Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയത്തിൽ നഷ്ടപ്പെട്ടവർ; അവർക്കു പറയാനുള്ളതു കേൾക്കാം

Ernakulam Flood

അപ്രതീക്ഷിത ദുരന്തത്തിന്റെ ആഘാതത്തിലാണ് കേരളം. ഒഴുകിയെത്തിയ വെള്ളം പ്രളയത്തിര തീർത്തപ്പോൾ ഒലിച്ചു പോയത് ഒരു ജനതയുടെ സ്വപ്നം തന്നെയാണ്. അന്നോളം സ്വരുക്കൂട്ടി വച്ചതെല്ലാം ഇട്ടെറിഞ്ഞ് ജീവൻ കയ്യിൽ പിടിച്ച് അഭയാർത്ഥികളായി ഇറങ്ങി ഓടേണ്ടി വന്നവർ. അവർ പതിയെ ജീവിതത്തിലേക്കു മടങ്ങിയെത്താനുള്ള ശ്രമത്തിലാണ്. സഹായവുമായി ആയിരം കൈകൾ അവർക്ക് ചുറ്റുമുണ്ടെങ്കിലും ആത്യന്തികമായി അതിജീവിക്കേണ്ടത് അവർ തനിച്ചാണ്. പ്രളയം കവർന്നെടുത്ത വീടും സ്വത്തുക്കളും പുനർനിർമിക്കുന്നതു പോലെതന്നെ അവർക്ക് മാനസിക ധൈര്യം പകരുകയെന്നതും പ്രധാനമാണ്. 

അവർക്കു പറയാനുള്ളതു കേൾക്കാം

ദുരന്തത്തിലകപ്പെട്ടവരുടെ മനസ്സിനെ അലട്ടുന്ന അനേകം കാര്യങ്ങളുണ്ടാകും. സാമ്പത്തികമായ നാശനഷ്ടങ്ങൾ, പ്രിയപ്പെട്ടവരുടെ വിയോഗം, തുടങ്ങി മനസ്സിനെ നടുക്കിയ അനുഭവങ്ങളിലൂടെയാകും ആ ദിവസങ്ങളിൽ അവർ കടന്നു പോയിട്ടുണ്ടാകുക. ദുരന്തത്തിന്റെ രൗദ്രഭാവം നേരിട്ടുകണ്ട അവർക്ക് മനസ്സിലെ വേദന ആരോടെങ്കിലും പങ്കുവയ്ക്കുന്നതിൽപരം ആശ്വാസം ഉണ്ടാകില്ല. അതിനാൽ തന്നെ അവർ എന്തെങ്കിലും പറയാൻ തുടങ്ങുമ്പോൾ 'വേണ്ട അതെല്ലാം കഴിഞ്ഞു, ഇനി അതെകുറിച്ച് സംസാരിക്കേണ്ട' എന്നു വിലക്കരുത്. 

പകരം അവരെ കേൾക്കുക. അവരുടെ വാക്കുകൾ ശ്രദ്ധിക്കുക. സംസാരത്തിനിടെ പലപ്പോഴും അവർ കരയുകയും നിലവിളിക്കുകയും തളർന്നു പോകുകയും ചെയ്യുന്നതു കാണേണ്ടി വന്നേക്കാം. നിങ്ങളാൽ കഴിയുന്ന വിധത്തിൽ അവരെ ആശ്വസിപ്പിക്കാൻ ശ്രമിക്കുക. എന്തു തന്നെ സംഭവിച്ചാലും അവർ പറയുന്നത് മുഴുവൻ കേൾക്കാനുള്ള ക്ഷമ കാണിക്കുക. ദു:ഖങ്ങൾ മുഴുവൻ പങ്കുവച്ചു കഴിയുമ്പോൾ അവരുടെ ഹൃദയത്തിന്റെ ഭാരം അൽപം കുറയുന്നുവെങ്കിൽ അതു നല്ലതാണ്. 

