Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയ തമിഴ്പെൺകുട്ടിക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ

akshaya

ഹൃദയശസ്ത്രക്രിയയ്ക്കു കരുതിവച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കിയ തമിഴ് പെണ്‍കുട്ടിക്കു ചികിൽസ സഹായവുമായി തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ്‌ ടെക്നോളജി. തമിഴ്നാട് കരൂരിലെ കുമാരപാളയം ഗ്രാമത്തിലെ അക്ഷയയാണ് (12) ശസ്ത്രക്രിയയ്ക്കു കരുതി വച്ചിരുന്ന തുകയില്‍നിന്ന് 5,000 രൂപ കേരളത്തിലെ പ്രളയബാധിതരെ സഹായിക്കുന്നതിനായി സംഭാവന നല്‍കിയത്. 

രണ്ടരലക്ഷം രൂപ ചെലവു വരുന്ന ശസ്ത്രക്രിയയ്ക്കു പലരിൽനിന്നും കടം വാങ്ങിയും മറ്റും പണം സ്വരൂപിക്കുന്നതിനിടയിലാണ് ടിവിയിലൂടെ കേരളത്തിലെ പ്രളയത്തിന്റെ വിവരങ്ങള്‍ അറിഞ്ഞത്. കയ്യിലുണ്ടായിരുന്ന 20,000 രൂപയില്‍നിന്ന് 5000 രൂപ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാൻ അക്ഷയ അമ്മ ജ്യോതിമണിയോട് ആവശ്യപ്പെടുകയായിരുന്നു. 

അക്ഷയയുടെ നല്ല മനസ്സിനെക്കുറിച്ചു മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ സഹായഹസ്തം നീട്ടുന്നതെന്ന് ആശുപത്രി ഡയറക്ടര്‍ ഡോ. ആശ കിഷോര്‍ ‘ദ് വീക്ക്’ വാരികയോടു പറഞ്ഞു. അക്ഷയയുടെ കുടുംബത്തോട് ഉടന്‍ കേരളത്തിലെത്താന്‍ ആവശ്യപ്പെടുമെന്നും ഡോക്ടര്‍ വ്യക്തമാക്കി.

Read More : Health News