Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറക്കല്ലേ! ഇന്ന് ലോക മറവിരോഗ ദിനം

ernakulam-alzhemers നന്നായി പാട്ടുപാടിയ അൽസ്ഹൈമേഴ്‌സ് രോഗിയെ അഭിനന്ദിക്കുന്ന എആർഡിഎസ്ഐയിലെ ജെറിയാട്രിക് കെയർ നഴ്സുമാരായ നന്ദിനി ബാലകൃഷ്ണനും പ്രീതി പോളും. ചിത്രം: ഇ.വി. ശ്രീകുമാർ

സർക്കാർ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായിരുന്നു ആൾ. എത്രയോ യുവതികൾക്കു സുഖപ്രസവം ഒരുക്കിയ വിദഗ്ധ ഡോക്ടർ ! സർവീസിൽ നിന്നു വിരമിച്ചതിനു പിന്നാലെ ചെറിയ രീതിയിൽ മറവി അദ്ദേഹത്തെ ബാധിക്കാൻ തുടങ്ങി. ഇന്നു സ്റ്റെതസ്കോപ്പ് എടുത്തു കയ്യിൽ കൊടുത്താ‍ൽ, ‘ഇത് എന്താണ് ?’ എന്നു ചോദിക്കും.  ഹൈക്കോടതിയിലെ അഭിഭാഷകനായിരുന്നു മറ്റൊരാൾ. മറവി ബാധിച്ചു പ്രാക്ടീസ് നിർത്തിയെങ്കിലും എന്നും ഹൈക്കോടതിയിലെത്തി 12 നിലകളും കയറിയിറങ്ങും.

പിതാവിന്റെ ഇഷ്ടങ്ങൾക്കു തടസ്സം നിൽക്കാൻ ആഗ്രഹിക്കാത്ത മകൻ അദ്ദേഹത്തെ നിരീക്ഷിക്കാൻ സെക്യൂരിറ്റിക്കാരനെ നിയമിച്ചു. കള്ളനാണെന്നു ധരിച്ച്, പിതാവ് നേരെ പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തി. പ്രൗഢിയോടെയുള്ള ഇംഗ്ലിഷ് കേട്ടപ്പോൾ പൊലീസിനും പിടികിട്ടിയില്ല, ഇദ്ദേഹത്തിനു മറവി രോഗമാണെന്ന്. പൊലീസ് അറസ്റ്റ് ചെയ്ത സെക്യൂരിറ്റിക്കാരനെ പുറത്തിറക്കാൻ മകൻ തന്നെ ചെല്ലേണ്ടി വന്നു സ്റ്റേഷനിലേക്ക്.

അൽസ്ഹൈമേഴ്‌സ് ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യ (എആർഡിഎസ്ഐ) യിലെ ജെറിയാട്രിക് കെയർ നഴ്സുമാരായ പ്രീതി പോളും നന്ദിനി ബാലകൃഷ്ണനും മറവിരോഗത്തിന്റെ ഇത്തരം വിചിത്രമായ കാഴ്ചകൾ കാണാനും വേദനകൾ അനുഭവിക്കാനും തുടങ്ങിയിട്ട് 20 വർഷമായി. ഇന്നു ലോക അൽസ്ഹൈമേഴ്സ് ദിനം ആചരിക്കുമ്പോഴും ഇവരുടെ ദിനചര്യകളിൽ ഒരു മാറ്റവുമില്ല. 

Read: മറവിരോഗത്തിന്റെ പ്രധാന കാരണം ചില ഭക്ഷണങ്ങൾ തന്നെ!

എആർഡിഎസ്ഐയുടെ വാഹനത്തിൽ രാവിലെ വീടുകളിൽ ചെന്നു രോഗികളെ കൂട്ടിക്കൊണ്ടു വരും. എരൂർ പുത്തൻകുളങ്ങരയിലെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ അവരെ എത്തിച്ചു പരിചരിക്കും. വൈകിട്ട് വീടുകളിലേക്കു തിരികെ കൊണ്ടാക്കും. ഡോ. കെ. ജേക്കബ് റോയിയുടെ നേതൃത്വത്തിൽ എആർഡിഎസ്ഐ സെന്ററുകൾ ആരംഭിച്ചപ്പോൾ മുതൽ പ്രീതി പോൾ ഒപ്പമുണ്ട്. 

alzheimers

നന്ദിനി ഒപ്പം ചേർന്നിട്ടു 15 വർഷമാവുന്നു. നാവിക സേനയിൽ മെക്കാനിക്കൽ എൻജിനീയറായിരുന്ന ഒരാളെ പരിചരിച്ചു തുടങ്ങിയ എആർഡിഎസ്ഐ സെന്ററിൽ ഇപ്പോൾ 13 പേരുണ്ട്. ഓരോ രോഗിയുടെയും മാനസികാവസ്ഥ കണ്ടറിഞ്ഞു വേണം പരിചരിക്കാൻ. ചിലർ ശാന്തരായിരിക്കും. ചിലർ അക്രമാസക്തരും. രോഗികളെ കൂട്ടാനായി ചെല്ലുമ്പോൾ രാവിലെ ചിലപ്പോൾ അവരെ കാണാനുണ്ടാകില്ല എന്നു നന്ദിനി പറയുന്നു.

