Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേൾവിക്കുറവ് അലട്ടുന്നുവോ; എങ്കിൽ ഇവ അറിയാതെ പോകരുത്

hearing-problem

‘മനുഷ്യനിർമിതമായ ആദ്യത്തെ ഇന്ദ്രിയം’ എന്നു കോക്ലിയർ ഇംപ്ലാന്റിനെ വിശേഷിപ്പിക്കാം. ചെവിയുടെ വഴിയിൽ വൈദ്യുത തരംഗങ്ങൾ ഉപയോഗിച്ചു ശബ്‌ദങ്ങൾ നിറയ്‌ക്കുകയാണ് ഈ ഉപകരണം ചെയ്യുന്നത്. 

ലോകത്തിന്റെ ചലനത്തിനൊപ്പം മുന്നേറാൻ കൊതിയില്ലാത്തവർ ആരുണ്ട്? ചുറ്റുമുള്ള ആഘോഷാരവങ്ങൾ, കിളിയൊച്ചകൾ, സംഗീതം... ഇവയൊന്നും അനുഭവിക്കാൻ ഇഷ്‌ടമില്ലാത്തവർ ആരുണ്ട്? വിധി ഇരുചെവികളിലും നിശബ്‌ദതയുടെ ഇരുട്ട് നിറച്ചാലും അതിൽനിന്ന് രക്ഷപ്പെടേണ്ടേ? വാക്കുകളില്ലാത്ത ലോകത്ത് ഒറ്റപ്പെട്ട് പോകുമെന്ന ഭയം മാറ്റാൻ വൈദ്യശാസ്‌ത്രം കൂട്ടിനുണ്ട്... പൂർണമായും കേൾവി നഷ്‌ടപ്പെട്ടവർക്കു കോക്ലിയർ ഇംപ്ലാന്റ് എന്ന ശസ്‌ത്രക്രിയയിലൂടെ ശബ്‌ദങ്ങളുടെ ലോകത്തേക്കു തിരിച്ചുവരാം. കോക്ലിയർ ഇംപ്ലാന്റിനെ ‘മനുഷ്യനിർമിതമായ ആദ്യത്തെ ഇന്ദ്രിയം’ എന്നു വിശേഷിപ്പിക്കാം. മരിച്ചുജീവിക്കുന്ന ചെവിയുടെ വഴിയിൽ വൈദ്യുത തരംഗങ്ങൾ ഉപയോഗിച്ചു ശബ്‌ദങ്ങൾ നിറയ്‌ക്കുകയാണ് ഈ ഉപകരണം ചെയ്യുന്നത്. 

കേൾവി വരുന്ന വഴി 

ചെവിക്കുള്ളിലെ ശ്രവണ വ്യവസ്‌ഥ സങ്കീർണമാണ്. കർണപടം (ഇയർ ഡ്രം) എന്ന അതിലോലമായ പാട, അതുമായി ഘടിപ്പിച്ചിട്ടുള്ള മൂന്ന് എല്ലുകൾ (ഇൻകസ്, മാലിയസ്, സ്‌റ്റേപിസ്), ശംഖിന്റെ ആകൃതിയിലുള്ള കോക്ലിയ, ശബ്‌ദതരംഗങ്ങളെ തലച്ചോറിൽ എത്തിക്കുന്ന ശ്രവണനാഡി (ഓഡിറ്ററി നെർവ്), ശബ്‌ദസന്ദേശങ്ങളെ വിശകലനം ചെയ്‌ത് അത് എന്താണെന്നു മനസ്സിലാക്കാൻ സഹായിക്കുന്ന മസ്‌തിഷ്‌ക ഭാഗം ഇവയാണു കേൾവിയെ സഹായിക്കുന്ന ഘടകങ്ങൾ. 

576575892

അന്തരീക്ഷത്തിലെ ശബ്‌ദതരംഗങ്ങൾ ചെവിക്കുള്ളിലൂടെ കടന്നു കർണപടത്തിൽ തട്ടുമ്പോൾ കമ്പനം ചെയ്യും. ആ കമ്പനങ്ങളെ ചങ്ങല പോലെ ഘടിപ്പിച്ചിട്ടുള്ള എല്ലുകൾ കോക്ലിയയിൽ എത്തിക്കുന്നു. ഈ കമ്പനങ്ങൾ കോക്ലിയയിൽ ഓളങ്ങളുണ്ടാക്കും. ഇതിനനുസരിച്ചു കോക്ലിയയിൽ വൈദ്യുത സ്‌പന്ദനങ്ങൾ രൂപപ്പെടും. വൈദ്യുത സ്‌പന്ദനങ്ങൾ ശ്രവണനാഡി വഴി തലച്ചോറിലെത്തും. അവിടെവച്ചു ശബ്‌ദങ്ങൾ നാം തിരിച്ചറിയുന്നു. ഈ സങ്കീർണ പ്രക്രിയയുടെ ഒഴുക്കിന് എന്തെങ്കിലും തടസ്സമുണ്ടായാൽ കേൾവി പൂർണമായോ ഭാഗികമായോ നഷ്‌ടപ്പെടും. 

