Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയത്തിനു ശേഷം; രോഗങ്ങൾ അകറ്റാൻ അറിയേണ്ടത്

പ്രളയജലം ഇറങ്ങിത്തുടങ്ങി. മഴയ്ക്കു ശേഷമുള്ള മരപ്പെയ്ത്തുപോലെ ഇനിയും പകർച്ചവ്യാധികള്‍ പടരാനുള്ള സാധ്യതയാണ് ആരോഗ്യമേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. കേരളം സ്വീകരിക്കേണ്ട മുൻകരുതലുകൾ കോട്ടയം മെഡിക്കൽ കോളജ് സാംക്രമികരോഗ വിഭാഗം മേധാവി ഡോ. ആർ. സജിത്കുമാർ പങ്കുവയ്ക്കുന്നു.

∙ ജലജന്യ രോഗങ്ങളായ കോളറ, മഞ്ഞപ്പിത്തം, ടൈഫോയിഡ്, വയറുകടി, എലിപ്പനി എന്നിവ പടരാനുള്ള സാധ്യത അധികമാണ്. കിണറുകളിലെയും കുഴൽക്കിണറുകളിലെയും വെള്ളം മലിനമാണ്. കുപ്പിവെള്ളമാണെങ്കിലും കുറഞ്ഞത് 10 മിനിറ്റെങ്കിലും തിളപ്പിച്ച ശേഷം മാത്രം ഉപയോഗിക്കുക.

∙ ശുചിമുറിയിൽ പോയ ശേഷം കൈകൾ സോപ്പിട്ടു കഴുകാൻ പ്രത്യേകം ശ്രദ്ധിക്കുക.

∙ കിണറുകൾ സൂപ്പർ ക്ലോറിനേഷൻ വഴി ശുദ്ധിയാക്കുക. സൂപ്പർ ക്ലോറിനേഷനുള്ള ബ്ലീച്ചിങ് പൗഡർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പഞ്ചായത്ത് സ്ഥാപനങ്ങളിലും ലഭ്യമാണ്. അധികൃതരുടെ നിർദേശപ്രകാരം വേണം സൂപ്പർ ക്ലോറിനേഷൻ നടത്തേണ്ടത്.

∙ ഒഴുകിയെത്തിയ ജലത്തിൽ കൂടുതൽ നേരം നിൽക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രളയജലത്തിൽ അധികനേരം നിൽക്കുന്നത് എലിപ്പനിക്കുള്ള സാധ്യത വർധിപ്പിക്കും.

∙ ഡോക്സിസൈക്ലിൻ എന്ന ഗുളിക(100 എംജി) രണ്ടെണ്ണം വീതം ആഴ്ചയിൽ ഒരു തവണ കഴിക്കുന്നത് എലിപ്പനി ഉൾപ്പടെയുള്ള രോഗങ്ങളെ ചെറുക്കാൻ സഹായിക്കും. ഡോക്ടർമാരുടെ നിർദേശം അനുസരിച്ച് ഈ മരുന്ന് കഴിക്കാവുന്നതാണ്.

∙ പ്രളയ ബാധിത മേഖലയിലെ വീടുകൾ ശുചിയാക്കുമ്പോള്‍ ഇഴജന്തുക്കളുടെ സാന്നിധ്യത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. വീടുകളിലും ചെടികളിലും പറമ്പിലും ഇവയുണ്ടാകും. ഇഴജന്തുക്കളുടെ കടിയേറ്റാൽ ഉടൻ തന്നെ വിദഗ്ധ ചികിത്സ തേടണം.

∙ കുപ്പിച്ചില്ല് ഉൾപ്പടെയുള്ള വസ്തുക്കളിൽ നിന്ന് മുറിവേൽക്കാനുള്ള സാധ്യതയുണ്ട്. പ്രളയബാധിത മേഖലയിൽ നിന്നേറ്റ മുറിവുകളെ നിസാരമായി കാണരുത്. ഏതു തരം മുറിവേറ്റാലും വിദഗ്ധ ചികിത്സ തേടണം.

‌∙ സ്വയം ചികിത്സ നടത്താതെ ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കുക.

∙ മുറ്റത്തോ പറമ്പിലോ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുട്ടികളെ കളിക്കാൻ അനുവദിക്കരുത്.

∙ പ്രളയബാധിത മേഖലയിൽ തണുപ്പുള്ളതുകൊണ്ട് ദാഹം കുറവായിരിക്കും. പക്ഷേ, ദാഹമില്ലെങ്കിലും നന്നായി വെള്ളം കുടിക്കണം. കുറഞ്ഞത് രണ്ടു ലീറ്റർ വെള്ളമെങ്കിലും കുടിക്കണം. മൂത്രം ശരിയായ അളവിൽ പോകുന്നതിനാണിത്.

∙ മരുന്നു കഴിക്കുന്നവർ, അതു മുടങ്ങാതെ കഴിക്കുന്നുവെന്ന് ഉറപ്പു വരുത്തണം. പ്രമേഹം, രക്തസമ്മർദം തുടങ്ങിയ രോഗങ്ങൾക്ക് മരുന്നു കഴിക്കുന്നവർ ആഹാരം മുടക്കരുത്. ആഹാരം ഉപേക്ഷിക്കാനുള്ള സാധ്യത, രോഗത്തിന്റെ തീവ്രത കൂട്ടാം.

Read More : Health News