Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അൽസ്ഹൈമേഴ്സിസ് രോഗികളെ എങ്ങനെ കരുതാം?

dementia

ഓർമകളെക്കാൾ വ്യക്തിപരമായി ഒരു മനുഷ്യന് എന്താണ് ഉള്ളത്? ഒന്നും തന്നെയില്ല എന്നു പറയാം. ഒരൽപം ഇഷ്ടത്തോടെ എപ്പോഴും ഓർക്കാൻ ആഗ്രഹിക്കുന്നതും, ആട്ടിപ്പായിച്ചാലും നമ്മെ വിട്ടു പോകാത്തതുമായ എത്രയെത്ര ഓർമകളാണ് നമുക്കുള്ളത്. വർത്തമാനകാല ജീവിതത്തെ സുഖകരവും വിഷമകരവും ആക്കി തീർക്കുന്ന ഓർമകൾ നമുക്ക് പ്രിയപ്പെട്ടവ തന്നെയാണ്. 

കുട്ടിക്കാലത്ത് നമ്മെ വിഷമിപ്പിച്ചിട്ടുളള  പല ഓർമകളും പിന്നീട് അൽപം ചിരിയോടു കൂടി നാം ഓർക്കുകയും ആ  ഓർമകളുടെ  നിറവിൽ  നാമൊക്കെ മുന്നോട്ടു പോവുകയും ചെയ്യുന്നു.

ഓർമിക്കാനുള്ള കഴിവിനെ പോലെതന്നെ  പ്രധാനമുളളതാണ് മറക്കാനുള്ള കഴിവും. എന്നാൽ മറവി പൂർണമായും ഓർമയെ കീഴടക്കിയാലോ, നാം നാമല്ലാതായി തീരും. ഓർമകളുടെ താളം പൂർണമായും  തെറ്റുന്നത് ഒരു രോഗാവസ്ഥയാണ്. ഭൂതകാല അനുഭവങ്ങളെ കുറിച്ചുള്ള സ്മരണകൾ പൂർണമായും  നഷ്ടപ്പെട്ട് മറവിയുടെ ലോകത്ത് കഴിയേണ്ടിവരുന്ന  ഒരുപാട് ആളുകൾ നമുക്കിടയിലുണ്ട്. അൽസ്ഹൈമേഴ്സ് എന്ന വിളിപ്പേരുള്ള ഈ മറവി രോഗം ഓർമകളുടെ മേൽ പിടിമുറുക്കുകയും വ്യക്തിയുടെ ഓർമയെ മുഴുവൻ പതിയെ പതിയെ കാർന്നെടുക്കുകയും ചെയ്യുന്നു. 

മറവി രോഗത്തിന്റെ ആദ്യ  നാളുകളിൽ  വ്യക്തിക്ക്   ജീവിതചര്യകളുമായി മുന്നോട്ടു പോകാൻ സാധിക്കും. എന്നാൽ  ജീവിതത്തിന്റെ പല മേഖലകളിലും  മറവി വ്യക്തിയെ പിന്തുടർന്നുകൊണ്ടേയിരിക്കും. ഓർമിക്കാനുള്ള കഴിവില്ല  എന്നുള്ള തോന്നൽ  വ്യക്തിക്ക്  നേരിയതോതിൽ  അനുഭവപ്പെട്ടു തുടങ്ങും. അതിൽ അല്പം കഴമ്പുള്ളതായി ബന്ധുമിത്രാദികൾക്ക് അനുഭവപ്പെട്ടേക്കാം. ചിരപരിചിതമായ വാക്കുകൾ, സ്ഥലങ്ങൾ, പരിചയപ്പെട്ട വ്യക്തികളുടെ പേരുകൾ, അടുത്തകാലത്ത് വായിച്ച കാര്യങ്ങൾ  എന്നിവ ഓർക്കാൻ സാധിക്കാതെ വരികയും വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും വച്ചത് എവിടെയാണെന്നു കൂടെക്കൂടെ മറന്നു പോവുകയും ചെയ്യും.