കോക്ലിയർ ഇംപ്ലാന്റ് 

പൂർണമായും കേൾവി നഷ്‌ടപ്പെട്ടവരിലാണു കോക്ലിയർ ഇംപ്ലാന്റ് ഘടിപ്പിക്കുക. ഇലക്‌ട്രിക് തരംഗങ്ങൾ കൊണ്ടു ശ്രവണ നാഡിയെ ഉത്തേജിപ്പിച്ചു കേൾക്കാൻ സഹായിക്കുന്ന മാർഗമാണിത്. കോക്ലിയർ ഇംപ്ലാന്റിനു പ്രധാനമായി രണ്ടു ഭാഗങ്ങളുണ്ട്. ശരീരത്തിനു പുറത്തു ഘടിപ്പിക്കുന്ന ഭാഗവും ശസ്‌ത്രക്രിയയിലൂടെ ചെവിക്കകത്തു നിക്ഷേപിക്കുന്ന ഭാഗവും. 

മൈക്രോഫോൺ, സ്‌പീച്ച് പ്രൊസസർ, ട്രാൻസ്‌മിറ്റർ കോയിൽ എന്നിവയാണ് ശരീരത്തിനു പുറത്തുള്ളവ. പല ഇംപ്ലാന്റ് മോഡലുകളിലും മൈക്രോഫോണും ട്രാൻസ്‌മിറ്ററും ഒരു യൂണിറ്റ് ആയിരിക്കും. സ്‌പീച്ച് പ്രൊസസർ രണ്ടു തരത്തിൽ ലഭ്യമാണ്. ശരീരത്തിൽ ധരിക്കാവുന്നവയും ചെവിക്കു പിന്നിൽ ഘടിപ്പിക്കാവുന്നവയും. റിസീവർ സ്‌റ്റിമുലേറ്ററും ഇലക്‌ട്രോഡുമാണ് ഉള്ളിൽ ഘടിപ്പിക്കുന്നവ. റിസീവർ സ്‌റ്റിമുലേറ്റർ ഉള്ളിൽ ചെവിയുടെ തൊട്ടുപിന്നിലെ എല്ലിൽ ഉറപ്പിച്ചുവയ്‌ക്കും. ഇലക്‌ട്രോഡ് കോക്ലിയയ്‌ക്കുള്ളിലേക്കു കടത്തിവയ്‌ക്കുകയാണു ചെയ്യുക. 

otoacoustic-emission

ഒരു വയസ്സു മുതൽ 

ഒരു വയസ്സു മുതൽ കോക്ലിയർ ഇംപ്ലാന്റ് ശസ്‌ത്രക്രിയ നടത്താം. ശസ്‌ത്രക്രിയയ്‌ക്കു മുൻപ് ഇഎൻടി, ഓഡിയോളജി വിഭാഗങ്ങളിലെ വിശദ പരിശോധന ഉണ്ടാകും. മൂന്നുമാസം മുതൽ ആറുമാസം വരെ സാധാരണ ശ്രവണസഹായി ഘടിപ്പിച്ചുനോക്കാറുണ്ട്. എന്നിട്ടും ഫലമില്ലെങ്കിലാണു കോക്ലിയർ ഇംപ്ലാന്റ് ചെയ്യുക. കോക്ലിയയുടെ ഘടന അറിയാൻ സിടി സ്‌കാനും എംആർഐ സ്‌കാനും ചെയ്യണം. മറ്റ് അസുഖങ്ങൾക്കുള്ള ചികിൽസയും ശസ്‌ത്രക്രിയയ്‌ക്കു മുൻപ് നടത്തേണ്ടതുണ്ട്. മെനിഞ്ചൈറ്റിസിനെതിരായ കുത്തിവയ്‌പ് നിർബന്ധമായും എടുത്തിരിക്കണം. ഏകദേശം രണ്ടു മണിക്കൂർ വേണ്ടിവരുന്ന ശസ്‌ത്രക്രിയയാണിത്. പൂർണമായും ബോധം കെടുത്തിയാവും ശസ്‌ത്രക്രിയ. ഇലക്‌ട്രോഡുകൾ കോക്ലിയയ്‌ക്കുള്ളിലേക്കു കയറ്റിവിടുകയാണു ചെയ്യുന്നത്. 

