Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണിൽ നിന്ന് പുറത്തെടുത്തത് 11 സെന്റീമീറ്റർ നീളമുള്ള വിര !

health-plus-worm യുവാവിന്റെ കണ്ണിൽ നിന്ന് പുറത്തെടുത്ത വിര. ഇതിന് 11 സെന്റീമീറ്റർ നീളമുണ്ട്.

ചെറുപ്രാണികളിൽ നിന്നും ഏൽക്കുന്ന കടി നിസാരമായി കണ്ട് അവഗണിക്കുന്നവരാണു നാം. എന്നാൽ അതത്ര നിസാരമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. ചില പ്രാണികൾ കടിക്കുകയോ ദേഹത്തുള്ള മുറിവുകളിലിരിക്കുകയോ ചെയ്യുന്നതു ശരീരത്തിൽ വിരകൾ വളരുന്നതിനു കാരണമാകാം. അവ നമ്മുടെ ശരീരത്തിൽ നിക്ഷേപിക്കുന്ന വിരകളുടെ ലാർവയാണു പിന്നീട് വളർന്നു വിരയായി മാറുന്നത്. ഇടപ്പള്ളി ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയിൽ 11 സെന്റീമീറ്റർ നീളമുള്ള വിരയെയാണ് 23-കാരന്റെ കണ്ണിൽ നിന്നും വിട്രിയോ റെറ്റിന കസൾറ്റന്റ് ഡോ. പ്രവീൺ മുരളിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം കണ്ടെത്തി പുറത്തെടുത്തത്. ജലാശയങ്ങൾക്കു സമീപം ഈർപ്പം അധികമുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർക്കും, പ്രാണികൾ അധികമുള്ള സാഹചര്യങ്ങളിൽ ഇടപഴകുന്നവർക്കുമാണ് ഇത്തരം വിരകൾ ഭീഷണിയാവുന്നത്. 

എങ്ങനെ സംഭവിക്കുന്നു 

മാൻചെള്ള്, മാംഗോ ഫ്‌ളൈ, മാൻഗ്രൂസ് ഫ്‌ളൈ തുടങ്ങിയ ഇനങ്ങളിൽപ്പെട്ട പ്രാണികൾ ശരീരത്തിൽ കടിക്കുകയോ മുറിവുകളിൽ ഇരിക്കുകയോ ചെയ്യുന്നത് വഴി നിക്ഷേപിക്കപ്പെടുന്ന ലാർവ വളർച്ചയെത്തി വിരയായി മാറുന്നു. ഇവ പിന്നീട് എണ്ണത്തിൽ വർധിക്കാനും ശരീരഭാഗങ്ങളിൽ ചലിക്കാനും സാധ്യതയേറെയാണ്. ഇത്തരത്തിൽ കടിയേറ്റിട്ടുള്ളവരെ ഒരു സാധാരണ പ്രാണി കടിക്കുമ്പോൾ അവയും വിരയുടെ വാഹകരായി മാറും. 

എങ്ങനെ തിരിച്ചറിയാം 

ശരീരത്തിൽ വിരകൾ രൂപപ്പെട്ടാൽ അത് തിരിച്ചറിയുക തികച്ചും ശ്രമകരമാണ്. പ്രത്യക്ഷത്തിൽ ലക്ഷണങ്ങൾ പ്രകടമാവണമെന്ന് നിർബന്ധമില്ല. ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ പ്രാഥമിക ചികിത്സകൾ കൊണ്ട് സുഖപ്പെടുന്നില്ലെങ്കിൽ രക്തപരിശോധനയിലൂടെ വിരയുടെ സാന്നിധ്യം സ്ഥിരീകരിക്കാനാവും. കണ്ണിന് ചെറിയ തോതിൽ ചുവപ്പ് കണ്ടതിനെ തുടർന്നാണു രോഗി ഐ ഫൗണ്ടേഷനിൽ ചികിത്സയ്‌ക്കെത്തിയത്. പ്രാഥമിക പരിശോധനയിൽ ഒരു പ്രശ്നവും കണ്ടെത്താനായില്ല. പ്രളയക്കെടുതിക്കു ശേഷമുള്ള സാധാരണ അലർജിയായി പരിഗണിച്ചെങ്കിലും ഒരാഴ്ചയ്ക്കു ശേഷം കണ്ണിൽ ചുവപ്പ് വീണ്ടും പ്രത്യക്ഷപ്പെട്ടു. തുടർന്ന് കൃത്യമായ ഇടവേളകളിൽ രോഗിയെ പരിശോധിച്ചുകൊണ്ടിരുന്നെങ്കിലും പ്രത്യക്ഷത്തിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് കണ്ണിൽ എന്തോ അനങ്ങുന്നതിന്റെ വിഡിയോ രോഗി തന്നെ മൊബൈലിൽ എടുത്ത് ഡോക്ടർ പ്രവീണിനു കൈമാറുകയായിരുന്നു. ഈ വിഡിയോ സസൂഷ്മം പരിശോധിച്ചപ്പോൾ, കണ്ണിൽ വിരയാണെന്ന് ഉറപ്പിക്കാനായി. ഒരു മാസത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണു വിരയെ കണ്ടെത്തി പുറത്തെടുക്കാനായത്. 