മറവിരോഗത്തിന്റെ മധ്യ ഘട്ടത്തിലേക്ക് കടക്കുമ്പോൾ  മാറ്റങ്ങൾ പെരുമാറ്റത്തെ സാരമായി ബാധിച്ചു തുടങ്ങും. ഈ ഘട്ടം ചിലപ്പോൾ വർഷങ്ങളോളം  നീണ്ടുനിൽക്കാം. സ്ഥിരമായി ചെയ്തു കൊണ്ടിരുന്ന കാര്യങ്ങൾ ചെയ്യുന്നതിനു ബുദ്ധിമുട്ടുകൾ നേരിടുകയും ദൈനംദിന കാര്യങ്ങളിൽ താളം തെറ്റൽ ഉണ്ടാവുകയും ചെയ്യുന്നു. ഓർത്തെടുക്കാനുള്ള ബുദ്ധിമുട്ട് വ്യക്തിയിൽ ശക്തമായി നിലനിൽക്കുന്നത് അകാരണമായ ദേഷ്യത്തിലേക്കോ വികാര  വിക്ഷോപത്തിലേക്കോ വ്യക്തിയെ എത്തിക്കാം. സ്വന്തം വ്യക്തി ജീവിതം, മറക്കാനാവാത്ത അനുഭവങ്ങൾ എന്നിവയൊക്കെ  മറന്നു തുടങ്ങുകയും സ്ഥലം, സമയം, ദിവസം എന്നിവയെക്കുറിച്ച് ധാരണയില്ലാതാവുകയും ചെയ്യും. രാത്രികാലങ്ങളിൽ ഉറക്കം നഷ്ടപ്പെടുക, മറ്റുള്ളവരെ അകാരണമായി സംശയിക്കുക എന്നതൊക്കെ മധ്യ ഘട്ടത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.

മറവിരോഗത്തിന്റെ തീവ്രഘട്ടത്തിൽ വ്യക്തി എത്തിച്ചേരുമ്പോൾ ഓർമിക്കാനുള്ള കഴിവ് പൂർണമായും നഷ്ടപ്പെട്ടിട്ടുണ്ടാവും. സംസാരിക്കാനും പ്രതികരിക്കാനുമുള്ള കഴിവുകൾ  ഇല്ലാതായി തീരും. നടക്കാനും ഇരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെയുള്ള ബുദ്ധിമുട്ടുകൾ  വളരെ തീവ്രമായ ഘട്ടത്തിലേക്ക് എത്തിച്ചേരാം . വ്യക്തിത്വത്തിലും പെരുമാറ്റത്തിലും മാറ്റങ്ങൾ കൂടുതൽ പ്രകടമാകുകയും  അകാരണമായ സംശയം (Suspiciousness), മിഥ്യാബോധം (Delusions)  എന്നിവ ഉടലെടുക്കുകയും ചെയ്യുന്നത് ഈ ഘട്ടത്തിലാണ്. സ്വയം ഒന്നും ചെയ്യാനാകാതെ എല്ലാ കാര്യങ്ങളിലും പൂർണമായും  മറ്റുള്ളവരുടെ  സഹായത്തോടു കൂടിയാകും വ്യക്തി ജീവിതം മുന്നോട്ടു നയിക്കുക.

അൽസ്ഹൈമേഴ്സ് ബാധിച്ച വ്യക്തിക്ക് ഏറ്റവും ആവശ്യം വേണ്ടപ്പെട്ടവരുടെ പരിചരണമാണ്. വ്യക്തിയുടെ രോഗാവസ്ഥയുടെ കാലഘട്ടത്തിനും തീവ്രതയ്ക്കും അനുസരിച്ച് പരിചരണം നൽകേണ്ടിവരും. പ്രത്യേകിച്ചും  വാർധക്യകാലഘട്ടങ്ങളിൽ. വ്യക്തി ഒരു കൊച്ചു കുഞ്ഞിന്റെ മാനസികാവസ്ഥയിലേക്ക് എത്തിച്ചേരുന്നതിനാൽ ആ സമയത്ത് കൂടുതൽ പരിചരണവും  സംരക്ഷണവും നൽകേണ്ടത്  അത്യാവശ്യമാണ്.

