Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളത്തിൽ വീണയാളെ കരയിൽ എത്തിച്ചാൽ ആദ്യം ചെയ്യേണ്ടത്

kochi-rain-flood-water

വെള്ളത്തിൽ മുങ്ങിപ്പോകുന്ന വ്യക്തിക്ക് ശ്വാസതടസ്സമാണ് പ്രധാന പ്രശ്നം. പെട്ടെന്നു വെള്ളത്തിലേക്കു വീഴുന്ന ആളുടെ ശ്വാസനാളത്തിലെ പേശീമുറുക്കം കാരണമാണ് ശ്വാസതടസ്സം സംഭവിക്കുന്നത്. ഇത്തരക്കാരിൽ ശ്വാസകോശത്തിലേക്കു വെള്ളം കടക്കാറില്ല. ഇതിനു ഡ്രൈ ഡൗണിങ് എന്നാണു പറയുക.

വെള്ളത്തിൽ മുങ്ങിയ ആളെ കരയിലെത്തിച്ചാലുടൻ നിലത്തു കിടത്തണം. ഇറുകിയ വസ്ത്രങ്ങൾ അഴിക്കുകയോ കീറിയെടുക്കുകയോ വേണം. ശ്വാസതടസ്സമുണ്ടെങ്കിൽ കൃത്രിമ ശ്വാസോച്ഛ്വാസം കൊടുക്കണം. വായിൽ ഛർദിയുടെ അംശമുണ്ടെങ്കിൽ വിരൽ കടത്തി വായ് വൃത്തിയാക്കണം. ശരീരം നനവില്ലാത്ത കൈ കൊണ്ടു നല്ലവണ്ണം തിരുമ്മാം.

ഹൃദയസ്തംഭനം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അടിസ്ഥന ജീവൻരക്ഷാ സഹായങ്ങൾ ആരംഭിക്കണം. വ്യക്തിയെ ഒരു വശത്തേക്കു ചെരിച്ചശേഷം പതുക്കെ വയറിനു മുകളിൽ അമർത്തി വെള്ളം പുറത്തു കളയണം. ചരിച്ചു കിടത്തുമ്പോൾ ഇടതുവശം ചരിച്ചു കിടത്തണം. ഹൃദയത്തിന്റെ വശം താഴെ ആകുന്നവിധത്തിൽ വേണം കിടത്താൻ. 

കമഴ്ത്തിക്കിടത്തി ആളിന്റെ മുതുകിൽ അമർത്തി വെള്ളം പുറത്തുകളയുന്നത് അത്ര പ്രയോജനകരമല്ലെന്നു പഠനങ്ങൾ പറയുന്നു. എത്രയും വേഗം ആശുപത്രിയിലെത്തിക്കണം.

ഉയരത്തിൽ നിന്നു വെള്ളത്തിലേക്കു വീഴുന്ന രോഗിക്കു നട്ടെല്ലിനു പരുക്ക് ഉണ്ടാകാനിടയുണ്ട്. അതിനാൽ നട്ടെല്ലിന്റെ ചലനം ഒഴിവാക്കാൻ സ്പ്ലിന്റ് ചെയ്തുവയ്ക്കാം. ശ്വാസതടസ്സമില്ല എന്നുറപ്പുവരുത്തി ഉണങ്ങിയ തുണികൊണ്ട് ശരീരം പൊതിഞ്ഞ് ആശുപത്രിയിലേക്കു കൊണ്ടുപോകണം. വെന്റിലേറ്റർ സൗകര്യമുള്ള ആശുപത്രിയിൽ എത്തിക്കണം.

Read More : Health News