Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശുദ്ധമാണെന്ന് ഉറപ്പാക്കിയ ശേഷം മാത്രം കിണർവെള്ളം ഉപയോഗിക്കുക

x-default

പ്രളയത്തിനു ശേഷം കിണറുകളിലെ വെള്ളത്തിൽ പലതിലും അമ്ലത, കോളിഫോം ബാക്ടീരിയ, ഫീക്കൽ കോളിഫോം ബാക്ടീരിയ എന്നിവയുടെ സാനിധ്യം കണ്ടെത്തിയിരുന്നു. പ്രളയം അധികം ബാധിക്കാത്ത സ്ഥലങ്ങളിൽ പോലും അൽപം ഭീതിയോടെയാണ് പലരും കിണർവെള്ളം ഉപയോഗിക്കുന്നത്. കിണറിലെ വെള്ളം പുറത്തേക്കും പലയിടങ്ങളിലായി അടിഞ്ഞുകൂടിയ മാലിന്യങ്ങൾ കിണറിനകത്തേക്കും എത്തിയതാണ് ബാക്ടീരിയയുടെ സാനിധ്യത്തിനു കാരണം. ശരിയായ ക്ലോറിനേഷൻ നടത്തുന്നതിലൂടെ ഈ ബാക്ടീരിയകളെ തുരത്താവുന്നതാണ്. വാട്ടർ അതോറിറ്റി ഓഫിസുകളിൽ വെള്ളത്തിന്റെ ഗുണമേൻമ പരിശോധന സൗജന്യമായി ചെയ്യുന്നുണ്ട്.

കിണർവെള്ളത്തിലെ ബാക്ടീരിയകൾ നിരവധി ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാം. ബാക്ടീരിയ കലർന്ന വെള്ളം കുടിച്ചവരിൽ പനി, ചുമ തുടങ്ങിയ രോഗങ്ങൾ ബാധിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പ്രളയകാലത്തു ശുചിമുറി ടാങ്കുകൾ കവിഞ്ഞൊഴുകുകയും മാലിന്യങ്ങൾ വെള്ളത്തിൽ കലരുകയും ചെയ്തതോടെയാണ് കോളിഫോം ബാക്ടീരിയകൾ വെള്ളത്തിൽ അമിതമായെത്തിയത്. ഈ ബാക്ടീരിയകളെ അകറ്റാൻ ഒന്നിലേറെ തവണ ക്ലോറിനേഷൻ ചെയ്യാം. 

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ശുപാർശ ചെയ്യുന്ന 19 പരിശോധനകളാണു വെള്ളത്തിന്റെ ഗുണമേൻമ അറിയാൻ നടത്തേണ്ടത്. ഇതിൽ ഏതിന്റെയെങ്കിലും അളവിൽ വ്യതിയാനം ഉണ്ടായാൽ ആ വെള്ളം കുടിക്കാൻ യോഗ്യമല്ലെന്നും വാട്ടർ ക്വാളിറ്റി കൺട്രോൾ ബോർഡ് അധികൃതർ പറയുന്നു.