ദൈനംദിന കാര്യങ്ങൾ കൃത്യമായി ആസൂത്രണം  ചെയ്യുകയാണ് ഏറ്റവും പ്രധാനം. രോഗിക്ക് കൃത്യമായി പഠിച്ചെടുക്കാനും പിന്തുടരാനും പറ്റുന്ന തരത്തിലാണ് ദിനചര്യകളിൽ മാറ്റം വരുത്തേണ്ടത്. പല്ല് തേക്കുക, കുളിക്കുക, ഭക്ഷണം കഴിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ കൃത്യമായ ആസൂത്രണത്തിലൂടെ നടപ്പിലാക്കാൻ കഴിയും. വ്യക്തിക്ക് മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ വളരെ ലളിതമായ  രീതിയിൽ വേണം നിർദ്ദേശങ്ങൾ നൽകാൻ. ഓരോ പ്രവൃത്തിക്കുമിടയിൽ  കൃത്യമായ ഇടവേളകൾ നൽകുന്നത് രോഗിക്ക് കൂടുതൽ ആശ്വാസകരമാകും. രോഗിക്ക്  അപകടം ഉണ്ടാകാതെ, സുരക്ഷിതത്വം നൽകുന്ന തരത്തിൽ വേണം വീടും പരിസരവും  സജ്‌ജീകരിക്കേണ്ടത്. രോഗിയുടെ മുറിയിൽ ബാത്റൂമിൽ കൈവരികൾ  പിടിപ്പിക്കുക, ബാത്റൂമിനും റൂമുകൾക്കും ഗോവണിപ്പടികൾക്കും വ്യത്യസ്ത നിറങ്ങൾ നൽകുകയുമൊക്കെ ചെയ്താൽ   രോഗിക്ക് വീടിനുള്ളിലെ വഴികൾ, റൂമുകൾ എന്നിവ കൃത്യമായി മനസ്സിലാക്കാനും തെന്നിവീണുള്ള അപകടങ്ങൾ കുറയ്ക്കാനും  സഹായകമാകും. തലച്ചോറിലെ കോശങ്ങൾക്കു നാശം സംഭവിക്കുന്നതാണ് അൽസ്ഹൈമേഴ്സിനു കാരണമെങ്കിലും മസ്തിഷ്കത്തിലെ ഓർമയുടെ ഭാഗങ്ങളെ  ഉത്തേജിപ്പിക്കുന്നത്  നല്ലതാണ്. രോഗിക്ക് സംസാരിക്കാനായി (Self-expression)കൂടുതൽ അവസരം നൽകുകയും പഴയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയും ഓർമിപ്പിക്കുകയും ചെയ്യാം. മറ്റുള്ളവരുമായി ഉള്ള വൈകാരിക  ബന്ധത്തെ (Emotional connection) മുൻനിർത്തിയുള്ള സംസാരം, ഇടപെടൽ, പഴയ ഫോട്ടോ, ആൽബം, ഫാമിലി വിഡിയോ  എന്നിവയൊക്കെ  ഉപയോഗിച്ച് ഓർമകളെ പൂർണമായി മായാതെ നിലനിർത്താൻ ഉള്ള ശ്രമം നടത്താം.

 അൽസ്ഹൈമേഴ്സ് രോഗിയുടെ  സ്വഭാവവും പെരുമാറ്റവും പരിചരിക്കുന്നവരിൽ അലോസരം ഉണർത്തിയേക്കാം. രോഗം പൂർണമായി സുഖപ്പെടുത്താനാവില്ല എന്ന തിരിച്ചറിവും ക്ഷമയും സഹാനുഭൂതിയുമൊക്കെ  പരിചരിക്കുന്നവർക്ക് അത്യാവശ്യമാണ്.

Read More : Health News