പകരാനുള്ള സാധ്യത 

വിരകൾക്കു ശരീരത്തിനുള്ളിൽ തന്നെ മുട്ടയിട്ട് എണ്ണത്തിൽ വർധിക്കാനും ചലിക്കാനും സാധിക്കും. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് വിരകൾ പകരില്ല. എന്നാൽ പ്രാണികളുടെ കടിയിൽ നിന്നും ശരീരത്തിൽ ലാർവ കടന്നുകൂടിയിട്ടുള്ളവരെ കടിക്കുന്ന മറ്റു സാധാരണ പ്രാണികളും വാഹകരായി മാറും. അതിനാൽ പ്രാണികളെയാണു ഭയക്കേണ്ടത്. 

ചികിത്സ 

വിരയുടെ സാന്നിധ്യം ഉറപ്പിച്ചാൽ അവയെ ജീവനോടെ പുറത്തെടുക്കുകയാണ് ചെയ്യാറുള്ളത്. ശരീരത്തിനുള്ളിൽ വച്ചുതന്നെ വിരയെ നശിപ്പിക്കുന്നത് ശരീര കോശങ്ങളെയും ദോഷകരമായി ബാധിക്കും. വിരയെ ശരീരത്തിൽ നിന്നും നീക്കം ചെയ്ത ശേഷമാണ് രോഗിയെ പിന്നീടുള്ള ചികിത്സകൾക്ക് വിധേയമാക്കുന്നത്. 

എങ്ങനെ ചെറുക്കാം 

പ്രാണികൾ നിക്ഷേപിക്കുന്ന ലാർവയെ പ്രതിരോധിക്കുന്നതിനു നിലവിൽ വാക്‌സിനുകൾ ഒന്നും ഇല്ല. കഴിവതും വരാതെ ശ്രദ്ധിക്കുകയാണ് ഉചിതം. പ്രാണിശല്യമുള്ള സാഹചര്യങ്ങളിൽ ഇടപഴകേണ്ടി വന്നാൽ പരമാവധി ശരീരം മറയ്ക്കുന്ന വസ്ത്രങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. പ്രാണികളിൽ നിന്നും സംരക്ഷണം നൽകുന്ന റിപ്പലന്റ് ക്രീമുകളും ഉപകാരപ്രദമാണ്.

''ചെറുപ്രാണികളിൽ നിന്ന് ഏൽക്കുന്ന കടി നിസാരമായി കണ്ട് അവഗണിക്കരുത്. പ്രാണികൾ ശരീരത്തിൽ നിക്ഷേപിക്കുന്ന ലാർവയിൽ നിന്നു വലിയ വിരകൾ വളർന്നേക്കാം. കഴിഞ്ഞ ദിവസം പരിശോധിച്ച രോഗിയുടെ കണ്ണിൽ നിന്ന് 11 സെന്റീമീറ്റർ നീളമുള്ള വിരയെയാണു പുറത്തെടുത്തത്'' -  ഡോ. പ്രവീൺ മുരളി, സീനിയർ വിട്രിയോ റെറ്റിന കൺസൽറ്റന്റ്, ദി െഎ ഫൗണ്ടേഷൻ, ഇടപ്പള്ളി