Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയത്തിനു ശേഷമുള്ള സൂര്യാതപം; സ്വീകരിക്കാം മുൻകരുതലുകൾ

sunburn

പ്രളയത്തിന്റെ കെടുതികൾ തീരും മുൻപെ അന്തരീക്ഷതാപം ക്രമാതീതമായി ഉയരുകയാണ്. സൂര്യാതപമേറ്റുള്ള പൊള്ളലും പ്രയാസങ്ങളും പലയിടങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടു. അൽപം ശ്രദ്ധ വച്ചാൽ ഈ ആരോഗ്യപ്രശ്നത്തെ നേരിടാം. അന്തരീക്ഷതാപം ക്രമാതീതമായി വർധിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളിൽ സൂര്യാഘാതവും സൂര്യാതപമേറ്റുള്ള താപശരീര ശോഷണവുമാണ്  പ്രധാനപ്പെട്ടവ.

സൂര്യാഘാതവും ലക്ഷണങ്ങളും
അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യശരീരത്തിലെ താപനില സംവിധാനങ്ങൾ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്നു. ഇതിനെ തുടർന്ന് ശരീരത്തിന്റെ പല നിർണായകമായ പ്രവർത്തനങ്ങളും തകരാറിലായേക്കാം. ഈ അവസ്ഥയാണ് സൂര്യാഘാതം.

വളരെ ഉയർന്ന ശരീരതാപം, വറ്റി വരണ്ട് ചുവന്ന് ചൂടായ ശരീരം, നേർത്ത വേഗത്തിലുള്ള നാഡിയിടിപ്പ്, ശക്തിയായ തലവേദന, തല കറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ തുടങ്ങിയവയും ഇതേ തുടർന്നുള്ള അബോധാവസ്ഥയും സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്. സൂര്യാഘാതം മാരകമായേക്കാം. ഉടൻ തന്നെ ഡോക്ടറെ കാണിക്കുകയും ചികിത്സ തേടേണ്ടതുമാണ്.

സൂര്യാതപമേറ്റുള്ള താപശരീര ശോഷണം
സൂര്യാഘാതത്തേക്കാൾ കുറച്ചുകൂടി കാഠിന്യം കുറ‍ഞ്ഞ അവസ്ഥയാണിത്. കനത്ത ചൂടിനെ തുടർന്ന് ശരീരത്തിൽനിന്ന് ധാരാളം ജലവും ലവണങ്ങളും വിയർപ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടർന്നുള്ള അവസ്ഥ.

ചൂടുകാലാവസ്ഥയിൽ ശക്തിയായ വെയിലത്ത് ജോലി ചെയ്യുന്നവരിലും പ്രായാധിക്യമുള്ളവരിലും, രക്തസമ്മർദ്ദം അടക്കമുള്ള രോഗങ്ങൾ ഉള്ളവരിലുമാണ് ഇത് കൂടുതലായി കണ്ടുവരുന്നത്.

താപശരീര ശോഷണത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ ശക്തിയായ വിയർപ്പ്, വിളർത്ത ശരീരം, പേശി വലിവ്, ശക്തിയായ ക്ഷീണം, തല കറക്കം, തല വേദന, ഓക്കാനവും ഛർദ്ദിയും ബോധംകെട്ടു വീഴുക  തുടങ്ങിയവയാണ്. ശരീരം തണുത്ത അവസ്ഥയിലും നാഡിമിടിപ്പ് ശക്തി കുറഞ്ഞ് വേഗത്തിലുള്ളതും ശ്വസന നിരക്ക് വർധിച്ച തോതിലുമായിരിക്കും. ശരിയായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ താപശരീര ശോഷണം സൂര്യാഘാതത്തിന്റെ അവസ്ഥയിലേക്ക് മാറിയേക്കാം.

Read More : Health News