Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷിഗെല്ല വയറിളക്കം പകരുന്നതു തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

636050630

കോഴിക്കോട് ജില്ലയിൽ ഷിഗെല്ല ബാക്ടീരിയ ബാധിച്ച് രണ്ടുവയസുകാരന്‍ മരിച്ച സാഹചര്യത്തിൽ പ്രതിരോധനടപടികൾ കർശനമായി പാലിക്കാൻ ഏവരും ശ്രദ്ധിക്കണമെന്നു മുന്നറിയിപ്പ്. വ്യക്തിശുചിത്വം പാലിച്ചാൽ ഒരുപരിധി വരെ തടയാവുന്ന രോഗമാണിത്.  നേരത്തെ മലപ്പുറം ജില്ലയിൽ രണ്ടു ഷിഗെല്ല മരണം സംഭവിച്ചിരുന്നു. രണ്ടു മാസത്തിനിടെ സംസ്ഥാനത്തു നടക്കുന്ന മൂന്നാമത്തെ മരണമാണിത്.

മഴക്കാല രോഗങ്ങൾ പെരുകുന്നതിനിടയിൽ ഷിഗെല്ല ബാധയും വർധിക്കുന്നത് ആരോഗ്യവകുപ്പിനു തലവേദനയാവുകയാണ്. ഷിഗെല്ല ബാക്ടീരിയയാണ് ഈ വയറിളക്കമുണ്ടാക്കുന്ന വില്ലൻ. സാധാരണ വയറിളക്കത്തെക്കാൾ മാരകമാണു ഷിഗെല്ല.

ഷിഗെല്ല വയറിളക്കം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഷിഗല്ല ബാക്ടീരിയ മൂലമുള്ള മാരകമായ വയറിളക്കത്തിനു കാരണം മലിനജലത്തിന്റെ ഉപയോഗം. വ്യക്തി തലത്തിൽ ശുചിത്വം പാലിച്ചാൽ ഒരു പരിധി വരെ രോഗം പകരുന്നതു തടയാം. തുടക്കത്തിൽ തന്നെ വൈദ്യസഹായം തേടിയാൽ രോഗം അപകടകരമാകുന്നതും തടയാം.

ഫലപ്രദമായ ചികിൽസ കൃത്യസമയത്തു നൽകിയില്ലെങ്കിൽ രോഗം തലച്ചോറിനെയും വൃക്കയെയും ബാധിക്കുന്നതു മരണത്തിന് ഇടയാക്കും. കുട്ടികളിലാണു രോഗസാധ്യത കൂടുതൽ.

∙ കുടിക്കാനും പാചകത്തിനും തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുക

∙ ഭക്ഷണത്തിനു മുൻപു കൈകഴുകുന്നതു ശീലമാക്കുക

∙ ശുചിമുറി ഉപയോഗിച്ചാൽ നിർബന്ധമായും കൈകൾ സോപ്പിട്ടു കഴുകുക

∙ ഭക്ഷണം തയാറാക്കുന്നവർ കൈകൾ വൃത്തിയായി സൂക്ഷിക്കുക

∙ പുറത്തുനിന്നു ഭക്ഷണം കഴിക്കുന്നവർ വൃത്തി ഉറപ്പാക്കുക

∙ പൂർണമായും വേവിച്ച ഭക്ഷണം മാത്രം കഴിക്കുക

∙ ചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക. പഴകിയ ഭക്ഷണം ഒഴിവാക്കുക

∙ ഭക്ഷണം എപ്പോഴും അടച്ചുവയ്ക്കുക. ഈച്ച പോലുള്ള പ്രാണികളുടെ സമ്പർക്കം ഒഴിവാക്കുക

∙ കുട്ടികളുടെ നഖം കൃത്യമായി വെട്ടുക. കൈകൾ കഴുകുന്നുവെന്നു ഉറപ്പാക്കുക.

Read More : Health News