Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എലിപ്പനി; ഡോക്സി സൈക്ലിൻ ഗുളിക കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

leptospirosis

പ്രളയത്തിനു പിന്നാലേ എലിപ്പനി ബാധിച്ചുള്ള മരണങ്ങളും റിപ്പോർട്ട് ചെയ്തു തുടങ്ങി. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ആശങ്കയല്ല, ജാഗ്രതയാണ് വേണ്ടതെന്ന് ആരോഗ്യവകുപ്പ് ഓർമിപ്പിക്കുന്നു. എലിപ്പനി പ്രതിരോധിക്കാൻ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഇൻഫോക്ലിനിക്കിൽ ഡോ. ജിതിൻ ടി ജോസഫ്, ഡോ. പുരുഷോത്തമൻ, ഡോ. പി. കെ സുനിൽ എന്നിവർ പറയുന്നു

വെള്ളമിറങ്ങുമ്പോള്‍ നാം അഭിമുഖീകരിക്കാന്‍ സാധ്യതയുള്ള ഒരു രോഗമാണ് എലിപ്പനി. എലിപ്പനിയെ എങ്ങനെ ഒക്കെ പ്രതിരോധിക്കാം ?

1. എന്താണ് എലിപ്പനി ?

എലിയുടെയും മറ്റു മൃഗങ്ങളുടെയും മൂത്രത്തിലൂടെ പുറത്തുവരുന്ന ഒരു ബാക്ടീരിയ, മനുഷ്യനില്‍ പ്രവേശിച്ചുണ്ടാക്കുന്ന രോഗമാണ് എലിപ്പനി. ലെപ്ടോസ്പൈറ എന്ന ഗ്രൂപ്പില്‍ പെട്ടതാണ് ഈ ബാക്ടീരിയ.

2. എങ്ങനെയാണു ഈ രോഗം പടരുക ?

രോഗം ഉള്ളതോ, രോഗാണു വാഹകരോ ആയ മറ്റു മൃഗങ്ങളുടെ മൂത്രം കലര്‍ന്ന വെള്ളത്തില്‍ കുടിയാണ് അസുഖം പകരുക. സാധാരണയായി ഒഴുക്കില്ലാതെ കെട്ടികിടക്കുന്ന വെള്ളത്തിലും, നനവുള്ള പ്രതലത്തിലും,അതുപോലെ ചെളിയുള്ള മണ്ണിലൂടെയും ഒക്കെ അസുഖം പകരാം. നമ്മുടെ ശരീരത്തില്‍ ഉള്ള മുറിവുകള്‍, ചെറിയ പോറലുകള്‍ ഇവ വഴിയാണ് രോഗാണു അകത്തു കിടക്കുക.നമ്മുടെ നാട്ടിൽ പ്രധാനമായും രോഗം പരത്തുന്നത് എലികളാണ് .

3. എന്താണ് രോഗലക്ഷണങ്ങള്‍ ?

രോഗാണു അകത്തു കിടന്നാല്‍ ഏകദേശം 5-15 ദിവസത്തിനുള്ളില്‍ രോഗ ലക്ഷണങ്ങള്‍ ഉണ്ടാകും.കടുത്ത പനി, തലവേദന, മസിലുകളുടെ വേദന, വിറയല്‍, കടുത്ത ക്ഷീണം ഇവയാണ് ആദ്യ ലക്ഷണങ്ങള്‍. ഹൃദയത്തെ ബാധിച്ചാല്‍ നെഞ്ച് വേദന,ശ്വാസം മുട്ടല്‍, വൃക്കകളെ ബാധിച്ചാല്‍ മൂത്രത്തിന്റെ അളവ് കുറയുക, രക്തത്തിന്റെ നിറം വരിക, കാലിലും മുഖത്തും നീരുണ്ടാകുക. കരളിനെ ബാധിക്കുന്നവര്‍ക്ക് മഞ്ഞപിത്തം പോലെയുള്ള ലക്ഷണങ്ങള്‍ കാണാം .

4. എന്തൊക്കെ ഗുരുതരാവസ്ഥ ഉണ്ടാകാം ?

സമയത്ത് കണ്ടെത്തുകയും ചികിത്സ നല്‍കുകയും ചെയ്തില്ലെങ്കില്‍ ഹൃദയം,കരള്‍, വൃക്കകള്‍ തുടങ്ങിയ അവയവങ്ങളെ സാരമായി ബാധിക്കാം. മരണം വരെ സംഭവിക്കാം.

5. രോഗം എങ്ങനെ തടയാം ?

പ്രതിരോധം ആണ് ഏറ്റവും പ്രധാനം. പ്രത്യേകിച്ചും ഒരു വലിയ പ്രളയം കഴിഞ്ഞ സാഹിചര്യത്തില്‍ ,നാട്ടിലെങ്ങും മലിനമായ വെള്ളക്കെട്ടുകള്‍ ഉണ്ടാകാന്‍ സാധ്യയതയുണ്ട്. അതോടൊപ്പം രക്ഷാ പ്രവര്‍ത്തനം, ശുചീകരണ പ്രവര്‍ത്തനം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം.അവ എന്തൊക്കെയാണെന്ന് പറയാം.

രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍, കൈകളില്‍ കൈയുറയും, ബൂട്ടും ധരിക്കണം, മുറിവുകള്‍ ഉണ്ടെങ്കില്‍ വൃത്തിയായി നനയാതെ പൊതിഞ്ഞു സൂക്ഷിക്കണം.

വീടുകളിലേക്ക് തിരിച്ചു ചെല്ലുമ്പോള്‍ മുറികളില്‍ മുഴുവന്‍ ചെളിയും മറ്റും ഉണ്ടാകും. ഇത് വൃത്തിയാക്കുന്നതിനു മുന്നേ മുകളില്‍ പറഞ്ഞ സംരക്ഷണം ഉണ്ടാകണം. അതുപോലെ ആദ്യമേ തന്നെ വീടിനകവും, പാത്രങ്ങളും മറ്റും അണുവിമുക്തമാക്കാന്‍ ശ്രമിക്കണം.

ഇതിനായി 1% ക്ലോറിന്‍ ലായനി ഉപയോഗിക്കാം. ഒരു ലിറ്റര്‍ വെള്ളത്തില്‍ ഏകദേശം 6 ടീ സ്പൂണ്‍ ബ്ലീച്ചിംഗ് പൌഡര്‍ കലക്കി 10 മിനിട്ട് വെച്ചിട്ട് വെള്ളം മാത്രം ഊറ്റിയെടുത്ത്, തറയും ,മറ്റു പ്രതലങ്ങളും,പാത്രവും വൃത്തിയാക്കണം. അണുവിമുക്തം ആകാന്‍ 30 മിനിട്ട് സമയം നല്‍കണം.

• വീടുകളിലെ കിണറുകളും മറ്റു ജല ശ്രോതസുകളും ക്ലോറിനെറ്റ് ചെയ്യണം. 

• ചത്ത മൃഗങ്ങളെയും മറ്റും നീക്കം ചെയ്യുന്നവര്‍ മുകളില്‍ പറഞ്ഞ നിലക്കുള്ള മുന്‍കരുതലുകള്‍ എടുക്കണം. കൂടാതെ ജോലിക്ക് ശേഷം കൈകള്‍ വൃത്തിയായി കഴുകുകയും വേണം. മൃഗങ്ങളുടെ വിസ്സര്‍ജ്ജ്യങ്ങള്‍ കൈകാര്യം ചെയ്യുന്നവരും ഇത് ചെയ്യണം.

വെളളത്തില്‍ മുങ്ങി കിടന്ന ഭക്ഷണ വസ്തുക്കള്‍ ഉപയോഗിക്കരുത്. അതോടൊപ്പം ഭക്ഷണ വസ്തുക്കള്‍ നല്ലതുപോലെ വേവിച്ചും, കുടിവെള്ളം ഒരു മിനിട്ട് എങ്കിലും തിളപ്പിച്ചും വേണം ഉപയോഗിക്കാന്‍.

എലികളും മറ്റും ഒളിച്ചിരിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ വൃത്തിയാക്കണം. എലികളെ കൊല്ലാനായി എലിക്കെണികള്‍ പോലുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. എലിവിഷം ഈ സമയത്ത് അപകടകരമാണ് ഒഴിവാക്കുക.

വീട്ടിലും പരിസരത്തും, ഒഴുക്കില്ലാതെ കെട്ടികിടക്കുന്ന വെള്ളത്തില്‍ കഴിവതും ഇറങ്ങരുത്. പ്രത്യേകിച്ച് കുട്ടികളും മറ്റും ഇത്തരം വെള്ളത്തില്‍ ഇറങ്ങി കളിക്കാന്‍ സാദ്യതയുണ്ട്.

ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കണം.

ആരോഗ്യ പ്രവര്‍ത്തകര്‍ പ്രതിരോധ മരുന്ന് കഴിക്കാന്‍ ആവശ്യപ്പെടുന്ന അവസരത്തില്‍, നിര്‍ദേശിക്കുന്ന അളവിലും രീതിയിലും കഴിക്കണം.സ്വയം ചികിത്സ പാടില്ല.

എലിപ്പനി പ്രതിരോധത്തിനായി ഡോക്സി സൈക്ലിൻ ഗുളിക കഴിയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക് 

∙ വെറും വയറ്റിൽ ഗുളിക കഴിക്കരുത്. ഭക്ഷണശേഷം മാത്രം കഴിയ്ക്കണം.

∙ ഗുളിക കഴിച്ച് കഴിഞ്ഞ് ചുരുങ്ങിയത് ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കണം.

(ചിലർക്ക് ഉണ്ടായേക്കാവുന്ന വയറെരിച്ചിൽ ഒഴിവാക്കാനുള്ള മുൻകരുതൽ മാത്രമാണിത്.)

ഗുളികയുടെ ഡോസ് (എലിപ്പനി പ്രതിരോധത്തിന്)

∙ 14 വയസ്സിന് മുകളിൽ 200 mg ആഴ്ചയിൽ ..