Ear infection

ശസ്‌ത്രക്രിയ കഴിഞ്ഞാൽ പ്രോഗ്രാമിങ്

കോക്ലിയയ്‌ക്കകത്തു നിക്ഷേപിച്ച ഇലക്‌ട്രോഡിന്റെ ചാനലുകൾക്കു ശ്രവണ നാഡിയെ ഉത്തേജിപ്പിക്കാൻ വേണ്ട വൈദ്യുതിയുടെ അളവു കണ്ടുപിടിക്കുന്ന പ്രക്രിയയാണ് പ്രോഗ്രാമിങ്. ശസ്‌ത്രക്രിയ കഴിഞ്ഞു മൂന്നാഴ്‌ചയ്‌ക്കുശേഷമാണു പ്രോഗ്രാമിങ് ചെയ്യുക. 

സ്‌പീച്ച് തെറപ്പി 

കേൾക്കുന്ന ശബ്‌ദങ്ങൾ എന്താണെന്നു തിരിച്ചറിയാനും പ്രതികരിക്കാനും പരിശീലനം ആവശ്യമാണ്. കോക്ലിയർ ഇംപ്ലാന്റ് ക്ലിനിക്കിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. കോക്ലിയർ ഇംപ്ലാന്റ് ശസ്‌ത്രക്രിയ കഴിഞ്ഞയാൾക്ക് ഏകദേശം രണ്ടുമുതൽ നാലുവർഷം വരെ സ്‌പീച്ച് തെറപ്പി വേണ്ടിവരും. കുട്ടികൾക്കു സ്‌പീച്ച് തെറപ്പി നടത്തുമ്പോൾ മാതാപിതാക്കളുടെ സഹായം നിർബന്ധമാണ്. 

Little girl during speech therapy

താമസം വരുത്തരുത് 

ജന്മനാ വൈകല്യമുള്ള കുഞ്ഞുങ്ങളിൽ മൂന്നു വയസ്സിനുള്ളിൽ കോക്ലിയർ ഇംപ്ലാന്റ് ചെയ്യുന്നതാണു നന്ന്. കേൾവി നഷ്‌ടപ്പെട്ടാൽ അധികം താമസിയാതെ ശസ്‌ത്രക്രിയയ്‌ക്കു വിധേയരാകണം. വർഷങ്ങൾ കഴിയുന്നതിനനുസരിച്ചു ശ്രവണനാഡിയിലും തലച്ചോറിൽ ശബ്‌ദം ഗ്രഹിക്കുന്ന ഭാഗത്തുമുള്ള കോശങ്ങൾ ദുർബലമാകും. ഇതുമൂലം കേൾവി നഷ്‌ടമായശേഷം ഒരുപാടു വൈകിയാണു ശസ്‌ത്രക്രിയ ചെയ്യുന്നതെങ്കിൽ പ്രയോജനവും കുറയും. മെനഞ്ചൈറ്റിസ് ഉണ്ടെങ്കിൽ ഒരു വയസ്സിനു മുൻപു തന്നെ ശസ്‌ത്രക്രിയ ചെയ്യണം. മാസം തികയാതെ, ആവശ്യമായതിലും കുറഞ്ഞ ഭാരത്തോടെ ജനിക്കുന്ന കുഞ്ഞുങ്ങൾ, ജന്മനാ മഞ്ഞപ്പിത്തം ബാധിച്ച കുഞ്ഞുങ്ങൾ എന്നിവർക്ക് കേൾവിത്തകരാറിനു സാധ്യതയുള്ളതിനാൽ പരിശോധന നടത്തി ആവശ്യമെങ്കിൽ ഒരു വയസ്സിനു മുൻപേ ചെയ്യണം. രണ്ടു ചെവിയിലും ഇംപ്ലാന്റ് ചെയ്യുന്നതാണ് ഉത്തമം. 

