അലോപ്പതി, ഹോമിയോപ്പതി; തർക്കത്തിന് മരുന്നുണ്ടോ?

കണ്ണൂർ∙ എലിപ്പനി പ്രതിരോധ മരുന്നിന്റെ പേരിൽ അലോപ്പതി, ഹോമിയോപ്പതി പോര്. ഡോക്ടർമാർ തമ്മിലുള്ള വാദപ്രതിവാദങ്ങൾ സമൂഹമാധ്യമങ്ങളിൽ സ്ഥിരമായി. ഹോമിയോപ്പതി പ്രതിരോധ മരുന്ന് അശാസ്ത്രീയമാണെന്ന് അലോപ്പതി വിഭാഗം വാദിക്കുമ്പോൾ ഇതിനു മുൻപും എലിപ്പനി ചികിത്സിച്ചു മാറ്റിയിട്ടുണ്ടെന്നാണു ഹോമിയോ ഡോക്ടർമാരുടെ വാദം. 

സംസ്ഥാനത്ത് അതീവ എലിപ്പനി ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ ഒന്നാണു കണ്ണൂർ. 26 പേരാണ് ഇതുവരെ എലിപ്പനി ബാധയെന്നു സംശയിച്ചു ചികിത്സ തേടിയത്. രോഗ സംശയമുണ്ടെങ്കിൽ സ്വയം ചികിത്സിക്കരുതെന്നും ഉടൻ ഡോക്ടറെ കാണണമെന്നുമാണു ആരോഗ്യവകുപ്പിന്റെ നിർദേശം. പനി ലക്ഷണങ്ങളുമായി വരുന്ന എല്ലാവർക്കും ഡോക്സിസൈക്ലിൻ ഗുളിക നൽകാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്. 

ആശുപത്രികളിലും ക്ലിനിക്കുകളിലും എലിപ്പനി പ്രതിരോധ ഗുളികകൾ ഹോമിയോ വകുപ്പും എത്തിച്ചു തുടങ്ങി. രോഗികൾക്ക് തൊട്ടടുത്ത സർക്കാർ ഹോമിയോ ആശുപത്രികളിൽ ഇതു ലഭിക്കും. 

വാദങ്ങളിങ്ങനെ: 

ആരോഗ്യവകുപ്പ് : എലിപ്പനിക്കു ഡോക്സിസൈക്ലിൻ പ്രതിരോധ ഗുളികയാണു കഴിക്കേണ്ടത്. എലിപ്പനി സാധ്യതാമേഖലയിൽ ഉള്ളവർ 100 മില്ലി ഗ്രാം വീതമുള്ള രണ്ടു ഗുളികൾ ആഴ്ചയിൽ ഒരുതവണ കഴിക്കണം. ഇത് 6 ആഴ്ച തുടരണം. കുട്ടികളും ഗർഭിണികളും കഴിക്കരുത്.

ഹോമിയോ: രാവിലെയും രാത്രിയുമായി രണ്ടു ഗുളികകൾ. ഇത് 5 ദിവസം തുടർച്ചയായി കഴിക്കണം. കുറവില്ലെങ്കിൽ ഒരിക്കൽ കൂടി ആവർത്തിക്കണം. 

നിപ്പ പനി വന്ന സമയത്തു സമാന്തര ചികിത്സാ രീതികളൊന്നും സ്വീകരിക്കരുതെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശമുണ്ടായിരുന്നു. അതേ ജാഗ്രത എലിപ്പനിയുടെ കാര്യത്തിലും വേണം. ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത കുറുക്കുവഴികൾ തേടിപ്പോകരുത്. 

-ഡോ.നാരായണ നായിക് (ജില്ലാ മെഡിക്കൽ ഓഫിസർ, ആരോഗ്യം) 

ഹോമിയോ ചികിത്സാ രീതി മാത്രം ആശ്രയിക്കുന്ന രോഗികളുണ്ട്. അവർക്കു തീർച്ചയായും ഹോമിയോ മരുന്നു നൽകും. –ഡോ.ബിജു കുമാർ (ജില്ലാ മെഡിക്കൽ ഓഫിസർ, ഹോമിയോ) 

ഹോമിയോ മരുന്നുകളുടെ ഫലപ്രാപ്തി ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. പല രാജ്യങ്ങളും ഹോമിയോ ചികിത്സ  നിരോധിച്ചിട്ടുണ്ട്. ശാസ്ത്രീയ പിൻബലമില്ലാത്ത മരുന്നു കഴിച്ചു ജീവൻ അപകടത്തിലാക്കരുത്. –ഡോ.അനൂപ് കോശി (ജില്ലാ പ്രസിഡന്റ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) 

ഗർഭിണികൾക്കും കുട്ടികൾക്കും ഡോക്സിസൈക്ലിൻ ഗുളിക കഴിക്കാനാകില്ലെന്നു പറയുമ്പോൾ തന്നെ ആ ഗുളികയ്ക്കു ചില പ്രശ്നങ്ങളുണ്ട് എന്നു മനസ്സിലാക്കാം. ഹോമിയോ ശാസ്ത്രീയമല്ലെങ്കിൽ സർക്കാർ ഹോമിയോ മെഡിക്കൽ കോളജും ആശുപത്രികളും ക്ലിനിക്കുകളും അടച്ചു പൂട്ടട്ടെ. – ഡോ.സുനിൽ രാജ് (സംസ്ഥാന പ്രസിഡന്റ്, ഹോമിയോ ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ) 

Read More : Health News