ഓട്ടിസത്തെ സംഗീതത്തിലൂടെ തോൽപ്പിച്ച് നിരഞ്ജൻ

ഓട്ടിസത്തെ സംഗീതത്തിലൂടെ തോൽപ്പിക്കുന്ന നിര‍‍ഞ്ജൻ നടത്തിയ സംഗീതപരിപാടി സദസ്സ് ഏറ്റെടുത്തത് നിറഞ്ഞ കയ്യടികളോടെ. നിരഞ്ജൻ പാടിയപ്പോൾ ‘ഓട്ടിസം’ എന്ന അവസ്ഥയുടെ ഇരുട്ട് സ്വരമാധുരിയുടെ പ്രഭയിൽ ഇല്ലാതാവുകയായിരുന്നു. കോഴിക്കോട്ടുകാരുടെ സ്വന്തം ബാബുക്ക ചിട്ടപ്പെടുത്തിയ ‘‘ഇന്നലെ മയങ്ങുമ്പോൾ’’ പാടിയായിരുന്നു തുടക്കം. തുടർന്ന് ‘‘ജബ് ദീപ് ജലേ ആനാ’’യ്ക്കുശേഷം പണ്ഡിറ്റ് ഭീംസെൻജോഷിയുടെ പ്രിയപ്പെട്ട ഖയാൽ ‘പിയാ കീ നസരിയാ..’’ പാടിയതോടെ സദസ് ഇളകിമറിഞ്ഞു. തുടർന്ന് ബാബുരാജിന്റെ ‘ഒരു പുഷ്പം മാത്രമെൻ’, ഉമ്പായിയുടെ ‘സുനയനേ സുമുഖീ...’ തുടങ്ങിയവ നിറഞ്ഞ മനസോടെ സദസ് ഏറ്റുവാങ്ങി.

അധ്യാപക ദമ്പതിമാരായ പാലക്കാട് മേഴത്തൂർ സ്വദേശി എം.ആർ.രാമദാസിന്റെയും പ്രജിതയുടെയും മകൻ നിരഞ്ജന്റെ രണ്ടര മണിക്കൂർ സംഗീതപരിപാടി ഇന്നലെ കോഴിക്കോട് ഐഎംഎ ഹാളിലായിരുന്നു. പത്താംക്ലാസ് വിദ്യാർഥി‍യായ നിരഞ്ജന്റെ പത്താമത്തെ വേദിയായിരുന്നു ഇത്.

ഹിന്ദുസ്ഥാനി രാഗങ്ങളെ ആസ്പദമാക്കിയ ഒൻപതു ചലച്ചിത്ര ഗാനങ്ങൾ, ഒരു ഗസൽ, ഒരു ഖയാൽ, ഒരു ഭജൻ എന്നിവയാണ് നിരഞ്ജൻ അവതരിപ്പിച്ചത്. രണ്ടര വയസുമുതൽ പാട്ടുകളെ സ്നേഹിക്കുന്ന നിരഞ്ജന് നാലാം ക്ലാസിലെത്തിയപ്പോഴാണ് ഓട്ടിസം ഒരു വെല്ലുവിളിയായത്. ആറു വയസുമുതൽ കർണാടക സംഗീതം പഠിക്കുന്നുണ്ട്. 2016ൽ ഡോ. മെഹറൂഫ് രാജാണ് സംഗീതം നിരഞ്ജനിൽ മാറ്റങ്ങൾ വരുത്തുമെന്ന് തിരിച്ചറിഞ്ഞത്. 

സാധാരണ ഓട്ടിസം ഉള്ള കുഞ്ഞുങ്ങൾ എല്ലാത്തിനോടും കലഹിച്ചുകൊണ്ടേയിരിക്കും. സ്വയം രൂപപ്പെടുത്തിയ ക്രമമല്ലാതെ മറ്റൊന്നും അവർ അംഗീകരിക്കില്ല. കാൽപനികത നിറഞ്ഞ ഹിന്ദുസ്ഥാനി സംഗീതം നിരഞ്ജന്റെ മനസ്സിൽ ഒരുപാട് ഭാവങ്ങളെ നിറയ്ക്കുമെന്നു തിരിച്ചറിഞ്ഞാണ് ആ വഴി തിരഞ്ഞെടുത്തതെന്ന് ഡോ.മെഹറൂഫ് രാജ് പറഞ്ഞു.

അത്തരം മാറ്റമാണ് ഇപ്പോൾ നിരഞ്ജനിലുള്ളത്. ഇപ്പോൾ നിരഞ്ജൻ നാനൂറിലേറെ പാട്ടുകൾ ഈണവും താളവുമിട്ട് മനസിൽ സൂക്ഷിക്കുന്നുണ്ട്. അഭിലാഷ് കടവല്ലൂരെന്ന സംഗീതാധ്യാപകനു കീഴിലാണ് പഠനം. സമഗ്ര ശിക്ഷാ അഭിയാന്റെ നേതൃത്വത്തിൽ കോഴിക്കോട് ഐഎംഎ, വനിതാ ഐഎംഎ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

Read More : Health News