Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓട്ടിസം ബാധിച്ച മകളെ ജനലിൽ കെട്ടിയിട്ടു ജോലിക്കു പോകുന്ന ഒരമ്മ; വിഡിയോ

autism

ഓട്ടിസം ബാധിച്ച മകളെ ജനലിൽ കെട്ടിയിട്ടു ജോലിക്കു പോകുന്ന ഒരമ്മയുടെ ദയനീയ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രേക്ഷകരുടെ കണ്ണ് നിറയ്ക്കുന്നത്. ക്രൈം ഫൊട്ടോഗ്രഫിയിൽ പ്രവർത്തിക്കുന്ന അപൂർവം വനിതകളിൽ ഒരാളായ ബിന്ദു പ്രദീപിൻറെയും ഓട്ടിസം ബാധിച്ച മകളുടെയും കഥയാണ് സാമൂഹിക പ്രവർത്തകനായ ഫിറോസ് കുന്നുമ്പറമ്പിൽ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. സുമനസ്സുകളുടെ സഹായം അഭ്യർത്ഥിച്ചുകൊണ്ടാണ് കുറിപ്പ്.

ഓട്ടിസം ബാധിച്ച കുഞ്ഞ് പെട്ടെന്ന് അക്രമാസക്തയാകുന്നത് കൊണ്ട് അവളെ സ്‌പെഷ്യൽ സ്‌കൂളിൽ വിടാറില്ല. കുഞ്ഞിന് ഭക്ഷണം കൊടുത്ത് ഷാൾ കൊണ്ട് അരയിൽ കെട്ടിയിട്ടാണ് ബിന്ദു ജോലിക്ക് പോകാറ്. കെട്ടിയിട്ടില്ലെങ്കിൽ കുട്ടി ഇറങ്ങിയോടും. ബിന്ദു ഇല്ലാത്തപ്പോൾ മൂത്തമകളാണ് ഇളയകുട്ടിയെ നോക്കുന്നത്. വാടക വീട്ടിലാണ് ഇവരുടെ താമസം. നാട്ടുകാരുടെ സഹായത്തിൽ മൂന്നു സെന്ററിൽ വീട് പണി തുടങ്ങിയെങ്കിലും അതിതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ലോൺ എടുത്തു വാങ്ങിയ ക്യാമറയുടെ അടവും തെറ്റിയിരിക്കുകയാണ്. സീസണനുസരിച്ചാണ് വിവാഹ വർക്കുകൾ കിട്ടുക. അതുകൊണ്ടുതന്നെ ചില മാസങ്ങളിൽ വെറുതെ ഇരിക്കേണ്ടിവരും.

കുട്ടിയ്‌ക്ക് ഓട്ടിസമാണെന്ന് അറിഞ്ഞതോടെ ഭർത്താവ് പ്രദീപ് ബിന്ദുവിനെയും മക്കളെയും ഉപേക്ഷിച്ചുപോവുകയായിരുന്നു. സ്ത്രീകൾ അധികം കടന്നുചെല്ലാത്ത മേഖലയായ ക്രൈം ഫൊട്ടോഗ്രഫിയിൽ പ്രവർത്തിക്കുന്ന ഒരാളാണ് ബിന്ദു പ്രദീപ്. കൊടുങ്ങല്ലൂർ പൊലീസ് സ്‌റ്റേഷനിൽ കുറ്റവാളികളുടെയും മൃതശരീരങ്ങളുടെയും ഫോട്ടോ പകർത്തി നൽകുകയാണ് ബിന്ദുവിന്റെ ജോലി. 2002 ലായിരുന്നു പൊലീസിന്റെ ഫൊട്ടോഗ്രഫറായി ജോലി ആരംഭിക്കുന്നത്. ആണുങ്ങൾ പോലും ചെയ്യാൻ മടിക്കുന്ന ജോലി, രണ്ടുംകല്പിച്ചു കുടുംബത്തിനുവേണ്ടി ഏറ്റെടുത്തു. പറക്കമുറ്റാത്ത രണ്ടു പെൺമക്കളുടെ ഏക അത്താണിയാണ് ബിന്ദു.

ചെറുപ്രായത്തില്‍ തന്നെ കുട്ടികളില്‍ കാണപ്പെടുന്ന ഒരു വികസന വൈകല്യമാണ് ഓട്ടിസം. ഓട്ടിസം ഉള്ളവരില്‍, അവരെ പലരീതിയില്‍ ബാധിക്കുന്ന ബുദ്ധിമുട്ടുകള്‍ കണ്ടുവരാറുണ്ട്. ഇവരില്‍ ചിലര്‍ക്ക് സ്വതന്ത്രമായി ജീവിതം നയിക്കുവാന്‍ സാധിക്കും എന്നാല്‍ മറ്റു ചിലര്‍ക്ക് അവരുടെ വ്യത്യസ്തമായ വൈകല്യങ്ങള്‍ കാരണം ആജീവനാന്തം മറ്റുള്ളവരുടെ സഹായം ആവശ്യമായി വരും.തലച്ചോറിലുണ്ടാകുന്ന പല  അസാധാരണമായ കാര്യങ്ങളാണ് ഓട്ടിസത്തിലേക്കു നയിക്കുന്നത്. 

Read More : Health News