Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുടർച്ചയായിട്ടുള്ള മഞ്ഞപ്പിത്തം നിസ്സാരമാക്കല്ലേ

hepatitis

കർണാടകയിൽ നിന്നാണ് ഇതെഴുതുന്നത്. എന്റെ മകൻ ഖത്തറിൽ എൻജിനീയറായി ജോലി ചെയ്യുന്നു. അഞ്ചു വർഷ മായി അവനു തുടർച്ചയായി മഞ്ഞപ്പിത്തം വരുന്നു. മരുന്നു കഴിക്കുമ്പോൾ കുറയും. വീണ്ടും വരും. ഒറ്റമൂലിയായും അല്ലാതെയും ഒരു പാടു മരുന്നുകള്‍ കഴിച്ചു. എന്തു ചെയ്തിട്ടും രോഗം വിട്ടുമാറുന്നില്ല. ജോലി ഉപേക്ഷിച്ചു തിരിച്ചു പോരണോ എന്നാലോചിക്കുകയാണ്. ഈ രോഗം പൂർണമായി മാറാൻ എന്തു ചെയ്യണം? ഇനി ഏതു ചികിത്സയാണു ചെയ്യേണ്ടത്? ദയവായി മറുപടി തന്നു സഹായിക്കണം. 

പനി എന്നു പറയുന്നതു നൂറുകണക്കിലേറെ രോഗാണുക്കളിലേതെങ്കിലും ഒന്നു വരുത്തുന്നതിന്റെ ബാഹ്യലക്ഷണമാകാം. നമ്മെ ആക്രമിക്കുന്ന രോഗാണുക്കളെല്ലാം വളരാൻ നമ്മുടെ ശരീരത്തിന്റെ താപനിലയാണിഷ്ടപ്പെടുന്നത്. ശരീരതാപനില കൂടുന്നതു തന്നെ രോഗാണുക്കളെ പ്രതിരോധിച്ചു രോഗം ചെറുക്കാനാണ്. ഇതു ശരീരത്തിന്റെ പ്രതിരോധ ശക്തി കൂടുന്നതിനും സഹായിക്കുന്നു. ഇവിടെ പനി ഒരു രോഗവുമല്ല, ശത്രുവുമല്ല. മഞ്ഞപ്പിത്തവും അതുപോലെ ഒരു രോഗമല്ല. പലതരം കരൾ രോഗങ്ങളുടെയും മറ്റും രോഗലക്ഷണം മാത്ര മാണ്. കണ്ണിനകത്തെ വെള്ളഭാഗത്താണു മഞ്ഞപ്പിത്തം സാധാരണ പ്രത്യക്ഷമായി കണ്ടു തുടങ്ങുന്നത്. രക്തത്തിലെ അരുണാണുക്കളുടെ ആയുസ്സ് നൂറ്റി ഇരുപതു ദിവസമാണ്. അതു നശിക്കുന്നതിന്റെ അവശിഷ്ടം കരളിൽക്കൂടി മലത്തിലെത്തുമ്പോഴാണു മലത്തിനു മഞ്ഞ നിറം വരുന്നത്. ചില രക്തരോഗങ്ങളിൽ അവയുടെ ആയുസ്സ് വളരെ കുറഞ്ഞു പോയാൽ അവശിഷ്ടം കരളിനു മുഴുവൻ കൈകാര്യം ചെയ്യാൻ സാധിക്കാതെ മഞ്ഞപ്പിത്തം വന്നേക്കാം. 

മലാംശം കലരുന്ന ജലാംശത്തിൽ കൂടി  പകരുന്ന ഹെപ്പറ്റൈറ്റിസ് എ വൈറസാണ് കരളിനെ ബാധിച്ചു സാധാരണയായി മഞ്ഞപ്പിത്തം വരുത്തി വയ്ക്കുന്നത്. മുപ്പതു വയസ്സായവരിൽ തൊണ്ണൂറു ശതമാനം ആൾക്കാരിലും ഹെപ്പറ്റൈറ്റിസ് എ വൈറസ് വന്നു പോയിട്ടുള്ളതായി രക്തപരിശോധനയിൽ നിന്നു മനസ്സിലാകുന്നുണ്ട്. ഈ രോഗമാണു സാധാരണ മഞ്ഞപ്പിത്തമായി അറിയപ്പെടുന്നത്. അതു ഗുരുതരമാകാറില്ല. ഒരിക്കൽ വന്നു പോയാൽ പ്രതിരോധശക്തിയും വർധിച്ചിരിക്കും. അതുകൊണ്ടു രോഗം മറ്റുതരം മഞ്ഞപ്പിത്തം ആണോ എന്ന് പരിശോധിപ്പിക്കണം. മറ്റു പല കാരണങ്ങളാലും മഞ്ഞപ്പിത്തം വന്നു കൂടാവുന്നതാണ്. കരളാണു വീരമൃത്യു അടഞ്ഞ അരുണാണുവിനെ വീണ്ടും സൃഷ്ടിക്കുവാൻ സഹായിക്കുന്നത്. കുറെ പിത്താശയത്തിൽ സംഭരിച്ചു വയ്ക്കുന്നു. ഇതോ ടൊപ്പം വണ്ണം കൂടിയ പലരിലും ഇതു പിത്താശയക്കല്ലായി ത്തീരുന്നു. ചെറിയ കല്ല് നീങ്ങി പിത്താശയ നീർപാത അടഞ്ഞു പോയാൽ മഞ്ഞപ്പിത്തം വന്നു കൂടും. 

കരളിന്റെ ചില ജനന വൈകല്യങ്ങളിൽ സാധാരണ ദ്രവിക്കുന്ന അരുണാണുവിനെപ്പോലും ചെറിയ എൻസൈം തകരാറുമൂലം മൂത്രത്തിൽ കൂടി പുറന്തള്ളാൻ സാധിക്കാതെ രക്ത ത്തിൽ ചെറിയ തോതിൽ മഞ്ഞപ്പിത്തം ശ്രദ്ധേയമായേക്കാം. പാരമ്പര്യ പ്രവണതയുള്ള ഇത്തരം രോഗങ്ങളിൽ കരളിന്റെ പ്രവർത്തനത്തിനു മറ്റു ദോഷങ്ങളൊന്നും കാണാറില്ല. പക്ഷേ, വേറെ വല്ല രോഗവും വരുമ്പോൾ മഞ്ഞപ്പിത്തം കൂടിയേക്കാം. 

കോർട്ടിസോൺ മാതിരി ചില മരുന്നുകൾ കൊടുത്ത് എൻസൈം പ്രവർത്തനം താൽക്കാലികമായി ത്വരിതപ്പെടുത്താമെങ്കിലും പല ദോഷങ്ങളും വന്നു കൂടിയേക്കാം. പ്രതി രോധ ശക്തിയെത്തന്നെ ശാശ്വതമായി ബാധിച്ചേക്കാം. അതുകൊണ്ട് ഇന്ന് അവ കൊടുക്കാറില്ല. നിങ്ങളുടെ മകന്റെ കാര്യത്തിൽ രോഗം കൃത്യമായി നിജപ്പെടുത്തണം. ഹെപ്പറ്റൈറ്റിസ് എ അല്ലാതെ വൈറസ് ബിയും സിയും വർഷങ്ങളോളം തന്നെ ശരീരത്തിൽ കിടന്നു ദോഷം വരുത്തിയേക്കാം. പതിവായി മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ വിമർശനപരമായി വീക്ഷിക്കണം. മദ്യം പൂർണമായും ഉപേക്ഷിക്കണം. 

Read More : Health News