∙ 8-14 വയസ്സ് 100 mg ആഴ്ചയിൽ .

( 4 ആഴ്ചകളിൽ കഴിയ്ക്കുക )

∙ 8 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഡോക്സി നൽകരുത്. പകരം ഡോക്ടറുടെ നിർദ്ദേശ പ്രകാരം അസിത്രോമൈസിൻ ഗുളിക നൽകുക.

കുട്ടികളിലെ എലിപ്പനിയെ കുറിച്ചു ഡോ. പുരുഷോത്തമൻ കെ. കെ. പറയുന്നത് 

എലിപ്പനി ഒക്കെ വലിയവരുടെ കാര്യമല്ലേ? അത് കുട്ടികളിൽ ഉണ്ടാവുമോ ?

ചോദ്യം ന്യായം.നമ്മൾ മാധ്യമങ്ങളിലൂടെ വായിച്ചതും കേട്ടതും ഒക്കെ വലിയവരുടെ കാര്യം.പാടത്തും പറമ്പത്തും മണ്ണിലും ഓടയിലും ചെളിയിലും ഇറങ്ങി നിന്ന് പണിയെടുക്കുന്നവര്‍ക്ക് ഒക്കെ എലിപ്പനി വന്നു മരിച്ച കഥകൾ . കുട്ടികളും ഇത് പോലെ എത്താറുണ്ടെന്ന കാര്യം അധികം ആരും അറിയുന്നില്ല.എലിപ്പനി ഉണ്ടാക്കുന്ന ബാക്ടീരിയക്ക് കുട്ടിയെന്നോ വലിയവനെന്നോ രാജാവെന്നോ പ്രജയെന്നോ ഒന്നും നോട്ടമില്ല. തക്കം കിട്ടിയാൽ വലിഞ്ഞു കയറും. മദിച്ചു കളിയ്ക്കാൻ നനവുള്ള മണ്ണും എളുപ്പം കടക്കാൻ പറ്റിയ മുറിവുള്ള കാലും കിട്ടിയാൽ മൂപ്പർക്കു കുശാൽ.

കുട്ടികളിൽ വരും എങ്കിൽ എല്ലാ പ്രായക്കാർക്കും വരുമോ?

ഏതു പ്രായത്തിലുള്ളവർക്കും വരാം. പക്ഷെ ഒരു വയസ്സിൽ താഴെ ഉള്ള കുട്ടികൾ നടക്കാൻ തുടങ്ങിയിട്ടുണ്ടാവില്ല.നടന്നു തുടങ്ങുന്ന നാളുകളിൽ ഒക്കെ നമ്മളുടെ കയ്യും പിടിച്ചു ഇറയത്തൊക്കെയേ നടക്കുള്ളൂ.അതൊക്കെ കൊണ്ട് ഒരു രണ്ടു വയസ്സിനു മുൻപ് ഇങ്ങനെ വരാനുള്ള സാധ്യത കുറവ്.

അപ്പൊ സ്ഥിരം കിടപ്പിൽ ആയ കുട്ടികളിലോ ?

ശരിയാണ്.നേരത്തെ പറഞ്ഞ കൊച്ചു കുട്ടികളും സ്ഥിരം കിടപ്പു അവസ്ഥയിൽ ഉള്ളവരും ഈർപ്പവും നനവും ഉള്ളിടങ്ങളിൽ കിടത്താൻ ഇടയായാൽ ഇത് സംഭവിക്കാം.

ഇപ്പറഞ്ഞ രീതിയിൽ തന്നെ ആണോ ഈ പ്രായക്കാരില്‍ എല്ലാവര്‍ക്കും ?

അതെ .ഈ അണു ബാധിക്കുന്ന അവയവങ്ങൾ എല്ലാ പ്രായക്കാരിലും ഒരേ പോലെ തന്നെ.

അപ്പൊ രോഗത്തിന്റെ ഗൗരവം ഈ പ്രായക്കാരിലും ഒരേ പോലെ ആയിരിക്കും അല്ലെ ?

അല്ല , കുട്ടികളിലും വയോജനങ്ങളിലും പൊതുവെ ഇതിന്റെ ഗൗരവം ഇത്തിരി കൂടുതലാണ്.

പലേ പകർച്ച വ്യാധികളും തടയാൻ വാക്സിന് കൊണ്ട് സാധിക്കുന്നുണ്ടല്ലോ.ഇതും അങ്ങനെ തടഞ്ഞു കൂടെ ?

ഇത് വരെ എലിപ്പനിക്കെതിരെ ഫലപ്രദമായ വാക്സിൻ കണ്ടെത്തിയില്ല.

അതുകൊണ്ടു തന്നെ ഇത് വരാതിരിക്കാനുള്ള ചുറ്റുപാടൊരുക്കുകയും, വ്യക്തി സുരക്ഷയും ആണ് ഏറ്റവും നല്ല രീതി.അതിനുള്ള മാർഗ്ഗങ്ങളാണ് മുകളിൽ വിവരിച്ചിട്ടുള്ളത്.

Read More : Health News