Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരിമ്പനി; ലക്ഷണങ്ങളും പ്രതിരോധ മാർഗവും

kala-azar

മലമ്പനി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകളെ അകാലമരണത്തിനയച്ച പനിയാണ് കരിമ്പനി. തെക്കൻ യൂറോപ്യൻ രാജ്യങ്ങളിലും അറബ് രാജ്യങ്ങളിലും  കണ്ടുവരുന്ന കരിമ്പനി ഇന്ത്യയിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് പശ്ചിമബംഗാളിലാണ്. മണലീച്ചകൾ പരത്തുന്ന കരിമ്പനി നാലു ലക്ഷം പേരെ വരെ ബാധിക്കുന്നത് രോഗത്തിന്റെ തീവ്രത വ്യക്തമാക്കുന്നു. 

രോഗലക്ഷണങ്ങൾ

ശരീരത്തിലെ തൊലി കറുക്കുന്ന ലക്ഷണമുള്ളതിനാൽ തന്നെ കാലാ (കറുപ്പ്), ആസാർ (രോഗം)എന്നീ വാക്കുകളാൽ "കാലാ ആസാർ" എന്നും അക്കാരണത്താൽ തന്നെ മലയാളത്തിൽ "കരിമ്പനി"യെന്ന പേരും കൂടെ കിട്ടിയിട്ടുണ്ട്. ലീഷ്മാനിയാസിസ് എന്ന രോഗം  ആന്തരികാവയവയങ്ങളെ ബാധിക്കുമ്പോഴാണ് കരിമ്പനി ഉണ്ടാകുന്നത്. തൊലിപ്പുറത്തെ മുഴകളും പാടുകളുമായും ഇവ പ്രത്യക്ഷപെടാറുണ്ട്. രോഗബാധയേറ്റവർക്ക് ശരീരഭാരം കുറയുകയും ചെയ്യും. മണലീച്ചകളുടെ കടിയേറ്റത്തിനു ശേഷം മാസങ്ങളോ ആഴ്ചകളോ കഴിഞ്ഞു തൊലിയിൽ വ്രണങ്ങൾ കാണുന്നതാണ് ആദ്യലക്ഷണം. കൃത്യമായി ചികിൽസിച്ചില്ലെങ്കിൽ വളരെയധികം  മരണസാധ്യതയുള്ള രോഗമാണ് കരിമ്പനി. എന്നാൽ നേരത്തെ കണ്ടെത്തിയാൽ ചികിൽസിച്ചു ഭേദമാക്കാം. രോഗം കാരണം രൂപപ്പെട്ട വ്രണങ്ങൾ ചികിത്സയ്ക്കു ശേഷവും നിലനിൽക്കാനും ചർമത്തിൽ വൈരൂപ്യം ഉണ്ടാകാനും സാധ്യതയുണ്ട്. ഈ ജീവികൾ പൊടിമണ്ണിലാണ് മുട്ടയിട്ട് വിരിയിക്കുന്നത്. അതുകൊണ്ടു തന്നെ, പൊടിമണ്ണ് ധാരാളമായി കാണുന്ന സ്ഥലങ്ങളിലും അകവശം പൂശാത്ത ചുമരുകളുള്ള വീടുകളിലും ധാരാളമായി കാണാം. പകൽ സമയത്ത് പൊതുവെ അക്രമകാരികളല്ലെങ്കിലും മരക്കൊമ്പുകളിൽ ചെന്നെല്ലാം അവരെ ഉപദ്രവിക്കുകയാണെങ്കിൽ കടിക്കുവാൻ സാധ്യതയുണ്ട്. 

പ്രതിരോധമാർഗം

മണലീച്ചകളെ നശിപ്പിക്കുകയും അവ വളരുന്ന ചുറ്റുപാടുകള്‍ ഇല്ലാതാക്കുകയും ചെയ്യുകയാണ് പ്രധാന പ്രതിരോധമാർഗം. വീടുകളിൽ ഇവയ്ക്കെതിരെയുള്ള കീടനാശിനി തളിക്കുകയോ കീടനാശിനിയിൽ മുക്കിയ കിടക്കവലകൾ ഉപയോഗിക്കുകയോ ചെയ്യാം. രോഗബാധിത പ്രദേശത്ത് വീടിനു പുറത്തിറങ്ങുമ്പോൾ ശരീരം മൂടുന്ന വിധത്തിൽ വസ്ത്രങ്ങൾ ധരിക്കുവാനും വസ്ത്രത്തിന്റെ തുറന്നു കിടക്കുന്ന ഭാഗങ്ങളിൽ DEET അടങ്ങുന്ന റിപ്പലന്റസ് ഉപയോഗിക്കുവാനും ശ്രദ്ധിക്കാം. രോഗബാധിതപ്രദേശങ്ങളിൽ ജീവിക്കുന്നവർക്കും അവിടെ സന്ദർശിക്കുന്നവർക്കും ഈ രോഗം വരാനുള്ള സാധ്യത ഏറെയാണ്. സാഹസിക യാത്രികർ, പക്ഷി നിരീക്ഷകർ, ഇക്കോ ടൂറിസ്റ്റുകൾ, വനഗവേഷകർ, സൈനികർ, സമാധാന സേനാഅംഗങ്ങൾ എന്നിവർക്കും ഈ രോഗം പിടിപെടാം. രോഗബാധിതയായ അമ്മയിൽ നിന്നും ഗർഭസ്ഥശിശുവിലേക്കും അണുവിമുക്തമാക്കാത്ത സൂചികൾ വഴിയും ഇഞ്ചക്ഷൻ സൂചികൾ പങ്കുവയ്ക്കുന്നതിലൂടെയും കരിമ്പനി പകരാം.

ഡോ. സ്മിത മേനോൻ, ജനറൽ ഹോസ്പിറ്റൽ, തൃശൂർ

Read More : Health News