Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗര്‍ഭിണികളില്‍ നടത്തുന്ന രക്തപരിശോധന വഴി ഗര്‍ഭസ്ഥശിശുവിന്റെ ഓട്ടിസം കണ്ടെത്താം

blood-test

കുട്ടികളിലെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ടു കാണുന്ന ഒരു മാനസിക വ്യതിയാനമാണ് ഓട്ടിസം. കുഞ്ഞുങ്ങളിൽ  ഓട്ടിസം കണ്ടെത്താൻ വൈകുന്നത് മാതാപിതാക്കൾക്കു കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കാറുണ്ട്. ഏറ്റവും പുതിയ പഠനപ്രകാരം ആയിരത്തിൽ രണ്ടു പേർക്കെങ്കിലും ഓട്ടിസം ഉണ്ട്. ഓട്ടിസം ബാധിച്ച മിക്ക കുട്ടികളും കാഴ്ചയ്ക്കു വളരെ സാധാരണക്കാരാണ്. ഇന്ത്യയില്‍  മാത്രം ഏതാണ്ട്  1.7 - 2 മില്യണും ഇടയിൽ ഓട്ടിസം ബാധിതരായ കുട്ടികള്‍ ഉണ്ടെന്നാണു കണക്കുകള്‍. ന്യൂയോര്‍ക്കിലെ റെന്‍സെലാര്‍ പോളിടെക്നിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസര്‍ ജെര്‍ഗന്‍ ഹാന്‍ നടത്തിയ പഠനത്തിൽ രക്തപരിശോധനയിലൂടെ ഗര്‍ഭാവസ്ഥയില്‍ തന്നെ ഓട്ടിസത്തെ 90 ശതമാനത്തോളം കൃത്യതയോടെ കണ്ടെത്താൻ കഴിയുമെന്ന് അവകാശപ്പെടുന്നു. 

ആദ്യത്തെ കുഞ്ഞിന് ഓട്ടിസം ഉണ്ടെങ്കില്‍ രണ്ടാമത്തെ കുഞ്ഞിന് ഓട്ടിസം ഉണ്ടാകാനുള്ള സാധ്യത  18.7 ശതമാനത്തോളമാണ്. അമ്മയുടെ ശരീരത്തിലെ മെറ്റബോളിക് പാത് വേകളില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ തിരിച്ചറിയുക വഴിയാണ് ഈ പരിശോധനയിലൂടെ കുഞ്ഞിനു ഓട്ടിസം ഉണ്ടാകുമോ ഇല്ലയോ എന്ന് കണ്ടെത്തുന്നതെന്നു  പ്രൊഫസര്‍ ജെര്‍ഗന്‍ ഹാന്‍ പറയുന്നു. ഓട്ടിസമുള്ള കുഞ്ഞുങ്ങളുടെ അമ്മമ്മാര്‍ രണ്ടാമതു ഗര്‍ഭിണികളായപ്പോള്‍ അവരെയും, ഓട്ടിസം ഇല്ലാത്ത കുട്ടികളുടെ അമ്മമാരെയും സംയോജിപ്പിച്ചായിരുന്നു ഈ പഠനം നടന്നത്. 

എന്തായാലും ശരീരത്തിലെ മെറ്റബോളിക് പ്രവര്‍ത്തങ്ങളില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ തന്നെയാണ് ഓട്ടിസത്തിനു കാരണമാകുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. അമ്മമാരുടെ  ശരീരത്തിലെ പ്രവര്‍ത്തങ്ങളെ അടിസ്ഥാനമാക്കി ജനിക്കാന്‍ പോകുന്ന കുഞ്ഞിന് ഓട്ടിസം ഉണ്ടോ ഇല്ലയോ എന്നു കണ്ടെത്താന്‍ സഹായിക്കുമെന്ന് അവകാശപ്പെടുന്ന ഈ പുതിയ പരിശോധന ഭാവിയില്‍ കൂടുതല്‍ ഉപകാരപ്രദമായേക്കുമെന്നാണ് ഗവേഷകരും പ്രതീക്ഷിക്കുന്നത്.