Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നു കെട്ടിപ്പിടിച്ചാൽ തീരാവുന്നതേയുള്ളൂ എല്ലാ പ്രശ്നങ്ങളും

hug

സ്നേഹം പ്രകടിപ്പിക്കാൻ പല മാർഗങ്ങളുണ്ട്. അതിൽ ഏറ്റവും ലളിതം സുഹൃത്തിനെ കെട്ടിപ്പിടിക്കുക എന്നതു തന്നെ. പരസ്പരം എത്ര വഴക്കുണ്ടാക്കിയാലും ഒന്നു കെട്ടിപ്പിടിച്ചാൽ എല്ലാ വിദ്വേഷവും അലിഞ്ഞില്ലാതാകുമത്രേ. 

വ്യക്തികൾ തമ്മിൽ സ്പർശിക്കുന്നതു വഴി ശാരീരികവും മാനസികവുമായ ആരോഗ്യവും പരസ്പര ബന്ധവും മെച്ചപ്പെടും. അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും പരിഹരിക്കാൻ സ്പർശനത്തിനാകും. 

സ്പർശനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഗവേഷണം നടത്തിയ കാനെജി മെല്ലൻ സർവകലാശാലയിലെ ഗവേഷകർ, 404 സ്ത്രീപുരുഷന്മാരിൽ 14 ദിവസം നീണ്ട പഠനം നടത്തി ഇവരുടെ തർക്കങ്ങൾ, പോസിറ്റീവും നെഗറ്റീവുമായ മാനസികാവസ്ഥ, ആലിംഗനം ഇവയെല്ലാം ദിവസവും മനസ്സിലാക്കി. 

വഴക്കുകൾക്കും തർക്കങ്ങൾക്കും ശേഷം പരസ്പരം ആലിംഗനം ചെയ്തപ്പോൾ ദേഷ്യം ഇല്ലാതായതായി കണ്ടു. ശാരീരികവും മാനസികവുമായ സൗഖ്യമേകാൻ സ്പർശനത്തിനാകുമെന്നും സ്നേഹം പ്രകടിപ്പിക്കാൻ കൈകൾ ചേർത്തു പിടിക്കുകയോ ആലിംഗനം ചെയ്യുകയോ വേണമെന്നും പഠനത്തിനു നേതൃത്വം നൽകിയ മൈക്കിൾ മർഫി പറയുന്നു.

മാനസിക സമ്മർദം അകറ്റാനും വ്യക്തികൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കപ്പെടാനും ഒരു ആലിംഗനത്തിന്റെ ദൂരമേ ഉള്ളൂ എന്നും പ്ലസ് വണ്‍ ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.

പല്ലും നഖവും ഉപയോഗിച്ച് കടിച്ചു കീറാൻ മത്സരിക്കുന്നവര്‍ അറിയുക; വിദ്വേഷത്തിന്റെ മതിലുകളെ അലിയിക്കാൻ കേവലം ഒരു കെട്ടിപ്പിടിത്തത്തിനാവും.