ചെലവ് 4.5 ലക്ഷം മുതൽ 

പല കമ്പനികളുടെ കോക്ലിയർ ഇംപ്ലാന്റ് മോഡലുകൾ വിപണിയിൽ ലഭ്യമാണ്. ശരീരത്തിൽ ധരിക്കാവുന്ന തരം മോഡലുകൾക്കാണു വിലക്കുറവ്. ചെവിക്കു പിന്നിൽ ഘടിപ്പിക്കാവുന്നതിനു വിലകൂടും. കോക്ലിയർ ഇംപ്ലാന്റ് മോഡലിന്റെ വിലയെ ആശ്രയിച്ചാണു ശസ്‌ത്രക്രിയയുടെ ചെലവും. 4.5 ലക്ഷം മുതൽ 12 ലക്ഷം വരെയാണു ശസ്‌ത്രക്രിയയ്‌ക്കു ചെലവു വരിക. സർക്കാരിന്റെ ശ്രുതിതരംഗം പദ്ധതി പ്രകാരം ഗവ. മെഡിക്കൽ കോളജിൽ ഈ ശസ്‌ത്രക്രിയ സൗജന്യമാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ കോക്ലിയർ ഇംപ്ലാന്റ് ചെയ്യുന്നതിൽ കോഴിക്കോട് മെഡിക്കൽ കോളജിനാണ് രണ്ടാം സ്‌ഥാനം. ഇരുനൂറിലധികം ശസ്‌ത്രക്രിയകൾ ഈ വിഭാഗത്തിൽ ചെയ്‌തു കഴിഞ്ഞു. 

ശ്രവണസഹായി 

ശ്രവണസഹായി ശബ്‌ദത്തെ വർധിപ്പിച്ചു നൽകുന്ന ഒരു ഉപകരണമാണ്. കേൾവിശക്‌തി പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നതുകൊണ്ടു ശ്രവണസഹായി തിരഞ്ഞെടുക്കാൻ ഡോക്‌ടർക്കു രോഗിയുടെ നല്ല സഹകരണം കൂടിയേ തീരൂ. മൂന്നുതരം ശ്രവണസഹായികൾ ലഭ്യമാണ്. നല്ല മെച്ചപ്പെട്ട ആംപ്ലിഫിക്കേഷൻ കിട്ടാൻ ഡിജിറ്റൽ നിയന്ത്രണമുള്ള ഉപകരണമാണ് നല്ലത്. 5000 മുതൽ മൂന്നുലക്ഷം രൂപവരെ വിലയുള്ള ഉപകരണങ്ങൾ പ്രചാരത്തിലുണ്ട്. ഏറ്റവും ഉചിതമായ ഉപകരണം ഹൈബ്രിഡ് തര നിയന്ത്രണം ഉള്ളതുതന്നെയാണ്. ഇതിനു 15000 രൂപയോളം വരും. നല്ലയിനം അനലോഗ് ഉപകരണത്തിൽ പോക്കറ്റിൽ സൂക്ഷിക്കുന്ന തരം 4000 രൂപയും ചെവിയുടെ പിന്നിൽ ഘടിപ്പിക്കുന്ന തരത്തിന് 8000 രൂപയും വിലയാകും. കമ്പനികളുടെ ഗുണനിലവാരത്തിന് അനുസരിച്ച് വിലയിൽ മാറ്റങ്ങളുണ്ടാകാം. 

ശരീരത്തിൽ ധരിക്കുന്നത്, ചെവിക്കു പിന്നിൽ വയ്‌ക്കുന്നത്, ചെവിക്കുള്ളിൽ വയ്‌ക്കുന്നത്, ചെവിനാളത്തിൽ വയ്‌ക്കുന്നത്, മുഴുവനായി കാതിൽ വയ്‌ക്കുന്നത്, കണ്ണാടിപോലെ ധരിക്കാവുന്നത് എന്നിങ്ങനെ വിവിധതരത്തിലുള്ള ശ്രവണസഹായികൾ ലഭ്യമാണ്. വയർലെസ്, വൈ ഫൈ കണക്‌ടിവിറ്റി സൗകര്യങ്ങളുള്ളവയാണ് ഇതിലെ ന്യൂജനറേഷൻകാർ. 