പ്രകൃതിദുരന്തങ്ങളെല്ലാം അപ്രതീക്ഷിതമായി ജീവിതത്തിലേക്കു കടന്നു വരുന്നതാണ്. ഇത്തരമൊരു സംഭവം നടക്കുമെന്ന് കരുതാത്തതുകൊണ്ടു തന്നെ അതിനെ നേരിടാൻ മനുഷ്യർ ഒരു തരത്തിലും സജ്്ജരായിരിക്കില്ല; മാനസികമായും ശാരീരികമായും. ദുരന്തത്തിന്റെ ഒാർമകൾ ദീർഘകാലം മനസ്സിൽ നിലനിൽക്കുകയും അത് മാനസികപിരിമുറുക്കം സൃഷ്ടിക്കുകയും ചെയ്യുമ്പോൾ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോഡർ പോലുള്ള രോഗാവസ്ഥ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.  

ജീവിതത്തിൽ ഇനിയെന്ത് എന്ന അനിശ്ചിതത്വം ആകും ഇവരെ അലട്ടുന്നത്. ജീവിതത്തിലെ ശുഭപ്രതീക്ഷകളെല്ലാം അസ്തമിച്ചതായും താൻ വിചാരിച്ചതു പോലൊരു ജീവിതം ഇനി പടുത്തുയർത്താനാവില്ല എന്ന നിരാശയും ഇവരിൽ സാധാരണമാണ്. ഇൗ ചിന്തകൾ സൃഷ്ടിക്കുന്ന മാനസികപിരിമുറുക്കത്തിന്റെ തോത് അനുസരിച്ച് ആത്മഹത്യയിലേക്കു വരെ ഇവരിൽ ചിലർ എത്തിപ്പെടാനുള്ള സാധ്യതയേറെയാണ്.  അപ്രതീക്ഷിത ദുരന്തത്തിലൂടെ കടന്നു പോയി ജീവിതത്തിലേക്കു തിരികെയെത്തിയവർ ഒരു പരിധിവരെ ഇത്തരം ചിന്തകളിലൂടെ കടന്നു പോകുമെങ്കിലും അതിൽ നിന്ന് മോചിതരാവാൻ കഴിയാത്ത അവസ്ഥ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം. 

ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് പൂർണമായും മോചിതരാകാൻ എത്ര കാലം എടുക്കുമെന്നത് ഒാരോ വ്യക്തിയുടേയും മാനസികനിലയെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും എല്ലായ്പ്പോഴും നെഗറ്റീവ് ചിന്തകൾ മാത്രം മനസ്സിലേക്കു കടന്നു വരികയും മറ്റുള്ളവരിൽ നിന്ന് ഉൾവലിയുന്ന സ്വഭാവം കാണിക്കുകയും ചെയ്താൽ ആ വ്യക്തിയ്ക്ക് പ്രത്യേക പരിചരണം വേണമെന്നാണ് മനസ്സിലാക്കേണ്ടത്. ഇൗ ഘട്ടത്തിൽ ആവശ്യമായ കരുതലും പിന്തുണയും ലഭിക്കാതെ വന്നാൽ അവർ മാനസികമായി തളരുകയും ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകുകയും ചെയ്യും. അതിനാൽ ദുരന്തത്തിനിരയായവർക്ക് സാമ്പത്തിക പിന്തുണപോലെ തന്നെ മാനസികപിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. 

ലഹരിപദാർത്ഥങ്ങളെ ആശ്രയിക്കരുത്

ദുരന്തത്തിന്റെ നഷ്ടങ്ങൾ മറക്കാനുള്ളൊരു കുറുക്കുവഴിയായി ലഹരി പദാർത്ഥങ്ങളെ കാണരുത്. 'മനസ്സിന് അൽപം ആശ്വാസം കിട്ടാൻ' വേണ്ടി ലഹരി പദാർത്ഥങ്ങൾക്ക് പുറകേ പോയവരെല്ലാം ജീവിതത്തിൽ പരാജയപ്പെട്ടിട്ടേയുള്ളൂ. നഷ്ടങ്ങളോടു പൊരുതി ജയിക്കുന്നതിന് പകരം മദ്യമോ മയക്കുമരുന്നോ സൃഷ്ടിക്കുന്ന പുകമറയിൽ ഒളിച്ചിരിക്കാൻ തുടങ്ങിയാൽ നിങ്ങളുടെ ജീവിതം തെറ്റായ ട്രാക്കിലാണ് എന്ന് ഉറപ്പിക്കാം. 