പൊലീസിൽ പരാതിപ്പെട്ടും സ്വയം അന്വേഷണം നടത്തിയും കണ്ടെത്തും. സെന്ററിൽ എല്ലാവരെയും പ്രവേശിപ്പിച്ചു കഴിഞ്ഞാൽ ഗേറ്റ് പൂട്ടി താക്കോൽ ഓരോ ദിവസവും ഓരോ സ്ഥലത്താണു സൂക്ഷിക്കുക. ഇല്ലെങ്കിൽ ചിലപ്പോൾ ഗേറ്റ് തുറന്ന് ഇറങ്ങിപ്പോയെന്നു വരും. ഏതു രീതിയിലുള്ള പ്രതികരണത്തെയും പുഞ്ചിരിയോടെ മാത്രം നേരിട്ട്  പ്രീതിയെയും നന്ദിനിയെയും പോലുള്ള ഒട്ടേറെ ജെറിയാട്രിക് കെയർ നഴ്സുമാർ വാർക്യത്തിന്റെ താങ്ങും തണലുമായി നിൽക്കുന്നു.

ഓരോ 3 സെക്കൻഡിലും ഒരാൾ

ഓരോ 3 സെക്കൻഡിലും ഭൂമുഖത്ത് ഒരാൾ മറവിരോഗത്തിന് അടിപ്പെടുന്നു. രോഗലക്ഷണങ്ങൾ തുടക്കത്തിൽ കണ്ടെത്തുന്നതിനാണ് ഈ വർഷത്തെ ലോക അൽസ്ഹൈമേഴ്‌സ് ദിനം പ്രാധാന്യം നൽകുന്നത്. 'ഡിമെൻസ്' എന്ന ലാറ്റിൻ പദത്തിൽ നിന്നാണു 'ഡിമെൻഷ്യ' എന്ന പദത്തിന്റെ ഉദ്ഭവം. 'ചിത്തഭ്രമം' എന്നാണ് ഈ വാക്കിന്റെ അർത്ഥം.

എന്നാൽ വൈദ്യശാസ്ത്രപരമായി തലച്ചോറിന്റെ കഴിവുകൾ ക്ഷയിക്കുമ്പോഴുണ്ടാകുന്ന ലക്ഷണങ്ങളും അതുമൂലമുണ്ടാകുന്ന ന്യൂനതകളും വൈകല്യങ്ങളും ഉൾക്കൊള്ളുന്ന അവസ്ഥയെയാണ് ഈ പദം അർത്ഥമാക്കുന്നത്. തലച്ചോറിന്റെ അടിസ്ഥാന കോശങ്ങൾ ന്യൂറോണുകൾ എന്ന് അറിയപ്പെടുന്നു. കോടാനുകോടി ന്യൂറോണുകളുടെ പ്രവർത്തനമാണു തലച്ചോറിൽ നടക്കുന്നത്. ഏതെങ്കിലും കാരണവശാൽ ന്യൂറോണുകൾ ക്ഷയിക്കുകയോ മൃതമാവുകയോ ചെയ്യുമ്പോൾ തലച്ചോറിന്റെ പ്രവർത്തനങ്ങൾ നടക്കാതെ വരുന്നു.

ഇങ്ങനെ നാഡീഞരമ്പുകളിലുണ്ടാകുന്ന മാറ്റങ്ങൾ  ഓർമശക്തിയെയും ബുദ്ധിശക്തിയെയും പെരുമാറ്റത്തെയുമെല്ലാം ബാധിക്കുന്നു. ന്യൂറോണുകളുടെ പ്രവർത്തനങ്ങളെ പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനിക്കുന്ന ഏത് രോഗാവസ്ഥയും മറവിരോഗത്തിനു കാരണമാകാം. ഏകദേശം 140-ൽ അധികം ശാരീരിക രോഗങ്ങൾ മറവിരോഗത്തിനു കാരണമാകാം– ∙ ഡോ. എസ്. ഷാജി – പ്രസിഡന്റ്, എആർഡിഎസ്ഐ കൊച്ചി- ചാപ്റ്റർ