വിവിധ ഘട്ടങ്ങൾ 

ഇഎൻടി സ്‌പെഷലിസ്‌റ്റ് പരിശോധിച്ച ശേഷം രോഗം കണ്ടെത്തി ചികിൽസാ രീതി നിശ്‌ചയിക്കും. ക്ലിനിക്കൽ ഓഡിയോളജിസ്‌റ്റ് കേൾവി എത്രമാത്രമുണ്ടെന്ന് അളന്ന് അതിന് ഏതുതരം ശ്രവണസഹായിയാണ് വേണ്ടതെന്ന് നിശ്‌ചയിക്കും. കംപ്യൂട്ടർ ഉപയോഗിച്ച് ഏതുതരം ശ്രവണസഹായി ആണ് രോഗിക്കു യോജിച്ചത് എന്നു കണ്ടുപിടിക്കണം. ശ്രവണസഹായി നിർമിക്കുന്നവർ നൽകുന്ന വിവരങ്ങളും രോഗിയെ സംബന്ധിച്ചുള്ള ഡോക്‌ടറുടെ നിഗമനങ്ങളും വച്ചാണ് തീരുമാനമെടുക്കുക. ഡോക്‌ടറുടെ നിർദേശ പ്രകാരം ശ്രവണസഹായി വാങ്ങാം. ശ്രവണസഹായി വാങ്ങുമ്പോൾ അതു കേടുകൂടാതെ ഉപയോഗിക്കാനുമുള്ള ഉപകരണങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കണം. ട്രയൽ സെറ്റാണ് ആദ്യം ഘടിപ്പിച്ചുവിടുക. രണ്ടാഴ്‌ച സമയത്തെ ഉപയോഗംകൊണ്ട് പ്രയോജനപ്പെടുന്നു എന്നു തോന്നിയാൽ സ്‌ഥിരം സെറ്റ് പിടിപ്പിക്കും. പ്രയോജനം തോന്നുന്നില്ലെങ്കിൽ വേറെതരം ട്രയൽ ടെസ്‌റ്റ് ഘടിപ്പിച്ചു പരീക്ഷിക്കും. പറ്റിയ ഉപകരണം കിട്ടുന്നതുവരെ ഇത് ആവർത്തിക്കും. 

ബേറ സംവിധാനം 

ജനനസമയത്തു തന്നെ ശ്രവണ വൈകല്യം തിരിച്ചറിയാൻ കഴിയുന്ന ആധുനിക യന്ത്രസംവിധാനമാണ് ബ്രെയിൻ സ്‌റ്റെം ഇവോക്‌ഡ് റെസ്‌പോൺസ് ഓഡിയോമെട്രി (ബേറ). ഈ സംവിധാനം സ്‌ഥാപിക്കുന്ന ആദ്യ സർക്കാർ മെഡിക്കൽ കോളജാണ് കോഴിക്കോട്ടേത്. ശ്രവണ ഗ്രന്ഥികളുടെ പ്രവർത്തനം പരിശോധിക്കാനും എത്ര ശതമാനം കേൾവിയുണ്ടെന്നു കണ്ടെത്താനും ഈ ഉപകരണത്തിന്റെ സഹായത്താൽ സാധിക്കും. ജനനസമയത്തു തന്നെ വൈകല്യം തിരിച്ചറിഞ്ഞ് തുടക്കത്തിൽ തന്നെ ചികിൽസിച്ചു കേൾവിക്കുറവ് പരിഹരിക്കാനാകും. കോക്ലിയർ ഇംപ്ലാന്റ് നടത്തിയ കുട്ടികളുടെ കേൾവി പരിശോധനയ്‌ക്കും ഇയർ ബാലൻസ് കണ്ടെത്താനും ഈ ഉപകരണത്തിലൂടെ സാധിക്കും. 

ശ്രവണസഹായി തിരഞ്ഞടുക്കുമ്പോൾ 

  • ശബ്‌ദത്തിന്റെ ഗുണനിലവാരം പരിശോധിക്കണം. 
  • ധരിക്കാനുള്ള സൗകര്യം നോക്കണം. 
  • ശരീരത്തിനു ചേരുന്നുണ്ടോ എന്ന് പരിശോധിക്കണം. 
  • വില താങ്ങാവുന്നതാണോയെന്ന് നോക്കണം.
  • തിരഞ്ഞെടുക്കുന്ന ഉൽപന്നം പെട്ടെന്നു ലഭ്യമാണോയെന്ന് അന്വേഷിക്കണം. 
  • മെച്ചപ്പെട്ടതും വിശ്വസ്‌തവുമായ വിൽപനാനന്തര സേവനം ലഭ്യമാണോയെന്ന് അന്വേഷിക്കണം. 

വിവരങ്ങൾക്ക് കടപ്പാട്: ഡോ. പി.കെ. ഷറഫുദ്ദീൻ, അസെന്റ് ഇഎൻടി ഹോസ്‌പിറ്റൽ, പെരിന്തൽമണ്ണ