിൽക്കാനും വയ്യാത്ത ഒരു അവസ്ഥയിലാണ് കോട്ടയം എസ്എച്ച് മെഡിക്കൽ സെന്ററിൽ ചികിത്സയ്ക്കെത്തിയത്. ശസ്ത്രക്രിയ വിജയകരമായതോടെ ഒരാഴ്ചയ്ക്കുള്ളിൽ ആശുപത്രിവിടാം.

കൃത്രിമമായി നിർമിച്ച ഇടുപ്പിലെ ബോൾ ആൻഡ് സോക്കറ്റ് മൂന്നര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ വച്ചുപിടിപ്പിക്കുകയായിരുന്നു. ഇതോടെ രണ്ടു കാലുകൾക്കും ഒരേ നീളമായി. ചികിൽസ വൈകിയതിനാൽ ഇടുപ്പിലെ അസ്ഥികൾക്കു ബലക്ഷയമുണ്ടായിരുന്നു. 

ഞരമ്പുകൾക്കു ക്ഷതം സംഭവിച്ചാൽ തളർച്ചയുണ്ടാകാമെന്നിരിക്കെ സങ്കീർണമായിരുന്നു ശസ്ത്രക്രിയ. ഇടുപ്പിൽ  ദ്വാരമുണ്ടാക്കിയശേഷം കാലിലെ അസ്ഥി അൽപം മുറിച്ചു മാറ്റിയാണു കൃത്രിമ ബോൾ ആൻഡ് സോക്കറ്റ് സ്ഥാപിച്ചത്. തുടർന്നു സ്റ്റീൽ ബാറിട്ടു മുറുക്കി.

വിശ്രമത്തിനും ഫിസിയോതെറപ്പിക്കും ശേഷം സാധാരണ പോലെ നടക്കാനാകുമെന്നു ഡോക്ടർമാർ പറഞ്ഞു. ആലപ്പുഴ എടത്വ പുത്തൻതറ ഫ്രാൻസിസ്-എൽസമ്മ ദമ്പതികളുടെ മകളാണു സിസ്റ്റർ കൃപാ മരിയ. മാർച്ച് നാലിനുണ്ടായ വീഴ്ചയെത്തുടർന്നാണ് മെഡിക്കൽ സെന്ററിലെത്തിയത്.  

ഓർത്തോപീഡിയാക് സർജൻമാരായ ഡോ. കെ.എം.മാത്യു, ഡോ. അനിൽ ജോൺ, ഡോ. പ്രശാന്ത്കുമാർ, അനസ്‌തേഷ്യസ്റ്റുകളായ ഡോ. സന്തോഷ് സഖറിയ, ഡോ. ആനി, തിയറ്റർ ഇൻചാർജ് സിസ്റ്റർ സൗമ്യ എന്നിവരാണ് ശസ്ത്രക്രിയാ സംഘത്തിലുണ്ടായിരുന്നത്.

Read More : Health News