ദുരന്തത്തിൽ ചുറ്റുമുള്ളതെല്ലാം ഒഴുകിപ്പോകുമ്പോൾ പകച്ചു പോകുന്നത് സ്വാഭാവികം. ലഹരിപദാർത്ഥങ്ങളെ കൂട്ടുപിടിച്ച് എല്ലാം മറക്കാനുള്ള ശ്രമം ജീവിതത്തിൽ അവശേഷിക്കുന്ന സന്തോഷം കൂടി ഇല്ലാതാക്കുമെന്ന് മനസ്സിലാക്കുക. ജീവിതത്തിലേക്ക് തിരികെ വന്നവർ അമിതമായി ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നുവെന്ന് കണ്ടാൽ ഉടൻ തന്നെ അതിൽ നിന്ന് മോചിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണം. ആ വ്യക്തിയെ കുറ്റപ്പെടുത്തിയതു കൊണ്ടോ ഒറ്റപ്പെടുത്തിയതു കൊണ്ടോ ഇൗ പ്രശ്നം പരിഹരിക്കാനാവില്ല. ഒപ്പം നിന്ന് തിരികെ ജീവിതത്തിലേക്കു കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്. ഇതിന് റീഹാബിലിറ്റേഷൻ സെന്ററുകളെയോ കൗൺസലിങ് വിദഗ്ധരെയോ ആശ്രയിക്കാം. 

ജീവൻ തിരിച്ചു കിട്ടി

ദുരന്തത്തെ അതിജീവിച്ചവർക്കെല്ലാം നഷ്ടങ്ങളുടെ കണക്കാണ് പറയാനുണ്ടാകുക. കൺമുന്നിൽ പ്രളയം കൊണ്ടു പോയ സ്വത്തിന്റെ, ഉറ്റവരുടെ, വളർത്തുമൃഗങ്ങളുടെ നോവിൽ പൊതിഞ്ഞ ഒാർമകൾ. എല്ലാം നഷ്ടപ്പെട്ടു എന്നത് യാഥാർത്ഥ്യമാണെങ്കിലും ഏറ്റവും വിലപ്പെട്ട ഒന്ന് നിങ്ങൾക്ക് തിരികെ ലഭിച്ചിട്ടുണ്ട് -ജീവൻ. പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ഒരിക്കലും മടങ്ങിയെത്താനാകില്ല. എന്നാൽ ആ ദുരന്തത്തിനോടു മല്ലിട്ട് നിങ്ങൾ ഇപ്പോഴും ഇൗ ഭൂമിയിൽ അവശേഷിക്കുന്നു. ജീവനുള്ളിടത്തോളം കാലം പ്രതീക്ഷയ്ക്ക് വകയുണ്ട് എന്ന ചൊല്ലാണ് ഇവിടെ പ്രസക്തം. നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കാൻ ദിവസങ്ങൾ, മാസങ്ങൾ, വർഷങ്ങൾ തന്നേയും നിങ്ങൾക്കു മുന്നിലുള്ളപ്പോൾ നിരാശരാവേണ്ടതില്ല. ഉറച്ച ചുവടുകളോടെ നടന്നു തുടങ്ങാം, തിരികെ ജീവിതത്തിലേക്ക്.

(തിരുവനന്തപുരം കൺസൊലേസ് കൗൺസിലിങ് സർവീസസ് സീനിയർ കൗൺസിലറാണ് ലേഖിക)

Read More : Health News