സജീവമായാൽ രോഗത്തെ അകറ്റാം

തലച്ചോർ ഒരു കംപ്യൂട്ടർ പോലെയാണ്. ഓരോ പ്രവൃത്തികളും നിയന്ത്രിക്കുന്നതു തലച്ചോറിന്റെ ഓരോ ഭാഗങ്ങളാണ്. ഇവ തമ്മി‍ൽ ഏകോപനവും ഉണ്ട്. ഏതെങ്കിലും ഒരു ഭാഗം നശിക്കുകയും വിവിധ ഭാഗങ്ങൾ തമ്മിലുള്ള ഏകോപനം നഷ്ടപ്പെടുകയും ചെയ്യുന്നതോടെ മറവി രോഗത്തിന്റെ തുടക്കമാവുന്നു.  60 വയസ്സു കഴിഞ്ഞവരിലാണു രോഗലക്ഷണങ്ങൾ ആരംഭിക്കുന്നത്. 60 വയസ്സു കഴിഞ്ഞവരിൽ 5 ശതമാനത്തോളം പേർക്കു മറവി രോഗം ഉണ്ടാകും. ഉണ്ടാകുമത്രെ. 1906 ലാണു ജർമൻ ശാസ്ത്രജ്ഞനായ ആലോസ് അൽസൈമർ തന്റെ 51 വയസ്സുള്ള ഓഗസ്റ്റ് ഡി എന്ന രോഗിയെപ്പറ്റി ആദ്യം പ്രസിദ്ധീകരിച്ചത്. ഈ രോഗത്തിന്റെ പേര് 1977 ലാണ് ‘അൽസ്ഹൈമേഴ്സ് ഡിസീസ്’ എന്ന് സാർവത്രികമായി അംഗീകരിച്ചു തുടങ്ങിയത്. മരുന്നുകൾക്കു രോഗപുരോഗതി തടയാമെന്നല്ലാതെ പരിപൂർണമായി സുഖപ്പെടുത്താൻ സാധിക്കില്ല.

പല വാക്സിനുകളും പരീക്ഷിക്കുന്നുണ്ട്. 2030 ആകുമ്പോഴേക്കും ലോകത്തെ 80% മറവി രോഗികളും ഇന്ത്യയിലായിരിക്കുമെന്നാണു പഠനങ്ങൾ. ശരാശരി പ്രായം വർധിക്കുന്നതാണ് ഒരു കാരണം. ജനിതക കാരണങ്ങൾ കൊണ്ടു രോഗം വരുന്നതു 10 ശതമാനത്തിൽ താഴെ മാത്രമേ ഉള്ളൂ. വിരമിച്ചതിനു ശേഷം പൊതുസമൂഹത്തിൽ സജീവമാകാൻ പരമാവധി ശ്രമിക്കുക.  . ∙ ഡോ. മാത്യു ഏബ്രഹാം–  സീനിയർ കൺസൽറ്റന്റ് ന്യൂറോളജിസ്റ്റ്,  ആസ്റ്റർ മെഡ്സിറ്റി

എപ്പോഴാണ് ഡോക്ടറെ സമീപിക്കേണ്ടത്?

മറവിരോഗികൾ പ്രകടമാക്കുന്ന ചില ലക്ഷണങ്ങൾ :

∙ വർധിച്ചുവരുന്ന ഓർമക്കുറവ്

∙ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു വിഷയത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക.

∙ പറഞ്ഞകാര്യങ്ങൾ തന്നെ വീണ്ടും പറയുക 

∙ ചോദ്യങ്ങൾ വീണ്ടും ആവർത്തിച്ചുകൊണ്ടിരിക്കുക

∙ വർഷം, തീയതി, ദിവസം എന്നിവ മറന്നു പോകുക

∙ സ്ഥലകാലബോധം നഷ്ടപ്പെടുക

∙ അടുത്തകാലത്തു നടന്ന കാര്യങ്ങൾ മറന്നുപോകുകയും വളരെ നാളുകൾക്കുമുമ്പുള്ള കാര്യങ്ങൾ പറയാനുള്ള താൽപര്യം കാണിക്കുകയും ചെയ്യുക.

∙ പരിചിതമായ സ്ഥലത്തു വഴിതെറ്റിപ്പോകുക

∙ ഭക്ഷണം കഴിച്ച കാര്യം മറന്നു പോകുക

∙ വളരെ കാലമായി ചെയ്തുകൊണ്ടിരുന്ന പ്രവൃത്തികൾ വേണ്ട രീതിയിൽ ചെയ്യാൻ കഴിയാതെ വരിക 

∙ ഭാഷാപരമായ കഴിവുകൾ നഷ്ടപ്പെടുക

∙ സ്വഭാവത്തിലും വ്യക്തിത്വത്തിലും പ്രകടമാകുന്ന മാറ്റങ്ങൾ

∙ ഒരുകാര്യത്തിലും താൽപര്യമില്ലാതിരിക്കുക, നിസ്സംഗത, അകാരണമായ വിഷാദം, ദേഷ്യം തുടങ്ങിയവ 

∙ പല മറവിരോഗികളും മാനസികരോഗലക്ഷണങ്ങളും അസാധാരണമായ പെരുമാറ്റങ്ങളും പ്രകടമാക്കാം. ഉദാ: മിഥ്യാഭ്രമങ്ങൾ, മിഥ്യാധാരണകൾ, ഭയം, ആക്രമണ പ്രവണത, വീടുവിട്ടുപോകാനുള്ള പ്രവണത

Read More : Health News